വെളുത്ത മനസ്സുള്ള കറുത്ത പ്രസിഡന്റ്

”സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നി ല്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും” (യോഹ 12:24).

കെ. ആര്‍. നാരായണന്‍

നിലത്തുവീണ് അഴിഞ്ഞൊരു ഗോതമ്പുമണിയാണ് ദലിതനായ കോച്ചേരില്‍ രാമന്‍ നാരായണന്‍. ഉഴവൂരിന്റെ മണ്ണില്‍ മുളയെടുത്ത് ഇന്ത്യാമഹാരാജ്യത്തിന്റെ പ്രഥമഭവനംവരെ പൂത്തുലഞ്ഞ് ഫലം പുറപ്പെടുവിച്ചൊരു ധാന്യമണിയാണ് ഭാരതത്തിന്റെ പ്രഥമ മലയാളി പ്രസിഡന്റ് കെ.ആര്‍. നാരായണന്‍. വെളുത്തമനസ്സിനുടമയായ ഈ കറുത്ത പ്രസിഡന്റിന്റെ വിയോഗവും നവംബറിന്റെ കണ്ണീരാകുന്നു.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സുവര്‍ണജൂബിലി ഉപഹാരമെന്നോണം ലഭ്യമായതാണ് അധഃസ്ഥിതവംശത്തിന്റെ പ്രതിനിധി ഇന്ത്യയുടെ പരമോന്നത പീഠത്തിലെത്തിയത്. ഭരണഘടന ലക്ഷ്യംവയ്ക്കുന്ന സാമൂഹ്യസമത്വത്തിന്റെ പ്രഖ്യാപനം പ്രഘോഷിക്കുന്ന വിളംബരമായിരുന്നു കെ.ആര്‍ നാരായണന്റെ ഈ സ്ഥാനലബ്ധി. ഭാരതചരിത്രത്തിലെ ആദ്യത്തെ കറുത്ത പ്രസിഡന്റെന്ന് വിശേഷിപ്പിച്ചാല്‍ അത് അതിശയോക്തിയോ വിലകുറച്ചിലോ ആയിപ്പോകില്ല. കാരണം, ഭാരതത്തിന്റെ പത്താമത്തെ രാഷ്ട്രപതിയായി ഒരു പിന്നാക്കക്കാരന്‍ നിയോഗിതനായപ്പോള്‍ മലയാളിയുടെയും അധഃസ്ഥിതരുടെയും യശസ്സ് വാനോളം ഉയരുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ അമരക്കാരനായിട്ടും കെ.ആര്‍. നാരായണനെന്ന വ്യക്തിയുടെ ഗ്രാമീണ നൈര്‍മല്യത്തെ കളങ്കപ്പെടുത്താനായില്ല. ഈ നിര്‍മലതയാണ് ഇദ്ദേഹത്തെ വിശ്വം മുഴുവന്‍ സ്വീകാര്യനാക്കിത്തീര്‍ത്തത്.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തില്‍ പെരുവന്താനംകരയില്‍ കോച്ചേരിയില്‍ രാമന്‍ വൈദ്യരുടെയും ഏറ്റുമാനൂര്‍ പുന്നത്തറവീട്ടില്‍ പപ്പിയമ്മയുടെയും മകനായി 1921 ഫെബ്രുവരി നാലിനാണ് കൊച്ചുനാണുവിന്റെ ജനനം. കൊടുതിയുടെയും കഷ്ടപ്പാടുകളുടെയും ബാല്യ കൗമാരങ്ങളാണ് കൊച്ചുനാണുവിനുണ്ടായിരുന്നത്. പ്രൈമറി ക്ലാസ്സിലെ പഠനത്തില്‍ തന്നെ മികവ് പുലര്‍ത്തിയിരുന്ന പിന്നാക്കക്കാരനായ നാരായണനെ വിജയപീഠത്തിലിരുത്തി ആദരിക്കാന്‍ അന്നേ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഫീസ് കൊടുക്കാത്തതിന്റെ പേരില്‍ ബഞ്ചില്‍ കയറ്റി നിര്‍ത്തി ആക്ഷേപത്തിന്റെ അംഗീകാരം നല്‍കി ഉയര്‍ത്തിയിട്ടുണ്ട്.

കുറിച്ചിത്താനം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലും ഉഴവൂര്‍ ലൂര്‍ദ് മാതാ സ്‌കൂളിലുമായി പ്രൈമറി പഠനം പൂര്‍ത്തിയാക്കിയ നാരായണന്‍ കുറവിലങ്ങാട് സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഫസ്റ്റ് ക്ലാസ്സോടെ പത്താം തരം പാസ്സായി. തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേരുകയും മെരിറ്റ് സ്‌കോളര്‍ഷിപ്പോടെ വിജയിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ (ഇന്നത്തെ കേരള സര്‍വ്വകലാശാല) നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിഎ (ഓണേഴ്‌സ്) ഒന്നാം റാങ്കോടെ വിജയിച്ച നാരായണന് അന്നത്തെ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ 100 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കി. ദുരിതപൂര്‍ണമായ ജീവിതത്തില്‍ തനിക്കൊരു തൊഴിലാണ് അത്യാവശ്യമെന്ന് ആവശ്യമുന്നയിച്ച നാരായണന്റെ അഭ്യര്‍ത്ഥന ദിവാന്‍ ചെവിക്കൊണ്ടില്ല. കാരണം, താണ ജാതിക്കാരനായ നാരായണന്‍ സി.പി.യുടെ മുന്നില്‍ വാച്ചുംകെട്ടി ചെന്നുവെന്നതായിരുന്നു ആരോപണം. അടുത്ത ബന്ധുക്കളിലൊരാള്‍ നാരായണന്റെ ഉന്നതവിജയത്തില്‍ സ്‌നേഹമോടെ ഉപഹാരമായി സമ്മാനിച്ച വാച്ചാണ് സിപിയെ കൂടുതല്‍ ഔദാര്യത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചതെന്നത് നാരായണനെ ദുഃഖിതനാക്കി. ജീവിത പ്രാരാബ്ധങ്ങളുടെ മോചനം തേടി നാരായണന്‍ ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. ഒടുവില്‍ ബിരുദങ്ങളുടെ വിജയ പത്രികകളൊന്നുമില്ലാതെ നാരായണന്‍ ഡല്‍ഹിക്ക് യാത്രയായി. അവിടെ പത്രപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞു. പത്രപ്രവര്‍ത്തന മേഖലയിലെത്തിയപ്പോഴാണ് കൂടുതല്‍ പഠിക്കണമെന്ന മോഹം നാരായണനിലങ്കൂരിപ്പിച്ചത്. എന്നാല്‍ സ്‌കോളര്‍ഷിപ്പുകളൊന്നുമില്ലാതെ പഠിക്കാന്‍ സാധിക്കില്ലെന്നു മനസ്സിലായപ്പോഴാണ് ടാറ്റായുടെ സ്‌കോളര്‍ഷിപ്പിനായി പരിശ്രമിച്ചത്. എന്നാല്‍ ജെ.ആര്‍.ഡി ടാറ്റ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിരുന്നത് ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ദുരിതങ്ങള്‍ തീര്‍ത്ത ഓളങ്ങളാല്‍ കഴുത്തറ്റം മുങ്ങി നിന്നിരുന്ന നാരായണന്‍ രണ്ടും കല്‍പ്പിച്ച് സ്‌കോളര്‍ഷിപ്പിനപേക്ഷിച്ചു. തിരയൊഴിഞ്ഞ കടലനുഭവമാണ് തുടര്‍ന്ന് നാരായണനുണ്ടായത്. ആദ്യമായി ഒരു സാഹിത്യ വിദ്യാര്‍ത്ഥിക്ക് ടാറ്റാ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ വാര്‍ത്തക്കിടയിലാണ് മദ്രാസില്‍ ഹിന്ദുപത്രം ഏര്‍പ്പെടുത്തിയ കസ്തൂരിരംഗാ സ്റ്റുഡന്റ്‌സ്ഷിപ്പിന് നാരായണന്‍ അര്‍ഹനാകുന്നത്.

1944-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കാന്‍ നാരായണന് ടാറ്റാ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലമായതിനാല്‍ യാത്ര ഒരു വര്‍ഷം മുടങ്ങി. വീണ്ടും ബോംബെയില്‍ പത്രപ്രവര്‍ത്തത്തിലേര്‍പ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ ലേഖകനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസ്സോസിയേഷനില്‍ അംഗത്വം ലഭിച്ചു. അതിനാല്‍ പഠനത്തിനായി ലണ്ടനിലെത്തിയപ്പോഴും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിച്ചില്ല. ‘കൗടല്യ’ എന്ന തൂലികാനാമത്തില്‍ നാരായണന്‍ പതിവായി ഒരു കോളം കൈകാര്യം ചെയ്തിരുന്നു. അങ്ങനെ പഠനത്തോടൊപ്പം പത്രപ്രവര്‍ത്തനവും സമാന്തരമായി ഈ മിടുക്കന്‍ നിര്‍വ്വഹിച്ചുപോന്നു. ഇന്ത്യന്‍ മാസികയായ ‘സോഷ്യല്‍ വെല്‍ഫെയറി’ന്റെ ലണ്ടന്‍ ലേഖകനായും നാരായണന്‍ പ്രവര്‍ത്തിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (LSE) നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ നാരായണന്‍ ബിഎസ്‌സി (ഓണേഴ്‌സ്) പാസ്സായി. ലോകപ്രശസ്ത രാഷ്ട്രമീമാംസകനായ ഡോ.ഹാരോള്‍ഡ് ലാക്‌സി നാരായണന്റെ പ്രധാന ഗുരുവായിരുന്നു. ഹാരോള്‍ഡിന്റെ പ്രിയശിഷ്യനുമായിരുന്നു നാരായണന്‍. നേടിയ ബിരുദങ്ങളുടെ അംഗീകാര പത്രവും ഹാരോള്‍ഡ് ലാസ്‌കി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൊടുത്തയച്ച കത്തുമായാണ് നാരായണന്‍ ഇന്ത്യയിലേക്ക് മുടങ്ങിയത്. പ്രധാനമന്ത്രിയായ നെഹ്‌റുവിനെ സന്ദര്‍ശിച്ച് കത്തുകൊടുത്ത നാരായണനോട് നെഹ്‌റുചോദിച്ചത് ഒന്നുമാത്രം- വിദേശകാര്യവകുപ്പില്‍ ചേരാമോ? ഇന്ത്യന്‍ വിദേശ സര്‍വ്വീസില്‍ (IFS) ചേര്‍ന്നുകൊണ്ടാണ് നാരായണന്‍ മറുപടി നല്‍കിയത്.

വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായി നാരായണന്‍ ബര്‍മയിലേക്ക് പോയി. ഇതിനുമുമ്പേ നാരായണന്‍ ഒരു ബര്‍മീസ് ബന്ധം സ്ഥാപിച്ചിരുന്നു. ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ എംഎ വിദ്യാര്‍ത്ഥിനിയായിരുന്ന മാ ടിന്റ് ടിന്റ് എന്ന ബര്‍മീസ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 1951 ജൂണ്‍ എട്ടിന് ഈ യുവതിയെ നാരായണന്‍ സഹധര്‍മിണിയായി സ്വീകരിച്ചു. പിന്നീട് ഇന്ത്യന്‍ പൗരത്വം നല്‍കി ഉഷാനാരായണനാക്കി. അങ്ങനെ കീഴ്ജാതിക്കാരനൊപ്പം ബര്‍മയില്‍ നിന്നുള്ള ഒരു യുവതിയും ഇന്ത്യന്‍ പൗരയായി ഭാരതത്തിന്റെ പ്രഥമവനിതയായിത്തീര്‍ന്നുവെന്നുള്ളതും ചരിത്രനിയോഗം.

ബര്‍മയില്‍ നിന്നും മടങ്ങിയെത്തിയ നാരായണന്‍ മറ്റു പല രാജ്യ തലസ്ഥാനങ്ങളിലും ഇന്ത്യന്‍ നയതന്ത്ര വകുപ്പിന് കീഴില്‍ ജോലി നോക്കി. ടോക്കിയോ, ലണ്ടന്‍, സിഡ്‌നി, ഹാനോയ് എന്നിവിടങ്ങളില്‍. ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള നാരായണന്‍ ആദ്യം അയക്കപ്പെട്ടത് തായ്‌ലന്റ് അംബാസഡറായിട്ടാണ്. പിന്നീട് ടര്‍ക്കി, ചൈന, അമേരിക്ക എന്നിവിടങ്ങളിലേയും ഇന്ത്യന്‍ സ്ഥാനപതിയായി. ഏറ്റവും മികച്ച നയതന്ത്രജ്ഞനെന്ന ഖ്യാതി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും സ്വന്തമാക്കാന്‍ നാരായണനു കഴിഞ്ഞിട്ടുണ്ട്. 1976-ല്‍ ചൈനയില്‍ അംബാസഡറായിരിക്കേയാണ് നാരായണന്‍ വിരമിക്കുന്നത്. തുടര്‍ന്ന് 1978-ല്‍ ന്യൂഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (JNU) വൈസ്ചാന്‍സലറായി നാരായണന്‍ നിയോഗിതനായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഇന്ദിരയുടെ നിര്‍ബന്ധപ്രകാരം നാരായണന്‍ വീണ്ടും 1980-ല്‍ അംബാസഡറായി ഔദ്യോഗിക ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് നാരായണന്‍ നാല് വര്‍ഷം വാഷിംഗ്ടണില്‍ സേവനമനുഷ്ഠിച്ചു. ഇന്ദിരാഗാന്ധിയാണ് കെ.ആര്‍. നാരായണനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതും സ്വീകരിച്ചതും.

1984-ല്‍ പാലക്കാട് ഒറ്റപ്പാലത്തു നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാരായണന്റെ രാഷ്ട്രീയ കന്നിവിജയമായിരുന്നിത്. തുടര്‍ന്ന് 1989-ലും 1991-ലും വീണ്ടും പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിലെത്തിയിട്ടും സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്ന നാരായണനെ പുതുമുഖമായിരുന്നിട്ടുകൂടെ 1985-ല്‍ കേന്ദ്ര ആസൂത്രണ സഹമന്ത്രിയും വിദേശ കാര്യവകുപ്പ് സഹമന്ത്രിയും ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രിയുമൊക്കെയാക്കി ത്തീര്‍ത്തു. രാജീവ്ഗാന്ധി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയുമായി നാരായണന്‍ ശോഭിച്ചു.

ഭാരതത്തിന്റെ ഒന്‍പതാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പേര് കെ. ആര്‍ നാരായണന്റേതായിരുന്നു. 1992 ജൂലൈ 29-ന് കെ.ആര്‍. നാരായണന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് വക്താവ് പ്രഖ്യാപിച്ചപ്പോള്‍ ദേശീയ മുന്നണിയും ഇടതുകക്ഷികളും ബിജെപിയും തിരക്കിട്ട് പിന്തുണ നല്‍കുകയായിരുന്നു. രാജ്യത്തിന്റെ അത്യുന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവര്‍ പൊതുസമ്മതക്കാരായിരിക്കണമെന്ന സൂചന നല്‍കിയ സംഭവമായിരുന്നത്. 1997-ല്‍ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആഗതമായപ്പോള്‍ ഭാരതത്തിന്റെ പ്രഥമ പൗരനാകാന്‍ നിയോഗമുണ്ടായതും ഈ ഉഴവൂര്‍കാരന് തന്നെയായിരുന്നു. 2002 വരെ രാഷ്ട്രപതി പദവിക്ക് കളങ്കമേല്‍പ്പിക്കാതെ രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും അഖണ്ഡതയും കാത്തുസംരക്ഷിക്കാന്‍ ഈ പരമാധികാരി ശ്രദ്ധാലുവായിരുന്നു.

സര്‍വ്വസൈന്യാധിപനും രാഷ്ട്രപതിയുമെന്ന ഭരണഘടനാപരമായ പദവി ആലങ്കരികമായി ചുമന്ന് റബര്‍ സ്റ്റാമ്പായിരിക്കാനായിരുന്നില്ല കെ.ആര്‍ നാരായണന്‍ ആഗ്രഹിച്ചത്. ഭരണഘടനയുടെ അതിര്‍ത്തിക്കുള്ളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രപതിയായി അദ്ദേഹം തിളങ്ങി.

ഒരു തൂക്കു പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിലും ഒരു സംസ്ഥാനത്തെ നിലവിലെ ഭരണം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലും പതിവു രീതികള്‍ തെറ്റിച്ച നാരായണന്‍ അസാധാരണ കര്‍മകുശലത പ്രകടിപ്പിച്ചു. കാര്‍ഗില്‍ യുദ്ധവേളയിലും ഉരുക്കുമനസ്സുള്ള ഒരു രാഷ്ട്രപതിയായി നാരായണനെ രാഷ്ട്രം കണ്ടു. 1998-ലെ പൊതു തിരഞ്ഞെടുപ്പില്‍ സമ്മതി ദാനാവകാശം രേഖപ്പെടുത്തിക്കൊണ്ട് ഭിന്നമായൊരു വഴക്കം സൃഷ്ടിക്കുകയും ചെയ്തു ഈ പിന്നാക്കക്കാരന്‍. 2005 നവംബര്‍ ഒന്‍പതിന് ഈ ധാന്യമണി അഴിഞ്ഞലിഞ്ഞില്ലാതായപ്പോള്‍ ലോകം കണ്ട നലംതികഞ്ഞൊരു നയതന്ത്രജ്ഞനെയും ഭരണനിപുണനെയും സര്‍വ്വോപരി കഠിന പരിശ്രമ ശാലിയേയുമാണ് നഷ്ടപ്പെട്ടത്. സാഹചര്യങ്ങളോട് പടപൊരുതി ദേശീയരാഷ്ട്രീയംവരെ ജ്വലിച്ചുയര്‍ന്ന ഈ കേരള സൂര്യന്‍ വെളുത്ത മനസ്സുണ്ടായിരുന്ന ഭാരതത്തിന്റെ കറുത്ത പ്രസിഡന്റായിരുന്നു.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.