നോമ്പിലെ അമ്പത് മാലാഖമാർ 09: നന്ദിയുടെ മാലാഖമാർ

നോമ്പിലെ ഒമ്പതാം ദിനത്തിൽ നന്ദിയുടെ മാലാഖ നമ്മുടെ ജീവിതത്തിൽ പുതിയ മാതൃക നൽകാൻ ആഗ്രഹിക്കുന്നു. നന്ദി നിറഞ്ഞ ഹൃദയത്തോടെ എല്ലാം നോക്കിക്കാണാനും മാലാഖ ഇന്ന് പഠിപ്പിക്കുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ നന്ദിയോടെ മാത്രമേ നമുക്ക് ജീവിക്കാനാവൂ. കൃതജ്ഞതയാണ് നമ്മുടെ ഹൃദയത്തെ വിശാലവും സന്തോഷവും ഉള്ളതാക്കുന്നത്. ഓർമ്മയുള്ള മനസ്സിലാണ് നന്ദി ഉറവയെടുക്കുന്നത്. ബോധത്തോടെയും ശരിയായും എല്ലാ കാര്യങ്ങളും ഓർമ്മിച്ചെടുക്കുവാൻ നന്ദിയുടെ മാലാഖ നമ്മെ പഠിപ്പിക്കുന്നു.

കഴിഞ്ഞ കാലങ്ങളിൽ ദൈവവും മനുഷ്യനും പ്രകൃതിയും നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമ്മയിൽ നന്ദിയർപ്പണം ആരംഭിക്കുന്നു. അത് എന്നും തുടരേണ്ട ഒരു ക്രിസ്തീയ ചൈതന്യമാണ്. നന്ദി നിറഞ്ഞ ഹൃദയമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. നോമ്പുകാലം സുന്ദരമാകുന്നത് എന്റെ ദൈവത്തിനു മുമ്പിൽ, എന്റെ മാതാപിതാക്കൾക്കു മുമ്പിൽ, എന്റെ ഗുരുജനങ്ങൾക്കു മുമ്പിൽ, ഞാൻ കടപ്പെട്ടവർക്കു മുമ്പിൽ നന്ദിയോടെ ജീവിക്കുമ്പോഴാണ്. ആയതിനാൽ, സങ്കീർത്തകനെപ്പോലെ നമുക്കും പറയാം… ദൈവമേ, മൗനം പാലിക്കാതെ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. എന്റെ ദൈവമായ കർത്താവേ, ഞാൻ അങ്ങേയ്ക്ക് എന്നും നന്ദി പറയും.