ആരാണ് നല്ല സമറായൻ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മൂന്നു വർഷം മുമ്പാണ്‌ സഹപാഠിയായ ജോബി പയ്യപ്പിള്ളിയച്ചൻ ഇരുചക്ര വാഹനത്തിൽ തിരുവനന്തപുരം മുതൽ കാശ്മീർ വരെ യാത്ര നടത്തിയത്. ‘പെൺകുട്ടികളുടെ സുരക്ഷ’ എന്ന ആപ്തവാക്യവും അതിന്റെ ബോധവത്ക്കരണത്തിന് ആവശ്യമായ നോട്ടീസുകളുമായാണ് അച്ചൻ യാത്ര തിരിച്ചത്. രണ്ടു മാസം കൊണ്ട് പതിനാലായിരം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് അച്ചൻ തന്റെ യജ്ഞം പൂർത്തിയാക്കിയത്.

യാത്ര തുടങ്ങുന്നതിന് മാസങ്ങൾക്കു മുമ്പേ അച്ചൻ ബൈക്ക് റിപ്പയറിങ്ങ് പഠിച്ചു. ദിവസങ്ങളോളം ആശ്രമത്തിന്റെ തിണ്ണയിൽ കിടന്നുറങ്ങി വരാനിരിക്കുന്ന ദിനങ്ങൾക്കു വേണ്ടി ഒരുങ്ങി. വഴിയിൽ തമ്പടിക്കാൻ  സഹായിക്കുന്ന ടെന്റും അവശ്യം വേണ്ട വസ്ത്രങ്ങളും കുർബാന അർപ്പിക്കാനുള്ള തിരുവസ്തുക്കളുമായി അച്ചൻ 2018 സെപ്തംബർ 10-ാം തീയതി യാത്ര തിരിച്ചു.

യാത്രയിലെ മറക്കാനാകാത്ത ഒരു അനുഭവം അച്ചൻ പങ്കുവച്ചത് ഓർക്കുന്നു. ലഡാക്കിൽ നിന്നുള്ള മടക്കയാത്ര. കാർഗിൽ ആയിരുന്നു ലക്ഷ്യം. സാധാരണ ഗതിയിൽ സന്ധ്യ മയങ്ങിയാൽ യാത്ര ചെയ്യാറില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും  ചെറിയ തോതിൽ മഞ്ഞു പെയ്യാൻ തുടങ്ങി. ധരിച്ച വസ്ത്രങ്ങളും കൈയ്യുറകളും തുളച്ച് തണുപ്പ് അസ്ഥികൾ വരെ എത്തി. എവിടെയെങ്കിലും വിശ്രമിക്കാൻ ഒരിടം ലഭിച്ചെങ്കിൽ എന്ന് മനസ് ആഗ്രഹിച്ച നിമിഷങ്ങൾ. അവിടെയെങ്ങും മനുഷ്യവാസമുള്ള ഒരിടം പോലുമില്ലായിരുന്നു. കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ദൂരെ ഒരു തിരിവെട്ടം കണ്ടു. വെളിച്ചം ലക്ഷ്യമാക്കി അച്ചൻ കുതിച്ചു. അത് ചെറിയൊരു കടയായിരുന്നു.

ബൈക്ക് നിറുത്തിയതേ മധ്യവയസ്ക്കനായ കടയുടമ വന്ന് കാര്യം തിരക്കി. അച്ചന്റെ അവസ്ഥ മനസിലാക്കിയ അയാൾ അപരിചിതത്വം വെടിഞ്ഞ് അച്ചന്റെ കൈയ്യുറകൾ ഊരി കൈകൾ തിരുമ്മിക്കൊടുത്തു. കടയോട് ചേർന്നുള്ള ഭവനത്തിലേക്ക് ആനയിച്ചു. കുടിക്കാൻ ചായ നൽകി. അവർ സംസാരിച്ചിരിക്കേ അദ്ദേഹത്തിന്റെ ഭാര്യ ഭക്ഷണമൊരുക്കി. മൂവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. അച്ചന് വിശ്രമിക്കാൻ ഒരു മുറിയും നൽകി.

പ്രഭാതത്തിൽ വീട്ടുടമസ്ഥൻ വാതിലിൽ തട്ടിയിട്ട് പറഞ്ഞു: “പ്രാഥമിക ആവശ്യങ്ങൾക്കും കുളിക്കാനുമായി വെള്ളം ചൂടാക്കിയിട്ടുണ്ട്. പ്രാതലും തയ്യാറാണ്.”

പ്രാതൽ കഴിച്ച് അവരോട് നന്ദി പറഞ്ഞ് യാത്ര തുടരാൻ വേണ്ടി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ വീട്ടുടമ ഓടിവന്ന് ഒരു പൊതി നൽകിക്കൊണ്ട് പറഞ്ഞു: “ഉച്ചയ്ക്ക് കഴിക്കാനുള്ളതാണ്. നല്ല യാത്ര നേരുന്നു. ദൈവം കാക്കട്ടെ!”

അക്ഷരാർത്ഥത്തിൽ മിഴികൾ നിറഞ്ഞൊഴുകിയ നിമിഷങ്ങളായിരുന്നു അതെന്ന് പയ്യപ്പിള്ളിയച്ചൻ പറഞ്ഞപ്പോൾ കേട്ടിരുന്ന എന്റെയും ഉള്ളിൽ ജ്വലനം സംഭവിച്ചു.

ക്രിസ്തു തന്റെ ശിഷ്യരെ രണ്ടു പേർ വീതം യാത്രയാക്കിയപ്പോൾ അവരോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. “യാത്രക്ക് വടിയല്ലാതെ മറ്റൊന്നും – അപ്പമോ, സഞ്ചിയോ, അരപ്പട്ടയിൽ പണമോ – കരുതരുത്‌. ചെരിപ്പു ധരിക്കാം, രണ്ട്‌ ഉടുപ്പുകള് ധരിക്കരുത്‌” (മര്ക്കോ. 6:8-9).

ജീവിതം ഒരു യാത്രയാണ്. ഈ യാത്രയിൽ ഭാരങ്ങൾ ഏറുമ്പോൾ കർത്താവൊരുക്കിയ കരുതലിന്റെ കരങ്ങളാണ് നമുക്ക് നഷ്ടമാകുക എന്ന ഓർമ്മ എത്ര ഊഷ്മളമാണ്.

വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.