ദൈവസ്നേഹത്തിന്റെ പൂര്‍ത്തീകരണമാണ് സഹോദര സ്നേഹം: ഫ്രാന്‍സിസ് പാപ്പാ

ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുകയും സഹോദരസ്നേഹമില്ലാതെ ജീവിക്കുകയും ചെയ്യുന്നവര്‍ ലോകത്തിന്‍റെ അരുപിയുള്ളവരാണ്. അതിനാല്‍ അവരില്‍ വിശ്വാസത്തിന്‍റെ അരൂപി ഇല്ലാതാകുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. സാന്താ മാര്‍ത്തയിലെ വിശുദ്ധ കുര്‍ബാനയില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ സഹോദര സ്നേഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വ്യക്തമാക്കിയത്.

“ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ,” എന്ന് ഓരോരുത്തരും ആത്മാര്‍ത്ഥമായി ചിന്തിക്കുകയും ചോദിക്കുകയും ചെയ്യേണ്ടതാണ്. ദൈവസ്നേഹത്തിന്‍റെ ഉരകല്ല് സഹോദരസ്നേഹമാണ്. ദൈവത്തെ സ്നേഹിക്കുന്നവര്‍ സഹോദരങ്ങളെയും സ്നേഹിക്കും! പാപ്പാ ചൂണ്ടിക്കാട്ടി.

സഹോദരസ്നേഹത്തിന്‍റെ ആദ്യഅടയാളം, നാം മറ്റുള്ളവര്‍ക്കുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ? സകലര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ നാം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി മാത്രമല്ല, ഇഷ്ടപ്പെടാത്തവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കേണ്ടതാണ്. സ്നേഹിതര്‍ക്കു വേണ്ടിയും സ്നേഹിതരല്ലാത്തവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്ന് ആത്മപരിശോധനചെയ്യുക.

രണ്ടാമതായി, അപരനോട് അസൂയയും വെറുപ്പും തോന്നുക, അയാള്‍ക്ക് തിന്മ വരാന്‍ ആഗ്രഹിക്കുക – ഇതെല്ലാം സ്നേഹമില്ലായ്മയുടെ അടയാളങ്ങളാണ്. അവയെ നിര്‍ത്തലാക്കാന്‍ നമുക്കു സാധിക്കണം. ഇങ്ങനെയുള്ള വികാരങ്ങളെ, വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അസൂയയുടെയും വികാരങ്ങളെ നാം താലോലിക്കരുത്, വളരാന്‍ അനുവദിക്കരുത്. അവ അപകടകരമാണ്. പകയില്‍ ജീവിക്കുന്നവര്‍ക്ക്. “ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു…” എന്ന് ഒരിക്കലും പറയാനാകില്ല. അതുവെറും പുലമ്പലും, പൊള്ളവാക്കുമായിരിക്കും! പാപ്പാ ഓര്‍മിപ്പിച്ചു.

പൊള്ള വാക്കുകള്‍കൊണ്ട് നമുക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല. പൊള്ളവാക്കു മധുരമുള്ള മിഠായിപോലെയാണ്, രസകരമാണത്! എന്നാല്‍ അധികമാകുമ്പോള്‍ അത് അപകടകരമാകുന്നു, ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുപോലെ പൊള്ളവാക്കും പൊയ്മൊഴിയും അമിതമാകുമ്പോള്‍ അവ സഹോദരബന്ധങ്ങളെ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. നല്ല പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നു. സ്നേഹമില്ലായ്മയുടെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാം എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.