കാപട്യത്തിന്റെ മുഖംമൂടികൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു അപരിചിതൻ അല്പനേരം സംസാരിക്കണമെന്നു പറഞ്ഞാണ് വന്നത്.

“ഞാൻ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.” അദ്ദേഹം മനസു തുറന്നു. “ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു. ഇപ്പോഴും എന്റെ ഭാര്യ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ എന്റെ ആത്മാർത്ഥതയിൽ കുറവ് സംഭവിച്ചു. ഓഫീസിലെ ഒരു സ്റ്റാഫുമായി ഞാൻ അടുപ്പത്തിലായി. ഒരിക്കലും സംഭവിക്കരുതാത്തത് ഞങ്ങൾക്കിടയിൽ സംഭവിച്ചു. ഭർത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയായിരുന്നു അവർ. ആ സ്ത്രീയെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുന്നില്ല. എന്നെ അവൾക്ക് അത്ര വിശ്വാസമാണ്. ഞാൻ ചതിച്ചാൽ ആത്മഹത്യ ചെയ്യുമെന്നാണ് അവർ പറയുന്നത്.”

“ഇവരുമായ് അടുത്തപ്പോൾ നിങ്ങളുടെ ഭാര്യയെക്കുറിച്ചോ, മക്കളെക്കുറിച്ചോ ഒരിക്കലെങ്കിലും ചിന്തിച്ചുവോ? ദൈവവുമായുള്ള ഉടമ്പടിയിലൂടെ സ്വന്തമാക്കിയ ജീവിതപങ്കാളിയെ വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തെറ്റ് മനസിലാക്കി സ്വയം തിരുത്തുക. ആ സ്ത്രീയുമായ് വേണമെങ്കിൽ ഞാൻ സംസാരിക്കാം.” അയാൾ അവരെക്കൂട്ടി വരാമെന്നു പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല.

അവിശ്വസ്തതയുടെ എത്രയെത്ര കഥകളാണ് നമുക്കു ചുറ്റും നടക്കുന്നത്. നൈമിഷിക സുഖങ്ങൾക്കു വേണ്ടി ജീവിതപങ്കാളിയെയും കൂടപ്പിറപ്പുകളെയും മക്കളെയുമെല്ലാം കബളിപ്പിക്കുന്ന വ്യക്തികൾക്ക് പിന്നീട് പങ്കുവയ്ക്കാൻ തകർച്ചയുടെയും  കണ്ണീരിന്റെയും കഥകളായിരിക്കും ഉണ്ടായിരിക്കുക.

അവിശ്വസ്തതയുടെ കഥകൾ ധാരാളം ബൈബിളിലുമുണ്ട്. അതിലൊന്ന് ഹേറോദേസിന്റേതാണ്. സഹോദരഭാര്യയായ ഹേറോദിയയെ സ്വന്തമാക്കിയപ്പോൾ അയാളും ആനന്ദിച്ചിരിക്കും. എന്നാൽ പിന്നീടങ്ങോട്ട് അയാളുടെ ജീവിതത്തിൽ തിന്മ പെരുകുന്നു. ആത്മാവ് നശിച്ച ഭരണാധികാരിയായി മാറിയ അയാൾ നീതിമാനായ സ്നാപകന്റെ ശിരസ്സറുക്കാൻ വരെ ശങ്കിക്കാത്ത നീചനായി മാറുന്നു (മത്തായി 14: 1-12).

തിന്മയുമായുള്ള പൊരുത്തത്തെ നീതീകരിക്കാൻ ശ്രമിക്കുന്തോറും പാപം നമ്മിൽ വേരൂന്നുമെന്ന സത്യം തിരിച്ചറിയാം. യഥാർത്ഥ അനുതാപത്തിലേക്ക് തിരിച്ചുവരാതെ മനുഷ്യരെ കബളിപ്പിച്ച് ജീവിക്കാൻ ഒരു പരിധി വരെ നമുക്ക് കഴിഞ്ഞേക്കാം. ” എന്നാൽ കര്ത്താവിന്റെ കണ്ണുകള് സൂര്യനേക്കാള് പതിനായിരം മടങ്ങ്  പ്രകാശമുള്ളതാണ്. അവിടുന്ന്‌ മനുഷ്യന്റെ എല്ലാ മാര്‍ഗ്ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള് കണ്ടുപിടിക്കുകയും ചെയ്യുന്നു” (പ്രഭാ. 23:19).

ഈ വചനം നമ്മുടെ വഴികൾക്ക് വിളക്കാകട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.