ജപമാല മാസത്തിന്റെ സമാപനത്തില്‍ ചൊല്ലാന്‍ ലെയോ പതിമൂന്നാമന്‍ പാപ്പാ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന

    ലെയോ പതിമൂന്നാമന്‍ പാപ്പാ ജപമാലയുടെ പാപ്പാ എന്നാണ് അറിയപ്പെടുന്നത്. ജപമാലയെ അത്രയേറെ സ്‌നേഹിക്കുകയും അതിന്റെ ശക്തി മനസിലാക്കുകയും ചെയ്ത വ്യക്തിയായിരുന്നു ലെയോ പതിമൂന്നാമന്‍. പ്രതിസന്ധികളില്‍ ഒരു കുഞ്ഞിനെപ്പോലെ പരിശുദ്ധ അമ്മയുടെ പക്കല്‍ ഓടി എത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

    മാതാവിനോടുള്ള ബഹുമാന സൂചകമായി ഒക്ടോബര്‍ മാസം മരിയന്‍ മാസമായി പ്രഖ്യാപിച്ചതും ലെയോ പതിമൂന്നാമന്‍ പാപ്പയാണ്. കൊന്തമാസത്തിന്റെ സമാപനത്തില്‍ ചൊല്ലുവാനായി അദ്ദേഹം നിര്‍ദ്ദേശിച്ച പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:

    ‘ഓ വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ കഷ്ടതകളില്‍ അങ്ങേ പക്കല്‍ ഓടിവന്നു അങ്ങയുടെ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ച ശേഷം അങ്ങേ മധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടെ യാചിക്കുന്നു. കന്യകാ മറിയവുമായി അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്‌നേഹത്തെയും ഉണ്ണിയായ ഈശോയോടുള്ള പൈതൃകമായ സ്‌നേഹത്തെയും പ്രതി ഈശോമിശിഹാ തന്റെ തിരുരക്തത്താല്‍ നേടിയ അവകാശങ്ങളുടെ മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങയുടെ ശക്തിയാലും മഹത്വത്താലും ഞങ്ങളെ സഹായിക്കണം എന്നും അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു.

    തിരുകുടുംബത്തിന്റെ ഏറ്റവും വിവേകമുള്ള പാലകനേ, ഈശോയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സംരക്ഷിക്കണമേ. സ്‌നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്തത്തിന്റെയും കറകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങളെ സഹായിക്കണമേ. അങ്ങൊരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍ നിന്ന് രക്ഷിച്ചതുപോലെ ദൈവത്തിന്റെ തിരുസഭയെ ശത്രുക്കളുടെ കെണിയില്‍ നിന്നും കാത്ത് കൊള്ളണമേ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ചു പുണ്യ ജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വര്‍ഗ്ഗത്തില്‍ നിത്യ സൗഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മധ്യസ്ഥതയാല്‍ ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍.’

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.