59-മത് എല്‍. ആര്‍. സി. സെമിനാര്‍ ആരംഭിച്ചു

സീറോമലബാര്‍ സഭയുടെ പഠന ഗവേഷണ സ്ഥാപനമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസില്‍ എല്‍.ആര്‍.സി.യുടെ 59-മത് സെമിനാര്‍ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറ് വെബിനാറുകളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വം; ഒരു ചരിത്ര പഠനം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറുകള്‍ മാര്‍ച്ച് 20, 27, ഏപ്രില്‍ 10, 30, മെയ് 7, 14 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

ഈ പഠന പരമ്പര മാര്‍ച്ച് 20-ാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം മേധാവി പ്രഫസര്‍ ഫാ. പയസ് മലേകണ്ടത്തില്‍, ഇന്ത്യയിലെ വിവിധ മേജര്‍ സെമിനാരികളിലെ ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. ഫാ. ജെയിംസ് കുരുക്കിലംകാട്ട് എം.എസ്.റ്റി., എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. വിദേശികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ ഇതില്‍ പങ്കെടുത്തു. എല്‍.ആര്‍.സി. ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഫാ. ജോജി കല്ലിങ്ങല്‍, സെക്രട്ടറി സി. ജോയിന എം.എസ്.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.