ലൂയിസ് ചേട്ടന്‍ നമ്മളെ കരയിപ്പിക്കും, ഒപ്പം പ്രകാശിപ്പിക്കും 

ബോബി ജോസ് കപ്പൂച്ചിന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരില്‍ ഒരാള്‍; സാമൂഹിക പ്രവര്‍ത്തകന്‍, അഞ്ചപ്പം എന്ന പ്രസ്ഥാനത്തിന്റെ പിആര്‍ഒ- ഇത് ലൂയിസ് എബ്രഹാം. പ്രചോദനാത്മകമായ ഈ ജീവിതം നമ്മുടെ കണ്ണുകളെ നനയിക്കും!

ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ ചെറിയ പോരായ്മകളെ ഓര്‍ത്തു ദൈവത്തെ പഴിക്കുന്നവരാണ് ഭൂരിഭാഗവും. അല്ലെങ്കില്‍ തങ്ങളുടെ കുറവുകളെ ലോകത്തിനു മുന്നില്‍ മറച്ചു പിടിച്ചുകൊണ്ട് പൊതുസമൂഹത്തില്‍നിന്നും ഉള്‍വലിഞ്ഞു ജീവിക്കുന്നവര്‍. അങ്ങനെ ഉള്ളവരുടെ സമൂഹത്തിലാണ് ലൂയിസ് എബ്രഹാം എന്ന ലൂയിസ് ചേട്ടന്‍ വ്യത്യസ്തനാകുന്നത്. നാലാം വയസില്‍ പോളിയോ ബാധിച്ച്, എല്ലാം അവസാനിച്ചു എന്നു കരുതിയ ഇടത്തില്‍നിന്നുമാണ് ലൂയിസ് ചേട്ടന്‍ ജീവിക്കുവാന്‍ തുടങ്ങിയത്. സഹതാപത്തോടെ തന്നെ നോക്കിയ കണ്ണുകളില്‍ അത്ഭുതം ജനിപ്പിച്ചുകൊണ്ട് തന്റെ കുറവുകളെ നിറവുകളാക്കുകയും അനേകരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുകയും ചെയ്യുന്നു ഇന്ന് ലൂയിസ് ചേട്ടന്‍.

പോളിയോ ഇരുള്‍ പടര്‍ത്തിയ ബാല്യം 

ബാല്യം കളിചിരികളുടെയും വികൃതികളുടെയും പരിധികളില്ലാത്ത സമയമാണ്. ഓടിയും ചാടിയും മരംകയറിയും ഒക്കെ നടക്കുന്ന സമയം. സന്തോഷത്തോടെ കുതിച്ചു ചാടി നടക്കേണ്ട സമയത്താണ് പോളിയോ ലൂയിസ് ചേട്ടന്റെ ജീവിതത്തിലേയ്ക്ക് ഇരുള്‍ പടര്‍ത്തുന്നത്. നാലര വയസ്സില്‍ പോളിയോ ബാധിച്ച അദ്ദേഹത്തിന്, ആ അസുഖം തനിക്കു നഷ്ടപ്പെടുത്തിയത് എന്താണെന്നു മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കളികളും കൂട്ടുകാരും നഷ്ടപ്പെട്ട് ഇരുളിലേക്ക് പിന്‍വലിയാന്‍ ആരംഭിച്ച ആ ജീവിതം പിന്നെ മാതാപിതാക്കളുടെ നിഴലിലായി. പിതാവിന് വാഹനാപകടത്തില്‍ പരിക്കേറ്റതോടെ ഒന്‍പതാം ക്ലാസില്‍ വെച്ച് പഠനം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. ഈ സമയമൊക്കെയും സഹതാപം നിറഞ്ഞ കണ്ണുകള്‍ മാത്രമാണ് തനിക്കു ചുറ്റും കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആ കണ്ണുകളിലെ സഹതാപമോ സങ്കടങ്ങളോ ആയിരുന്നില്ല തനിക്ക് ആവശ്യം എന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മനക്കരുത്തുകൊണ്ട് വിധിയെ തോല്‍പ്പിച്ച ലൂയിസ് ചേട്ടന്‍ ഓര്‍ക്കുന്നു.

 തനിക്കൊപ്പം വളര്‍ന്ന നഷ്ടങ്ങള്‍ 

ബാല്യത്തില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് കളിചിരികളും കൂട്ടുകാരും ആയിരുന്നെങ്കില്‍ കൗമാരത്തില്‍ നഷ്ടപ്പെട്ടത് പ്രണയമായിരുന്നു. അപ്പോഴേക്കും തന്റെ പരിമിതികള്‍ അദ്ദേഹത്തെ അന്തര്‍മുഖനാക്കിയിരുന്നു. തനിക്കു മുന്നിലൂടെ കടന്നുപോയ പല സുന്ദരമുഖങ്ങളും താന്‍ കുറവുകളില്ലാത്ത ഒരു വ്യക്തിയായിരുന്നെങ്കില്‍ പ്രണയമായോ സൗഹൃദമായോ ഒക്കെ പരിണമിച്ചേനെ എന്നു ലൂയിസു ചേട്ടന്‍ വിശ്വസിക്കുന്നു. കൗമാരകാലഘട്ടം പിന്നിട്ടു യൗവനത്തിലേക്ക് കടന്നപ്പോള്‍ വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ ആണ് രോഗം തനിക്കു സമ്മാനിച്ച നഷ്ടങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നതായി അദ്ദേഹത്തിന് തോന്നിയത്.  രോഗം തന്നില്‍ വരുത്തിയ  പരിമിതികള്‍ മൂലം അദ്ദേഹത്തിന് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുകയായിരുന്നു. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തന്നെ രോഗം ഉണ്ടാക്കിയ നഷ്ടങ്ങളും വളരുകയായിരുന്നു.

തളര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേയ്ക്ക് നയിച്ച ജീവിതാനുഭവങ്ങള്‍ 

ലൂയിസ് ചേട്ടന്റെ ചെറുപ്പത്തിലാണ് മാധ്യമപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തെ തുടര്‍ന്ന് നട്ടെല്ലിനേറ്റ ആഘാതത്താല്‍ കിടപ്പിലായത്. പതിനെട്ടു വര്‍ഷം അദ്ദേഹത്തിന് കിടക്കയില്‍ കഴിയേണ്ടി വന്നു. ആ കാലഘട്ടത്തിലാണ് അച്ഛനും അദ്ദേഹത്തിന്റെ സൗഹൃദങ്ങളും ഇന്നത്തെ ലൂയിസേട്ടനിലേക്കുള്ള ആദ്യ വിത്തുകള്‍ പാകിയത്. പിന്നീടു കൂട്ടുവന്ന വായനയും കമ്മ്യൂണിസ്‌റ് ആശയങ്ങളുടെ സ്വാധീനവും ജീവിതത്തെ ചോദ്യം  ചെയ്യുവാനും വെല്ലുവിളിക്കുവാനുമുള്ള പ്രേരണയായി. വലിയ വിലയുള്ള പുസ്തകങ്ങള്‍ വാങ്ങി വായിക്കുക എന്നത് ഇടത്തരം സാമ്പത്തികമുള്ള അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. ഒരു കാലഘട്ടത്തെ പുഷ്‌കലമാക്കിയ റഷ്യന്‍ പുസ്തകങ്ങളായിരുന്നു ലൂയിസേട്ടന്റേയും വായനയെ സമ്പന്നമാക്കിയത്. ആ പതിവില്‍ നിന്നാണ് വിപ്ലവത്തിന്റെ ആശയങ്ങള്‍ ഉള്ളില്‍ പ്രവേശിക്കുന്നതും അതിലൂടെ ജീവിതത്തെ വെല്ലുവിളിക്കുവാന്‍ ആരംഭിക്കുന്നതും.

വായനയ്ക്കൊപ്പം യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് തിരിച്ചറിഞ്ഞ സത്യങ്ങളും സ്വീകരിച്ച പ്രചോദനങ്ങളും അദ്ദേഹത്തെ ഒരിക്കലും തളരാത്ത ഒരു മനസിന് ഉടമയാക്കി. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നല്ല സൗഹൃദങ്ങളും വ്യത്യസ്തമായ ജീവിതാനുഭവങ്ങളും അദ്ദേഹത്തിന്റെ തളര്‍ന്നു തുടങ്ങിയ മനസിനെ ഉയര്‍ത്തി എടുക്കുകയായിരുന്നു. അതൊരു കുതിച്ചു ചാട്ടമായിരുന്നു.  ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ഒരു കുതിപ്പായിരുന്നു പിന്നീടുള്ള ലൂയിസ് ചേട്ടന്റെ ജീവിതം.

ജന്മസിദ്ധമായ കഴിവുകളെ ആയുധമാക്കി മുന്നോട്ട്

അച്ഛനുണ്ടായ അപകടത്തോടെ ഉപേക്ഷിക്കേണ്ടി വന്ന പഠനം പിന്നീട് തുടരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.  പഠനം അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തില്‍ തളര്‍ന്നു പോകാന്‍, വിധിക്കു മുന്‍പില്‍ താന്നു കൊടുക്കുവാന്‍ ലൂയിസുചേട്ടന്‍ തയ്യാറായില്ല. തന്നിലെ സ്വതസിദ്ധമായ കഴിവുകളെ തനിക്കിണങ്ങുന്ന രീതിയില്‍ അദ്ദേഹം പാകപ്പെടുത്തിയെടുക്കാന്‍ തുടങ്ങി. കേടായ എന്തെങ്കിലും ഒരു വസ്തു കയ്യില്‍ കിട്ടിയാല്‍ അതിനെ അഴിച്ചു പണിത് പ്രവര്‍ത്തനക്ഷമമാക്കുവാനുള്ള  തന്നിലെ കഴിവ് അദ്ദേഹം തിരിച്ചറിഞ്ഞു. പതിയെ അദ്ദേഹം തന്നിലെ ഇലക്ട്രോണിക് ടെക്‌നീഷ്യനെ വാര്‍ത്തെടുത്തു. പുസ്തകങ്ങള്‍ വായിച്ച് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി. അങ്ങനെ ഇലക്ട്രോണിക് ടെക്‌നീഷ്യനായി മാറിയ ലൂയിസ് ചേട്ടന് ഏകദേശം 20 വര്‍ഷത്തോളം അതൊരു വരുമാന മാര്‍ഗ്ഗവുമായിരുന്നു.

വഴിത്തിരിവായ കണ്ടുമുട്ടല്‍ 

ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായ ഒരു കണ്ടുമുട്ടലായിരുന്നു ബോബിയച്ചനും ലൂയിസുചേട്ടനും തമ്മിലുള്ളത്. അതെ, ബോബി ജോസ് കട്ടിക്കാട്, കപ്പൂച്ചിന്‍! പോസിറ്റിവായ കാര്യങ്ങള്‍ ചിന്തിച്ചു കൊണ്ടും യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടും മുന്നോട്ട് പോകുവാനുള്ള പ്രചോദനം ലൂയിസുചേട്ടനു നല്‍കിയത് അദ്ദേഹമായിരുന്നു. ഈ പുസ്തകം വായിക്കണം, ആ സിനിമ കാണണം മിണ്ടിപ്പറയലുകളുമായി ബോബിയച്ചന്‍ അദ്ദേഹത്തോടൊപ്പം നടന്നു. നെറൂദ, കസാന്‍ദ്‌സാക്കീസ്, തോറോ, കിം കി ഡുക്ക്, വിറ്റോറിയ ഡിസീക്ക, സമീറ മക്ബല്‍ബഫ് ഇവരുടെ പുസ്തകങ്ങളും സിനിമകളും ജീവിതദര്‍ശനത്തിന് കൂടുതല്‍ മിഴിവേകി.

നൂറോ നൂറ്റമ്പതോ വര്‍ഷം പിന്നിടുമ്പോള്‍ നമ്മള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവും ബാക്കിയില്ല. ഇപ്പോഴുള്ള ഈ ജീവിതത്തെ കൂടുതല്‍ മനോഹരവും സൗന്ദര്യാത്മകവുമായി എങ്ങനെ ജീവിക്കാനാവുമെന്നതാണ് ഒരേ ഒരു ചോദ്യമെന്ന് ഓര്‍മ്മിപ്പിച്ചത് ബോബിയച്ചനായിരുന്നു. അതുകൊണ്ട് തന്നെ പ്രായം കൊണ്ട് ഇരുവരും തമ്മില്‍ വലിയ അന്തരം ഇല്ലെങ്കിലും ഒരു ഗുരുവിന്റേതായ സ്ഥാനമാണ് ലൂയിസുചേട്ടന്റെ മനസ്സില്‍ ബോബിയച്ചനുള്ളത്.

ശാലോം ടിവിയില്‍ ഗുരുചരണം എന്ന പരിപാടിയിലാണ് ലൂയിസുചേട്ടന്‍ ബോബിയച്ചനെ ആദ്യമായി കാണുന്നത്. ആ വാക്കുകള്‍, അച്ചന്‍ പങ്കുവെച്ച ആശയങ്ങള്‍ എല്ലാം ലൂയിസ് ചേട്ടനെ വല്ലാതെ സ്വാധീനിച്ചു.  ഈ ലോകത്തില്‍  ജീവിക്കുന്ന അത്രയും നാളുകള്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ ഹൃദയങ്ങളിലേക്കെത്താനുള്ള വഴിയാണ് അച്ചനില്‍ നിന്നും തനിക്കു ലഭിച്ചതെന്ന് ലൂയിസ് ചേട്ടന്‍ പറയുന്നു. ആ സൗഹൃദമാണ് അനേകരിലേയ്ക്ക് നന്മയുടെ വിളനിലമായി മാറിയ അഞ്ചപ്പം ഉള്‍പ്പെടെ ഉള്ള പദ്ധതികള്‍ക്കു പിറകില്‍.

‘അഞ്ചപ്പം’ ഇന്ന ആശയത്തിലേക്ക്

ഏറ്റവും നല്ല കുശലം ‘നിനക്ക് വിശക്കുന്നുണ്ടോ’ എന്ന ചോദ്യമാണ് എന്നു ബോബിയച്ചന്‍ തന്റെ പ്രഭാഷണങ്ങളില്‍ എപ്പോഴും പറയുമായിരുന്നു. മനുഷ്യന്റെ ഭാഷയും സംസ്‌കാരവും വെല്ലുവിളികളും എല്ലാം വിശപ്പ് എന്ന ഒരു സംഭവം അവസാനിച്ചതിനുശേഷം മാത്രം ആരംഭിക്കുന്ന ഒന്നാണ്. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് അച്ചനും ലൂയിസുചേട്ടനുമടക്കമുള്ള സുഹൃത്തുക്കളും ചേര്‍ന്നു അഞ്ചപ്പം എന്ന സംരംഭം ആരംഭിച്ചത്. വഴിയരികില്‍ വിശന്നു നടക്കേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന ചിന്തയാണ് അഞ്ചപ്പത്തിന്റെ രൂപീകരണത്തിലേയ്ക്ക് ഇവരെ കൊണ്ടെത്തിച്ചത്.

അഞ്ചപ്പം പ്രധാനമായും കേന്ദ്രീകരിക്കുന്നത് ഇടത്തരം കുടുംബങ്ങളെ അല്ലെങ്കില്‍ ആളുകളെയാണ്. സാമ്പത്തിക ഞെരുക്കത്തോടൊപ്പം ആത്മാഭിമാനത്തിന്റെ ബന്ധനംകൂടിയാകുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുവാന്‍ അവര്‍ക്കു മടിയാണ്. സമൂഹത്തിനു മുന്നില്‍ എനിക്ക് ഇല്ല എന്നു പറയുവാന്‍ മടികാട്ടുന്ന വിവിധ വിഭാഗത്തില്‍പെട്ട ആളുകളെയാണ് അഞ്ചപ്പം ലക്ഷ്യം വയ്ക്കുന്നത്. അവര്‍ക്കായി ഭക്ഷണം നല്‍കുകയാണ് പ്രധാന ഉദ്ദേശ്യം. അതോടോപ്പം തന്നെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. അഞ്ചപ്പത്തിന്റെ മുദ്രാവാക്യം തന്നെ ‘അന്നവും അക്ഷരവും ആദരവോടെ’ എന്നാണ്.

അഞ്ചപ്പം ആരംഭിച്ച അവസരത്തില്‍ ബോബിയച്ചന്‍ ലൂയിസുചേട്ടനെ ഏല്‍പ്പിച്ച ഒരു ദൗത്യമാണ് അതിന്റെ പിആര്‍ഒ ആയി പ്രവര്‍ത്തിക്കുക എന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ജോലി മനോഹരമായി നിര്‍വഹിക്കുകയാണ് ലൂയിസ് ചേട്ടന്‍.

അന്യന്റെ കണ്ണുനീരിനോടൊപ്പം

ഒരിക്കല്‍ തന്നെപോലെ വൈകല്യം ഉള്ള ഒരു സുഹൃത്തിനെ ലൂയിസ് ചേട്ടന്‍ കാണാനിടയായി. മുന്‍പരിചയമുള്ള അയാളുടെ അടുത്ത് കുശലാന്വേഷണങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു; അയാളുടെ സഹോദരന്‍ ആശുപത്രിയിലാണെന്ന്. ഡിസ്ചാര്‍ജ് ചെയ്യുവാന്‍ പണം ഇല്ല. എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഊഹവുമില്ല. അന്ന് ഇലക്ട്രോണിക്ക് പാര്‍ട്ട്‌സുകള്‍ വാങ്ങുന്ന കടകളിലെ സുഹൃത്തുക്കളോട് ഈ കാര്യം പറഞ്ഞപ്പോള്‍ അവരുടനെ പണം നല്‍കുകയും ചെയ്തു. ഇതായിരുന്നു ലൂയിസ് ചേട്ടന്റെ സാമൂഹിക പ്രവര്‍ത്തങ്ങളുടെ തുടക്കം.

വഴിയോരങ്ങളില്‍ കഴിയുന്ന കുറച്ചാളുകള്‍ക്ക് പൊതിച്ചോറ് നല്‍കിയ ഒരു കാലം ലൂയിസ് ചേട്ടന്റെ ഓര്‍മ്മകളിലുണ്ട്. തന്റെ മുന്നില്‍ എത്തുന്നവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ലൂയിസ് ചേട്ടനെ സഹായിക്കുന്നത് മുന്‍പ് പറഞ്ഞ നന്മ നിറഞ്ഞ സൗഹൃദങ്ങളാണ്. തന്റെ കൂട്ടുകാരുടെ സഹായത്തോടെ ആ ആവശ്യങ്ങള്‍ നിറവേറ്റി അവരുടെ മുന്‍പില്‍ നിന്ന് മറയും. പിന്നീട് ഒരിക്കല്‍ പോലും ഉപകാരങ്ങള്‍ ചെയ്തു കൊടുത്തവരുടെ മുന്‍പില്‍ എത്തില്ല. വീണ്ടും കണ്ടുമുട്ടിയാല്‍ അവരുടെ കണ്ണില്‍ ഒരു കടപ്പാട്, നന്ദിയൊക്കെ ഉണ്ടാവും. അതിന്റെ ആവശ്യമില്ല എന്നതാണ് ലൂയിസ് ചേട്ടന്റെ നിലപാട്. അതിനാല്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്ന സഹായങ്ങള്‍ക്കുപിന്നില്‍ ആരെന്ന് അവര്‍ അറിയാതിരിക്കുവാന്‍ പരമാവധി ശ്രമിക്കും.

ഈശോ പറയുന്നത് ഞാന്‍ നഗ്‌നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു, ഞാന്‍ വിശക്കുന്നവനായിരുന്നു നിങ്ങള്‍ എനിക്ക് ഭക്ഷണം തന്നു എന്നാണ്. ആ വാക്കുകള്‍ പ്രവര്‍ത്തികളിലൂടെ അന്വര്‍ത്ഥമാക്കുകയാണ് ലൂയിസുചേട്ടന്‍. ഭാര്യയായ ദീപയോടും മക്കളായ കുര്യനും എബ്രഹാമിനുമൊപ്പം സ്വയം ഡ്രൈവ് ചെയ്താണ് ഇന്ന് അദ്ദേഹത്തിന്റെ എല്ലാ യാത്രകളും. കുടുംബത്തോടൊപ്പം കോട്ടയം പുതുപ്പള്ളിക്കടുത്ത് തോട്ടക്കാടാണ് താമസം.

അന്യനെ സ്‌നേഹിച്ചുകൊണ്ട് അവരുടെ ആവശ്യങ്ങളില്‍ അവര്‍ക്കു മുന്നേ കടന്നു ചെല്ലുന്നു ലൂയിസ് എബ്രഹാം എന്ന നാട്ടുകാരുടെ ലൂയിസുചേട്ടന്‍. അനേകം ഹൃദയങ്ങളിലേയ്ക്ക് ശുഭാപ്തി വിശ്വാസവും സ്‌നേഹവും അതിന്റെ പൂര്‍ണ്ണതയില്‍ ചൊരിയുന്ന അദ്ദേഹം കുറവുകള്‍ ഉള്ളവരോടായി പറയുന്ന, അല്ല ജീവിതം കൊണ്ട് പങ്കുവയ്ക്കുന്ന ഒരു സന്ദേശം ഉണ്ട് ‘വൈകല്യം അത് ശരീരത്തെ ബാധിച്ചോട്ടെ, എന്നാല്‍ മനസിനെ ബാധിക്കരുത്’.
(ലൂയിസ് എബ്രഹാം -9495212792)

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.