പ്രളയക്കെടുതി: തുടർ പുനരധിവാസ പ്രവർത്തനങ്ങളുമായി കോട്ടയം അതിരൂപത 

കോട്ടയം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് രൂപതയിലെ എല്ലാ സ്ഥാപനങ്ങളും ഇടവകകളോട് ചേർന്നുള്ള സൗകര്യങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുറന്നു നൽകണമെന്ന് നിർദ്ദേശം നൽകിയതനുസരിച്ച് കോട്ടയം അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങളും ഇടവകകളും സംഘടനകളും സാമൂഹ്യ സേവന വിഭാഗങ്ങളും സമർപ്പിത സമൂഹങ്ങളും മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് പ്രളയത്തിലകപ്പെട്ട ആളുകളെ രക്ഷപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നതിനും താമസസൗകര്യമൊരുക്കുന്നതിനും  ഭക്ഷണമുൾപ്പടെയുള്ള പ്രാഥമിക ആവശ്യങ്ങൾ ലഭ്യമാക്കുന്നതിനും വൈദ്യസഹായം ലഭ്യമാക്കുന്നതിനും മുന്നിട്ടിറങ്ങി. അതിരൂപതയുടെ തെക്കൻ മേഖലയോട് ചേർന്നുള്ള വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സന്ദർശിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

രൂപതയിൽ, 22 കേന്ദ്രങ്ങളിലായി 6250 പേർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ വാസമൊരുക്കി. ആലപ്പുഴ ജില്ലയിലെ കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ 512 കുടുംബങ്ങളിൽ നിന്നുള്ള 2220 പേർ താമസിച്ചു വരുന്നതാണ് അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്. അതിരൂപതാ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്റർ 321 പേർക്ക് വാസമൊരുക്കിയപ്പോൾ മലബാർ മേഖലയിലെ പാവന പാസ്റ്ററൽ സെന്റർ 213 പേർക്ക് താമസമൊരുക്കി. ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകൾ, ശുചീകരണ വസ്തുക്കൾ എന്നിവയും ഇതര അവശ്യ സാധനങ്ങളും  എത്തിക്കുന്നതിൽ അതിരൂപതയിലെ സാമൂഹിക സേവനവിഭാഗങ്ങളും ഇടവകകളും അൽമായ-യുവജന സംഘടനകളും സമർപ്പിത സമൂഹങ്ങളും അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു.

‘ഒരു കുടുംബത്തിൽ നിന്നും ഒരു പൊതിച്ചോർ’ എന്ന അതിരൂപതാദ്ധ്യക്ഷന്റെ നിർദ്ദേശം എല്ലാവരും സർവ്വാത്മനാ സ്വീകരിക്കുകയും അതിരൂപതയിലെ എല്ലാ കുടുംബങ്ങളും അതിൽ പങ്കാളികളാകുകയും ചെയ്തപ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ ക്യാമ്പുകളിൽ സുഭിക്ഷമായ ഭക്ഷണം ലഭ്യമാകുവാൻ വഴിയൊരുങ്ങിയതിനോടൊപ്പം ഭക്ഷണം ആവശ്യമായ ഇതര സ്ഥലങ്ങളിൽ ലഭ്യമാക്കുവാനും കഴിഞ്ഞു.

ജാതിമത ഭേദമന്യേ എല്ലാവർക്കും ഒരുപോലെ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനശൈലി സ്വീകരിച്ചിട്ടുള്ള അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി തിരുവിതാംകൂർ പ്രദേശത്തും മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി മലബാർ മേഖലയിലും ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഹൈറേഞ്ച് മേഖലയിലും സുസജ്ജമായ പ്രവർത്തനങ്ങൾ കൊണ്ടും അവശ്യവസ്തുക്കൾ സംലഭ്യമാക്കിയും പ്രളയബാധിതർക്കൊപ്പം കൈത്താങ്ങായി നിന്നു.

അതിരൂപതയിലെ സമർപ്പിത സമൂഹങ്ങളും സംഘടനകളും സാമ്പത്തികമായും വോളണ്ടിയേഴ്‌സിനെ ലഭ്യമാക്കിയും അവശ്യവസ്തുക്കൾ സമാഹരിച്ച് നൽകിയും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ആതുരാലയങ്ങളായ കാരിത്താസ് ആശുപത്രിയും മലബാറിലെ പയ്യാവൂർ കാരിത്താസ് മേഴ്‌സി ആശുപത്രിയും ഇതര ആശുപത്രികളും മരുന്നുകളും മെഡിക്കൽ ക്യാമ്പുകളും ഇതര അവശ്യ സേവനങ്ങളും ലഭ്യമാക്കി സഹായഹസ്തമൊരുക്കി.

ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ എല്ലാ സ്ഥലങ്ങളിലും ഒരു പോലെ സേവനം എത്തിക്കുവാൻ സാധിച്ചതാണ് അതിരൂപതയുടെ ദുരിതാശ്വാസ ഇടപെടലുകളിലെ പ്രവർത്തന വിജയം. കൂടാതെ സർക്കാരും ഇതര സന്നദ്ധ  സംഘടനകളും അയൽ രൂപതകളും ചെയ്യുന്ന സദ്പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും സഹകരണവും നൽകുവാനും രൂപതയ്ക്ക് സാധിച്ചു. പ്രളയബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി അതിരൂപത സമാഹരിക്കുന്ന അതിരൂപതാദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി തയ്യാറാക്കുന്നതിനുമായി അതിരൂപതാ കൂരിയാ അംഗങ്ങളുടെയും ഫൊറോന വികാരിമാരുടെയും സോഷ്യൽ ആക്ഷൻ കമ്മീഷൻ അംഗങ്ങളുടെയും സംയുക്ത യോഗം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ ബിഷപ്പ്‌സ് ഹൗസിൽ ചേരുകയുണ്ടായി.

വ്യക്തമായ ദിശാബോധത്തോടെയും ശാസ്ത്രീയ സമീപനത്തോടെയും തുടർ പുനരധിവാസ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾക്ക് യോഗത്തിൽ തീരുമാനമായി. യുവജനങ്ങളുടെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തിൽ ഭവനശുചീകരണം പൂർത്തിയാക്കും. നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളും വളർത്തുമൃഗങ്ങളുൾപ്പടെയുള്ള ഉപജീവനോപാധികളും പുനഃസ്ഥാപിക്കുന്നതിനും ഭവനപുനരുദ്ധാരണം, ഭവനനിർമ്മാണം എന്നിവ മുൻഗണനാക്രമത്തിൽ ക്രമീകരിക്കുന്നതിനും അതത് പ്രദേശത്തെ സാമൂഹ്യ സേവന കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കും. സമയബന്ധിതമായി പ്രവർത്തനങ്ങൾ സുതാര്യമായി നടപ്പിലാക്കുവാനും വിലയിരുത്തലുകൾ നടത്തുവാനും തീരുമാനമായി. കൂടാതെ പ്രളയ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കുവാനും സെപ്റ്റംബർ 1 ന് തൂവാനിസയിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അതിരൂപതാദിനാഘോഷം റദ്ദ് ചെയ്യുവാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.