മാതാവിന്റെ പ്രത്യക്ഷീകരണം: ഒന്‍പതാം ദിവസം

ജോബിഷ് പള്ളിത്തോട്‌

സർവ്വ ജനപദങ്ങളുടെയും നാഥ

രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടും കെടുതികൾക്കിടയിൽ 1945 -ലെ മംഗളവാർത്താ ദിനത്തിലായിരുന്നു ആംസ്റ്റെര്‍ഡാമിലെ ഇദായ്ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത്. തന്റെ കുടുംബത്തിലെ അഞ്ചു മക്കളിൽ ഇളയവനായിരുന്നു ഇദാ. ആംസ്റ്റെര്‍ഡാമിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു അവന്‍.

ഒരിക്കല്‍ ഒരു വലിയ കുരിശിന്റെ ഭൂഗോളത്തിനു മുകളിലായി അതീവശോഭയോടെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട്, ഞാൻ സകല ജനപദങ്ങളുടെയും രാജ്ഞിയാകുന്നു എന്ന് അമ്മ അവനു വെളിപ്പെടുത്തി. തന്റെ പുത്രന്റെ കുരിശിലൂടെ മാത്രമേ രക്ഷയുള്ളൂ എന്നും ഭൂവാസികൾ എല്ലാവരും കുരിശിലേക്ക് നോക്കണമെന്നും പരിശുദ്ധ അമ്മ ആവശ്യപ്പെട്ടു. തന്റെ പുത്രനിൽ നിന്നാണ് കൃപയും രക്ഷയും ശാന്തിയും ലഭിക്കുക എന്നും അമ്മ പറഞ്ഞു. ദൈവം കരുണയാണെന്നും ആ ദൈവത്തിന്റെ കരുണയെ എപ്പോഴും ധ്യാനിക്കണമെന്നുമുള്ള വലിയൊരു സന്ദേശം അന്നേ ദിവസം ലോകത്തിനു ലഭിച്ചു.

അമ്മയുടെ ദർശനശേഷം ആംസ്റ്റെര്‍ഡാമിൽ വലിയ വിശ്വാസവളർച്ചയാണ് കണ്ടത്. ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും അക്രമങ്ങൾക്കും കാരണം ക്രിസ്തുവിലുള്ള വിശ്വാസമില്ലായ്മയാണെന്ന് ജനങ്ങൾക്കു ബോധ്യപ്പെട്ടു. വലിയ കുരിശിന്റെ ഭൂഗോളത്തിനു മുകളിലായി ഇദായ്ക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ, എല്ലാ ജനപദങ്ങളുടെയും നാഥ എന്ന് അറിയപ്പെട്ടു. 1959 മെയ് 31 വരെ ആംസ്റ്റെര്‍ഡാമിൽ മരിയൻ പ്രത്യക്ഷീകരണങ്ങൾ തുടർന്നുകൊണ്ടിരുന്നു. പ്രകൃതിദുരന്തങ്ങളും അസമാധാനവും പകർച്ചവ്യാധികളും നിറഞ്ഞാടിയ ഈ കാലത്ത് സർവ്വ ജനപദങ്ങളുടെയും നാഥയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാന്‍ അമ്മ പഠിപ്പിച്ച പ്രാർത്ഥന നമുക്കും ഏറ്റുചൊല്ലാം…

“യേശുനാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരുപിയെ ഭൂമിയിലേക്ക് അയക്കേണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമ്മിക അധപതനം, ദുരിതങ്ങൾ, യുദ്ധം ഇവയിൽ നിന്ന് അവർ സംരക്ഷിക്കപ്പെടട്ടെ. സർവ്വ ജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യാമറിയമേ, ഞങ്ങളുടെ അഭിഭാഷകയായിരിക്കണമെ.”

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.