മാന്നാർ ഇടവകയും കാരുണികൻ മാസികയും ജീവാമൃതയും കൈ കോര്‍ത്തപ്പോള്‍ സഹായ പെരുമഴ 

ട്രീസാ മാത്യു

മാന്നാർ ഇടവകയിലെ വിശ്വാസികൾ സമീപപ്രദേശത്തെ ഇടവകകളില്‍ കാലവര്‍ഷം മൂലം ഉണ്ടായ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ്. മാന്നാർ ഇടവകയിൽ ദൈവത്തിന്റെ കരുണയാൽ വെള്ളപ്പൊക്കം മൂലം നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് അവിടുത്തെ വികാരി ഫാ. തോമസ് അയലൂകുന്നേല്‍ പറയുന്നു.

ആയാംകുടി, അൽഫോൻസാപുരം തുടങ്ങിയ ഇടവകളിലെ ജനങ്ങൾക്കാണ് മാന്നാർ ഇടവകയിലെ വിശ്വാസികൾ സഹായം എത്തിക്കുന്നത്. എല്ലാ വീടുകളിലും പോയി കുറച്ചു അരിയും സാധനങ്ങളും എത്തിക്കുകയല്ല അവർ ചെയ്തത്. ഓരോ വീട്ടിലും കയറി അവർക്ക് ആവശ്യമായത് എന്താണ് എന്ന് അന്വേഷിച്ച് അവർക്ക് വേണ്ടുന്ന സാധങ്ങൾ എത്തിച്ച് കൊടുക്കുകയാണ് ചെയ്തത്. നാലു ക്യാമ്പുകളിൽ താമസിക്കുന്ന ജനങ്ങളൂടെ അടുത്തേക്ക് ഇടവകയിലെ യുവജനങ്ങൾ ചെല്ലുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ ഇടവകയിൽ പാകം ചെയ്ത് ദുരിത മേഖലകളിൽ എത്തിക്കുകയും ചെയ്തു.

എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ആണ് അവിടെ ക്യാമ്പുകളിൽ കഴിയുന്നത്. വസ്ത്രമോ  ഭക്ഷണമോ  ഒന്നും ഇല്ല ഇവിടെ താമസിക്കുന്നവർക്ക്. അവർക്ക് വേണ്ട എല്ലാ സാധങ്ങളും – ഭക്ഷണം വസ്ത്രം മുതലായ സാധങ്ങൾ – ഓരോ വീടുകളിലും എത്തിക്കുകയാണ്. പതിനഞ്ചു ദിവസത്തേക്ക് അവർക്ക് ആവശ്യം ആയ സാധനങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. ചുറ്റും വെള്ളം നിറഞ്ഞു നിൽക്കുന്ന മുണ്ടാർ പ്രദേശത്തിലെ 230 – ഓളം വീട്ടുകാർക്ക് സഹായം എത്തിച്ചു കൊടുത്തു.

എം സി ബി എസ് അച്ചൻമാരുടെ  കാരുണികൻ മാസികയും ജീവാമൃത  ആശ്രമവും ചേർന്ന്  പാലക്കാട് നിന്ന്  1800 കിലോ കപ്പ എത്തിച്ച് കൊടുത്തു.  എം സി ബി എസ്  സഭയുടെ ദൈവ ശാസ്ത്ര മാസികയാണ് കാരുണികൻ.  ജീവാമൃത, എം സി ബി എസ്  സഭയുടെ മലമ്പുഴയിലെ ആശ്രമവും. എല്ലാവരുടെയും കൈയിൽ നേരിട്ട് സഹായങ്ങൾ എത്തിച്ചു കൊടുക്കുവാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. എല്ലാവരിലേക്കും സാധനങ്ങൾ കൃത്യമായി എത്തിക്കുന്നതിനാൽ മറ്റ് ഇടവകളിൽ നിന്നുള്ള സഹായങ്ങൾ ദുരിത ബാധിത പ്രദേശത്ത് എത്തിക്കുവാൻ മാന്നാർ ഇടവകയുടെ സഹായം ചോദിക്കുകയാണ്.

മറ്റുള്ളവരിൽ നിന്ന് മാന്നാർ ഇടവകയെ വ്യത്യസ്തമാക്കുന്നത് സഹായങ്ങൾ എത്തിക്കുന്നതിൽ ഉള്ള കൃത്യമായ രീതിയാണ്. ഒരു വീട് പോലും ഉപേക്ഷിക്കാതെ  എല്ലാ വീടുകളിലും സഹായങ്ങൾ  നേരിട്ട് എത്തിക്കുവാൻ ഇടവകയിലെ യുവജനങ്ങൾ ശ്രദ്ധിക്കുന്നു. ആ രീതി കണ്ടാണ് മറ്റ് ഇടവകക്കാർ ദുരിത മേഖലകളിൽ സഹായം എത്തിക്കുവാൻ മാന്നാർ ഇടവകയുടെ സഹായം അഭ്യർത്ഥിക്കുന്നത്.

ഇടവകയിലെ ജനങ്ങൾ സമാഹരിച്ച പണവും മറ്റു ഇടവകക്കാർ നൽകിയ പണവും സ്വരുക്കൂട്ടിയാണ് അവർക്ക് സഹായം എത്തിക്കുന്നത്.

“ഇടവകയുടെ സഹായം ലഭിച്ചില്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമായിരുന്നു” എന്ന് ദുരിത ബാധിത പ്രദേശത്തെ ജനങ്ങൾ പറഞ്ഞതായി വികാരിയച്ചൻ പറയുന്നു.

ട്രീസ മാത്യു 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.