പാപ്പയുടെ നോമ്പ് സന്ദേശം 47 – നവ ജീവിതത്തിനുള്ള സമയം

വേഗം പോയി അവന്റെ ശിഷ്യന്മാരോട് അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലിലീലിയിലേയ്ക്ക് പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍ (മത്തായി: 28: 7)

ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു എന്ന സദ്വാര്‍ത്ത സഹജീവികളോട് പ്രഘോഷിക്കുക എന്നാതാണ് വചനം നമ്മോട് ആവശ്യപ്പെടുന്നത്. മരണമെന്നതോ ശവകുടീരമെന്നതോ അവസാന വാക്കല്ലെന്ന സൂചനയും അത് നല്‍കുന്നുണ്ട്. എന്നാല്‍  ജീവന്‍ എന്നത് അവസാന വാക്കാണ്. അത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ പരിശുദ്ധാരൂപിയില്‍ നിറഞ്ഞ്, ജീവന്റെ വില മനസിലാക്കി, നവീകരിക്കപ്പെട്ട ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. അങ്ങനെയായാല്‍ ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന ലോകത്തിന്റെ പ്രലോഭനങ്ങളോ ലോകത്തിന്റെ വികാരവിചാരങ്ങളോ നമ്മെ ബാധിക്കുകയില്ല.

മാത്രവുമല്ല, സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം നയിക്കാന്‍ നാം പ്രാപ്തരാവുകയും ചെയ്യും. അടിച്ചമര്‍ത്തലിന്റെ ലോകത്തില്‍ നിന്ന് മാറി, ശാന്തിയുടെയും സമാധാനത്തിന്റെയും വക്താക്കളാകാനും അത് സഹായിക്കും. നമ്മുടെ കഴിവിന് അപ്രാപ്യമായ, ഉത്ഥിതനായ ദൈവത്തിലുള്ള വിശ്വാസംകൊണ്ട് മാത്രം നേടാന്‍ സാധിക്കുന്ന കാര്യങ്ങളാണവ. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ യേശുക്രിസ്തു പ്രവര്‍ത്തനനിരതനാവുന്നതുകൊണ്ടും അവിടുന്ന് നിത്യം ജീവിക്കുന്നതുകൊണ്ടുമാണ് ഇവയെല്ലാം നമുക്കും സാധ്യമാവുന്നത്.

നമ്മുടെ കുറവുകളെ പരിഹരിച്ച്, ഓരോ ഹൃദയത്തിലും കടന്നുവന്ന്, പ്രത്യാശകൊണ്ട് അതിനെ നിറച്ചാണ് യേശുക്രിസ്തു അടിച്ചമര്‍ത്തപ്പെട്ടവരെയും സഹനത്തില്‍ കഴിയുന്നവരെയും ആശ്വസിപ്പിക്കുന്നത്. ഒന്നോര്‍ത്തുനോക്കാം…യേശു ജീവിക്കുന്നുവെന്നും പരിശുദ്ധാത്മാവിലൂടെ എന്നില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുവെന്നും എനിക്ക് ഏറ്റവും കൂടുതല്‍ ബോധ്യപ്പെട്ടിട്ടുള്ളത് എപ്പോഴാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.