എംബിബിഎസ് പഠനവും ഹൗസ്സർജൻസിയും കഴിഞ്ഞു സന്യാസ ജീവിതം തിരഞ്ഞെടുത്ത യുവതി

“എന്നോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം ആണ് ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് നീ സന്യാസ ജീവിതം തിരഞ്ഞെടുത്തു?” സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് (SD) സന്യാസ സമൂഹത്തിലെ എറണാകുളം പ്രോവിൻസിന്റെ കീഴിൽ സന്യാസിനിയാകുന്നതിനുള്ള അവസാന വർഷ പരിശീലനത്തിൽ ആയിരിക്കുന്ന ഡീന അന്ന ജേക്കബിന്റെ വാക്കുകളാണ് ഇത്.

കർണ്ണാടകയിലെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനവും ഹൗസർജൻസിയും പൂർത്തിയാക്കിയ ശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞു സന്യാസിനി ആകുവാൻ തീരുമാനിച്ച വ്യക്തിയാണ് ഡീന. ചിലരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി സന്യാസ സമൂഹത്തെയും സന്യാസിനികളെയും കരിവാരിത്തേക്കുമ്പോൾ, ദൈവവിളി സ്വീകരിക്കുന്നതിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുമ്പോൾ സന്യാസ ജീവിതത്തിന്റെ എല്ലാ വശങ്ങളും മനസിലാക്കി, ഒരു ഡോക്ടറായി സേവനം ചെയ്യാമായിരുന്ന അനേകം അവസരങ്ങൾ ഉപേക്ഷിച്ചു, ദൈവവിളി സ്വീകരിച്ച ഡീനയുടെ തീരുമാനം അനേകർക്ക്‌ പ്രചോദനമാണ്. ഉത്തരമാണ്.

പാലക്കാട് രൂപതയിലെ ചന്ദ്രനഗർ ഇടവകയിൽ നൽപ്പുരപ്പറമ്പ് ജേക്കബ് – ജോമോൾ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ഡീന. പ്രാർത്ഥന നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ വളരുമ്പോഴും ചെറുപ്പത്തിൽ സന്യാസ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത വ്യക്തിയായിരുന്നു ഈ പെൺകുട്ടി. എന്നാൽ എല്ലാവരുടെയും ജീവിതത്തിൽ, ജീവിതത്തിന്റെ അർത്ഥം എന്തെന്ന് തേടാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമല്ലോ. ടീനയുടെ കാര്യത്തിൽ ജീവിതത്തിന്റെ അര്‍ത്ഥം തേടാൻ കാരണമായത് രണ്ടു മരണങ്ങൾ ആണ്. ക്യാൻസറിന്റെ വേദനയിലും പ്രാർത്ഥിച്ചു ഒരുങ്ങി ശാന്തതയോടെ മരിച്ച മുത്തശ്ശിയുടെയും അപ്രതീക്ഷിതമായി ആക്സിഡന്റിൽ മരിച്ച ബന്ധുവിന്റെയും മരണങ്ങൾ. ജീവിതം നശ്വരമാണെന്നു മനസിലാക്കിയ നിമിഷങ്ങൾ. അന്നുമുതൽ ജീവിതത്തിന്റെ അർത്ഥം തേടിയുള്ള യാത്ര ആരംഭിച്ചു. പിന്നീട് എപ്പോഴോ സന്യാസ ജീവിതത്തിലേയ്ക്ക് താൻ അറിയാതെ തന്നെ ഒരു ആകർഷണം തോന്നിയിരുന്നു. ഡീന പറയുന്നു.

എങ്കിലും പ്ലസ് ടു കഴിഞ്ഞു എഞ്ചിനിയറിങ് എൻട്രൻസ് എഴുതി അതിൽ റാങ്ക് ഉണ്ടായിട്ടും അതെല്ലാം മാറ്റിവച്ച് ഡീന മെഡിക്കൽ എൻട്രൻസ് എഴുതിയത് പാവങ്ങളെ ശുശ്രൂഷിക്കാനായിരുന്നു. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിക്കുമ്പോൾ പാവങ്ങളിൽ ഈശോയെ കണ്ട് ശുശ്രൂഷ ചെയ്യാമല്ലോ എന്ന ചിന്തയായിരുന്നു. ഗവണ്മെന്റ് കോളേജിലെ പഠനവും തുടർന്ന് ഗവണ്മെന്റ് ആശുപത്രിയിൽ തന്നെയുള്ള ഹൗസർജൻസിയും പാവങ്ങളോടൊപ്പം ചേരുവാനും അവരെ ശുശ്രൂഷിക്കുവാനും അവരുടെ ജീവിതത്തെ കുറിച്ച് മനസിലാക്കുവാനും സഹായിച്ചു. ഇതൊക്കെ ചെയ്യുമ്പോഴും മനസിന്റെ ഉള്ളിൽ ഒരു ശൂന്യത ഡീന അനുഭവിക്കുകയായിരുന്നു. ലോകത്തിന്റെ സുഖങ്ങൾ ഒന്നും സംതൃപ്തി നൽകുന്നതല്ല എന്ന ചിന്ത, ദൈവത്തെ ശുശ്രൂഷിക്കുന്നതിനേക്കാൾ ദൈവത്തെ സ്വന്തമാക്കുവാനുള്ള ആഗ്രഹത്തിലേയ്ക്ക് നയിച്ചു. ആ ആഗ്രഹത്തിന്റെ പൂർത്തികരണത്തിലാണ് താൻ ദൈവവിളി സ്വീകരിച്ചത് എന്ന് ഡീന പറയുന്നു. ഒരു ഡോക്ടറാകാമായിരുന്നില്ലേ? ഒരുപാട് അവസരങ്ങൾ എന്തിനാണ് ഉപേക്ഷിച്ചത്? ഡോക്ടറായിക്കൊണ്ട് അനേകം പാവങ്ങളെ ശുശ്രൂഷിക്കുകയും അതിലൂടെ ദൈവത്തിനു സേവനം ചെയ്യുകയും ചെയ്യാമായിരുന്നില്ലേ? തുടങ്ങിയ അനേകം ചോദ്യങ്ങൾക്കു മറുപടിയായി ഡീന പറയുന്നതും ഇതാണ്. ദൈവത്തെ ശുശ്രൂഷിക്കുന്നതിനേക്കാൾ അവിടുത്തേത് മാത്രമായി മാറുമ്പോഴുള്ള ആനന്ദം അത് അനുഭവിച്ചവർക്കു മാത്രം പറയാൻ കഴിയുന്ന ഒന്നാണ്.

ദൈവവിളി തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ അതിനു കൂടുതൽ ആഴം നൽകിയതും തീവ്രമാക്കിയതും മദർ തെരേസായുടെയും ഉന്നത സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ആഫ്രിക്കയിൽ മിഷൻ പ്രവർത്തനത്തിനായി ഇറങ്ങി തിരിച്ച ആൽബർട്ട് ഷ്വൈസറുടെയും ജീവിതങ്ങൾ ആണ്. ഒടുവിൽ തന്റെ ആഗ്രഹം സന്യാസത്തിലേയ്ക്ക് തിരിയാനാണെന്നു മാതാപിതാക്കൾക്ക് മുന്നിൽ വെളിപ്പെടുത്തുമ്പോഴും അവർ ആദ്യം എതിർക്കുകയാണ് ഉണ്ടായത്. പിന്നീട് സന്യാസ ജീവിതത്തിൽ വന്നു ചേരാവുന്ന എല്ലാ ബുദ്ധിമുട്ടുകളും പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും മകളുടെ തീരുമാനത്തിന് മാറ്റമില്ല എന്ന് കണ്ടെത്തിയ മാതാപിതാക്കൾ മകളുടെ തീരുമാനത്തിന് സമ്മതം മൂളി.

സന്യാസ വ്രതവാഗ്ദാനത്തിനു മുന്നോടിയായുള്ള രണ്ടാം വർഷ നൊവിഷ്യേറ്റ് പഠനത്തിലായിരിക്കുന്ന ഡീന, കൂഴൂരിലെ മാനസിക വൈകല്യങ്ങൾ ഉള്ള സ്ത്രീകൾക്കിടയിൽ തന്റെ റീജൻസി ചെയ്യുകയാണ് ഇപ്പോൾ. സന്യാസ ജീവിതത്തിന്റെ എല്ലാ വശങ്ങളും എല്ലാ എതിർ സാക്ഷ്യങ്ങളും കണ്ടിരുന്നു എങ്കിലും അതിനൊക്കെ മുകളിലായിരുന്നു ക്രിസ്തുവിന്റേതായി മാറണം എന്ന ആഗ്രഹം. ആ ഒരു ആഗ്രഹമാണ് സന്യാസ ജീവിതം തിരഞ്ഞെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡീന വെളിപ്പെടുത്തുന്നു.

സന്യാസത്തിനും സന്യാസികൾക്കും എതിരെയുള്ള വ്യാജവാർത്തകളും കുപ്രചരണങ്ങളും ഇന്ന് ഒരു ട്രെന്‍ഡ് ആയി മാറുമ്പോഴും അവയെ എല്ലാം അതിജീവിക്കുന്ന വിശ്വാസ തീക്ഷണതയോടെയാണ് യുവജനങ്ങൾ സന്യാസത്തിലേയ്ക്ക് കടന്നു വരുന്നത്. ലോകം എന്തൊക്കെ പറഞ്ഞാലും തങ്ങളെ സ്നേഹിക്കുന്ന നല്ല ദൈവത്തിനായി സ്വയം സമർപ്പിക്കാൻ ഒരുങ്ങിയെത്തുന്ന യുവജനങ്ങൾ ഇന്ന് ഏറെയാണ്. ദൈവത്തെ ശുശ്രൂഷിക്കാൻ സന്യാസിനി/ സന്യാസി/ വൈദികൻ ആകണമോ എന്ന് ചോദിക്കുന്നവർക്കു ഉള്ള ഉത്തരമാണ് ഡീനയുടെ ദൈവവിളി അനുഭവം.

കടപ്പാട്: https://youtu.be/2mm56T8aK6Y 

മരിയ ജോസ്

5 COMMENTS

  1. മനുഷ്യൻ പദ്ധതികൾ മെനയുന്നു !അന്തിമ തീരുമാനം കർത്താവിന്റേതാണ് !!!!!!!!!!!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.