നൊബേലും ഓസ്‌ക്കറും സ്വന്തമാക്കിയ പ്രതിഭ

അനേകം വിശുദ്ധാത്മാക്കളുടെയും കലാ–സാഹിത്യ-സാമൂഹ്യ-സാംസ്‌ക്കാരിക പ്രതിഭകളുടെയും രാഷ്ട്രീയ നായകരുടെയും ആധ്യാത്മിക നേതൃത്വങ്ങളുടെയും പിറവികൊണ്ട് സുകൃത സമ്പന്നമാണ് നവംബര്‍ മാസമെങ്കിലും നിരവധി പ്രതിഭാശാലികളുടെ നഷ്ടംകൊണ്ട് നൊമ്പരമുണര്‍ത്തുന്ന മാസം കൂടിയാണ് നവംബര്‍. കത്തോലിക്കാ തിരുസഭ സകല വിശുദ്ധരുടെയും സ്മരണയാചരിച്ചുകൊണ്ടാണ് നവംബറിന്റെ ആദ്യ പുലരിയെ വരവേല്‍ക്കുന്നതുതന്നെ. തൊട്ടടുത്ത ദിനത്തിലാണെങ്കില്‍ പരേത സ്മരണയുടെ പ്രാര്‍ത്ഥനാദിനവും. തുടര്‍ന്നങ്ങോട്ട് നവംബറിനെ പൂര്‍ണമായും പരേതാത്മക്കളുടെ ഓര്‍മ്മയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്.

കേരളീയരെ സംബന്ധിച്ച് കേരളപ്പിറവിയുടെ ഉണ്മയും ഉന്മേഷവും പകര്‍ന്നുകൊണ്ടാണ് നവംബര്‍ പിറക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ പ്രഥമപ്രധാന മന്ത്രിയുടെ ജന്മദിനത്താല്‍ ഒരു ശിശുദിനം തന്നെ രൂപപ്പെട്ടതും നവംബറിന്റെ പുണ്യമായി മാറുമ്പോള്‍ തേങ്ങലുയര്‍ത്തുന്ന നഷ്ടങ്ങളും നൊമ്പരങ്ങളും നവംബര്‍ വച്ചു നീട്ടുന്നുണ്ട്. അവരില്‍ ദൈവദാസന്‍മാരായ ഔറേലിയനച്ചനും ജോര്‍ജ് വാകയിലച്ചനും റൈനോള്‍ഡ്‌സ് പുരക്കലച്ചനും മുതല്‍ ഇന്ത്യന്‍ വ്യോമയാനരംഗത്തെ അതികായന്‍ ജെ.ആര്‍.ഡി ടാറ്റ വരെ നീളുന്നു. നവംബറിന്റെ നഷ്ടമായിത്തീര്‍ന്ന അപൂര്‍വ്വം ചില പ്രതിഭകളെ നൊമ്പരവ്യഥയോടെ സ്മരിക്കുകയാണ്.

ജോര്‍ജ് ബര്‍ണാഡ് ഷാ

വ്യവസ്ഥാപിതമായ എന്തിനേയും ചോദ്യം ചെയ്യുന്ന, അവയ്ക്കുനേരെ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകള്‍ അയയ്ക്കുന്ന 63 നാടകങ്ങള്‍ എഴുതിയ തികഞ്ഞൊരു സോഷ്യലിസ്റ്റായിരുന്നു ജോര്‍ജ് ബര്‍ണാഡ് ഷാ. ഭിന്ന വ്യക്തിത്വങ്ങളുടെ സമന്വയമായിരുന്നു ജിബിഎസ് എന്ന ചുരുക്കെഴുത്തുകാരന്‍ ജോര്‍ജ് ബര്‍ണാഡ് ഷാ.

1950 നവംബര്‍ രണ്ടിന്റെ നൊമ്പരമായി മാറിയ ഈ ഐറിഷ്‌കാരന്‍ 94 വര്‍ഷങ്ങളുടെ സുഗന്ധമാണ് ഭൂമിയില്‍ പരത്തിയത്. ജോര്‍ജ് ബര്‍ണാഡ് ഷാ ആദ്യകാലത്ത് സംഗീതവും സാഹിത്യവിമര്‍ശനവുമായി ക്രിയാത്മകതയുടെ ലോകത്തായിരുന്നു. മികച്ചൊരു ജേര്‍ണലിസ്റ്റുകൂടിയായിരുന്ന ഷാ സാമൂഹ്യപ്രശ്‌നങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ കേമനായിരുന്നു. നര്‍മ ഭാസുരമായ തൂലികയ്ക്കുടമയായിരുന്നു ഈ നാടകാചാര്യന്‍. വിദ്യാഭ്യാസം, മതം, സര്‍ക്കാര്‍, ആരോഗ്യപരിപാലനം, വര്‍ഗാവകാശങ്ങള്‍ തുടങ്ങിയ സാമൂഹികമായ എന്തും അദ്ദേഹത്തിന്റെ ഭാവനയുടെ സ്വന്തമായിരുന്നു.

ബിസിനസുകാരനായ ജോര്‍ജ് കാര്‍ഷായുടെയും ലൂസിന്റായുടെയും മൂന്നു മക്കളില്‍ ഇളയവനായി 1856 ജൂലൈ 26-ന് ഭൂജാതനായ ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ പ്രാദേശിക സ്‌കൂള്‍ പഠനംകൊണ്ട് തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന വ്യക്തിത്വമാണ്. വ്യവസ്ഥാപിത വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പും മദ്യപനായ പിതാവിന്റെ സാമ്പത്തിക ഭദ്രതയില്ലായ്മയും മൂലം ബര്‍ണാര്‍ഡ് ഷാക്ക് സര്‍വ്വകലാശാലകളുടെ പടികള്‍ ചവിട്ടേണ്ട ‘ഭാഗ്യം’ വന്നില്ല. എന്നിട്ടും ലോക പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ സ്ഥാപകരില്‍ ഒരാളാകാന്‍ ഉന്നതബിരുദങ്ങളുടെ കെട്ടുകാഴ്ചകളില്ലാത്ത ഈപ്രതിഭാധനന് കഴിഞ്ഞു.

അധ്വാനിക്കുന്നവനുവേണ്ടി ജീവിതകാലം മുവുവന്‍ നിലകൊണ്ട ബര്‍ണാഡ്ഷാ തികഞ്ഞൊരു സോഷ്യലിസ്റ്റായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തില്‍ അല്‍പകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. ലണ്ടന്‍ കൗണ്ടി കൗണ്‍സിലംഗമായിരുന്ന ഷാ സഹപ്രവര്‍ത്തകയായ ചാര്‍ലോട്ട് പെയ്‌നിനെ 1898-ല്‍ ജീവിതസഖിയായി സ്വീകരിച്ചു. ജോര്‍ജ് ബര്‍ണാഡ് ഷാ വിദ്യാസമ്പന്നനായിരുന്നില്ലെങ്കിലും 1925-ലെ നോബേല്‍ സമ്മാനവും 1938-ലെ ഓസ്‌കര്‍ അവാര്‍ഡും ഷായെ തേടിച്ചെന്നു. ഇതു രണ്ടും ഒന്നിച്ചുലഭിച്ച ഏകവ്യക്തിയും ഒരുപക്ഷേ ഇദ്ദേഹം മാത്രമായിരിക്കാം. ‘പിഗ്മാലിയന്‍’ എന്ന ഷായുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഷായ്ക്ക് ഓസ്‌ക്കര്‍ നേടിക്കൊടുത്തത്. ജോര്‍ജ് ബര്‍ണാഡ് ഷായെ സാഹിത്യലോകത്തെ വിഖ്യാതനാക്കിത്തീര്‍ത്ത സൃഷ്ടികളാണ് ‘ബാക്ക് ടു മെത്തുസല’, ‘ആപ്പിള്‍ കാര്‍ട്ട്’, ‘ഡോക്‌ടേഴ്‌സ് ഡിലെമ’ തുടങ്ങിയവ.

ഏണിയില്‍ നിന്നു വീണ അപകടം മൂലം പരുക്കേറ്റ് കിടപ്പിലായിപ്പോയ 94 കാരന്‍ ഷാ പിന്നീട് എഴുന്നേറ്റില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. 1950-ലെ നവംബറിന്റെ നഷ്ടവും നൊമ്പരവുമായി ഈ പ്രതിഭ കാലയവനികയ്ക്കപ്പുറത്തേക്ക് കടന്നുപോയി.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.