കുട്ടനാട്ടില്‍ അടിയന്തിരമായി ചെയ്യേണ്ടത് 

കേരനിരകളും പാകമെത്തിയ പുഞ്ചപ്പാടങ്ങളും ഓളം തല്ലുന്ന കായലുകളും കെട്ടുവള്ളവും ജീവന്‍ തുടിക്കുന്ന കായല്‍ വിഭവങ്ങളുമൊക്കെ തന്നെയാണ് കേരളം എന്ന പദം ഓരോ മനുഷ്യന്‍റെയും മനസില്‍ വിരിയിക്കുന്നത്. ഇതെല്ലാം ഒത്തുചേരുന്ന ഇടം, ഒരുപക്ഷേ, കോട്ടയവും ആലപ്പുഴയും ചേരുന്ന കുട്ടനാടിന് മാത്രം അവകാശപ്പെട്ടതാണ്.

ഗ്രാമത്തിന്റെ വിശുദ്ധിയും നൈര്‍മല്യവും ഒക്കെ ഒത്തിണങ്ങുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായും, സാംസ്കാരികമായും ഒക്കെ ഏറെ പ്രത്യേകതകള്‍ ഉള്ള സ്ഥലമാണ്‌. പ്രത്യേകതകള്‍ക്കുമപ്പുറം, കേരളം ഏറെ പ്രാധാന്യം നല്‍കേണ്ട ഒരു ഭൂപ്രദേശം കൂടിയാണിത്‌. മലയാളിക്ക് മാറ്റി നിര്‍ത്താന്‍ കഴിയാത്ത പ്രധാനപ്പെട്ട ഭക്ഷ്യ – സ്രോതസ് ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിന്റെ നെല്ലറ.

സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന പ്രദേശമായിരുന്നിട്ടും, വലിയ തോതില്‍ കൃഷി ചെയ്യുന്ന അപൂര്‍വ്വം ചിലതില്‍ ഒന്ന് കൂടിയാണ് കുട്ടനാട്.

കൃഷിയും മത്സ്യബന്ധനവും മുഖ്യ തൊഴിലായ ഇവിടുത്തെ ജനതയുടെ ജീവിതം തന്നെ മഴയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ വര്‍ധിച്ച അളവില്‍ മഴ ഉണ്ടാകുന്നത് എക്കാലത്തെയും ഇവരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇപ്പോള്‍ കുട്ടനാട്ടില്‍ സംജാതമായിരിക്കുന്ന പ്രതിസന്ധി രണ്ടു ദശകങ്ങള്‍ മുമ്പ് അവര്‍ നേരിട്ടതിലും രൂക്ഷമായ ഒന്നാണ്.

മാറി – മാറി വരുന്ന സര്‍ക്കാരുകളും വിഫലമായ പഠന റിപ്പോര്‍ട്ടുകളും ഒന്നും തന്നെ ഇക്കാലമത്രെയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല. പലപ്പോഴും വലിയ നഷ്ടത്തില്‍ കൃഷി ചെയ്യേണ്ടി വരുന്ന ഇവിടുത്തെ കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും വിളകളാണ് കേരളീയരുടെ താലത്തില്‍ ദിവസേന നിറയുന്നത്.

എം. എസ്. സ്വാമിനാഥന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം സ്പെഷ്യല്‍ അഗ്രിക്കള്‍ച്ചറല്‍ സോണ്‍ ( Special Agricultural Zone – SAZ) ആയി പരാമര്‍ശിക്കപ്പെട്ട പ്രദേശമാണെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്നും ലഭിച്ചിട്ടില്ല. കമ്മീഷന്റെ നിര്‍ദേശ പ്രകാരം കല്‍തിട്ടകള്‍ നിര്‍മ്മിച്ചെങ്കിലും, ഈ ദിവസങ്ങളില്‍ വന്ന കാലവര്‍ഷത്തെ തടുക്കാന്‍ അതിനായില്ല.

ചമ്പക്കുളം, കണ്ടംങ്കരി സെന്റ്‌ ജോസഫ്‌ പള്ളിയിലെ വൈദികനായ ഫാദര്‍ രാജീവ്‌ ജോസഫിന്റെ സഹായത്തോടെ ലൈഫ് ഡേ (lifeday.online) നടത്തിയ മഴകെടുതി പഠനത്തില്‍ മനസിലാക്കിയ പ്രശ്നങ്ങളും, പരിഹാരത്തിനായുള്ള നിര്‍ദേശങ്ങളുമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

പ്രശ്നങ്ങളും നിര്‍ദേശങ്ങളും

  1. മതിയായ ഭക്ഷണത്തിന്റെ അഭാവം

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍, ജലനിരപ്പ് ഭീതികരമായ വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. വീടുകളില്‍ അപകടമാം വിധം വെള്ളം കയറിയിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ ജല നിരപ്പ് കുറവായിരുന്നതിനാല്‍, വീടുകളില്‍ അത്യാവശ്യ സാധനങ്ങള്‍ ലഭിച്ചാല്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ പതിയെ ജലനിരപ്പ്‌ കൂടിയപ്പോള്‍ വീടുകളില്‍ പുകുതിയിലധികം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഭക്ഷണം പാകം ചെയ്യാനും കഴിയാതായി. മഴയ്ക്ക് ശമനം ഇല്ലാഞ്ഞതിനാല്‍, സാധനങ്ങള്‍ വാങ്ങിക്കാനും കഴിയതെയായ.  സഹായം ചെയ്യുന്നവരുടെ പക്കല്‍ ഇതിന്റെ തോത് കുറഞ്ഞും വന്നു. ഒറ്റപ്പെട്ട കഴിയുന്നവരുടെ അവസ്ഥ അതിലും കഷ്ടമാണ്.

 നിര്‍ദേശങ്ങള്‍  

  • പഞ്ചായത്തിലെ ഓരോ വാര്‍ഡ്‌ അടിസ്ഥാനത്തിലും, ബുദ്ധിമുട്ട് നേരിടുന്ന വ്യക്തികളുടെ കണക്ക് തയ്യാറാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
  • സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക.
  • ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ പാകം ചെയ്ത ഭക്ഷണം എത്തിക്കുക.

സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് എത്തിക്കാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കളുടെ തോതില്‍ ഒരു പരിധി ഉണ്ട്. അതുകൊണ്ട് തന്നെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ റേഷന്‍ കണക്കിന് എങ്കിലും ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം.

  1.  ടോയ്ലെറ്റ്  സൗകര്യങ്ങളുടെ അഭാവം

പെയ്തൊഴിയാത്ത കാലവര്‍ഷം കുട്ടനാടിനു സമ്മാനിച്ച ഏറ്റവും വലിയ ദുരിതമാണ്, ഈ പ്രതിസന്ധിയില്‍ ശൌചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തത. വീട്ടില്‍ വള്ളം ഓടിക്കാവുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ശുചിമുറികളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. ഭക്ഷണം കഴിക്കുന്നത് പോലെ മനുഷ്യന് ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ് വിസര്‍ജ്ജനം നടത്തുക എന്നത്. വീട്ടില്‍ അതിനുള്ള സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ചെറു വള്ളങ്ങളില്‍ അകലെ പ്രദേശങ്ങളില്‍ ഒക്കെ പോയി വെള്ളത്തില്‍ തന്നെ വിസര്‍ജ്ജനം നടത്തേണ്ട അവസ്ഥയിലാണ്.

നിര്‍ദേശങ്ങള്‍

  • ആദ്യമായി ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ശുചിമുറികള്‍ക്കായുള്ള ആശയങ്ങള്‍ സംസ്ഥാന നേതൃത്വത്തില്‍ രൂപപ്പെടുത്തണം. കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നുമെങ്കിലും, എല്ലാ മഴക്കാലവും  അവിടുത്തെ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണിത്.
  • ഇപ്പോള്‍ ചെയ്യാവുന്നത്, ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ്.
  1. ശുദ്ധജലത്തിന്റെ അഭാവം

“വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാന്‍ ഇല്ലത്ര!” എന്ന് സാമുവല്‍ ടെയ്ലര്‍ കോളറിഡ്ജ് കുറിച്ചത് പോലെയാണ് കുട്ടനാടിന്റെ ഇപ്പോഴത്തെ അവസ്ഥ. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഇപ്പോള്‍ ജല നിരപ്പ് ഉയര്‍ന്നതോട് കൂടി ശുദ്ധ ജലം ലഭിക്കതെയായി.

നിര്‍ദേശം

  • സര്‍ക്കാര്‍ നേതൃത്വത്തില്‍, വാട്ടര്‍ അധോരിറ്റിയുടെ സഹകരണത്തോടെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ആവശ്യമായ ശുദ്ധ ജലം, ബാധിത പ്രദേശങ്ങളില്‍ എത്തിക്കുക.
  • പ്രതിസന്ധി നിലനില്‍ക്കുന്ന അത്രയും ദിവസങ്ങള്‍ ഈ സേവനം ഉറപ്പു വരുത്തുക.
  1. വൈദ്യസഹായത്തിന്റെ അഭാവം

മധ്യ കേരളത്തില്‍ മഴ രൂക്ഷമായതോട് കൂടി വെള്ളക്കെട്ടുകളില്‍ അപകടങ്ങളില്‍പെട്ട ജീവന്‍ നഷ്ട്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പലപ്പോഴും ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കാന്‍ പോലും കഴിയാറില്ല. ഇതിനു പുറമേ, മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന  മഴ വെള്ളത്തില്‍ പലപ്പോഴും വിഷമുള്ള പാമ്പുകളും എത്തുന്നുണ്ട്.

 നിര്‍ദേശം

  • അത്യാഹിതങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട വൈദ്യ സഹായം നല്‍കാന്‍‍ കഴിയുന്ന ചെറിയ‘മൊബൈല്‍ എമര്‍ജന്‍സി യൂണിറ്റുകള്‍’ തുടങ്ങുക.
  •  ആരോഗ്യ മിഷന്റെ നേതൃത്വത്തില്‍, ജല നിരപ്പ് കുറഞ്ഞ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബോട്ടുകളില്‍ ഈ‘മൊബൈല്‍ എമര്‍ജന്‍സി യൂണിറ്റുകള്‍’- ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.
  • ഇവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ എത്താനുള്ള മോട്ടര്‍ ബോട്ടുകള്‍ ലഭ്യമാക്കുക.
  • ഒരു വാര്‍ഡിനു ഒരു ബോട്ട് എന്ന നിലയ്ക്ക്, ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ അത് ഉപയോഗപ്പെടുത്താം.
  1. വൈദ്യുതി സംബന്ധമായ ആശങ്ക   

ജല നിരപ്പ് കൂടിയതോടെ കുട്ടനാടന്‍ മേഖലയില്‍ ഏറെ ആശങ്കയുണര്‍ത്തുന്ന പ്രശ്നമാണ് വൈദ്യുതി ഉപയോഗവും, അതുമായി ബന്ധപ്പെട്ട സംശയങ്ങളും. ഈ മേഖലയില്‍ വൈദ്യുതി പൂര്‍ണമായും വിച്ഛെദിച്ചിട്ടില്ലാത്തതിനാല്‍ ആളുകള്‍ ഏറെ ഭീതിയിലാണ്. വയോജനങ്ങളും ഒറ്റപെട്ട് താമസിക്കുന്ന വ്യക്തികളും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാര്‍ അല്ല.

നിര്‍ദേശങ്ങള്‍

  • വൈദ്യുതി ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വേണ്ട ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിക്കാം.
  • ചെറിയ ബോട്ടുകളില്‍ എത്തി ഇത്തരം വിവരങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാനും ആളുകളെ കൂടുതല്‍ സൂക്ഷ്മതയോടെ ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാനും പ്രാപ്തമാക്കാന്‍ കഴിയും.
  • ആശയ വിനിമയ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തിപെടുത്താന്‍ വേണ്ട നടപടികള്‍ കൈ കൊള്ളണം.
  1. വരാന്‍ പോകുന്ന പകര്‍ച്ച വ്യാധികളും മാലിന്യവും

വെള്ളം ഇറങ്ങുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ആദ്യത്തെ വെല്ലുവിളി, പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ജലജന്യരോഗങ്ങളെ എങ്ങനെ നേരിടും എന്നതാണ്. വെള്ളം വലിയുമ്പോള്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യേണ്ടതായ ആവശ്യവും ഉയരും. വൃത്തി ഹീനമായ ചുറ്റുപാടുകള്‍ ഒരുപാട് രോഗങ്ങള്‍ക്ക് കാരണമാവും.

നിര്‍ദേശം

  • പകര്‍ച്ചവ്യാധികള്‍ ഉണ്ടായാല്‍ അതിനെ കൃത്യമായി മോണിറ്റര്‍ ചെയ്ത്, വേണ്ട വൈദ്യസഹായവും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലും  ലഭ്യമാക്കണം.
  • ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നല്‍കാനും ഉള്ള നടപടികളും സ്വീകരിക്കണം. 
  1. വളര്‍ത്തു മൃഗങ്ങള്‍

മഴക്കെടുതി ഒരുപക്ഷേ ഏറെ ദയനീയമായി ബാധിച്ചത് മൃഗങ്ങളെയാണ്. സ്വന്തം നിലനില്‍പ്പ്‌ തന്നെ അസാധ്യമായ സാഹചര്യത്തില്‍ അവരെക്കുറിച്ച് ബോധാവന്മാരാകുന്ന മനുഷ്യര്‍ നന്നെ കുറവാണ്. ഇവയില്‍ കന്നുകാലികളുടെ അവസ്ഥയാണ് ഏറെ ക്ലേശകരമായത്. അവയ്ക്ക് ഭക്ഷണമോ താമസിക്കാന്‍ ഇടമോ ഇല്ലാതെയായി. ഏതാനും മൃഗങ്ങള്‍ ജീവനറ്റ് വെള്ളത്തിലൂടെ ഒഴുകി നടപ്പുമുണ്ട്.

നിര്‍ദേശം

  • കന്നുകാലികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നത്രയെങ്കിലും വൈക്കൊല്‍ പോലെയുള്ളവ എത്തിച്ചു നല്‍കണം.
  • ഒറ്റപ്പെട്ടു പോയ വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം.

മികച്ച ഒരു ദുരന്ത നിവാരണ സംരംഭം കെട്ടിപ്പടുക്കുക എന്നത് തന്നെയാണ് ഏറ്റവും അനിവാര്യമായ കാര്യം. ആളുകളുടെ വിശ്വസ്ത നേടിയെടുക്കുകയാണ് അടുത്ത പടി. ഇത് സാധ്യമായാല്‍ മികച്ച രീതിയില്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ കഴിയും.

ഈ വര്‍ഷം ഉണ്ടായത് ഒരുപക്ഷേ ഒരു സൂചനയായി കൈക്കൊള്ളേണ്ട ഒന്നാണ്. വരാനിരിക്കുന്ന വലിയ വിപത്തുകളെ മുന്‍കൂട്ടി അറിഞ്ഞു, ഗൌരവത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള ഒരു സൂചന.

കുട്ടനാട്ടില്‍ ജനിച്ചവര്‍ക്കും ജീവിക്കുന്നവര്‍ക്കും ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടാതെ മറ്റനേകം പ്രശ്നങ്ങളും പരിഹാരങ്ങളും നിര്‍ദ്ദേശിക്കാന്‍ ഉണ്ടാകാം. അക്കാര്യങ്ങളും ഇതിനോട് കൂട്ടിച്ചെര്‍ക്കാം.

തയാറാക്കിയത്: ശില്പ രാജന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.