മെഴുകുകൊണ്ടുള്ള ഉണ്ണീശോ രൂപം: പരമ്പരാഗത കല കൈവിടാതെ കനേഡിയൻ വയോധിക

കാനഡയിലെ മോണ്‍ഡ്രിയയില്‍ കൊത്തുപണിക്കാരിയായ സില്‍വെറ്റ് ചാനലിനെ സംബന്ധിച്ചിടത്തോളം ഡിസംബര്‍ മാസമാണ് വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ കാലഘട്ടം. മെഴുകുകൊണ്ടുള്ള ഉണ്ണീശോയുടെ രൂപം നിര്‍മ്മിക്കുകയും കേടുപാടുതീര്‍ക്കുകയും ചെയ്യുന്ന തൊഴില്‍ ചെയ്യുന്നവരില്‍ അവശേഷിച്ചിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് സില്‍വെറ്റ്.

മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാനഡയിലെത്തിയ ആദ്യ സന്ന്യാസിനി സഭയാണ് ഈ കല കാനഡയിലെത്തിച്ചത്. അവര്‍ ഈ കലയെ പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും തങ്ങളുടെ തന്നെ സഭാംഗങ്ങളിലേയ്ക്ക് പകരുകയും ചെയ്തുകൊണ്ടിരുന്നു.  ഈ സന്ന്യാസിനി സഭ ഇന്ന് അന്യം നിന്ന് പോയെങ്കിലും എഴുപത്തേഴുകാരിയായ ചാനല്‍ ഈ കലയെ സംരക്ഷിക്കുന്നതിന് തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്.

2013 ല്‍ അന്തരിച്ച, മിസെരികോര്‍ഡിയ സഭാംഗമായ സി. സില്‍വിയ റോന്‍ഡിയോയാണ് സില്‍വെറ്റ് ചാനലിനെ ഈ കല അഭ്യസിപ്പിച്ചത്. 1980 കളുടെ മധ്യത്തില്‍ മൂന്ന് വര്‍ഷത്തോളം ദിവസേന സില്‍വെറ്റ്, മോണ്‍ഡ്രിയലിലുള്ള മിസെരികോര്‍ഡിയ സന്യാസഭവനം സന്ദര്‍ശിക്കുകയും സി. റോന്‍ഡിയോ അതിമനോഹരമായി മെഴുകില്‍ വിസ്മയം തീര്‍ക്കുന്നത് നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു. നൂറുകണക്കിന് ഉണ്ണീശോരൂപങ്ങള്‍ സിസ്റ്റര്‍ നിര്‍മ്മിക്കുന്നത് സില്‍വെറ്റ് കണ്ടിട്ടുണ്ട്.

ഉണ്ണീശോയുടെ ഓരോ രൂപം നിര്‍മ്മിക്കുന്നതിനും ഒരു മുഴുവന്‍ ദിവസമെടുക്കുമെന്നാണ് സില്‍വെറ്റ് പറയുന്നത്. വീടുകളിലും പള്ളികളിലുമൊക്കെ കാണുന്ന തരത്തില്‍ വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ള ഉണ്ണി ഈശോയെ നിര്‍മ്മിക്കാറുണ്ട് സില്‍വെറ്റ്.

കൊച്ചുകുട്ടികളുടെ അമ്മമാർ തങ്ങളുടെ കുട്ടിയുടെ സ്വന്തം മുടി ഉപയോഗിച്ചുകൊണ്ടുള്ള ഉണ്ണീശോയുടെ രൂപം ഇപ്പോഴും ആവശ്യപ്പെടാറുണ്ട്. ചിലരാകട്ടെ ചെറുപ്രതിമകളും ആവശ്യപ്പെടും. മെഴുക് ഉരുക്കൽ മുതൽ നിരവധി പ്രക്രിയകളിലൂടെയാണ് ഈ ജോലി കടന്നുപോകുന്നത്. സി. റോൻഡിയോ കൊടുത്ത ഒരു ചെറുകത്തിയാണ് സിൽവെറ്റയുടെ എക്കാലത്തെയും പ്രധാന ഉപകരണം. “എല്ലാത്തിനുമൊടുവിൽ ഉണ്ണീശോയുടെ മുഖത്തിന് കൊടുക്കുന്ന പുഞ്ചിരിയാണ് ആ രൂപത്തിന്റെ ചൈതന്യവും ഭംഗിയും തീരുമാനിക്കുന്നത്. കാരണം സങ്കടത്തോടെയല്ലല്ലോ ഉണ്ണീശോ പിറന്നത”. സിൽവെറ്റ ചോദിക്കുന്നു.

അതുപോലെ തന്നെ പൊട്ടിയതോ കേടുവന്നതോ ആയ പഴയ രൂപങ്ങൾ മോടിപിടിപ്പിക്കുന്നതിനായും ആളുകൾ സിൽവെറ്റയെ സമീപിക്കാറുണ്ട്. ഉണ്ണീശോയുടെ കൂട്ടുകാരിയായ ഈ സ്ത്രീയുടെ കരസ്പർശമേൽക്കുമ്പോൾ അവയും പുതു പുഞ്ചിരിയുമായി പുൽക്കൂട്ടിലേയ്ക്ക് യാത്രയാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.