വെള്ളം വറ്റാത്ത കുട്ടനാടും… നന്മ വറ്റാത്ത കുട്ടനാട്ടുകാരും…

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ഫാ. സെബാസ്റ്റ്യൻ ജോൺ

ചിലയിടങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്, നമുക്ക് വളരെ പ്രിയപ്പെട്ടതാകുന്നത് പൊടുന്നനെയാണ്. അങ്ങനെയൊന്നായി മാറി ഇപ്പോൾ കുട്ടനാടും. എത്രയോ തവണ ആലപ്പുഴ സന്ദർശിച്ചിരിക്കുന്നു. ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴ, സഞ്ചാരികളുടെ മനം മയക്കുന്ന, പ്രകൃതിസൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ആലപ്പുഴ, പക്ഷേ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിയ രണ്ടു യാത്രകളിലും കണ്ടത് വ്യത്യസ്തമായ ആലപ്പുഴയുടെ മറ്റൊരു മുഖമാണ്.

സുന്ദരിയായ ആലപ്പുഴയെക്കാൾ സൗന്ദര്യം ഉള്ള മനുഷ്യരെയാണ്.
ഉള്ളിലെ നൻമ കെടാതെ സൂക്ഷിക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യരെയാണ്. ക്യാമ്പിൽ ഭക്ഷണപ്പൊതിയുമായി കടന്നുചെന്ന് ഞങ്ങളോട് ഉച്ച സമയമാണല്ലോ നിങ്ങൾ വല്ലതും കഴിച്ചോ? വാ, ഞങ്ങൾക്കുള്ളതിൽ ഒരു വറ്റ് നിങ്ങൾക്കും തരാമെന്ന് പറഞ്ഞു ഞങ്ങളെ സ്നേഹത്തോടെ ക്ഷണിച്ച സഹോദരിമാരും.

കുപ്പിവെള്ളം കൊടുത്തപ്പോൾ ഞങ്ങൾക്കിവിടെ അത്യാവശ്യത്തിനുണ്ട് ഉൾഭാഗത്ത് കുടി വെള്ളം പോലും കിട്ടാത്ത അനേകരുണ്ട് അവർക്ക് നിങ്ങൾ കൊടുക്കൂ എന്ന് പറഞ്ഞു ഇല്ലായ്മയിലും ഒപ്പമുള്ളവനെ മറക്കാതെ ഇരിക്കാൻ ഞങ്ങളെ പഠിപ്പിച്ചവരും.

നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ഞങ്ങളും നിങ്ങൾക്കായി പ്രാർത്ഥിക്കാം എന്നു പറഞ്ഞു ദുരിതങ്ങളുടെ വേദനകൾ ഒന്നും പുറമെ കാണിക്കാതെ പുഞ്ചിരിയോടെ യാത്രയാക്കിയവരും.

‘തലക്കുമീതെ പൊങ്ങിക്കിടക്കുന്ന വെള്ളത്തിലും’ അതെല്ലാം മറന്നു അതിലും വലിയ ആവേശമായി അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ഞങ്ങൾക്കു പകർന്നു വള്ളംകളിയിൽ സന്തോഷം കണ്ടെത്തുന്നവരും.

വീടും പരിസരവും ചുറ്റുപാടുകളും മുഴുവൻ വെള്ളത്തിൽ മുങ്ങികിടക്കുന്നതിലുമേറെ വിഷമത്തോടെ, ദാ കണ്ടോ ഞങ്ങളുടെ പള്ളിമുഴുവൻ വെള്ളത്തിലാ, അഞ്ച് ആഴ്ചയായി അച്ചാ ഇടവക പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചിട്ട്. പ്രതിസന്ധിയിലും ദൈവത്തെ മറക്കാതെ വിശ്വാസം ഉറപ്പോടെ പ്രഘോഷിക്കുന്നവരും. (മട വീണു ആഴ്ചകൾക്കു മുമ്പേ അറുന്നൂറ്റിപാടത്തു വെള്ളം കയറിയതാണ്)

ഇതിലെല്ലാം ഉപരിയായി ഒരിക്കലും മറക്കാൻ പറ്റാതെ ഉള്ളിൽ പതിഞ്ഞത് യുവത്വത്തിന്റെ മുഴുവൻ പ്രസരിപ്പോടെയും ഊർജസ്വലതയോടെയും അനേകർക്ക്‌ നന്മചെയ്യാൻ പരിശ്രമിക്കുന്ന ജോമോനെയാണ്. തന്റെ വീടും ചുറ്റുപാടുകളും എല്ലാം വെള്ളത്തിൽ മുങ്ങി കിടന്നിട്ടും അതിനെയൊക്കെ മാറ്റിവച്ചു അനേകരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന അറുനൂറ്റിപ്പാടം ഇടവകയുടെ യുവദീപ്തി പ്രസിഡന്റ് ജോമോൻ.

ഓരോ ക്യാമ്പിൽ ചെല്ലുമ്പോളും ക്യാമ്പിൽ ഉള്ള കുടുംബത്തിന്റെ എണ്ണം അനുസരിച്ചു അവർക്കുള്ള ഭക്ഷ്യകിറ്റുകൾ കൃത്യമായി ജോമോൻ എടുത്തു നൽകുന്നതു കണ്ടപ്പോൾ അതിശയത്തോടെ ചോദിച്ചു, ‘നീ ഇതെല്ലാം എങ്ങനെ കാണാതെ പഠിച്ചു?’ നല്ല ഒരു പുഞ്ചിരിയോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു . വെള്ളം പൊങ്ങിയത് മുതൽ ഇത് തന്നെയാണ് എന്നും ചെയ്യുന്നത്.

എല്ലാം എനിക്കും എന്റെ പ്രിയപെട്ടവർക്കും മാത്രമുള്ളതാണ് എന്ന് ചിന്തിച്ചു സർവ്വതും വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന നമ്മൾ, കിട്ടുന്നത് മുഴുവൻ അനേകർക്ക്‌ പങ്കു വെക്കാൻ പരിശ്രമിക്കുന്ന ഇത് പോലെയുള്ള കുഞ്ഞുമക്കളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

തന്റെ രണ്ട് ചെറിയ ഇടവകയിലെയും വിശ്വാസ സമൂഹത്തെ ഒരുമിപ്പിച്ചു നിർത്തി തങ്ങൾക്ക് ലഭിക്കുന്നത് മുഴുവൻ ഒപ്പമുള്ളവർക്കു വേണ്ടിയുള്ളതാണെന്നും അത് പങ്കുവെക്കാൻ കൂടിയാണെന്നും പഠിപ്പിക്കുന്ന നന്മയുള്ള യുവ വൈദീകൻ മാർട്ടിൻ അച്ചന്റെ പ്രവർത്തനങ്ങളെ ശ്ളാഘിക്കുന്നു. ഈ ദിവസങ്ങളിൽ സഹായം ആവശ്യമുള്ളവർക്കെല്ലാം അത് എത്തിച്ചു കൊടുക്കാൻ ഇടതടവില്ലാതെ ഇടവകയിലെ യുവജനങ്ങളെയും കൂട്ടി യാത്രചെയ്ത്, അതിനായി ചെറുപ്പക്കാരെ മുമ്പിൽ നിർത്തി അവരെ വളർത്തുന്ന ഈ വൈദീകൻ, അനേകർക്ക്‌ നന്മ ചെയ്തു ചുറ്റിസഞ്ചരിച്ച നസ്രായനായ തച്ചന്റെ ഒരു ചെറുപതിപ്പായി ഈ കുഞ്ഞൻദ്വീപിടങ്ങളിൽ മാറുന്നതും കാണുവാനിടയായി.

ഇരുന്നൂറിലധികം ഭക്ഷണപ്പൊതികളുമായാണ് ആദ്യം ഞങ്ങൾ കുട്ടനാട്ടിലേക്ക് പോയത്. ആ യാത്രയിൽ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവും, അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് പിതാവും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

പുളിങ്കുന്നും അമിച്ചകരിയും ചമ്പക്കുളവും കൈനകരിയും കുട്ടമംഗലവുമെല്ലാം സന്ദർശിച്ചു ഏറ്റവുമൊടുവിലായി അറുനൂറ്റി പാടത്തു ചെന്നപ്പോഴേക്കും കൈയിലുള്ളത് മുഴുവൻ തീർന്നു പോയ വിഷമത്തിലായിരുന്നു ഞങ്ങൾ. അതിനാൽ വള്ളംകളി നടക്കുന്നതിനു തൊട്ടു മുമ്പുള്ള കരക്കാർക്കുള്ള സദ്യയുടെ ചെലവ് വഹിച്ചുകൊള്ളാമെന്ന് ഐറേനിയോസ് പിതാവ് പറഞ്ഞതിനൊപ്പം വീണ്ടും ഇവിടേക്ക് ഞങ്ങൾ വരുമെന്നും വാക്ക് നൽകി.

കുട്ടനാട്ടിലേക്കു വീണ്ടും സഹായവുമായി ചെല്ലണമെന്നും നമ്മുടെ പിന്തുണ ആവശ്യമുള്ള ഒരു ജനസമൂഹമാണ് അവിടെ ഉള്ളതെന്നും പിതാക്കന്മാർ ഞങ്ങളെ ഓർമ്മിപ്പിച്ചു. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകളിലൂടെ മാത്രം 500 ൽ അധികം കിറ്റുകൾ തയ്യാറാക്കാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി ലഭിച്ചു, അതുമായി വീണ്ടുമൊരു യാത്ര.

ഇക്കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കുട്ടനാട് പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പത്തനംതിട്ട ഭദ്രാസന സാമൂഹ്യക്ഷേമ വിഭാഗമായ അനുഗ്രഹ സോഷ്യൽ സർവ്വീസ് സൊസൈറ്റിയേയും അതിന് നേതൃത്വം നൽകുന്ന ബിനോയി പുതുപറമ്പിൽ അച്ചനെയും ഇതിൽ പങ്കാളികളായ വ്യക്തികളെയും സ്ഥാപനങ്ങളെയും പള്ളികളെയും സഹകരിച്ച MCYM MCA, മാതൃവേദി, സൺ‌ഡേ സ്കൂൾ, വിൻസെന്റ് ഡി പോൾ പ്രവർത്തകരെയും അനുമോദിക്കുന്നു.

ഈ വരുന്ന ദിവസങ്ങളിൽ കുട്ടനാടിന്റെ മറ്റു ചില പ്രദേശങ്ങളിലേക്ക് വീണ്ടും സഹായമെത്തിക്കാൻ ‘അനുഗ്രഹ’ ആഗ്രഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷിക്കുന്നു.

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.