നോമ്പ് വിചിന്തനം 21- പന്ത്രണ്ടാം സ്ഥലം: സ്‌നേഹത്തിന്റെ പരമയാഗം

വെള്ളം വീഞ്ഞായ് മാറിയ കാനായിലെ ആദ്യാത്ഭുതം, പിന്നെ വീഞ്ഞ് രക്തമായ് മാറിയ സെഹിയോന്‍ മാളികയിലെ ദിവ്യകാരുണ്യത്തിന്റെ മഹാത്ഭുതം, ഒടുവില്‍ കാല്‍വരി മലയുടെ നെറുകയില്‍ കുരിശെന്ന ബലിക്കല്ലില്‍ സ്വന്തം മാംസരക്തങ്ങള്‍ നേദിച്ച് സ്‌നേഹത്തിന്റെ പരമയാഗം – കാനായുടെ മുറ്റത്തുനിന്നും കാല്‍വരിയിലേക്കുള്ള ക്രിസ്തുവിന്റെ അത്ഭുതങ്ങളുടെ ഘോഷയാത്രാ കുരിശിന്റെ ദളങ്ങളില്‍ അവന്‍ മിഴിപൂട്ടി അവസാനിപ്പിക്കുമ്പോള്‍ ‘സ്‌നേഹം’ അക്ഷരക്കൂടിന് അതീതമാണെന്ന് ലോകത്തെ പഠിപ്പിച്ചു. ഒരു കവി ഇങ്ങനെ കുറിച്ചുവച്ചു.

“ചങ്കിലെ ചോരയാല്‍
കുരിശിന്‍ ദളങ്ങളില്‍
സ്‌നേഹമെന്നെഴുതിയ
കാരുണ്യവാനാണു ദൈവം”

അതെ, അക്ഷരങ്ങള്‍ കൊണ്ടല്ല, ചങ്കിലെ ചോരകൊണ്ട് കുരിശിന്റെ ദളങ്ങളില്‍ സ്‌നേഹമെന്നെഴുതിയ കാരുണ്യത്തിന്റെ പേരാണ് ദൈവം.

”കുരിശെന്നാല്‍ ദൈവപിതാവിന്റെ വിരിക്കപ്പെട്ട കരങ്ങളാണ്” – എന്ന് പ്രിയപ്പെട്ട ബോബി ജോസ് അച്ചന്‍ തന്റെ പുസ്തകത്താളില്‍ കുറിച്ചുവച്ചു. ഓര്‍ത്തുനോക്കുമ്പോള്‍ ശരിയല്ലെ…? ഒരപ്പന്റെ കരങ്ങളില്‍ കുഞ്ഞുറങ്ങുന്നതുപോലെ ശാന്തമായിരുന്നല്ലോ അവന്റെ മരണം. ജീവിതത്തിന്റെ കാല്‍വരിയില്‍ വേദനകളുടെയും, നഷ്ടങ്ങളുടെയും, രോഗങ്ങളുടെയും, ഏകാന്തതയുടെയും, ദാരിദ്ര്യത്തിന്റെയും കുരിശുകളെ പരാതിയും, പരിഭവങ്ങളുമായ് ഏറ്റുവാങ്ങുന്നവര്‍ക്കു മുമ്പില്‍ ചങ്കുറപ്പോടെ ക്രിസ്തു ഇങ്ങനെ വിളിച്ചുപറയും. കുരിശിന് ആബാ – പിതാവിന്റെ വാത്സല്യത്തിന്റെ സുഗന്ധമാണ്.

ഒരമ്മയുടെ 10 മാസത്തെ കരുണയുടെയും ജീവത്യാഗത്തിന്റെയും മാതൃമുദ്രയായ പൊക്കിള്‍ കൊടിയുടെ അടയാളം കാലത്തിന് മായ്ക്കാന്‍ കഴിയാത്ത അടയാളമായ് മക്കള്‍. ആകാശത്തോളം ഉന്നതിയിലെത്തുമ്പോഴും അവരുടെ ശരീരത്തില്‍ നിലനില്‍ക്കുന്നതുപോലെ കുരിശും, കുരിശുമരണവും ക്രിസ്തുവിന്റെ ശരീരത്തിന് സമ്മാനിച്ച തിരുമുറിവുകള്‍ ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹത്തിന്റെ മുദ്രയായ് ഇന്നും ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരത്തില്‍ അവശേഷിക്കുന്നു.

വി. ജി. തമ്പി എന്ന എഴുത്തുകാരന്‍ തന്റെ പുസ്തകത്താളില്‍ കുറിച്ചുവച്ചു. ”മരണം ഒരു കൈനിവര്‍ത്തലാണ്” കൂട്ടിരുന്നവരെയും, കൂടെ നടന്നവരെയും, മുറുകെപ്പിടിച്ചതിനെയും, ചേര്‍ത്തുപിടിച്ചതിനെയും ഉപേക്ഷിച്ച് ശൂന്യമായ കരങ്ങളുമായ് ഒരാള്‍ തുടങ്ങേണ്ട യാത്രയാണ് മരണം. ‘മരണം’ എന്ന മൂന്നക്ഷരത്തില്‍ വേര്‍പാടിന്റെയും, നഷ്ടങ്ങളുടെയും കണ്ണീരുപ്പ് കലര്‍ന്നിട്ടുണ്ട്.

പക്ഷേ ക്രിസ്തുവിന്റെ മരണം വ്യത്യസ്തമായിരുന്നു. എക്കാലത്തും, കണ്ണീരുപ്പ് കലര്‍ന്ന മരണത്തിന്റെ ചരിത്രത്തിന് അവന്‍ സൗഭാഗ്യത്തിന്റെ സുഗന്ധം പരത്തി. മരണം എന്നാല്‍ ആബായുടെ വാത്സല്യത്തിന്റെ മടിത്തട്ടിലേക്ക് തുറക്കപ്പെടുന്ന സ്‌നേഹത്തിന്റെ പടിവാതിലാണെന്ന് അവന്‍ സ്വമരണത്തിലൂടെ പഠിപ്പിച്ചു.

റോമന്‍ ഭരണകൂടത്തിന്റെ ചരിത്രത്താളുകളില്‍ കുരിശെന്നു പറയുന്നത് പേര്‍ഷ്യന്‍ സംസ്‌കാരത്തില്‍ നിന്നും കടമെടുത്ത ക്രൂരമായ ശിക്ഷാവിധിയുടെ കഴുമരമായിരുന്നു. ഭൂമിയിലും, ദൈവം വസിക്കുന്ന ആകാശ വിതാനത്തിലും ശപിക്കപ്പെട്ടവന്‍ എന്ന് മുദ്രകുത്തി ആകാശത്തിലും ഭൂമിയും സ്പര്‍ശിക്കാതെ വാനഭൂമദ്ധ്യേ കുരിശില്‍ തറയ്ക്കപ്പെടുന്ന കുറ്റവാളികളുടെ ശാപചരിത്രമായിരുന്നു റോമന്‍ ഭരണകൂടം കുരിശെന്ന കഴുമരത്തിന് ചാര്‍ത്തിക്കൊടുത്തത്. പക്ഷേ മനുഷ്യകുലത്തെ വീണ്ടെടുക്കുവാന്‍ കാല്‍വരിമലയുടെ നെറുകയില്‍ ഉയര്‍ത്തപ്പെട്ട കുരിശിന്റെ ഇതളുകളില്‍ സ്വന്തം മാംസരക്തങ്ങളുടെ സുഗന്ധം പരത്തി ക്രിസ്തു ശാന്തമായ് മിഴിയടച്ചപ്പോള്‍ കുരിശെന്ന കൊലമരം കരുണയുടെയും, രക്ഷയുടെയും സുകൃതങ്ങളുടെയും ഇതളുകളായ് മാറി.

വായിച്ച പുസ്തകത്തില്‍ അമാളു എന്നൊരു കൊച്ചു കഥാപാത്രമുണ്ട്. ഒരു പുഴയുടെ തീരത്തിരുന്ന് കളിവള്ളങ്ങള്‍ മെനഞ്ഞ് ജീവിതമാസ്വദിച്ചവള്‍. പുഴയുടെ മറുതീരത്തിരുന്ന് കടലാസുവള്ളങ്ങള്‍ മെനയുന്ന സമപ്രായരക്കാരനായ ഒരു കുട്ടിയുമായ് അവള്‍ ചങ്ങാത്തത്തിലാകുന്നു. പുഴയുടെ തെളിനീരുപോലെ ഒരു തീരത്തുനിന്നും മറുതീരത്തേയ്ക്ക് അവരുടെ സ്‌നേഹമൊഴുകി… കളിവള്ളങ്ങള്‍ ഒഴുകി… പക്ഷേ, അവരുടെ തീരങ്ങളുടെ വ്യത്യസ്തമായ നിയമങ്ങളും, രീതികളും ഒരിക്കലും ഒന്നുചേരാത്ത രണ്ട് തീരങ്ങള്‍ പോലെ അവരെ അകറ്റി നിര്‍ത്തി. ഒരു തരത്തില്‍ അവള്‍ തനിയെ… മറുതീരത്തില്‍ അവന്‍ തനിയെ… അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പുഴ മാത്രം. ഒടുവില്‍ കഥയവസാനിക്കുമ്പോള്‍ പ്രായാധിക്യത്തിന്റെ ജരാനരകള്‍ ഏറ്റുവാങ്ങി വൃദ്ധയായ അവളുടെ മൃതശരീരം ഒരു കൈയ്യില്‍ മുറുകെ പിടിച്ച കടലാസു തോണിയുമായ് മറുതീരത്ത് തന്നെ കാത്തിരിക്കുന്ന വൃദ്ധനായ തന്റെ കൂട്ടുകാരന്റെ അരികിലേക്ക് ഒഴുകുകയാണ്. ഒരു കടലാസു തോണിപോലെ.

ഇതൊരു കലാലയത്തില്‍ ഇതള്‍ വിരിഞ്ഞ കഥയാണെങ്കിലും മരണത്തെക്കുറിച്ച് അഭൗമീകമായ ഒരു വെളിച്ചം സമ്മാനിക്കുന്നുണ്ട്. സ്വര്‍ഗ്ഗമെന്ന സ്‌നേഹതീരത്ത് നമ്മെ കാത്തിരിക്കുന്ന ദൈവമെന്ന പരമചൈതന്യത്തിന്റെ വാത്സല്യമടിത്തട്ടിലേക്ക് ഒഴുകിത്തുടങ്ങുന്ന പുഴയാണ് മരണം. അതേ മരണമെന്ന പുഴയിലൂടെ ആബാ പിതാവിന്റെ മടിത്തട്ടിലേക്ക് ഒഴുകുന്ന കളിവള്ളങ്ങളാണ് മനുഷ്യജീവിതം. മരണത്തിലേക്ക് മിഴിപൂട്ടുമ്പോള്‍ ഇനി അത് തുറക്കുന്നത് പറുദീസയിലാണെന്ന് ക്രിസ്തുവിനറിയാമായിരുന്നു. അതുകൊണ്ടാണ് ഒരു കുഞ്ഞുറങ്ങുന്ന ശാന്തതയോടെ കുരിശിന്റെ ഇതളുകളില്‍ കിടന്ന് അവന്‍ മരണത്തിലേയ്ക്ക് മിഴിയടച്ചത്.

ഫാ. ജോസഫ് പുളിമൂട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.