സഹനത്താൽ ജീവിതത്തെ അടയാളപ്പെടുത്തിയ വെദികൻ യാത്രയായി; ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളിയുടെ ജീവിതം

മരിയ ജോസ് 
മരിയ ജോസ്

തിരുപ്പട്ടം സ്വീകരിക്കുന്നതിന് മുമ്പേ കിടക്കയിലായി. വീൽചെയറിൽ ഇരുന്ന് പൗരോഹിത്യം സ്വീകരിച്ചു. എങ്കിലും തളരാതെ ധീരതയോടെ മുൻപോട്ട് പോയ ഒരു ഈശോസഭാ വൈദികൻ നമുക്കിടയിൽ ഉണ്ടായിരുന്നു. ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളി എസ് ജെ. അദ്ദേഹമിപ്പോൾ നിത്യതയിലേക്ക് യാത്രയായി. 2018 നവംബർ മൂന്നിന് ഈ വൈദികനെക്കുറിച്ച് ഒരു ഫീച്ചർ ‘ഈ ഈശോസഭാ വൈദികന്റെ ജീവിതം യഥാര്‍ത്ഥ അത്ഭുതമാണ്’ എന്നപേരിൽ ലൈഫ് ഡേ ചെയ്തിരുന്നു. പ്രാർത്ഥനയോടെ, ആദരവോടെ ആ ഫീച്ചർ വീണ്ടും പ്രസിദ്ധീകരിക്കുന്നു. പ്രചോദനാത്മകമായിരുന്ന ആ വലിയ ജീവിതത്തിലൂടെ ഒരു സഞ്ചാരം.

“എന്റെ തളര്‍ച്ചയില്‍ ഞാന്‍ കണ്ടത് വിദൂരതയില്‍ ഇരിക്കുന്ന ഒരു ദൈവത്തെയല്ല, മറിച്ച്, എന്റെ കൂടെ നില്‍ക്കുന്ന ദൈവത്തെയാണ്. എന്നെ ചേര്‍ത്തുനിര്‍ത്തിയ ആ ദൈവം സമൂഹത്തിലെ വേദനിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കാനുള്ള ഒരു ഉപകരണമാക്കുകയായിരുന്നു എന്നെ.” കേള്‍ക്കുന്നവരുടെ ഉള്ളുകളെ ജ്വലിപ്പിക്കുന്ന വാക്കുകള്‍. ആ വാക്കുകള്‍ ചെന്നുനില്‍ക്കുന്നത് സദാ പുഞ്ചിരി തൂകുന്ന ഒരു അസാധാരണ വൈദികനിലാണ് – ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളി എസ്.ജെ.

അസാധാരണ വൈദികനോ? അതെ. അങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു വൈദികന്‍ അദ്ദേഹം മാത്രമായിരിക്കും. ഏറെ ആഗ്രഹിച്ച് വൈദികജീവിതത്തിലേക്ക് കടന്നു. സെമിനാരി ജീവിതത്തിനിടയില്‍ വിധി അദ്ദേഹത്തെ വീല്‍ ചെയറിലാക്കി. തളര്‍ന്ന ശരീരത്തെ ഊര്‍ജ്ജസ്വലമായ മനസു കൊണ്ട് ബലപ്പെടുത്തി അദ്ദേഹം യാത്ര തുടങ്ങി. ആ അസാധാരണമായ വ്യക്തിയാണ്  ഈശോസഭക്കാരനായ ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളി.

പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് ലൈഫ്‌ഡേയോട് പങ്കുവച്ചു തുടങ്ങി.

വൈദികനാകാന്‍ കൊതിച്ച ബാല്യം

ചെറുപ്പത്തില്‍ നല്ല ഒരു മനുഷ്യനാകണം എന്നതായിരുന്നു സെബാസ്റ്റ്യന്‍ അച്ചന്റെ ആഗ്രഹം. എല്ലാവര്‍ക്കും നന്മ ചെയ്യുന്ന ഒരു മനുഷ്യന്‍. ആ ആഗ്രഹത്തിനിടയിലാണ് വൈദികനാകുക എന്ന ആഗ്രഹം ആ ബാലനിലേക്ക് കടന്നുവരുന്നത്. അതിനു കാരണം അച്ചന്റെ സഹോദരനായിരുന്നു. ജ്യേഷ്ഠസഹോദരന്റെ പ്രാര്‍ത്ഥനാജീവിതം അദ്ദേഹത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. വൈദികനാകണം എന്ന ആഗ്രഹം തോന്നിയ നിമിഷം മുതല്‍ കുഞ്ഞു സെബാസ്റ്റ്യന്‍ തന്റെ ജീവിതത്തെ അതിനായി ഒരുക്കിത്തുടങ്ങി.

ദിവസവും പള്ളിയില്‍ പോകാനും അള്‍ത്താരബാലനാകാനും ഒക്കെ ഒത്തിരി ഇഷ്ടമായിരുന്നു അച്ചന്. അള്‍ത്താരയില്‍ സഹായിക്കാനായി കിട്ടുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. ആ അള്‍ത്താരയില്‍ പ്രവേശിക്കുമ്പോഴൊക്കെ, ആ തിളങ്ങുന്ന കുര്‍ബാന കുപ്പായം അണിഞ്ഞു താന്‍ ആ അള്‍ത്താരയില്‍ പ്രവേശിക്കുന്ന നിമിഷമായിരുന്നു മനസ്സില്‍. അത്രയ്ക്ക് തീവ്രമായ ആഗ്രഹത്തോടെയാണ് താന്‍ കാത്തിരുന്നത്. എത്രയും വേഗം പഠനം കഴിഞ്ഞാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിച്ചിരുന്ന നിമിഷങ്ങളായിരുന്നു അതെന്ന് അച്ചന്‍ പറയുമ്പോള്‍, ആ വാക്കുകളില്‍ അന്ന് അച്ചന്‍ അനുഭവിച്ചിരുന്ന ആ തീക്ഷ്ണത വെളിപ്പെട്ടിരുന്നു.

ഈശോസഭയിലേക്ക് 

വൈദികനാകണം എന്ന ആഗ്രഹം ജ്വലിക്കുന്ന സമയം. അപ്പോഴാണ് ഇടവകയില്‍ സേവനം ചെയ്യുന്ന സിസ്റ്ററിന്റെ ബന്ധുവായ  ഈശോസഭക്കാരനായ എബ്രഹാം പള്ളിവാതുക്കല്‍ അച്ചനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിലൂടെയാണ് അച്ചന്‍ ഈശോസഭയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസിലാക്കുന്നത്. ആ പരിചയപ്പെടല്‍ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞ് അദ്ദേഹം സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. സെമിനാരിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളും ക്യാമ്പുകളുമെല്ലാം കഴിഞ്ഞു. അങ്ങനെ സെമിനാരി ജീവിതം ആരംഭിച്ചു. പ്രാര്‍ത്ഥനയും പഠനവും ഒക്കെയായി മുന്നോട്ട് പോകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിധി പ്രതിനായകന്റെ വേഷമണിഞ്ഞു കടന്നെത്തുന്നത്.

രോഗം വില്ലനായി എത്തുന്നു

ഓടിയും ചാടിയും നടന്ന സെമിനാരി കാലഘട്ടം. വൈദികനാകാനുള്ള തീവ്രമായ ആഗ്രഹം മൂലം വര്‍ഷങ്ങള്‍, ദിവസങ്ങള്‍ കണക്കെ കടന്നുപോയി. അങ്ങനെ സെമിനാരി ജീവിതത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് സെബാസ്റ്റ്യന്‍ അച്ചന്‍ പ്രവേശിച്ചു. പ്രാര്‍ത്ഥനയും പഠനവും ഒക്കെയായി കടന്നുപോകുന്നതിനിടയിലാണ് ചെറിയ ഒരു വൈറല്‍ ഫീവര്‍ വരുന്നത്.

സാധാരണ പനിക്കുള്ള ചികിത്സകള്‍ കൊണ്ട് മാറ്റമൊന്നും വരാതായപ്പോള്‍ കോഴിക്കോട് നിര്‍മ്മല ആശുപത്രിയിലേക്കും തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലേക്കും മാറ്റി. നിരവധി ചികിത്സകള്‍ക്കൊടുവില്‍ അത് ഗില്ലന്‍ ബോഡി സിന്‍ഡ്രം ആണെന്ന് കണ്ടെത്തി. വൈറസ് ബാധ മൂലം മസിലുകളെ  തളര്‍ത്തി മനുഷ്യന്റെ ചലനശേഷി ഇല്ലാതാക്കുന്ന അസുഖമായിരുന്നു അത്. അസുഖം കൂടി അദേഹത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. കൈകളും കാലുകളും തളര്‍ന്നു. ശ്വാസമെടുക്കാന്‍ കഴിയാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുറേ നാള്‍ ചികിത്സ. ഏറെ നാളത്തെ ചികിത്സക്കു ശേഷം അദ്ദേഹം തിരികെ സെമിനാരിയില്‍ എത്തി; തളര്‍ന്ന ശരീരവുമായി.

കിടക്കയില്‍ തന്നെയുള്ള ജീവിതം. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. ക്ഷീണിച്ച ശരീരത്തിനുള്ളില്‍ കരുത്തുള്ള ഒരു മനസും ദൈവം കൈവിടില്ലെന്ന ഉറപ്പും മാത്രമാണ് അദ്ദേഹത്തിനു കൂട്ടായി ഉണ്ടായിരുന്നത്. തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അല്ലെങ്കില്‍ ജീവിതത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ സന്യാസ സമൂഹം തയ്യാറായിരുന്നില്ല എന്നതാണ് സത്യം.

അമ്മയെപ്പോലെ കരുതിയ സന്യാസ സമൂഹം

പനിച്ചു വിറച്ചു കിടക്കുന്ന ഒരു കുഞ്ഞിന്റെ പക്കല്‍ ഉറക്കമിളച്ചു കാത്തിരിക്കുന്ന ഒരു അമ്മയുടെ റോളായിരുന്നു ഈശോസഭക്ക് അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ ഉണ്ടായിരുന്നത്. ഒന്നിനും കുറവ് വരാതെ സ്വന്തം അമ്മ കുഞ്ഞിനെ നോക്കുന്നതു പോലെ അവര്‍ എനിക്കു ചുറ്റും ഉണ്ടായിരുന്നു. ആ കരുതലും സ്‌നേഹവുമാണ് തന്നെ ഇന്നോളം നടത്തിയതെന്ന് അച്ചന്‍ ഓര്‍ക്കുന്നു. സാധാരണ ഗതിയില്‍ രോഗബാധിതരായാല്‍ സെമിനാരിയില്‍ നിന്ന് കുട്ടികളെ പറഞ്ഞയക്കാറുണ്ട്. എന്നാല്‍ തന്റെ സഭാധികരികളില്‍ നിന്ന് ഒരിക്കല്‍പ്പോലും അത്തരമൊരു ചര്‍ച്ചയോ, വാക്കോ ഉണ്ടായിട്ടില്ല എന്ന് അച്ചന്‍ വെളിപ്പെടുത്തുന്നു.

“രോഗത്തിന്റെ അവസ്ഥയില്‍ ഒരിക്കല്‍പ്പോലും തന്നെ വേദനിപ്പിക്കുന്നതായ ഒരു വാക്കോ, പ്രവര്‍ത്തിയോ അവരില്‍ നിന്ന് ഉണ്ടായിട്ടില്ല. എനിക്ക് ഒരു കുറവും വരുത്തിയിട്ടില്ല. തളര്‍ന്ന എന്റെ കൈകളും കാലുകളുമായി മാറുകയായിരുന്നു അവര്‍. ആശുപത്രിയില്‍ വന്ന സമയം പൂര്‍ണ്ണമായും കിടക്കയില്‍ തന്നെയായിരുന്നു.  ചികിത്സയുടെ ചിലവുകളും മറ്റും വഹിച്ചത് അവര്‍ തന്നെയായിരുന്നു” – അച്ചന്‍ പറഞ്ഞു.

തുടര്‍ന്നുള്ള ഓരോ നിമിഷങ്ങളിലും സഭാധികാരികളില്‍ നിന്നും കൂടെയുള്ള വൈദികരില്‍ നിന്നും വൈദിക വിദ്യാര്‍ത്ഥികളില്‍ നിന്നും അച്ചന് കിട്ടിയ കരുതല്‍, സ്‌നേഹം അതാണ് സ്‌നേഹിക്കാനും മറ്റുള്ളവരെ മനസിലാക്കാനും അച്ചനെ കൂടുതല്‍ പ്രാപ്തനാക്കിയത്.

അതിജീവനത്തിന്റെ നാളുകള്‍

ആശുപത്രിയില്‍ നിന്നും വന്നതിനു ശേഷമുള്ള നാലു വര്‍ഷങ്ങള്‍ ശരിക്കും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആദ്യ കുറച്ചു നാളുകള്‍. തുടര്‍ന്ന് ഫിസിയോ തെറാപ്പിയിലൂടെയും ആയുര്‍വേദ ചികിത്സയിലൂടെയും മറ്റും വോക്കറിന്റെ സഹായത്തോടെ അല്‍പസ്വല്‍പം നടക്കാം എന്ന നിലയിലെത്തി. ആ നാളുകളില്‍ തന്നെ അച്ചന്‍ തന്റെ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി.

മറ്റുള്ളവര്‍ ഓടിയും ചാടിയുമൊക്കെ നടക്കുമ്പോള്‍, തനിക്കതിന് പറ്റുന്നില്ലല്ലോ എന്ന ചിന്ത ആദ്യം വേദന ഉണ്ടാക്കിയിരുന്നുവെങ്കിലും പിന്നീട് അങ്ങനെ തോന്നിയില്ല. തോന്നാന്‍ സമ്മതിച്ചില്ല എന്നു പറയുന്നതാവും വാസ്തവം. അതുപോലെ കരുതലും സ്‌നേഹവുമായി ചുറ്റുമുള്ളവര്‍ നിന്നു. ആ ഒരു സ്‌നേഹം ഇന്നും ഒരു മാറ്റവുമില്ലാതെ അച്ചന് അനുഭവിക്കാന്‍ കഴിയുന്നു.

“അവര്‍ നല്‍കിയ സ്‌നേഹത്തിലൂടെ ശരിക്കും എന്റെ സഹനത്തില്‍ എന്റെ ഒപ്പം നില്‍ക്കുന്ന ഒരു ദൈവത്തിന്റെ സ്‌നേഹമാണ് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. പിന്നീട് ഒരിക്കലും എനിക്ക് തിരിഞ്ഞുനോക്കേണ്ടതായോ, നിരാശപ്പെടേണ്ടതായോ വന്നിട്ടില്ല” – അച്ചന്‍ പറഞ്ഞു. അങ്ങനെ സെമിനാരി ജീവിതം അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങി.

വീല്‍ ചെയറില്‍ ഇരുന്നുള്ള പൗരോഹിത്യ സ്വീകരണം 

അതുവരെ മന്ദഗതിയില്‍ തുടര്‍ന്ന സംസാരം പൗരോഹിത്യ സ്വീകരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ വീണ്ടും ഉഷാറായി. കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ച അതുല്യനിമിഷമായിരുന്നു അത്. ആ നിമിഷത്തെ എങ്ങനെ വിവരിക്കണം എന്നറിയാതെ അല്പനേരം നിന്നു. വര്‍ണ്ണനാതീതമായ ഒരു നിമിഷമായിരുന്നു അത്. എന്നിട്ട് അദ്ദേഹം തുടര്‍ന്നു…

“അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം എങ്ങനെ പറയണമെന്ന് അറിയില്ല. ആ അള്‍ത്താരയില്‍ വീല്‍ ചെയറില്‍ ഇരുന്നാണ് പട്ടം സ്വീകരിക്കുന്നത്. ദൈവം എനിക്കായി ചെയ്ത നന്മകളെ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. കാരണം എന്നെ വൈദികനാക്കുക എന്ന സ്വപ്നം ഒരിക്കലും നടക്കാതിരിക്കാമായിരുന്നു. എന്നിട്ടും ദൈവം ആ ഒരു നിമിഷത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചു. ഇതില്‍പ്പരം എന്ത് നന്മയാണ് ദൈവം എനിക്ക് നല്‍കേണ്ടത്.”

1997 ഡിസംബര്‍ 28 -ന്  കോഴിക്കോട് ക്രിസ്തുരാജന്റെ ദേവാലയത്തില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണവും പ്രഥമ ബലിയര്‍പ്പണവും. പോള്‍ ചിറ്റിലപ്പള്ളി പിതാവില്‍ നിന്നുമാണ് അച്ചന്‍ പട്ടം സ്വീകരിക്കുന്നത്. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് പട്ടം സ്വീകരിച്ച ആ സമയം പിതാവില്‍ നിന്നും തനിക്കു ലഭിച്ച പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലയെന്ന് അച്ചന്‍ പറയുന്നു.

തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പണം നിന്നുകൊണ്ടാണ് നടത്തിയത്. ചലിക്കാന്‍ കഴിയില്ലെങ്കിലും ഒരു സ്ഥലത്ത് നിന്നുകൊണ്ട് അര്‍പ്പിച്ച ആ കുര്‍ബാനയില്‍ തന്റെ മനസും ശരീരവും ദൈവത്തോട് ചേരുകയായിരുന്നു എന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.

തളര്‍ച്ച പഠിപ്പിച്ച പാഠം

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ സെമിനാരിയിലേക്കു വരുന്നത്. സെമിനാരിയില്‍ ചേര്‍ന്നതിനു ശേഷം ഉണ്ടായ രോഗം എന്നെ പലതും പഠിപ്പിക്കുകയായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കണം എന്ന ആഗ്രഹത്തെയും വേദനിക്കുന്നവരെ മനസിലാക്കി സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെയും മനസിലാക്കിത്തന്നത് പൂര്‍ണ്ണമായും കിടക്കയില്‍ തന്നെ ആയ ആ ഒരു സമയമാണ്.

പൂര്‍ണ്ണമായും കിടക്കയില്‍ തന്നെ ആയിരിക്കുന്നവരുടെ അവസ്ഥ അനുഭവിച്ചറിയാനും ആ അവസ്ഥയില്‍ ആയിരിക്കുന്നവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും ദൈവം ഒരുക്കിയ ഒരു അവസരമായി തന്റെ ജീവിതത്തെ കാണാനാണ് അച്ചന് ഇഷ്ടം. താന്‍ നേരിട്ട ആ അനുഭവങ്ങള്‍ തന്നെപ്പോലെ വേദനിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അച്ചനെ പ്രേരിപ്പിച്ചു.

വോക്കറിന്റെ സഹായത്തോടെ നടക്കുന്ന അച്ചന്‍, വൈകല്യങ്ങള്‍ നേരിടുന്നവരെ എങ്ങനെ സഹായിക്കാനാണ് എന്നു ചോദിച്ചാല്‍ ആ ചോദ്യം അപ്രസക്തമാണെന്നു പറയേണ്ടിവരും. കാരണം മനസ്സുണ്ടെങ്കില്‍ അനേകം വഴികള്‍ തുറന്നുവരും. അതിന് ഉദ്ദാഹരണമാണ് സെബാസ്റ്റ്യനച്ചന്റെ ജീവിതം.

തന്റെ വേദനയില്‍ തനിക്കൊപ്പം നിന്ന തന്റെ സഭാധികാരികള്‍, മറ്റു വൈദികര്‍, അവര്‍ ചൊരിഞ്ഞ സ്‌നേഹം അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ താനും ബാദ്ധ്യസ്ഥനാണ് എന്ന ചിന്ത അദ്ദേഹത്തെ, വേദനിക്കുന്നവര്‍ക്കായി ജീവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ആ ഉള്‍പ്രേരണയാണ് അച്ചനെ കോട്ടയം സ്‌നേഹഭവനിലേക്ക് എത്തിച്ചത്.

പ്രവര്‍ത്തന മേഖല

തന്നെപ്പോലെ ഉള്ളവര്‍ക്കായി പ്രവര്‍ത്തിക്കാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് കോട്ടയത്തെ സ്‌നേഹഭവന്‍ എന്ന സ്ഥാപനത്തിലാണ്. മാനസികവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാനും അവരെ സ്വയംപ്രാപ്തരാക്കാനും സഹായിക്കുന്ന ആ സ്ഥാപനത്തില്‍ അച്ചന്‍ എത്തുന്നത് 1998 ജനുവരി മാസത്തിലാണ്. പിന്നീടുള്ള ഇരുപതു വര്‍ഷക്കാലം അച്ചന്‍ സ്‌നേഹഭവനില്‍ തന്നെയായിരുന്നു. 2002 -ല്‍ ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി ഏറ്റെടുത്ത അദ്ദേഹം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ധാരാളം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചു.

അതോടൊപ്പം തന്നെ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കായി ഫിസിയോ തെറാപ്പിയും മറ്റു കാര്യങ്ങളും ചെയ്തുകൊടുക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കുട്ടികള്‍ക്കായി അധികം നേരം നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ തന്നെയും, ക്ലാസുകള്‍ എടുക്കാനായി അദ്ദേഹം പോയിരുന്നു. കൂടാതെ അവരുടെ കളികളും തമാശകളും ആസ്വദിക്കാനും അവര്‍ക്കൊപ്പം കൂടാനും അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശാരീരികമായ പ്രയാസങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കൊപ്പം ചിലവിടുന്ന നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “അവരെ സ്‌നേഹിക്കാന്‍ നമ്മളല്ലാതെ വേറെ ആരും ഇല്ലല്ലോ. അവര്‍ നല്ല നിലയിലായി കാണുമ്പോള്‍ മനസിന് ഒരു സംതൃപ്തി.”

ഏകദേശം എഴുപതോളം കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പെടുന്ന ആ വിദ്യാലയത്തില്‍ വോക്കറിന്റെ സഹായത്തോടെ ഏതു മുക്കിലും മൂലയിലും കടന്നെത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന അച്ചന്‍ എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. സ്‌നേഹഭവന്റെ നിലയ്ക്കാത്ത ഊര്‍ജ്ജസ്രോതസായിരുന്നു ആ വൈദികന്‍.

അജപാലന ശുശ്രൂഷ

പൗരോഹിത്യ സ്വീകരണത്തിനു ശേഷം കോട്ടയത്തേക്കു വന്ന അച്ചന്‍ ഈ അടുത്തിടെയാണ് തിരികെ കോഴിക്കോട്ടേക്കു മടങ്ങിയത്. അതുവരെ സ്‌നേഹഭവനിലെ കുട്ടികളുടെ ആത്മീയമായ കാര്യങ്ങളും മറ്റും അച്ചന്‍ ശ്രദ്ധിച്ചിരുന്നു. കുമ്പസാരിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും അച്ചന്‍ നല്‍കിയിരുന്നു. ആദ്യമൊക്കെ നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിച്ചിരുന്നു. പിന്നീട് ഇരുന്നുകൊണ്ടാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. തളര്‍ച്ച കൈകളെയും കാലുകളെയും ബാധിച്ചിരുന്നു. കൂടാതെ, ശ്വാസസംബന്ധമായ പ്രശ്നങ്ങളും. അതിനാല്‍ അച്ചന് അധികസമയം നില്‍ക്കാനോ, നടക്കാനോ കഴിയുമായിരുന്നില്ല.

കൂടാതെ ഒന്നോ രണ്ടോ ആളുകള്‍ക്കായി ധ്യാനങ്ങളും മറ്റും നടത്തിയിരുന്നു.  2010 ആയപ്പോള്‍ ആരോഗ്യം അനുവദിക്കായ്കയാല്‍ പൊതുവായി കുര്‍ബാന അര്‍പ്പിക്കുന്നത് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ആരോഗ്യം തീര്‍ത്തും മോശമായതിനാല്‍ കോഴിക്കോട്ടെ ആശ്രമത്തില്‍ വിശ്രമത്തിലാണ് അച്ചന്‍.

പ്രതിസന്ധികളെ അനുഗ്രഹങ്ങളായി കണ്ട വൈദികന്‍

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കരുതിയിടത്തു നിന്നുമാണ് അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തന്റെ രോഗാവസ്ഥയില്‍ പരിഭവിക്കുകയോ, ദൈവത്തെ കുറ്റം പറയുകയോ ചെയ്യുന്നതായി ഇതുവരെ ആരും കണ്ടിട്ടില്ല. മറിച്ച് തന്റെ അവസ്ഥകളെ മറ്റുള്ളവരെ അറിഞ്ഞു സ്‌നേഹിക്കുവാനുള്ള അവസരമാക്കി രൂപാന്തരപ്പെടുത്തിയ ദൈവത്തിന് അച്ചന്‍ നന്ദി പറയുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.

ചെറിയ പ്രതിസന്ധികളുടെ പേരില്‍ എല്ലാം തകര്‍ന്നു എന്ന് വിചാരിക്കുന്നവരോടായി അച്ചന്‍ പറയുന്നു: “സാഹചര്യങ്ങളെ സാധ്യതകളാക്കി മാറ്റുക. ആ സാധ്യതകളില്‍ ദൈവത്തിന് ഇടപെടാന്‍ അവസരമൊരുക്കുക. അപ്പോള്‍ ദൈവം അവയെ നമ്മുടെ നന്മക്കായി പരിണമിപ്പിക്കും. ഒത്തിരി കഴിവുകള്‍ ഉണ്ടെന്നു പറഞ്ഞിട്ട് സന്തോഷം കിട്ടണമെന്നില്ല . മറിച്ച്, ആ കഴിവുകളെ ദൈവത്തിനു സമര്‍പ്പിക്കുമ്പോഴാണ് അവയില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുക. ദൈവത്തെ കൂടാതെയുള്ള ജീവിതം ശൂന്യതയാണ് മനുഷ്യന് സമ്മാനിക്കുക. ആ ശൂന്യതയില്‍ നിന്ന് നിരാശയും അതിലൂടെ തകര്‍ച്ചയും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും.”

ദൈവം എനിക്കായി നല്‍കിയ എല്ലാ പ്രതിസന്ധികളും ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്നതിനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ഉപകരണമായി മാറ്റുന്നതിനു വേണ്ടിയായിരുന്നു എന്ന് വിശ്വസിക്കുകയാണ് സെബാസ്റ്റ്യന്‍ അച്ചന്‍. മറ്റുള്ളവരെ സ്‌നേഹിക്കണം, കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കണം. ആ തീക്ഷണതയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അച്ചന്‍ പറഞ്ഞുനിര്‍ത്തി.

അര മണിക്കൂറിലധികം നീണ്ട സംഭാഷണത്തിനൊടുവില്‍ ഒരു കാര്യം മനസിലായി. ക്ഷീണം, രോഗം, തളര്‍ച്ച അതൊക്കെ അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ. ആ ശരീരത്തിനുള്ളില്‍ അനേകരെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടിക്കുന്ന ഒരു ഹൃദയമുണ്ട്. ആ തീക്ഷ്ണതക്ക് ദൈവം അനുവദിക്കുന്ന അത്രയും കാലം ഒരു കുറവുമുണ്ടാവുകയുമില്ല.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.