നോമ്പിലെ അമ്പതു മാലാഖമാര്‍ 50: ഉയിര്‍പ്പിന്റെ മാലാഖ

തിരുനാളുകളുടെ തിരുനാള്‍ എന്നറിയപ്പെടുന്ന ഈശോമിശിഹായുടെ തിരുനാളില്‍ നമ്മുടെ വഴികാട്ടി ഉത്ഥിതസന്ദേശം പ്രഘോഷിക്കുന്ന മാലാഖയാണ്. തിന്മയുടെയും അസത്യത്തിന്റെയും അന്യായത്തിന്റെയും ജയം താല്‍ക്കാലികമാണെന്നും എല്ലാ സഹനങ്ങള്‍ക്കും വേദനകള്‍ക്കുമപ്പുറം പ്രതീക്ഷയുടെ പൊന്‍പുലരി ഉദിക്കുമെന്നും മാലാഖ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ലോകം, കൊറോണ എന്ന മഹാമാരിയെ അതിജീവിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ മരണത്തെ അതിജീവിച്ച ഈശോയെ കൂട്ടുപിടിക്കണമെന്ന് ഉയിര്‍പ്പിന്റെ മാലാഖ മുന്നറിയിപ്പ് നല്‍കുന്നു. ഉത്ഥിതവചനം ശ്രവിച്ചവര്‍ക്ക് മ്ലാനവദനമായ മുഖഭാവത്തോടുകൂടി സഞ്ചരിക്കുവാനും പ്രത്യാശയില്ലാത്ത ജീവിതം നയിക്കുവാനും കഴിയുകയില്ല. കാരണം, ജീവിതദുഃഖങ്ങളുടെ കാല്‍വരി യാതനകളില്‍ ദൈവാനുഗ്രഹത്തിന്റെ വസന്തകാലം വിരിയിക്കുന്നവനാണ് ഉയിര്‍ത്തെഴുന്നേറ്റ ഈശോ. എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ ഉത്ഥിതനോട് നമുക്കും പ്രാര്‍ത്ഥിക്കാം.. ഈശോയെ, ഞങ്ങളോടൊത്തു വസിച്ചാലും.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS