മുന്‍നിരയില്‍ നിന്ന് ജീവത്യാഗം ചെയ്ത ബെര്‍ഗമോയിലെ സിസ്റ്റേഴ്സ്

സി. സൗമ്യ DSHJ

ബെര്‍ഗമോയില്‍ 13 സിസ്റ്റര്‍മാരാണ് ഈ ദിവസങ്ങളില്‍ കൊറോണ ബാധിച്ച് മരിച്ചത്. രോഗീശുശ്രൂഷകരായിരുന്നു അവര്‍. കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ മുന്‍നിരയില്‍നിന്ന്  ജീവത്യാഗം ചെയ്ത മഹത് വനിതകളാണ് ബെര്‍ഗമോയിലെ ആ സിസ്റ്റേഴ്സ്. കാര്‍ല ഫ്യോറി എന്ന സിസ്റ്ററും കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. ഇപ്പോള്‍ രോഗ ബാധിതയായി ക്വാറന്റിനില്‍ ആണ്. അവിടെനിന്ന് അവര്‍ തന്റെ സഹസന്യസിനിമാരുടെ ജീവിതത്യാഗത്തിന്റെ സാക്ഷ്യം മറ്റുള്ളവര്‍ക്കായി പങ്കുവെച്ച് കൊടുക്കുന്നു. ഉറച്ച മനസിനെ തടയുവാന്‍ വൈറസിന് ഒരിക്കലും സാധിക്കില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണം ആണ് സിസ്റര്‍ കാര്‍ല ഫ്യോറി. അവര്‍ പങ്കുവച്ച കാര്യങ്ങളിലൂടെ:

പിന്മാറാന്‍ തയ്യാറല്ല  

ഇറ്റലിയില്‍ കൂടുതലായി കൊറോണ വൈറസ് ബാധിച്ച ഒരു സ്ഥലം ബെര്‍ഗമോ ആണ്. അവിടെ സിസ്റ്റേഴ്സ് ചെറിയ ആശുപത്രികളിലൂടെയും ക്ലിനിക്കിലൂടെയും രോഗികളായിട്ടുള്ള അനേകം പേരെ ശുശ്രൂഷിച്ച് വരുന്നു. കൊറോണ ബാധിതരായവരെ ശുശ്രൂഷിച്ച പലരുമാണ് മരിച്ചുപോയ സിസ്റ്റേഴ്സില്‍ മിക്കവരും. അവരുടെ കൂടെയുള്ള സിസ്റ്റേഴ്സില്‍ പലരും ക്വാറന്റിനില്‍ കഴിയേണ്ട അവസ്ഥയിലുമാണിപ്പോള്‍. എങ്കിലും അവര്‍ ഒരിക്കലും പിന്മാറാന്‍ തയ്യാറല്ല. അവര്‍ ഇപ്പോഴും അവരുടെ ജോലി തുടര്‍ന്നുകൊണ്ട് പോകുന്നു. “ഈ ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലാണ് ഞങ്ങള്‍, ഞങ്ങളുടെ യഥാര്‍ത്ഥമായ മിഷന്‍ എന്തെന്ന് തിരിച്ചറിയുകയും ജീവിക്കുകയും ചെയ്യുന്നത്.” സിസ്റ്റര്‍ കാര്‍ല പറയുന്നു.  രോഗികളെ തരംതിരിച്ചു കൂടുതല്‍ ശ്രദ്ധ വേണ്ടവരെ മാറ്റിപാര്‍പ്പിക്കുകയും ഐസിയു – വില്‍ കടത്തേണ്ടവരെ അങ്ങോട്ട് മാറ്റുകയും ചെയ്യുന്നു.

കൊറോണ വൈറസിനെതിരെ വിശാലമായ ഹൃദയത്തോട് കൂടി  

ഈ പകര്‍ച്ചവ്യാധി തുടങ്ങിയ സമയങ്ങളില്‍ സിസ്റ്റര്‍ കാര്‍ലയും കൂടെയുള്ളവരും വലിയ ആശുപത്രികളുമായി ചേര്‍ന്ന് എല്ലാവിധ സഹായങ്ങളും ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. അസുഖത്തെ തടയുന്നതിനും ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റുകള്‍ രൂപപ്പെടുത്തുകയും ചെയ്തു. ‘കൊറോണ വൈറസിനെതിരെ വിശാലമായ ഹൃദയത്തോട് കൂടി’ എന്ന ഒരു സന്ദേശത്തെ മുറുകെപ്പിടിച്ച്‌ ആണ് സിസ്റ്റര്‍ കാര്‍ലയും കൂടെയുള്ള സിസ്റ്റേഴ്സും ഈ ശുശ്രൂഷയ്ക്ക് വേണ്ടി ഇറങ്ങി തിരിച്ചത്. കാരണം, ജീവത്യാഗം ചെയ്തും ഈ രോഗികളെ ശുശ്രൂഷിക്കുക, ഹൃദയ വിശാലതയോടെ പ്രവര്‍ത്തിക്കുക എന്നത് ഇവരുടെ കോണ്‍ഗ്രിഗേഷന്റെ തന്നെ ആദര്‍ശം ആണ്. മുന്‍പും പകര്‍ച്ചവ്യാധി വന്ന സമയങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവരുടെ സിസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. എബോള രോഗം വന്നപ്പോള്‍ അവരെ ശുശ്രൂഷിച്ച ആറു സിസ്റ്റേഴ്സ് മരിച്ചുപോവുകയുണ്ടായി.

സിസ്റ്റര്‍ കോണ്‍സ്റ്റന്റിന റണിയോളിയുടെ മരണം 

ധാരാളം സിസ്റ്റേഴ്സിനെ അവര്‍ക്ക് ഈ ദിവസങ്ങളില്‍ നഷ്ട്ടമായി. അതിലൊരാളാണ് സിസ്റ്റര്‍ കോണ്‍സ്റ്റന്റിന റണിയോളി. വളരെ സ്നേഹനിധിയായ ഒരു നേഴ്സ് ആയിരുന്നു അവര്‍. രോഗികളോട് സ്നേഹവും അനുകമ്പയും പുലര്‍ത്തിയിരുന്ന ഈ സിസ്റ്ററും കഴിഞ്ഞ ദിവസം രോഗികളെ ശുശ്രൂഷിച്ച്, കൊറോണ പിടിപെട്ട് മരണപ്പെടുകയുണ്ടായി. ഇവരുടെ ഇടയിലുള്ള വലിയൊരു നഷ്ടം തന്നെയാണ് അവരുടെ മരണം എന്നും സിസ്റ്റര്‍ കാര്‍ല വിഷമത്തോടെ പറയുന്നു.

ഫാദര്‍ ഫൌസ്തോ റസ്മീനി എന്ന 67 – കാരന്‍ റോള്‍ മോഡല്‍

സിസ്റ്റര്‍ പറയുന്നു, തനിക്ക് മറക്കാനാവാത്ത മുഖം ഫാദര്‍ ഫൌസ്തോ റസ്മീനി എന്ന 67 വയസുള്ള വൈദികന്‍റെ ആണ്. അദ്ദേഹം ബെര്‍ഗമോയിലെ ജയിലില്‍ ചാപ്ലിന്‍ ആയി ശുശ്രൂഷ ചെയ്തിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മാര്‍ച്ച്‌ 23 ന് അദ്ദേഹം മരിച്ചു. ഞങ്ങളില്‍ എല്ലാം വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു വലിയ വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്‍റെത്. ഒരിക്കലും പുറകോട്ടു തിരിഞ്ഞു നോക്കാത്ത ഒരു മനുഷ്യന്‍ ആയിരുന്നു അദ്ദേഹം. എപ്പോഴും ജയില്‍ വാസികളോട് ഒപ്പമായിരുന്നുകൊണ്ട് അവരെ സാന്ത്വനപ്പെടുത്തിയ ഒരു മനുഷ്യന്‍. കൊറോണ ബാധിച്ച അവസരങ്ങളില്‍ വീട്ടില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായ സമയത്ത് വീടില്ലാത്തവരുടെ കൂടെ ആയിരുന്നുകൊണ്ട് അവരെ സഹായിക്കുവാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. അദ്ദേഹം എപ്പോഴും പറയുമായിരുന്നു, “ഞാന്‍ ക്ഷീണിതനാണ്, എന്നാലും ഞാന്‍ സന്തുഷ്ടനാണ്.” അദ്ദേഹം സമൂഹത്തിലെ ഏറ്റവും അവസാനം നില്‍ക്കുന്ന ആളുകളുടെ വൈദികനായിരുന്നു. ശക്തമായ പ്രചോദനവും ധൈര്യവും ഞങ്ങള്‍ക്ക് തന്നതിന് ശേഷമാണ് അദ്ദേഹം മരിച്ചത്.

മരണമടഞ്ഞ എല്ലാ സിസ്റ്റേഴ്സിനും വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും റോമിലെ സാന്താ മാര്‍ത്തയില്‍ പ്രത്യേകം അവര്‍ക്കുവേണ്ടി    വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് ഇവര്‍ക്ക് പകരുന്നത് വലിയ ആശ്വാസം തന്നെയാണ്.

ഇന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഐസൊലേഷനില്‍ ആയിരിക്കുമ്പോഴും ശുശ്രൂഷകള്‍ക്ക് ഇവരുടെ ഇടയില്‍ യാതൊരു കുറവും ഇല്ല. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും സ്നേഹം ഇവരെ നിര്‍ബന്ധിക്കുകയാണ് അനേകരെ സേവിക്കുവാന്‍. അത് ജീവന്‍ കൊടുത്തുപോലും നിറവേറ്റുവാന്‍ ഈ സിസ്റ്റേഴ്സ് തയ്യാറുമാണ്.

സി. സൗമ്യ DSHJ

കടപ്പാട്: ഡോ. ജോസഫ്‌ പാറക്കന്‍ / https://it.aleteia.org/2020/03/26/coronavirus-le-suore-di-bergamo-in-prima-linea-fino-al-sacrificio-della-vita/