ഭൗതിക ശാസ്ത്രത്തിലെ ‘രാമന്‍ ഇഫക്ട്’

ശാസ്ത്ര വളര്‍ച്ചയില്‍ ആയിരക്കണക്കിന് മഹാത്മാരുടെ ത്യാഗപരിശ്രമങ്ങളുണ്ട്. ചിലര്‍ ജീവിതം മുഴുവന്‍ ശാസ്ത്ര പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമായി സമര്‍പ്പിച്ചവരാണ്. ഒരു കണ്ടുപിടുത്തംകൊണ്ട് മാത്രം അനശ്വരമായവരുണ്ട്. എന്നാല്‍ അനേകം കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടും ശ്രദ്ധിക്കാതെ പോയവരും കണ്ടുപിടുത്തങ്ങള്‍ പൂര്‍ണമായും നശിച്ച് കാലത്തിന്റെ വിസ്മൃതിയില്‍പെട്ടുപോയവരുമുണ്ട്. പക്ഷേ കണ്ടുപിടുത്തങ്ങള്‍ നശിച്ചുപോയെങ്കിലും അവരില്‍ പലരും ഓര്‍മിക്കപ്പെടുന്നവരായുമുണ്ട്. മഹത്തായ കണ്ടുപിടുത്തങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതുകൊണ്ട് ഭ്രാന്തരായി മുദ്രകുത്തി തടവിലാക്കപ്പെട്ടവരും ഇല്ലാതില്ല. കണ്ടുപിടുത്തങ്ങളുടെ മഹാത്മ്യം മനസ്സിലാക്കുന്നതിനുമുമ്പ് തെരുവില്‍ വധിക്കപ്പെട്ട നിര്‍ഭാഗ്യ ബുദ്ധിശാലികളുമുണ്ട്. ശാസ്ത്രലോകത്ത് ഇത്തരത്തില്‍ വിചിത്രവും അത്ഭുകരവുമായ മഹാ പ്രതിഭകളുടെ ജീവചരിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ്. നവംബര്‍ മാസത്തില്‍ ജന്മംകൊണ്ടും മരണംകൊണ്ടും ഓര്‍മ്മിക്കപ്പെടുന്ന അതുല്യശാസ്ത്ര പ്രതിഭയാണ് സി.വി.രാമന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ചന്ദ്രശേഖര വെങ്കിട്ട രാമന്‍. ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌ക്കാരം ഭാരതത്തിനുനേടിക്കൊടുക്കുകയും ഭാരതരത്‌ന കിരീടത്തിന് അവകാശിയാവുകയും ചെയ്ത മഹാപ്രതിഭ ജന്മംകൊണ്ടും കര്‍മംകൊണ്ടും വേര്‍പാടുകൊണ്ടും നവംബറിന്റെ സ്മരണയായി മാറുന്നു. ഡോ.സി.വി രാമന്റെ 47-ാം ചരമവാര്‍ഷികദിനമാണിന്ന്.

ഡോ. സി.വി രാമന്‍
(07.11.1888 – 21.11.1970)

ഭാരതത്തിന് അക്ഷരാര്‍ത്ഥത്തില്‍ ‘രാമന്‍ ഇഫക്ട്’ നല്‍കിയ ഭൗതിക ശാസ്ത്രപ്രതിഭയാണ് ഡോ.സി.വി രാമന്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘സര്‍’ പദവി നല്‍കി ആദരിക്ക കൂടി ചെയ്തപ്പോള്‍ ഈ ഊര്‍ജതന്ത്രജ്ഞന്റെ വലുപ്പമുയരുകയായിരുന്നു. അപ്പോള്‍ ഈ ഇഫക്ട് കൂടുതല്‍ ശോഭയുള്ളതായിത്തീര്‍ന്നു. ശാസ്ത്രരംഗത്ത് ഇന്നും ‘രാമന്‍ ഇഫക്ട്’ ഇഫക്ടീവായി നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും കാണാതിരിക്കാനാവില്ല.

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയിലുള്‍പ്പെട്ടിരുന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ 1888 നവംബര്‍ ഏഴിന് ചന്ദ്രശേഖര രാമന്‍ അയ്യരുടെയും പാര്‍വ്വതി അമ്മാളുവിന്റെയും എട്ടു മക്കളില്‍ രണ്ടാമനായാണ് ചന്ദ്രശേഖര വെങ്കിട്ട രാമന്റെ ജനനം. ഭൗതിക- ഗണിതശാസ്ത്ര അധ്യാപകനായിരുന്നു രാമന്റെ അച്ഛന്‍. ഭൗതിക ശാസ്ത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയ സി.വി. രാമന്‍ ആദ്യം ഭാരതസര്‍ക്കാരിന്റെ ധനകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. ക്രമാനുഗതമായി അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലും ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലുമായി. വിദ്യാര്‍ത്ഥിയായിരിക്കേ ഗവേഷണ നിരീക്ഷണങ്ങളില്‍ തല്‍പരനും അതിനുള്ള ശ്രമങ്ങളും നടത്തിയിരുന്ന രാമന്‍ 1907-ല്‍ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായി പ്രവേശിച്ചപ്പോഴും അതൊക്കെ തുടര്‍ന്നു. ഇതിനായി കല്‍ക്കത്തയിലെ ഇന്ത്യന്‍ അസ്സോസിയേഷന്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സസിലെ ലബോറട്ടറി ഉപയോഗപ്പെടുത്തുമായിരുന്നു. പിന്നീട് 1919-ല്‍ സി.വി. രാമന്‍ ഇവിടുത്തെ സെക്രട്ടറിയുമായിത്തീര്‍ന്നു.

കല്‍ക്കത്തയിലെ യൂണിവേഴ്‌സിറ്റി കേളജ് ഓഫ് സയന്‍സസില്‍ ഡയറക്ടറും 1933-48 കാലയളവില്‍ പ്രൊഫസറുമായി സി. വി. രാമന്‍ സേവനമനുഷ്ഠിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം ഗവേഷണത്തിനായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂരില്‍ ‘രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന പേരില്‍ ആരംഭിച്ചു. 1948 മുതല്‍ ഇദ്ദേഹം ഇതിന്റെ ഡയറക്ടറുമായിരുന്നു. 1926-ലാണ് ഡോ.സി.വി. രാമന്‍ തന്റെ കണ്ടുപിടുത്തങ്ങളുടെ തീവ്രശ്രമങ്ങളിലേര്‍പ്പെടുന്നത്. ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടുള്ള ആ പ്രയാണം ‘രാമന്‍ ഇഫക്ടി’ ന് പിറവി നല്‍കി. നിസ്സാരവല്‍ക്കരിക്കപ്പെടേണ്ട ഒരു ഇഫക്ടായിരുന്നില്ല അതെന്നുള്ള സാക്ഷ്യപ്പെടുത്തലാണ് 1930-ല്‍ ഇദ്ദേഹത്തെ തേടിയെത്തിയ നൊബേല്‍ പുരസ്‌ക്കാരം.

എക്‌സറേ വിഭംഗനം, ഭാരതീയ സംഗീതോപകരണങ്ങള്‍, മഗ്‌നറ്റിസം, ക്രിസ്റ്റല്‍ ഭൗതികം, മിനറോളജി, അള്‍ട്രാസോണിക്, കോളോയ്ഡ് ഭൗതികം, പുഷ്പങ്ങളുടെ നിറം, കണ്ണുകളുടെ വര്‍ണഗ്രാഹ്യത തുടങ്ങിയ വിഷയങ്ങള്‍ ഡോ.സി.വി.രാമന്റെ ഗവേഷണ തലങ്ങളിലുള്‍പ്പെട്ടതായിരുന്നു. പ്രകാശത്തിന് ഒരു തന്മാത്രയുമായി ഇടപെടാന്‍ കഴിയുമ്പോള്‍ പ്രകാശത്തിന് അല്‍പം ഊര്‍ജതന്മാത്രകള്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് സി.വി.രാമന്‍ കണ്ടെത്തി. ഇതിന്റെ ഫലമായി പ്രകാശത്തിന്റെ നിറവും തന്മാത്രകളും മാറുന്നു. വര്‍ണത്തിന്റെ മാറ്റം മോളി ക്യൂബിനായി ഒരു ‘വിരലടയാളമായി’ പ്രവര്‍ത്തിക്കാം. ഇന്ന് ഈ വിരലടയാളങ്ങളെ ആശ്രയിക്കുന്ന രാമന്‍ സ്‌പെക്‌ട്രോസ്‌കോപ്പി ലോകത്തിലെ ലബോറട്ടറികളില്‍ തന്മാത്രകളെ തിരിച്ചറിയാനും കാന്‍സര്‍പോലുള്ള രോഗങ്ങള്‍ കണ്ടെത്തുന്നതിനായും, സെല്ലുകളും ടിഷ്യൂകളും ജീവനോടെ വിശകലനം ചെയ്യാനും ഉപയോഗിക്കുന്നു.

സി.വി. രാമനെന്ന അതുല്യനായ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനെ ഒട്ടനവധി ബഹുമതികളും പുരസ്‌ക്കാരങ്ങളും തേടിയെത്തി ആദരിച്ചു; അംഗീകരിച്ചു. 1921-ല്‍ കല്‍ക്കത്താ സര്‍വ്വകലാശാലയുടെ ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതിയും 1924-ല്‍ ലണ്ടനിലെ പ്രസിദ്ധമായ റോയല്‍ സൊസൈറ്റിയില്‍ അംഗത്വവും 1929-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ‘സര്‍’ പദവിയും ലഭിച്ചു. 1930-ല്‍ ലഭിച്ച നൊബേല്‍ പുരസ്‌ക്കാരത്തിനു പുറമേ 1954-ല്‍ ഇന്ത്യയുടെ പരമോന്നത പദവിയായ ഭാരതരത്‌നവും ‘രാമന്‍ ഇഫക്ടി’നു ഭൂഷണമായിത്തീര്‍ന്നു.

പ്രതിഭകള്‍ക്ക് മരണമില്ല. അവര്‍ ശാസ്ത്രലോകത്തുനിന്ന് കൂടൊഴിഞ്ഞാലും എക്കാലവും മരണമില്ലാത്ത ഓര്‍മകളുടെ അകമ്പടികളാല്‍ അവര്‍ സ്മരിക്കപ്പെടും. അതുകൊണ്ടാണല്ലോ ഡോ.സി.വി.രാമന്റെ ജന്മദിനം ദേശീയ ശാസ്ത്രദിനമായി ഇന്നും ആചരിച്ചുവരുന്നത്.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.