ജപമാല മധുരം ഒക്ടോബർ 19 (പ്രകാശത്തിന്റെ നാലാം രഹസ്യം)

Little boy child praying and holding wooden rosary. More from this series in my portfolioLittle boy child praying and holding wooden rosary. More from this series in my portfolio

ഫാൻസിഡ്രസ്സ്

ഫാ. അജോ രാമച്ചനാട്ട്

ഒന്നും വിചാരിക്കരുത്, പത്രോസിന്റെ കിളി പോയ സംഭവമാണത്‌ – കർത്താവിന്റെ രൂപാന്തരീകരണം. ഓർക്കുമ്പോൾ ഇപ്പോഴും അങ്ങേർക്ക് കലി കയറുമെന്നാണ് സ്വർഗ്ഗത്തിലെ അടക്കം പറച്ചിൽ.
എങ്ങനെ കലി വരാതിരിക്കും?
വാക്കുകൾ കൊണ്ട് വർണിക്കാനാവാത്ത സ്വർഗീയാനുഭൂതിയിൽ ആരും ഒന്ന് വെപ്രാളപ്പെട്ടുപോവില്ലേ?

അവൻ അവരെ തന്റെ ശക്തിയും പ്രഭാവവും കാണിച്ചുവെന്ന് പ്രകാശത്തിന്റെ നാലാം രഹസ്യം. അവന്റെ മഹത്വം കണ്ട ശിഷ്യർക്ക് താബോർ മലമുകളിൽ വച്ചാണ് മനസ്സിലായത് ഇത്രയും കാലം നമ്മൾ കണ്ടതൊക്കെ അവന്റെ ഫാൻസിഡ്രസ്സ് കളികൾ ആയിരുന്നുവെന്ന് !
കാലിത്തൊഴുത്ത് മുതൽ ഈ നേരം വരെ തന്റെ മഹത്വം ഒളിപ്പിച്ച് നടന്ന ക്രിസ്തുവിനെ കുറിച്ചായിരുന്നു അവരുടെ അത്ഭുതം മുഴുവൻ.

ജീവിതത്തിന്റെ അരങ്ങിൽ മുഴുവൻ ഫാൻസിഡ്രസ്സ് മുഖങ്ങളല്ലേ മാഷേ?
ആരാണ് മുഖങ്ങൾ ഒളിപ്പിക്കാത്തവരായി ഈ വാഴ്വിലുള്ളത്!
മനസ്സ് അപ്പാടെ വെളിപ്പെടുത്തി ഭൂമിയിൽ ആർക്ക് ജീവിക്കാനാവും?

ക്ലാസ്സിൽ ഏറ്റവുമധികം ബഹളം വച്ച് സന്തോഷിച്ച് എല്ലാവരേയും അസൂയപ്പെടുത്തി നടക്കുന്നൊരു പെൺകുട്ടിയുടെ മനസ്സ് കേട്ടത് മൂന്നാം വർഷത്തിന്റെ അവസാനമൊരു ഉല്ലാസയാത്രയ്ക്കിടെയാണ് – വീട്ടിൽ അമ്മ തളർന്നുകിടപ്പാണെന്ന്, അച്ഛൻ ഉപേക്ഷിച്ചിട്ട് നാളുകളായെന്ന്, ശനിയും ഞായറും കൂലിപ്പണിക്ക് പോകുമെന്ന്!

കണ്ണും ചുവന്ന് ഉറക്കം തൂങ്ങി ഹോം വർക്കും സമയത്ത് ചെയ്യാതെ നടന്നവന് “കഞ്ചൻ” എന്ന് പേരുമിട്ട് കൂടെ നടന്ന കൂട്ടുകാർ ആരുമറിഞ്ഞില്ല, അവൻ രാത്രി വെളുക്കുവോളം നൈറ്റ്കടയിലെ വിശ്രമമില്ലാത്ത പണിക്കാരനായിരുന്നു, എന്ന്.
അവന്റെ അപ്പൻ ജയിലിൽ ആയിരുന്നെന്ന്!

അല്ലെങ്കിലും, ആരെയാണ് നമ്മൾ അറിഞ്ഞിട്ടുള്ളത് ?
ആർക്ക് മുന്നിലാണ് നമ്മൾ ക്ഷമയോടെ കേട്ടിരുന്നിട്ടുള്ളത് ?
ആരാലും മനസ്സിലാക്കപ്പെടാതെ ഈ ഭൂമിയിൽ കുറെ പേർ..
എന്നും തോറ്റ് ജീവിക്കുന്നവർ !

കൂടപ്പിറപ്പിന്റെ, കൂടെ ഉണ്ണുന്നവന്റെ, കൂടെ അധ്വാനിക്കുന്നവന്റെ, കൂടെ അന്തിയുറങ്ങുന്നവന്റെ/ളുടെ, മേലാളന്റെ, കീഴുള്ളവൻെറ..
മനസ്സ് കാണാൻ മറന്നുപോകുന്ന നമ്മൾ !

നമുക്ക് ചുറ്റും നമുക്കിടയിൽ നമ്മൾ അറിയാതെ എത്രയോ വേഷപ്രച്ഛന്നർ ..!!

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്