ലത്തീൻ ആഗസ്റ്റ് 20 മത്തായി 19: 23-30 ലൗകിക നിസ്സംഗത

 “ധനികൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതു പോലെയാണ്” (വാക്യം 24).

അതിശയോക്തി പ്രയോഗങ്ങൾ (Hyperbole) ചില സന്ദേശങ്ങൾ നൽകുവാനായി ബൈബിൾ ഉപയോഗിച്ചിരിക്കുന്ന ഒരു സാഹിത്യശൈലിയാണ്. അപ്രകാരമുള്ള ഒരു പ്രയോഗമാണ്, ധനികൻ സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിന്റേത്. പാപഹേതുവാകുന്ന കണ്ണ് ചൂഴ്ന്നുകളയുക (മത്തായി 5:29), കണ്ണിലെ തടിക്കഷണം (മത്തായി 7:3-4) തുടങ്ങിയവയും ഉദാഹരങ്ങളാണ്.

ധനികന് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്‌കരമാണെന്ന് യേശു പ്രഖ്യാപിക്കുമ്പോൾ, സമ്പത്തിന്റെ അളവും വലിപ്പവുമാകണമെന്നില്ല പ്രതിബന്ധമാകുന്നത്. മറിച്ച്, അതിനോടുള്ള മനോഭാവമാകാം. സമ്പത്തുള്ളപ്പോഴും അതിനോട് ആത്മീയമായി നിസ്സംഗത (Detachment) പുലർത്താനും, ജീവിതശൈലിയിൽ ലാളിത്യവും  എളിമയും പുലർത്താനും, ഔദാര്യവും കരുതലും ഉള്ളവരായിരിക്കുവാനും ഒരാൾക്ക് സാധിക്കും. അതുപോലെ, ശാരീരികമായി വസ്‌തുവകകളുടെ കുറവ് അനുഭവിക്കുമ്പോഴും അത്യാഗ്രഹം, സ്വാർത്ഥത തുടങ്ങിയവ വ്യക്തികളെ ആത്മീയ – ധനികാവസ്ഥയിൽ നിലനിറുത്താം.

സമ്പത്തിന് ഈ ലോകത്തിൽ ഒരു മനുഷ്യന്റെ മനസ്സിൽ അബദ്ധമായ സുരക്ഷിതത്വബോധം സൃഷ്ടിക്കാൻ സാധിക്കുകയും അതുവഴി ദൈവത്തിൽ നിന്നും മനുഷ്യഹൃദയത്തെ അകറ്റുവാൻ സാധിക്കുമെന്നതിനാലും സമ്പത്തിനോടുള്ള വിരക്തിയുടെ മനോഭാവം സ്വർഗ്ഗരാജ്യ പ്രവേശനത്തിന് അത്യാവശ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ