‘സ്‌നേഹതീരത്ത്’ സിസ്റ്റര്‍ റോസിലിന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്‌…

സ്‌നേഹതീരം എന്നത് ഒരു പേരല്ല, മറിച്ച് ഒരു ജീവിതമാണ്. ഒരാളുടെതല്ല, അനവധി പേരുടെ. സിസ്റ്റര്‍ റോസിലിന്‍ എന്ന മനുഷ്യസ്നേഹിയുടെ പോരാട്ടത്തിന്റെ വിജയമാണ് സ്‌നേഹതീരം. ഇപ്പോള്‍ മാതൃഭൂമി ‘ഷീ ന്യൂസ്‌’ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്ന സിസ്റ്ററിന്റെ ജീവിതത്തിലൂടെ ഒരു യാത്ര.

ഒരിക്കല്‍ സിസ്റ്റര്‍ റോസിലിന്‍ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം (ഊളംപാറ മാനസികാരോഗ്യകേന്ദ്രം) സന്ദര്‍ശിക്കാന്‍ ഇടയായി. അവിടെ രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെയും എങ്ങോട്ടും പോകാന്‍കഴിയാത്തവരുമായവരെ കണ്ടു. അത് സിസ്റ്ററിന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തി. ആ മാറ്റം നമ്മള്‍ അറിയേണ്ടതാണ്.

മാതൃഭൂമി ചാനലിലെ ഷീ ന്യൂസ് പുരസ്കാരത്തിനായി സിസ്റ്റർ റോസിലിനുള്ള നിങ്ങളുടെ വോട്ട് ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://api.whatsapp.com/send?phone=918606979831&text=SHE%20ROSLIN

സാമൂഹ്യപ്രവര്‍ത്തന തുടക്കം

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചിയില്‍ ചിറായില്‍ സി.ജെ ജോണ്‍ ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആദ്യസന്താനമാണ് റോസിലിന്‍. പൊതു പ്രവര്‍ത്തകനായ പിതാവിന്റെ സഹജീവികളോടൊള്ള അളവറ്റസ്‌നേഹം കണ്ടുകൊണ്ട് വളര്‍ന്ന് വന്ന റോസിലിന്‍ അനാഥര്‍ക്കും ആലംബഹീനര്‍ക്കും അത്താണി ആവുക എന്നുള്ള  തന്റെ പിതാവിന്റെ ജീവിതാദര്‍ശം സ്വന്തം ജീവിതത്തിന്റെ മുതല്‍കൂട്ടാക്കി.

കലാ-കായിക മേഖലയില്‍ മികവ് പുലര്‍ത്തിയ റോസിലിന്‍ ജീവകാരുണ്യ-മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ജീവാര്‍പ്പണം ചെയ്യുവാന്‍ ഏറെ താല്‍പര്യം കാണിച്ചു. ഈ ഉള്‍വിളിയെ ഉള്‍കൊള്ളാന്‍ മാതാപിതാക്കള്‍ ആരംഭത്തില്‍ വൈമനസ്യം കാണിച്ചെങ്കിലും മകളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയായിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ ആദ്യത്തെ മിഷനറി സന്യാസിനി സമൂഹത്തില്‍ അംഗമായി.

സിസ്റ്റര്‍ റോസിലിന്‍ ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റ്യറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. ഉത്തരേന്ത്യയിലെ പല പിന്നോക്കഗ്രാമങ്ങളിലും  ആദിവാസിമേഖലകളിലും സഭയുടെ മുംബൈ, പഞ്ചാബ്, ഛാന്ദാ തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളുടെ കീഴില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ സേവനം അനുഷ്ടിച്ചു.

കേരളത്തില്‍ തിരികെയെത്തിയ സിസ്റ്റര്‍ റോസിലിന്‍ ആതുരശുശ്രൂഷ രംഗത്ത്  നിസീമമായ സേവനം അനുഷ്ടിച്ചു. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവ സിസ്റ്ററിന്റെ സേവനരംഗങ്ങളായിരുന്നു.  തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സേവനത്തിനായി എത്തിയ സിസ്റ്ററിന് അവിടുത്തെ കാഴ്ചകള്‍ ജീവിത വഴിതിരിവിന് ഹേതുവായി. നിര്‍ദ്ധനരായവര്‍ക്ക് സംരക്ഷണം നല്‍കുവാനുള്ള അഭിവാഞ്ച തന്റെ ഭാവിപ്രവര്‍ത്തനം രൂപകല്‍പന ചെയ്യുവാന്‍ പ്രചോദനമേകി.

നിരാലംബരും നിരാശരും നിസ്സഹായവരുമായവരെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമുള്ള ആഗ്രഹത്തോടെ വിവിധ ജീവകാരുണ്യസ്ഥാപനങ്ങളില്‍ സേവനം അനുഷ്ടിച്ചു. അതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍, ആതുരകേന്ദ്രങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ഇതിനിടയില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീണ്ടും തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം (ഊളംപാറ മാനസികാരോഗ്യകേന്ദ്രം) സന്ദര്‍ശിക്കാന്‍ ഇടയായി. അവിടെ രോഗം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെയും എങ്ങോട്ടും പോകാന്‍കഴിയാത്തവരുമായവര്‍ കേവലം ഒറ്റപ്പെടലിന്റ ദുരനുഭവം നേരിടുന്ന ഒരു കൂട്ടം സഹോദരിമാര്‍ വിധിയുടെ ദൗര്‍ഭാഗ്യത്തില്‍ കഴിഞ്ഞുകൂടുന്നത് കൂടുതല്‍ വേദന ഉളവാക്കി. അവിടെ ഉള്ളതിനെക്കാള്‍ എത്രയധികം മനോരോഗികളായ സ്ത്രീകള്‍ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ തെരുവോരങ്ങളില്‍ കഴിഞ്ഞുകൂടുകയും പീഡനങ്ങള്‍ ഏറ്റ് വാങ്ങുകയും അചഛനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു എന്നത് തന്റെ ഉള്ളിലെ സമര്‍പ്പണത്തെ സാക്ഷാത്ക്കരിക്കുന്ന നിശ്ചയത്തെ കൂടുതല്‍ ദൃഢമാക്കി.

സ്‌നേഹതീരത്തിന്റെ ആരംഭം

മനസ്സിന്റെ താളം തെറ്റി തെരുവില്‍ സ്ത്രീകളാരും  അലഞ്ഞു തിരിഞ്ഞു ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഏറ്റുവാങ്ങരുതെന്നും അവരെ സംരക്ഷിക്കണമെന്നും ഉള്ള ആഗ്രഹം സിസ്റ്റര്‍ റോസിലിന്റെ മനസ്സില്‍ ഉടലെടുത്തു. ഇക്കാര്യം വീട്ടുകാരുമായി പങ്ക് വെച്ചു. അമ്മയും മറ്റ് സഹോദരങ്ങളുടെയും ഇടയില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ സിസ്റ്റര്‍ റോസിലിന്‍ ഉറച്ച് നിന്നു. ഒടുവില്‍ തുടര്‍ന്ന് വരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും സ്വയം ഏറ്റെടുക്കാന്‍ തയ്യാറാണ് എങ്കില്‍  സഭയുടെയും മറ്റ് അധികൃതരുടെയും അനുവാദത്തോട് കൂടി ആഗ്രഹം സാക്ഷാത്കരിക്കുവാന്‍ വീട്ടുകാര്‍ സമ്മതം  മൂളി.

മാനസികാരോഗ്യം നഷ്ടപ്പെട്ട് ആരും കരുതാനില്ലാതെ തെരുവുകളില്‍ അലഞ്ഞുതിരിഞു നടക്കുന്ന സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അഭയം നല്‍കി സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് സിസ്റ്റര്‍ റോസിലിന്‍ 2002 സെപ്തംബര്‍ 26 ന് 3 അന്തേവാസികളുമായി കൊല്ലം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ പത്തനാപുരം താലൂക്കില്‍ വിളക്കുടിയില്‍ സ്‌നേഹതീരം ആരംഭിച്ചു. സഹോദരങ്ങള്‍ ചേര്‍ന്നാണ് 14 സെന്റ് സ്ഥലവും പഴയ ഓടിട്ട കെട്ടിടവും വാങ്ങി നല്‍കിയത്. മതിയായ സൗകര്യമില്ലാതെ വാസയോഗ്യമല്ലാത്തതിനാല്‍ അതിനോട് ചേര്‍ന്ന വീടും സ്ഥലവും കൂടി വാടകയ്‌ക്കെടുത്താണ് സ്ഥാപനം ആരംഭിച്ചത്. വാടകയ്ക്ക് എടുത്ത 42 സെന്റ് സ്ഥലവും വീടും പിന്നീട് സഹോദരങ്ങള്‍ വാങ്ങി നല്‍കി.

വിശാലമനസ്‌കരും കരുണാനിധികളുമായ പൊതുജനങ്ങളുടെ അകമഴിഞ സഹായസഹകരണങ്ങള്‍ കൊണ്ടാണ് സ്‌നേഹതീരത്തിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത്.

സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി

മനോനിലതെറ്റിയത് മൂലം സമൂഹം ഒറ്റപ്പെടുത്തിയവരെയും, കുടുംബബന്ധങ്ങളില്‍ നിന്ന് തള്ളപ്പെട്ടവരെയും, ശാരീരികമായും മാനസികമായും ആത്മിയമായും പ്രാപ്തരാക്കി സാമൂഹ്യ പുരോഗതിയില്‍ അധിഷ്ടിതമായി സ്വയംതൊഴിലിന് ഉള്‍പ്പെടെ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുക എന്ന ദൗത്യത്തോടെ സമാന ആശയമുള്ളവരെ സംഘടിപ്പിച്ച് സിസ്റ്റര്‍ റോസിലിന്റെ നേതൃത്വത്തില്‍ സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു.

തെരുവില്‍ അലയുന്ന മനോനിലതെറ്റിയ സ്ത്രീകളെ താമസിപ്പിച്ച് ഭക്ഷണവും വസ്ത്രവും, സ്‌നേഹപരിചരണത്തോടെ ചികിത്സയും ശുശ്രൂഷയും നല്‍കി പുനരധിവസിപ്പിച്ചാല്‍ ജീവിതത്തിലേക്കും പൊതുസമൂഹത്തിലേക്കും തിരികെ കൊണ്ട് വരാം എന്ന വീക്ഷണത്തോട് കൂടി സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു.

സ്‌നേഹതീരം കുടുംബാംഗങ്ങള്‍

മനോവൈകല്യം സംഭവിച്ചത് കൊണ്ട് മാത്രം മാതാപിതാക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട് നിര്‍ദ്ദയം തെരുവിലേക്ക് വലിച്ചെറിയപ്പെട്ട് സമൂഹത്തിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരും മനോവൈകല്യത്തിന് പുറമെ ശാരീരികവൈകല്യങ്ങളാലും മറ്റ് പലവിധ രോഗങ്ങളാലും യാതന അനുഭവിക്കുന്നവരും ജനിച്ച നാടോ, വീടോ, തിരിച്ചറിയാന്‍ കഴിയാത്തവരുമായ സഹോദരിമാരും അമ്മമാരും അവരുടെ കുഞ്ഞുങ്ങളും ആണ് സ്‌നേഹതീരം കുടുംബാംഗങ്ങള്‍.

ബസ് സ്റ്റാന്‍ഡുകള്‍ റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ മനോനിലതെറ്റി എത്തിപ്പെടുന്നവര്‍, അന്യസംസ്ഥനക്കാര്‍, ബന്ധുക്കളാലും മറ്റും ഉപേക്ഷിക്കപ്പെടുന്നവര്‍, ഒറ്റപ്പെടലുകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവര്‍, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളായ തിരുവനന്തപുരം ഊളംപാറ, തൃശൂര്‍, കുതിരവട്ടം എന്നിവിടങ്ങളില്‍ അസുഖം ഭേദമായിട്ടും ഏറ്റെടുക്കാതെ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവരെയാണ് സ്‌നേഹതീരത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്.

ജനപ്രതിനിധികള്‍, പോലീസ്,  സന്നദ്ധ-സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരാണ് പ്രധാനമായും നിരാലംബരും നിരാശരുമായ അഗതികളായ സ്ത്രീകളെ കണ്ടെത്തി ഇവിടെ എത്തിക്കുന്നത്.

ഇവരില്‍ ചിലരെ തെരുവില്‍ നിന്ന് പോലീസും മറ്റും എത്തിക്കുമ്പോള്‍ സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ പീഡനങ്ങളും ദുരനുഭവങ്ങളും നേരിട്ടായിരിക്കും ഇവിടെ എത്തുന്നത്. അതിന്റെ ബാക്കിയെന്നോണം ആണ്് അവര്‍ ഇവിടെ എത്തിയതിന് ശേഷം ജന്മം നല്‍കുന്ന കുഞ്ഞുങ്ങള്‍. ആ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇവിടെ സംരക്ഷണമേകുന്നു.

നാളിതുവരെയായി ഏകദേശം 600 ലധികം നിരാലംബരായ സ്ത്രീകള്‍ക്ക് സ്‌നേഹതീരം അഭയം നല്‍കി ചികിത്സയും പരിചരണവും നല്‍കി പുനരധിവസിപ്പിച്ചു.

ഇന്ന് 3 പുനരധിവാസ കേന്ദ്രങ്ങളിലായി ജാതിമത ഭേദമെന്യ ഭാരതത്തിന്റെ നാനാഭാഗങ്ങളിലുള്ള 300 ഓളം അന്തേവാസികളും അവരുടെ 9 കുഞ്ഞുങ്ങളും സ്‌നേഹതീരത്തിന്റെ തണലില്‍ ഒരുമയോടെ കഴിഞ്ഞു വരുന്നു.

ചികിത്സയ്ക്ക് ശേഷം സുഖമാകുന്നവരെ ബന്ധുക്കളെ കണ്ടെത്തി സ്വന്തം നാട്ടിലേക്കയക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ റോസിലിന്‍ നേതൃത്വം കൊടുക്കുന്നു.

കരുണയുടെ സഹോദരിമാര്‍ (സിസ്റ്റേഴസ് ഓഫ് മേഴ്‌സി)

മനസ്സിന്റെ സമനിലതെറ്റി ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടും നിരാലംബരും നിരാശരുമായി സമൂഹത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സഹോദരിമാരേ സംരക്ഷിക്കുക എന്ന ആഗ്രഹത്തില്‍ തുടങ്ങിയ പ്രവര്‍ത്തനം, സിസ്റ്റര്‍ റോസിലിന്റെ കാലശേഷവും തുടരുവാന്‍ പാവങ്ങളോട് കരുണയും സ്‌നേഹവും ശുശ്രൂഷാ മനോഭാവവും ഉള്ള സഹോദരിമാരെ കണ്ടെത്തി അഭിവന്ദ്യ ചങ്ങനാശേരി അതിരൂപതാ മെത്രാപൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ അനുമതിയോടു കൂടി സിസ്റ്റര്‍ റോസിലിന്‍ സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി (കരുണയുടെ സഹോദരിമാര്‍) സന്യാസിനി സമൂഹം 2010 – ല്‍ സ്ഥാപിച്ചു. ഇപ്പോള്‍ ഏഴു സിസ്റ്റര്‍മാരും രണ്ടു നോവിസസും ഈ സഭയില്‍ ഉണ്ട്. sabs സിസ്റ്റര്‍മാരാണ് ഇപ്പോള്‍ ഫോര്‍മേഷന്‍ നടത്തുന്നത്.

സ്‌നേഹതീരം തിരുവനന്തപുരം ഭവനം

ചാനല്‍ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ സിസ്റ്റര്‍ റോസിലിനെയും സ്‌നേഹതീരത്തെയും കുറിച്ച് അറിഞ്ഞ ഉപകാരി അദ്ദേഹത്തിന്റെ അമ്മയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം ജില്ലയില്‍ കൈമാറിയ സ്ഥലത്ത് 2016 ജനുവരി 30 ന് സ്‌നേഹതീരം പുനരധിവാസകേന്ദ്രം ആരംഭിച്ചു. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളായ തിരുവനന്തപുരം , തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഏറ്റെടുത്ത 25 ഓളം അന്തേവാസികള്‍ ഉള്‍പ്പെടെ 100ഓളം പേരെ ഇവിടെ സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നു.

അന്തേവാസികളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനം

അഗതികളെ സ്‌നേഹതീരത്തില്‍ എത്തിക്കുമ്പോള്‍ തന്നെ വ്യത്തിയായി കുളിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം പുനരധിവാസ പ്രക്രിയ ആരംഭിക്കുന്നു. രോഗിയെ ശാരീരികമായും മാനസികമായും സാമൂഹിക ഉത്തരവാദിത്വങ്ങളും കടമകളും ഏറ്റെടുക്കുവാനുള്ള ത്രാണി ക്രമാനുഗതമായി വികസിപ്പിച്ചെടുത്ത് സാമൂഹിക ജീവിതം നയിക്കുവാനുള്ള പ്രാപ്തിയുള്ളവരാക്കി തീര്‍ക്കുന്നു.

അതിനോടൊപ്പം സിസ്റ്റര്‍ റോസിലിന്റെ നേതൃത്വത്തില്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെയും  സൈക്ക്യാട്രിക്ക് സോഷ്യല്‍വര്‍ക്കേഴ്‌സിന്റെയും നഴ്‌സുമാരുടെയും സഹായത്തോടു കൂടി ചികിത്സയും സൈക്കോതെറാപ്പി, കൗണ്‍സിലിംഗ്  എന്നിവയും നല്‍കിവരുന്നു. ഇതിലൂടെ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അവരെകൊണ്ട് തന്നെ പരിഹാരം കണ്ടെത്തുവാനും സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാനും സാധിക്കുന്നു.

അന്തേവാസികളെ ചികിത്സക്കായി എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പുനലൂര്‍ താലൂക്ക് ആശുപത്രി,  പി.എച്ച്.സി വിളക്കുടി, ഗവ.ഹോമിയോ ഹോസ്പിറ്റല്‍, സി.എച്ച്.സി. കറുകച്ചാല്‍, സി.എച്ച്.സി. കല്ലറ, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നു.

ഭാരതീയ ചികിത്സ വകുപ്പ് (കൊല്ലം ജില്ല), ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹതീരത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലും അന്തേവാസികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നു.

പ്രാര്‍ത്ഥനയും മെഡിറ്റേഷനും

അന്തേവാസികളുടെ ആത്മീയവളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്ന തരത്തില്‍ ആണ് സിസ്റ്റര്‍ റോസിലിന്റെ നേതൃത്വത്തില്‍ അന്തേവാസികളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രാര്‍ത്ഥന നടത്തുന്നത്. അംഗങ്ങളുടെ മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തിനേടി സ്വച്ഛമായ ജീവിതം നയിക്കുന്നതിന് പ്രാര്‍ത്ഥനയും മെഡിറ്റേഷനും അവരെ പ്രാപ്തരാക്കുന്നു.

ബാന്‍ഡ് ട്രൂപ്പ്

താളം തെറ്റിയ മനസ്സുകള്‍ക്ക് സംഗീതത്തിന്റെ വിശാലലോകം പരിചയപ്പെടുത്തുന്നതിലൂടെ രോഗത്തിന്റെ തീവ്രാവസ്ഥയില്‍ നിന്ന് നേരിയമാറ്റം ഉണ്ടാകുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ ഫലമാണ് സ്വന്തമായി ഒരു ബാന്‍ഡ് ട്രൂപ്പ് എന്ന ആശയം സിസ്റ്റര്‍ റോസിലിന്‍ മുന്നോട്ട് വച്ചത്. പക്ഷെ മാനസികാസ്വാസ്ഥ്യമുള്ളവരെ ബാന്‍ഡ് മേളത്തിന്റെ ഒരോ ഘട്ടവും പരിശീലിപ്പിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനായി പരിശീലിപ്പിക്കാന്‍ പലരും കടന്നു വന്നെങ്കിലും ഇത്തരത്തിലുള്ളവരെ പരിശീലിപ്പിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് അവര്‍ മടങ്ങി. പിന്നീട് കേരള പോലീസ് മൂന്നാം ബറ്റാലിയനിലെ റിട്ട.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.ആര്‍.സജീവന്റെ സഹായത്തോടെ നിരന്തരമായ പരിശീലനത്തോടെ 30 പേര്‍ അടങ്ങുന്ന ബാന്‍ഡ്ട്രൂപ്പ് 2010 ഒക്‌ടോബര്‍ 9 ന് അരങ്ങേറ്റം കുറിച്ചു.

വിത്യസ്ത ഭാഷക്കാര്‍ ഉള്‍പ്പെടെ സ്‌നേഹതീരത്തിന്റെ തണലില്‍ എത്തപ്പെട്ടവര്‍ തുടങ്ങി ചികിത്സ തുടരുന്നവരും രോഗത്തിന്റെ തീവ്രഘട്ടം അതിജീവിക്കുന്നവരും ഈ ബാന്‍ഡ് സംഘത്തിലുണ്ട്. രോഗം മൂര്‍ച്ഛിക്കുന്ന സംഘാംഗങ്ങള്‍ക്ക് പകരം രംഗത്തിറക്കാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി വരുന്നു.

പൊതുപരിപാടികള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍, റാസ, സ്വീകരണങ്ങള്‍ തുടങ്ങി പൊതുആഘോഷങ്ങളിലെല്ലാം ബാന്‍ഡ്ട്രൂപ്പ് പങ്കെടുക്കുന്നു. ബാന്‍ഡ് മേളം അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന വരുമാനം ചികിത്സയ്ക്കായി വിനിയോഗിക്കുന്നു. മനോവൈകല്യമുള്ളവരുടെ ആദ്യ ബാന്‍ഡ് ട്രൂപ്പ് എന്ന അംഗീകാരം സ്‌നേഹതീരം  ഇതിലൂടെ സ്വന്തമാക്കി.

കരകൗശല ഉല്‍പ്പന്നനിര്‍മ്മാണം

കാര്‍പ്പെറ്റ് നിര്‍മ്മാണം

ഇവിടെ ലഭിക്കുന്ന പലവിധത്തിലുള്ള തുണിത്തരങ്ങള്‍ ഉപയോഗിച്ച് ചവിട്ടി നിര്‍മ്മാണം ആരംഭിച്ചു.

തുണിത്തരങ്ങള്‍ ആദ്യം നിറങ്ങളുടെയും വലിപ്പങ്ങളുടെയും അടിസ്ഥാനത്തില്‍ അന്തേവാസികളെ കൊണ്ട് വേര്‍തിരിക്കുന്നു. അതിന് ശേഷം തുണികള്‍ കൂട്ടിയോജിപ്പിച്ച് വ്യത്യസ്തമായ ആകൃതികളിലും വലിപ്പത്തിലും കലാപരമായി രൂപഭംഗിയോട് കൂടി വര്‍ണ്ണാഭമായ ചവിട്ടിമെത്തകള്‍ കൈകൊണ്ട് നെയ്‌തെടുക്കുന്നു.

ഒരു ദിവസം 50 ലധികം കാര്‍പ്പെറ്റുകള്‍ നിര്‍മ്മിച്ചെടുക്കുന്നു. സ്‌നേഹതീരത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും എക്‌സിബിഷനുകളിലും വിപണനം ചെയ്യുന്നു.

ജപമാല നിര്‍മ്മാണം

തൊഴിലധിഷ്ടിത പുനരധിവാസത്തിന്റെ ഒരു ഘടകമാണ് ജപമാല നിര്‍മ്മാണം, വ്യത്യസ്തമായ മുത്തുകള്‍ കൊണ്ട് നിറങ്ങള്‍ സംയോജിപ്പിച്ച് എറെ ആകര്‍ഷണീയമായി  ജപമാല നിര്‍മ്മിച്ചെടുക്കുന്നു. ഇവ വിറ്റു കിട്ടുന്നതിലൂടെയുള്ള വരുമാനം അന്തേവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കുന്നു.

അലങ്കാരമാല നിര്‍മ്മാണം 

വ്യത്യസ്തമായ രൂപകല്‍പ്പനയില്‍ മുത്തുകള്‍ കൊണ്ട് വര്‍ണ്ണാഭമായി അലങ്കാര മാല നിര്‍മ്മിച്ചെടുക്കുന്നു. ആവശ്യക്കാരുടെ നിര്‍ദ്ദേശാനുസരണം വിവിധ രൂപത്തിലും വര്‍ണ്ണത്തിലും മാലകള്‍ കോര്‍ത്തെടുക്കുന്നു.

സോപ്പ് നിര്‍മ്മാണം

അന്തേവാസികള്‍ക്ക് ആവശ്യമായ സോപ്പുകള്‍, ക്ലീനിംഗിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും നിര്‍മ്മിക്കുന്നു.

ജൈവപച്ചക്കറിതോട്ടം

വിവിധതരം പച്ചക്കറികള്‍ രാസവളങ്ങള്‍ ഉപയോഗിക്കാതെ  തദ്ദേശ സ്വയഭരണസ്ഥാപനങ്ങളുടെയും ക്യഷി ഓഫീസിന്റെയും സഹായത്തോടെ ഗ്രോബാഗിലും ക്യഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്നു. കൃഷിയുടെ വിവിധ പ്രവൃത്തികള്‍ അന്തേവാസികള്‍ക്ക് പരിശീലനം നല്‍കി കൊണ്ട് ചെയ്ത് വരുന്നു.

തയ്യല്‍ യൂണിറ്റ്

അന്തേവാസികളുടെ ആവശ്യാനുസരണം വസ്ത്രങ്ങള്‍ അവര്‍ക്ക് യോജിക്കുന്ന രീതിയില്‍ രൂപഭംഗിയോടു കൂടി അവര്‍ തന്നെ തയ്‌ച്ചെടുക്കുന്നു.

റിക്രിയേഷന്‍ ക്ലബ്

അന്തേവാസികളുടെ സമൂഹിക-മാനസിക- ശാരിരിക ആരോഗ്യ വളര്‍ച്ചയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍

വ്യായാമം- യോഗ

ജീവിത ശൈലിരോഗങ്ങളെ നിയന്ത്രിക്കുവാനും മനോ-നിയന്ത്രണങ്ങള്‍ ശീലിക്കുവാനും വ്യായാമവും യോഗയും സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വ്യായാമവും യോഗയും അഭ്യസിപ്പിക്കുന്നു. വിവിധ  വ്യായാമ ഉപകരണങ്ങളും സ്‌നേഹതീരത്ത് അന്തേവാസികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് സെഷന്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിഭിന്ന സംസ്‌കാരവും വൈവ്യദ്യമായ സ്വഭാവ വൈകല്യങ്ങളും ഉള്ള അന്തവാസികളെ ഒരുമയോടെ ഒരു കുടുംബാന്തരീക്ഷത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഗ്രൂപ്പ് സെഷന്‍ വളരെ സഹായകരമാകുന്നു.  അന്തേവാസികളുടെ നൈസര്‍ഗിക ഗുണങ്ങളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഒരു പരിധി വരെ ഒറ്റപ്പെടലുകള്‍ മൂലമുള്ള മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു.

പത്രവായന

പത്രവായനകളിലൂടെ ആനുകാലികസംഭവങ്ങളെ കുറിച്ച് ധാരണ ഉണ്ടാകുന്നതിനും പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തിലോട്ട് കൂടുതല്‍ അടുപ്പിക്കുന്നതിനും സഹായിക്കുന്നു.

കലാകായിക പരിശീലനം

അന്തേവാസികളുടെ കലാ-കായിക പരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വിദഗ്ദരായവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. വിവിധ ഫെസ്റ്റിവല്‍ ദിനാഘോഷങ്ങളില്‍ അന്തേവാസികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ബോധവല്‍ക്കരണ ക്ലാസുകള്‍

വിവിധ മേഖലകളില്‍ വിദഗ്ദരായവര്‍, അധ്യപകര്‍, തുടങ്ങിയവരെ സംഘടിപ്പിച്ച് ആരോഗ്യവും വ്യക്തിവികസനവും ആനൂകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസുകള്‍ അന്തേവാസികള്‍ക്കായും, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്‌സ് എന്നിവര്‍ക്കായും സ്‌നേഹതീരത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നു.

വിനോദയാത്രകള്‍

അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അതോടൊപ്പം വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് കാര്‍ണിവല്‍, വ്യാപാരമേളകള്‍, സര്‍ക്കസ്, മൃഗശാല, എന്നിവിടങ്ങളില്‍ അന്തേവാസികളോടൊന്നിച്ച് സന്ദര്‍ശനം നടത്തുകയും ചെയ്യുന്നു.

ലൈബ്രറി

അന്തേവാസികളുടെ അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വായനാശീലം ഉണ്ടാക്കി എടുക്കുന്നതിനും ആവശ്യമായ വിവിധ വിഭാഗത്തില്‍ ഏകദേശം 2000 ഓളം പുസ്തക ശേഖരം ഉള്ള ലൈബ്രറി സ്‌നേഹതീരത്ത് പ്രവര്‍ത്തിക്കുന്നു.

സൈക്കോ-സോഷ്യല്‍ റഫറന്‍സ് സെന്റര്‍

സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കേഴ്‌സിനും സൈക്യാട്രിക്ക് നഴ്‌സസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും രോഗീപരിചരണത്തിലും സന്നദ്ധ സേവനങ്ങള്‍ക്കും ഹ്രസ്വകാല പരിശീലനം നല്‍കുന്നു.

സാമൂഹ്യ-സാംസ്‌കാരിക പരിപാടികള്‍

ഓണം, ക്രിസ്തുമസ്, ഈദ്, വിഷു തൂടങ്ങിയ ആഘോഷങ്ങളും വിവിധ ദിനാചരണങ്ങളും വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി പ്രഗല്‍ഭരെയും പ്രശസ്തരായവരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സ്‌നേഹതീരത്ത് നടത്തപ്പെടുന്നു. ഇത്തരം പരിപാടികള്‍  അന്തേവാസികളെ കൊണ്ട് ആസൂത്രണം ചെയ്ത് വിവിധ പരിപാടികള്‍ അവരെ കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നു.

അതോടൊപ്പം ദിനാചരണങ്ങളുടെ ഭാഗമായി ബോധവര്‍ക്കരണ റാലികള്‍, തെരുവ് നാടകങ്ങള്‍ എന്നിവ നടത്തപ്പെടുന്നു.

സ്‌നേഹതീരത്തിലെ സിസ്റ്റര്‍ റോസിലിന്‍ ഇനിയും കാത്തിരിക്കുകയാണ്‌, കൂടുതല്‍ നന്മകള്‍ ചെയ്യാന്‍…തെരുവുകളില്‍ ഒരാള്‍ പോലും അലയാതിരിക്കാന്‍…

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.