നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: നാൽപത്തിയൊന്നാം ദിനം – വി. എവുപ്രാസ്യമ്മ

“എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല,” -വി. എവുപ്രാസ്യമ്മ  (1877 – 1952)

പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വി. എവുപ്രാസ്യാമ്മ സി.എം.സി. സന്യാസ സഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്.

1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 -ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു. രോഗങ്ങളും, യാതനകളും അലട്ടിയപ്പോൾ പരിശുദ്ധ മാതാവിന്റെ സഹായം തേടിയിരുന്നു ഏവുപ്രാസ്യയാമ്മ. 1913 മുതല്‍ 1916 വരെ ഒല്ലൂരിലെ സെന്റ്‌ മേരീസ് കർമ്മലീത്താ മഠത്തിലെ സുപ്പീരിയറായിരുന്നു അമ്മ. ഈ മഠമായിരുന്നു 45 വർഷത്തോളം അമ്മയുടെ പ്രവർത്തന മേഖല.

എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ ചാപ്പലിലാണ് ചിലവഴിച്ചിരുന്നത്. വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമായിരുന്നു അവളുടെ ജീവ ശ്രോതസ്സ്. ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29 -ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23 -ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

വിശുദ്ധ എവുപ്രാസ്യമ്മയോടൊപ്പം പ്രാർത്ഥിക്കാം.

വിശുദ്ധ എവുപ്രാസ്യമ്മയേ, പ്രാർത്ഥിക്കുന്ന അമ്മ എന്നാണല്ലോ നീ ജീവിതകാലത്ത് അറിയപ്പെട്ടിരുന്നത്. വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ പ്രാർത്ഥനാ ജീവിതത്തിൽ തീക്ഷ്ണത പുലർത്താൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.