‘അക്കരയ്ക്കു യാത്ര ചെയ്യും സീയോന്‍ സഞ്ചാരി…’! മലയാളം പാട്ടുപാടി കയ്യടിനേടി ആഫ്രിക്കന്‍ കുട്ടികള്‍

‘അക്കരയ്ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി…’ എന്ന ഗാനം കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. ആ ഗാനം കേള്‍ക്കുമ്പോള്‍ കിട്ടുന്ന ആത്മധൈര്യവും പ്രത്യാശയും പറഞ്ഞറിയിക്കാനാവാത്തതുമാണ്. നിരവധി തവണ പലരും പാടി കേള്‍ക്കുകയും സ്വയം പാടുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു ഭൂഖണ്ഡത്തിലുള്ളവര്‍ ഈ പാട്ട് പാടുന്നത് കേട്ടിട്ടുണ്ടോ. അതിനുള്ള അവസരമാണ് ആഫ്രിക്കയിലെ ടാന്‍സാനിയ സ്വദേശികളായ ഒരു കൂട്ടം കുട്ടികള്‍ ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ക്കായി സമ്മാനിച്ചിരിക്കുന്നത്.

ടാന്‍സാനിയയില്‍ വിന്‍സെന്റ് ഡി പോളിന്റെ നാമത്തിലുള്ള ഹിബാംബ എന്ന ഇടവകയില്‍ വര്‍ഷംതോറും നടത്താറുള്ള ഒരു ആഘോഷമാണ് സെപ്റ്റംബര്‍ 27- ലേത്. ആ ആഘോഷത്തിന്റെ ഭാഗമെന്നവണ്ണം 27, 28, 29 ദിവസങ്ങളില്‍ വിവിധ പ്രേഷിതപ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. 27-ാം തീയതി പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണവും, 28-ാം തീയതി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാക്കിക്കൊണ്ട് സൗജന്യ മെഡിക്കല്‍ക്യാമ്പും നടത്തി. തിരുനാളിന്റെ അവസാന ദിവസമായ ഇന്നലെ ആയിരുന്നു കുട്ടികളുടെ ഈ ഗാനാലാപനം. അതിമനോഹരമായ ആലാപനം ഏവര്‍ക്കും സന്തോഷം പകരുന്നതായിരുന്നു.

തിരുനാള്‍ സമാപനത്തിന് പരിപാടി അവതരിപ്പിക്കാനായി, കുട്ടികള്‍ തന്നെയാണ് അവിടെ മിഷനറി വേല ചെയ്യുന്ന മലയാളികളും എംസിബിഎസ് സഭയുടെ എമ്മാവൂസ് പ്രവിശ്യയിലെ അംഗങ്ങളുമായ ഫാ. പ്രിജോ അറവുംപറമ്പില്‍, ഫാ. ജോബിന്‍സ് തട്ടാംപറമ്പില്‍ എന്നിവരുടെ അടുത്ത് ഞങ്ങളെ ഒരു പാട്ട് പഠിപ്പിക്കാമോ എന്ന ആവശ്യവുമായി എത്തിയത്. അവരുടെ താല്‍പര്യം പരിഗണിച്ച് ഈ വൈദികരുടെ നേതൃത്വത്തില്‍ ഉടന്‍ ഒരു പാട്ട് തിരഞ്ഞെടുത്ത് അവരെ പഠിപ്പിക്കുകയായിരുന്നു. ആ പാട്ടാണ് ‘അക്കരെയ്ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി…’ എന്നത്. സ്‌കൂളുകളില്‍ നിന്ന് നേരത്തെ എത്തിയും അവധി ദിവസങ്ങളില്‍ എത്തിയും അത്യുത്സാഹത്തോടെയാണ് കുട്ടികള്‍ പാട്ട് പഠിച്ചെടുത്തത്. പള്ളിയിലെ അധ്യാപകരും അവരെ സഹായിക്കാനുണ്ടായിരുന്നു. പാട്ട് പഠിപ്പിച്ചതിനൊപ്പം വരികളുടെ അര്‍ത്ഥവും ഏവര്‍ക്കും മനസിലാക്കി കൊടുക്കുകയും ചെയ്തു മിഷനറിമാര്‍.

അസാധാരണ മിഷനറി മാസത്തിലേയ്ക്ക് ആഗോള കത്തോലിക്കാ സഭ കടന്നിരിക്കുന്ന ഈ അവസരത്തില്‍ മിഷന്‍ പ്രദേശങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഇത്തരം നല്ല വാര്‍ത്തകളും കാഴ്ചകളുമാണ് സഭയ്ക്കും സഭാംഗങ്ങള്‍ക്കും കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ടു പോകാനുള്ള ആത്മധൈര്യവും കരുത്തും പകരുന്നത്.