ചെല്ലാനത്തിന്റെ സങ്കടം കേരളം അറിയണം 

ചെല്ലാനത്തിന്റെ ഭൂപ്രകൃതി വളരെ മനോഹരമാണ്. അതുപോലെ ഇവിടെയുള്ള മനുഷ്യരും. എന്നാല്‍ പുറംലോകം അറിയുന്നത് ദുരന്തങ്ങളുടെ തിരുശേഷിപ്പായിട്ടാണ്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കടലിന്റെ ഭീഷണി അനുഭവിക്കുന്ന വിഭാഗം എന്നും പറയാം. ഈ ദിവസങ്ങളില്‍ കടലുകയറിയിറങ്ങി തകര്‍ത്തുകളഞ്ഞത് വീടുകള്‍ മാത്രമല്ല കുറെയധികം പാവപ്പെട്ടവരുടെ  സ്വപ്‌നങ്ങള്‍ കൂടിയാണ്.

പ്രകൃതിദുരന്തം പ്രവചനാതീതമാണ്. അതിനെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ നിലവിലുള്ളു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇട്ട കടല്‍ഭിത്തികളാണ് ചെല്ലാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഇപ്പോഴുമുള്ളത് അതില്‍ പലയിടങ്ങളിലും ഭിത്തികള്‍ ഇടിഞ്ഞ് മണ്ണോടുചേര്‍ന്നുപോയതിനാല്‍ ചെറിയൊരു വേലിയേറ്റം പോലും തടുക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായിരിക്കുന്നു.

അന്ന് വൈകിട്ട് തീരത്തോട് അടുത്തുള്ള ഡൈഷന്റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ കണ്ടത് വീടുമുഴുവന്‍ ഉപ്പുവെള്ളം കയറിയിറങ്ങിയിട്ട് ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നില്‍ക്കുന്ന വീട്ടുകാരെയാണ്. കടലുമായി മല്ലിട്ട് ഉപജീവനം കഴിക്കുന്നതുകൊണ്ടാകണം. അടുത്തുള്ള സ്‌കൂള്‍ ക്യാമ്പിലേക്ക് പോകണം എന്ന് അധികാരികള്‍ പറഞ്ഞപ്പോള്‍ വേണ്ട സാറന്മാരെ കടലീന്നു കിട്ടുന്നത് കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ് ഞങ്ങള്‍, ആ കടല് ഞങ്ങളുടെ ജീവന്‍ എടുക്കുകയാണെങ്കില്‍ എടുക്കട്ടെയെന്ന് പറഞ്ഞ് ആ ദിവസങ്ങളില്‍ ആ വീട്ടില്‍ തന്നെ ഉറങ്ങാതെ കഴിച്ചുകൂട്ടിയത്.

കുന്നോളമുണ്ട് ദുഖങ്ങള്‍, സമരം ചെയ്യാന്‍ തുനിഞ്ഞാല്‍ മധ്യസ്ഥന്മാരിറങ്ങി ചില മാസക്കണക്കും ദിവസക്കണക്കുമൊക്കെ പറഞ്ഞ് സമരം ഒത്തുതീര്‍പ്പിലാക്കും. അങ്ങനെയാണ് സമരങ്ങള്‍ പലതും അധികാരികള്‍ വിജയിച്ചത്. മനസ്സ് കടലുപോലെ വിശാലമായതുകൊണ്ട് ഞങ്ങള്‍ എല്ലാം വിശ്വസിക്കും, എല്ലാവരെയും.

അധികാരികള്‍ അറിയാന്‍ ഒന്നുപറഞ്ഞോട്ടെ, കടലുകയറുമ്പോള്‍ പരിഹാരമുണ്ടാക്കാം. ഇപ്പോള്‍ കുറച്ച് അരി ഇരിക്കട്ടെ, ഉടുപ്പിരിക്കട്ടെ, എന്നുപറഞ്ഞ് ഇങ്ങോട്ട് വരരുത് ആ സമയത്ത് വെഷമംകൊണ്ട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന പ്രവചിക്കാന്‍ പറ്റിയെന്നു വരില്ല. ചെല്ലാനം പുറംലോകം അറിയുന്നത് കടലാക്രമണവുമായി ബന്ധപ്പെട്ടാണ്.

അതുകൊണ്ട് ഇവിടേക്ക് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചുവിടാന്‍ പോലും പലര്‍ക്കും മടിയാണ്. മാധ്യമങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വാര്‍ത്തകള്‍ അതിനു കാരണമായിട്ടുണ്ട്. ഇവിടെയുള്ളവരാരും വീടുവിറ്റു മറ്റൊരിടത്തേക്ക് പോകാത്തതിന്റെ കാരണം മറ്റൊന്നല്ല ഇവിടെ ജീവിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണെന്ന് ഓരോ ചെല്ലാനത്തുകാരനും പറയും.

ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കൈവിടാത്തവരാണ് ഞങ്ങള്‍ അതുകൊണ്ടല്ലേ കാല്‍പന്തുകളിയിലെ രാജാവ് ലിയോണല്‍ മെസ്സി തന്റെ സ്വന്തം കൈപ്പടം ചാര്‍ത്തിയ പന്തു സ്വന്തമാക്കാന്‍ കഴിഞ്ഞതും.

സിപ്സണ്‍ ആന്റണി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.