ഇഷ്ടങ്ങൾ

ജോലികഴിഞ്ഞു വീട്ടിലെത്തുന്ന ഗൃഹനാഥന് കരിഞ്ഞ റൊട്ടി നൽകിയ ഭാര്യയുടെ കഥ നാം വായിച്ചിട്ടുണ്ടാകും. അദ്ദേഹം ഒന്നും പറയാതെ ആ കരിഞ്ഞ റൊട്ടി കഴിച്ചു വിശപ്പടക്കുന്നത് മകൻ ഉദ്ദ്വേഗത്തോടെ നോക്കി നിൽക്കുന്നു. റൊട്ടി കരിഞ്ഞുപോയതിൽ ക്ഷമാപണം നടത്തിയ ഭാര്യയോട് “എനിക്ക് കരിഞ്ഞ റൊട്ടി ഇഷ്ടമാണെന്ന്” ഗൃഹനാഥൻ മറുപടി പറയുന്നു. പിന്നീട് കരിഞ്ഞ റൊട്ടി ഇഷ്ടമാണോ എന്ന മകന്റെ ചോദ്യത്തിന് ആദ്ദേഹം നൽകുന്ന മറുപടി ശ്രദ്ധേയമാണ്. ദിവസം മുഴുവൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച ഭാര്യയോട് ഭക്ഷണം മോശമായെന്നു പറയുന്നത് മാനസ്സീകവിഷമത്തിനു കാരണമാക്കുമെന്നും അതിനാലാണ് അങ്ങനെ പറഞ്ഞതെന്നും മകനോട് അദ്ദേഹം മറുപടി നൽകുന്നു. മകൻ ജീവിതത്തിൽ പാലിക്കേണ്ട പല കാര്യങ്ങളെയും കുറിച്ച് ഉൾകാഴ്ചയുള്ളവനായി മാറുവാൻ അത് ഇടയാക്കുകയാണ്.

“സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും” (മത്തായി 12:50). ജീവിതം മുഴുവൻ ഇഷ്ടങ്ങളുടെ പൂർത്തീകരണമാണ്, അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങളാണ്. സ്വന്തം ഇഷ്ടങ്ങളെ പൂർത്തീകരിക്കാനായിരിക്കും നാം പലപ്പോഴും ശ്രമിക്കുക. ചിലപ്പോൾ അത് മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ പൂർത്തീകരണവും ആകാം. അമ്മ മക്കൾക്കുവേണ്ടിയും ഭാര്യാഭർത്താക്കന്മാർ പങ്കാളിക്കുവേണ്ടിയുമെല്ലാം സ്വന്തം ഇഷ്ടങ്ങളെ മറക്കാറുണ്ട്.

ജീവിതം മുഴുവൻ സ്വന്തം ഇഷ്ടങ്ങളെ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുവേണ്ടി മറന്നു കളഞ്ഞ ഓർമ്മയാണ് മറിയം. ദൈവത്തിന്റെയും ദൈവപുത്രന്റെയും ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി മാറ്റിയവൾ. അവയുടെ പൂർത്തീകരണത്തിനായി സ്വയം സമർപ്പിച്ചവൾ. എന്റെ ജീവിതത്തിൽ ഞാൻ എന്റെയല്ലാതെ വേറെ ആരുടെയെങ്കിലുമൊക്കെ ഇഷ്ടങ്ങൾക്കു വില നൽകിയിട്ടുണ്ടോ? എന്റെ ഇഷ്ടങ്ങൾക്കുപരിയായി മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കു സ്ഥാനം നൽകിയിട്ടുണ്ടോ? എന്റെ ഇഷ്ടങ്ങളുടെമേൽ ദൈവത്തിന്റെ ഇഷ്ടങ്ങളുടെ തണലുണ്ടാകുവാൻ പ്രാർത്ഥിക്കാം..

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.