പപ്പാ, മമ്മീ, പ്ലീസ്! വഴക്കിടല്ലേ, എന്റെ മനസ്സ് വേദനിക്കുന്നു

മിനു മഞ്ഞളി

ക്ലോക്കിലെ സമയം നാലു മണി. ക്ലാസ്സിലെ എല്ലാവരുടെയും മുഖത്ത് നല്ല സന്തോഷം വിടര്‍ന്നു. വീട്ടിലേയ്ക്ക് പോകാനുള്ള തിടുക്കത്തില്‍ എല്ലാവരും ക്ലാസ്സില്‍ നിന്നും ഇറങ്ങി ഓടി. എന്നാല്‍ അപ്പു മാത്രം വിഷാദത്തോടെ ബുക്കുകള്‍ എല്ലാം അടക്കി ബാഗിലേക്ക് എടുത്ത് വച്ചു. പതുക്കെ സ്കൂള്‍ ഗ്രൗണ്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങി. ഗേറ്റിനു അടുത്തെത്തിയപ്പോള്‍ റപ്പായി ചേട്ടന്‍ നില്‍ക്കുന്നു. സ്കൂളിലെ വാച്ച്മാനാണ്. റപ്പായി ചേട്ടനോട് അവന്‍ ചോദിച്ചു: “ഞാന്‍ ഇന്ന് ഇവിടെ നിന്നോട്ടെ. ഗ്രൗണ്ടില്‍ പോയി കളിച്ചോളം. എനിക്ക് വീട്ടില്‍ പോകാന്‍ പേടിയാണ്.”

കളിച്ചു നടക്കേണ്ട പ്രായത്തില്‍ അപ്പു എന്തുകൊണ്ടാകാം ഇങ്ങനെ സംസാരിച്ചത്? പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞത്‌ കൊണ്ടോ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലെ നെഗറ്റിവ് റിമാര്‍ക്സ് കൊണ്ടോ അല്ല. മറിച്ച് നേരില്‍ കണ്ടാല്‍ കലഹിക്കുന്ന അപ്പനും അമ്മയുമാണ് ആ പിഞ്ചു മനസ്സിലെ ഭയത്തിന്റെ കാരണം. വീട്ടില്‍ പോകാന്‍ പോലും മടി കാണിക്കുന്നതും അത് കൊണ്ട് തന്നെ. കൊച്ചു നാള്‍ മുതല്‍ പുഞ്ചിരി തൂകി വാരിപ്പുണര്‍ന്ന അമ്മയുടെ സ്നേഹവും അപ്പച്ചന്റെ ലാളനയും ഇന്ന് പലര്‍ക്കും നഷ്ടമായി. പരസ്പരം പല കാരണങ്ങള്‍കൊണ്ടും വഴക്കിടുന്ന വീട് മിക്ക കുട്ടികള്‍ക്കും ഇന്നൊരു പേടി സ്വപ്നമായി മാറിയിരിക്കുന്നു.

നിസ്സാര കാരണങ്ങള്‍ക്ക് വേണ്ടി മക്കള്‍ക്ക്‌ മുന്‍പില്‍ പോലും വഴക്കിടുന്ന മാതാപിതാക്കളായ നാം അറിയുന്നുണ്ടോ നമ്മുടെ കുഞ്ഞുമക്കളുടെ മനസ്സ് പിടഞ്ഞു കരയുന്നത്. അത് മൂലം മനസ്സും ശരീരവും തളര്‍ന്ന് പഠനത്തില്‍ പരാജയവും ജീവിതത്തില്‍ തോല്‍വിയും അവര്‍ ഏറ്റു വാങ്ങേണ്ടി വരുന്നത്.

നമ്മുടെ കുഞ്ഞുമക്കളുടെ മുന്‍പില്‍ വച്ച് വീട്ടില്‍ നടക്കുന്ന വഴക്കുകള്‍ അവരെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് നോക്കാം.

1. കുഞ്ഞുങ്ങളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നു

-> ദിവസംതോറും വഴക്ക് കൂടുന്ന മാതാപിതാക്കളും വീട്ടിലെ അന്തരീക്ഷവും കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെയും ആരോഗ്യത്തേയും വളരെ വലിയ തോതില്‍ ബാധിക്കുകയും അവരെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു.

-> ആകുലത, വിഷാദം, സ്വയം ചെറുതായി കാണുന്ന ചിന്താഗതി, ഉള്ളിലേക്ക് വലിയുന്ന പ്രകൃതി, ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നോക്കം പോകല്‍, ഭയം, എല്ലാറ്റിനോടും വെറുപ്പ്, എതിര്‍ക്കാനുള്ള പ്രവണത, മുതിര്‍ന്നവരോട് ബഹുമാനക്കുറവ് എന്ന് തുടങ്ങി അനവധി പ്രശ്നങ്ങള്‍ കുട്ടികളില്‍ ഇതുമൂലം സംഭവിക്കാം.

2. ആരുടെ പക്ഷം ചേരണമെന്നറിയാതെ  പിഞ്ചുമനസുകള്‍ വേദനിക്കുന്നു

-> നിങ്ങള്‍ മക്കള്‍ക്ക്‌ മുന്‍പില്‍ വഴക്കിടുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് ആരുടെ ഭാഗം ചേരുമെന്നുള്ളത്.

-> ജനിച്ച നാള്‍ മുതല്‍ അപ്പനെയും അമ്മയെയും കണ്ടിരുന്നത്‌ ഒരു പോലെയായിരുന്നു. രണ്ടു പേരെയും ഒരു പോലെ സ്നേഹിക്കുവാനാണ് അവര്‍ക്കിഷ്ടവും. എന്നാല്‍ തങ്ങള്‍ക്കു മുന്‍പില്‍ വച്ചു വഴക്കിടുന്ന അവരെ വേര്‍തിരിച്ചു കാണേണ്ട അവസ്ഥയിലേക്ക് മക്കളെ നാം കൊണ്ടുചെന്നെത്തിക്കുന്നു. അത് മൂലം ആരുടെ ഭാഗത്താണ് നില്‍ക്കേണ്ടത് എന്ന് അറിയാതെ ആ കുഞ്ഞുമനസ്സുകള്‍ വേദനിക്കുന്നു. ബാല്യം മറാത്ത ആ മനസ്സുകള്‍ തെറ്റേത് ശരിയേത് എന്നറിയാതെ ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നു.

-> ഈ അവസ്ഥയില്‍ ഒരാളുടെ പക്ഷം ചേരുന്ന മക്കള്‍ മറ്റേയാളുടെ മനസ്സ് വേദനിപ്പിക്കേണ്ടിവരുന്നത് ഓര്‍ത്ത് ദുഖിക്കുകയും ചെയ്യുന്നു.

-> മക്കളില്‍ ഇത് മാനസിക സംഘര്‍ഷം ഉളവാക്കുകയും എല്ലാവരോടും വെറുപ്പ്‌ ജനിപ്പിക്കുകയും ചെയ്യുന്നു.

3. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ജീവിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകുന്നു 

-> നമ്മുടെ കുഞ്ഞുമക്കള്‍ക്ക് വീടാണ് ഏറ്റവും വലിയ സുരക്ഷിതമായതും സന്തോഷം പകരുന്നതുമായ സ്ഥലം. എന്നാല്‍ ദിവസേനെയുള്ള മാതാപിതാക്കളുടെ കലഹങ്ങള്‍ മക്കള്‍ക്ക്‌ ആ സുരക്ഷിതവലയം നഷ്ടപ്പെടുത്തുന്നു. മാത്രമല്ല അവര്‍ക്ക് വീട്ടില്‍ നിന്ന് ലഭിച്ചിരുന്ന സന്തോഷവും സമാധാനവും ഇല്ലാതാകുന്നു.

-> ഉച്ചത്തിലും ദേഷ്യത്തിലും ഉള്ള അപ്പന്റെയും അമ്മയുടെയും സംസാരം മക്കളില്‍ ആകുലത ജനിപ്പിക്കുകയും, അതുവരെ ആശ്വാസം ഏകിയ വീടും സാഹചര്യവും അവര്‍ക്ക് വേദന നല്‍കുന്ന സ്ഥലം ആയി മാറുകയും ചെയ്യുന്നു.

-> തുടര്‍ച്ചയായുള്ള മാതാപിതാക്കളുടെ വഴക്കുകള്‍ അവരെ തമ്മില്‍ അകറ്റുമോ എന്ന ഭയവും മക്കളില്‍ ഉളവാക്കുന്നു. അപ്പച്ചനെയും അമ്മയെയും നഷ്ടമാകുമോ എന്ന  ആധിയും അവരുടെ മനസ്സില്‍ വളര്‍ന്നു വരുന്നു.

4. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന് വിള്ളലേല്‍ക്കുന്നു

-> വീട്ടിലെ തര്‍ക്കിക്കുന്ന അന്തരീക്ഷം മക്കളില്‍ ജനിപ്പിക്കുന്ന ഭയം മൂലം അവര്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്ന വിശേഷങ്ങളും കുറയുന്നു.

-> നിങ്ങളുടെ മക്കള്‍ക്ക്‌ ഏറ്റവും വലിയ മാതൃക ആയിരുന്ന കുട്ടികള്‍ക്ക് മുന്‍പില്‍ വഴക്കിടുമ്പോള്‍ അവരുടെ മനസ്സില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെ അത് സാരമായി ബാധിക്കുന്നു.

-> ആശ്വാസമായിരുന്ന മാതാപിതാക്കളുടെ സാമിപ്യം കുട്ടികള്‍ക്ക് വേദന ഉളവാക്കുകയും ക്രമേണ അവരെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

-> വാക്ക് തര്‍ക്കം  മാതാപിതാക്കള്‍ തമ്മിലുള്ള കയ്യേറ്റത്തില്‍ കലാശിക്കുമോ  എന്നോര്‍ത്തുള്ള ഭയം കുട്ടികളില്‍ എപ്പോഴും നിലനില്‍ക്കുന്നു. അതേ പെരുമാറ്റം തങ്ങളോടും മാതാപിതാക്കള്‍ സ്വീകരിക്കുമോ എന്നോര്‍ത്തുള്ള ആകുലത മൂലം പല പ്രധാനപെട്ട കാര്യങ്ങളും മക്കള്‍ നമ്മോടു ഒളിച്ചു വയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഓരോ ചെറിയ കാര്യത്തിന് പോലും കടിച്ചു കീറുന്ന സ്വഭാവം പുലര്‍ത്തുന്ന അപ്പനോടും അമ്മയോടും കുട്ടികള്‍ ഒന്നും സത്യസന്ധമായി പറയില്ല.

മക്കള്‍ക്ക്‌ മുന്‍പില്‍ തര്‍ക്കത്തിലേക്കു നയിക്കപ്പെടുന്ന സാഹചര്യങ്ങളെ എങ്ങനെ ആരോഗ്യപരമായി നേരിടാം?

തുടരും

മിനു മഞ്ഞളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.