ക്‌നാനായ കാത്തലിക് വിമൺസ് അസോസ്സിയേഷൻ മാതൃസംഗമവും മെഗാക്വിസും

കോട്ടയം: കോട്ടയം അതിരൂപതയുടെ അൽമായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസ്സിയേഷൻ വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് മെയ് 17-ന് മാതൃസംഗമം സംഘടിപ്പിക്കുന്നു.

സഭാ-സമുദായ വിഷയത്തിൽ ആയിരം വനിതകൾ പങ്കെടുക്കുന്ന മെഗാ ക്വിസും മാതൃദിനാവബോധ ക്ലാസ്സും, കലാപരിപാടികളും, മത്സരങ്ങളും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെടും. കൂടാതെ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മാതാക്കളെ ആദരിക്കും. മെയ് 17-ന് രാവിലെ 10 മണി മുതൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഗമം സംഘടിപ്പിക്കുന്നത്.

കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. വിസിറ്റേഷൻ സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ എസ്.വി.എം മുഖ്യപ്രഭാഷണം നടത്തും. മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിബിൻ കണ്ടോത്ത് ആശംസകളർപ്പിച്ച് സംസാരിക്കും.

മെഗാ ക്വിസിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ നിരവധി ആകർഷകസമ്മാനങ്ങൾ വിതരണം ചെയ്യും. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകും. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരത്തിലധികം കെ.സി.ഡബ്ല്യു.എ പ്രവർത്തകർ ദിനാചരണത്തിൽ പങ്കെടുക്കും.