ആ കല്ലുകള്‍ കൂട്ടിവച്ചു ഞങ്ങള്‍ ഇനിയും ദൈവാലയം പണിയും: തകര്‍ന്ന കീരിക്കര പള്ളിയെക്കുറിച്ചുള്ള സത്യങ്ങള്‍  

നേർച്ചപ്പെട്ടിയില്ലാത്ത പള്ളി  ഉണ്ടായിരുന്നു കാഞ്ഞിരപ്പള്ളി രൂപതയിൽ – 2017 ഏപ്രിൽ 21 നു കൂദാശ ചെയ്ത കീരിക്കര സെന്റ് ആന്റണീസ് പള്ളി. സീറോ മലബാർ സഭയിലെ ഏക ഐക്കൺ പള്ളി. ചരിത്ര പഠിതാക്കൾക്കും സഭയുടെ തനിമ മനസിലാക്കാൻ താല്പര്യമുള്ളവർക്കും ഒരു പഠനശാലയായിരുന്നു ഈ പള്ളി. 2018 ജൂലൈ 16 രാവിലെ 11. 15 – ന്  മണ്ണിടിഞ്ഞു ഈ പള്ളി ഓർമയായി.

അതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും ചില ഓണ്‍ ലൈന്‍ പത്രങ്ങളിലും വളരെ നെഗറ്റിവായി ചില കാര്യങ്ങള്‍ വന്നു. സത്യം എന്താണ് എന്ന് അറിയാതെ ആളുകള്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്‌.  ചെയ്ത നല്ല കാര്യങ്ങള്‍ ഒന്നും പരസ്യമാക്കാന്‍ ഒരിക്കലും ഇവര്‍ ആഗ്രഹിച്ചതല്ല. “നിന്റെ വലം കൈ ചെയ്യുന്നത് ഇടം കൈ അറിയാതിരിക്കട്ടെ” എന്ന ഈശോയുടെ വാക്കുകള്‍ ആണ് ഇവരുടെ മനസ്സില്‍. പക്ഷേ, നെഗറ്റിവ് മീഡിയായുടെ തുടര്‍ച്ചയായ കള്ളം പറച്ചില്‍ അസഹ്യം ആയപ്പോള്‍ ആണ് ഉള്ള കാര്യങ്ങള്‍ ഇവര്‍ പങ്കുവയ്ക്കുന്നത്.

പള്ളി പണിയുമ്പോള്‍ പള്ളിക്ക് മുടക്കുന്ന പണത്തിന്റെ അത്രയും പാവങ്ങള്‍ക്കും കൊടുക്കണം എന്നായിരുന്നു വികാരി,  ഫാ. വര്‍ഗീസ്‌ കാക്കല്ലിയച്ചന്റെയും ഇടവകക്കാരുടെയും തീരുമാനം. അതവര്‍ നടപ്പിലാക്കുകയും ചെയ്തു. അന്ത്യ വിധിയുടെ സമയത്ത് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. പള്ളി പണിയുടെ ഒപ്പം നടത്തിയ ചില നല്ലകാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

1. പള്ളി പണിയുമ്പോൾ തന്നെ ആസ്സാമിൽ പാവപ്പെട്ടവർക്കു ഇവർ വച്ചുകൊടുത്തത് 16 വീടുകളാണ്. കേരളത്തില്‍ മറ്റേതു പ്രസ്ഥാനമാണ്‌ ഇത്തരമൊരു മഹത്തായ കാര്യം ചെയ്തത്?

2. മൂന്ന് വർഷം മുമ്പ് വലിയ നോമ്പ് കാലത്തു ബുദ്ധിമാന്ദ്യം  സംഭവിച്ച കുട്ടികൾക്ക് 100000 രൂപ  കൊടുത്തു. 18000 രൂപ അവിടുത്തെ മറ്റ് ആവശ്യങ്ങള്‍ക്കായും നല്‍കി.

3. പള്ളിയുടെ ആനവാതിൽ പണി പൂർത്തിയായപ്പോൾ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന പെൺ കുട്ടികൾക്ക് വിവാഹത്തിന് 158000 രൂപ നല്‍കിയിരുന്നു.

4. കീരിക്കരയില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരം കാഞ്ഞിരപ്പള്ളിക്കുണ്ട്. അവിടുത്തെ കാപ്പാട് ‘ദേവമാതാ’ സെന്ററില്‍ 70 പേര്‍ക്ക് എല്ലാ ഞായറാഴ്ചയും വര്‍ഷങ്ങളോളം ഉച്ചഭക്ഷണം ഓട്ടോയില്‍ കൊണ്ടുവന്നു കൊടുക്കുക എന്നത് നിസ്സാര കാര്യമല്ല.  ഈശോക്കുള്ള പൊതിച്ചോറ് എന്നായിരുന്നു അതിനു അവര്‍ ഇട്ടപേര്‍.

5. കുരിശടിയിലെ നേർച്ച മുഴുവൻ പാവപ്പെട്ടവർക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നു. കീരിക്കര പള്ളിയില്‍ നേര്‍ച്ചപ്പെട്ടിയില്ല. പക്ഷേ,  കുരിശടിയില്‍ ഉണ്ട്. ആ പണം മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ രൂപതയില്‍ നിന്ന് പ്രത്യേക അനുവാദം മേടിച്ചവരാണ് കീരിക്കരക്കാരും അവരുടെ വികാരിയച്ചനും. ഓരോ മാസത്തിലെയും പണം പാവങ്ങള്‍ക്കായിരുന്നു. ജുണില്‍ സ്കൂള്‍ തുറക്കുന്നതുകൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക്, ജുലൈയില്‍ ഉപരി പഠനത്തിനു പോയവര്‍ക്ക്, ആഗസ്റ്റില്‍ വിവാഹ സഹായത്തിന്..അങ്ങനെ അങ്ങനെ…

6. ഒരിക്കല്‍ ഒരു ഹൃദ് രോഗിയായ മനുഷ്യന്‍ പള്ളിയിലെത്തി. ശാരീരികമായി കഠിന അധ്വാനം പാടില്ലാത്ത ആള്‍.  കാക്കല്ലിയച്ചൻ  പള്ളിയില്‍ കാര്യം വിളിച്ചു പറഞ്ഞു. അടുത്ത മൂന്നു ഞായറാഴ്ച ഇടവകക്കാര്‍ ഓരോരോ സാധനങ്ങള്‍  പള്ളിയില്‍ കൊണ്ടുവന്നു. അത് ലേലം ചെയ്തു. മൂന്ന്ആഴ്ച കൊണ്ട് ഉണ്ടായത് 85000 രൂപ. അതുകൊണ്ട് ആ രോഗിയായ മനുഷ്യന് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ ഓട്ടോ വാങ്ങിച്ചു നല്‍കി.

7. ആയിരത്തില്‍ അധികം മരങ്ങള്‍  പള്ളി പണിയോട് അനുബന്ധിച്ച് നാട്ടു പിടിപ്പിച്ചു. പരിശുദ്ധമായ ദേവാലയം നിര്‍മിച്ചപ്പോള്‍ ഫാ. കാക്കല്ലിലിനും ആ പ്രപഞ്ച നിയമത്തെ മാറ്റി നിര്‍ത്താന്‍ ആയില്ല.  പള്ളിയുടെ നിര്‍മ്മാണത്തിനായി ഒരു പുല്‍കൊടിയെ എങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍അതിനു  പ്രത്യുപകാരം ചെയ്തെ മതിയാകൂ എന്ന് അദ്ദേഹം തീരുമാനിച്ചു. പ്രപഞ്ചത്തിന്റെ ആ നിയമം ഹൃദയത്തോടു ചേര്‍ത്ത് അദ്ദേഹം നീങ്ങി. ആ പ്രദേശത്ത് 110 വീടുകള്‍ ഉണ്ട്. അവയില്‍ ഓരോ വീട്ടിലും 10 വൃക്ഷ തൈകള്‍  വീതം നല്‍കി. നല്‍കിയ 10 വൃക്ഷതൈകളില്‍ മൂന്നെണം വീതം തേക്കും ! ഒന്നിനും പകരം വയ്ക്കാന്‍ മറ്റൊന്നിനു കഴിയില്ല. പക്ഷേ ഒരു മരം മുറിച്ചാല്‍ പകരം 10 തൈകള്‍ നടണം എന്ന ഭാരതീയ പാരമ്പര്യം അദ്ദേഹം നെഞ്ചോടു ചേര്‍ത്ത് പിടിച്ചു. അങ്ങനെ ആയിരത്തില്‍ അധികം മരങ്ങള്‍  പള്ളി പണിയോട് അനുബന്ധിച്ച് നാട്ടു പിടിപ്പിച്ചു.  

8.  ജലംഭൂമിയുടെ ഏറ്റവും വലിയ വരദാനമാണ്. ഭൂമിയെ ഈ പ്രപഞ്ചത്തിലെ തന്നെ മറ്റുള്ള ഗ്രഹങ്ങളില്‍ വെച്ച് വേറിട്ട്‌ നിര്‍ത്തുന്നതും ആ വരം തന്നെയാണ്. കുറച്ചു ദിവസങ്ങള്‍ ഭക്ഷണം ത്യജിച്ച് ജീവിക്കാന്‍ ഒരു മനുഷ്യന് കഴിഞ്ഞേക്കും,എന്നാല്‍ ജലംഅതില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. നാട്ടിലെങ്ങും കുഴല്‍ കിണറുകള്‍ എത്തിയത് ഗ്രാമവാസികളെ പോലെ തന്നെ ഫാ.  കാക്കല്ലിലിനും ഏറെ സന്തോഷം പ്രദാനം ചെയ്ത കാര്യമായിരുന്നു. കുടിവെള്ളം ലഭിച്ച  സന്തോഷത്തില്‍ എല്ലാ കുടുംബങ്ങളും പായസം വെച്ച് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. സംഭവം കണ്ട  കാക്കല്ലിലച്ചന്‍ അവരോടു ഒരു ആശയം പങ്കിട്ടു. കിണര്‍ നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്താന്‍ കഴിയാഞ്ഞ ഒരാളുണ്ട് ആ ഗ്രാമത്തില്‍. പായസം വയ്ക്കാനായി ചിലവഴിക്കുന്ന തുകയുടെ ഒരു വിഹിതം എല്ലാവരും ചേര്‍ന്ന് നല്‍കിയാല്‍ അയാളുടെ വീട്ടിലും കുടിവെള്ളം ലഭിക്കും. അദ്ദേഹത്തിന്റെ ആശയത്തെ സ്വീകരിച്ച അവര്‍ ആയിരം രൂപ വീതം നല്‍കി. ദിവസങ്ങള്‍ക്കകം ആ വീട്ടിലും കിണര്‍ കുത്താന്‍ സാധിച്ചു!

9. തന്റെ ഇഷ്ട വാഹനമായ 500 സി സി  ബുള്ളറ്റ് 125000 രൂപയ്ക്കു വിറ്റ് ആസാമില്‍ ഒരു പള്ളി പണിയാന്‍ കൊടുത്ത,ഉപവി എന്തെന്ന് പഠിപ്പിച്ച യഥാർത്ഥ അജപാലകനായിരുന്നു ബഹു. ഫാ. വര്‍ഗീസ്‌  കാക്കല്ലിയച്ചൻ.

10.  കിഡ്നി തകരാറിലായ ഒരു കുട്ടിയ്ക്ക് ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപയും സമീപ പ്രദേശത്തെ ആൾക്ക് മുപ്പത്തി അയ്യായിരം രൂപയും മറ്റൊരാൾക്ക് ഇരുപത്തി അയ്യായിരം രൂപയും നൽകി. രണ്ട് പേർ മറ്റ് മതത്തിൽ പെട്ടവർ. ജീവകാരുണ്യം ചെയ്യാത്ത ഒരു ആഴ്ച പോലും ഇല്ല .

എങ്ങനെ ഇത്രയും വലിയ പള്ളി പണിതു? ഇടവക ജനം പള്ളി  നെഞ്ചിലേറ്റിയപ്പോൾ എന്നാണ് ഏറ്റവും നല്ല ഉത്തരം. 107 പാവപ്പെട്ട വീടുകളിൽ നിന്ന് ഒന്നര കോടിയോളം രൂപ സമാഹരിച്ചു. ബാക്കി ഒന്നേകാൽക്കോടി രൂപയോളം ചോദിക്കാതെ പലരും തന്നു. ഒരു ചെറിയ വീട് പണിയാൻ ദശലക്ഷങ്ങൾ വേണ്ടിയിരിക്കെ ഇത്ര മനോഹരവും നൂറ്റാണ്ടുകൾ നിലനിൽക്കേണ്ടതുമായ ഈ അപൂർവ പള്ളിക്കും ചുറ്റുമുള്ള കെട്ടുകൾക്കുമായി രണ്ടേമുക്കാൽ കോടിയിൽ താഴെ മാത്രം ആയുള്ളൂ എന്ന് പറഞ്ഞാൽ അതിന്റെ ശില്പിയായ വൈദികൻ, സഹകരിച്ചവർ എന്നിവരെ ആദരിക്കാതെ വയ്യ.

പുതിയ പള്ളി പണിയുവാൻ ഇവര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ പലതാണ്. അത് നമ്മള്‍ അറിയേണ്ടിയിരിക്കുന്നു.

1. കാപ്പിക്കുരു അച്ചന്റെ നേതൃത്വത്തിൽ കൂലിക്ക് പറിച്ചുകൊടുക്കുമായിരുന്നു ഇവര്‍!

2. കുരുമുളക് പാട്ടത്തിനു എടുത്തു ലാഭം പള്ളിപണിക്ക് വേണ്ടി മാറ്റി വച്ചു!

3. ചക്കക്കുരു വാങ്ങി തമിഴ്‌നാട്ടിൽ  കൊണ്ടുപോയി വിറ്റു കാശുണ്ടാക്കി!

4.റെഡ്‌ ആൻഡ് ഗ്രീൻ ചില്ലിസ് (കാന്താരി മുളക് ചെടി) ഉണ്ടാക്കി പല പള്ളികളിലും വിറ്റു!

ഇങ്ങനെ എത്ര പരിപാടികൾ നടത്തിയാണ് ഇവിടെ പള്ളി പണിതത്.

പ്രകൃതി ദുരന്തം വിതച്ച ഇവിടം വിശ്വാസത്തോടെ ഉയിർത്തെഴുന്നേൽക്കട്ടെ. ആളു കളിക്കാൻ വിമർശിക്കുന്നവർക്കും നാവാൽ കൊല്ലുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാം. “ഈ പാപം ഇവരുടെമേൽ ആരോപിക്കരുതേ” അപ്പ. 7. 60. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

കല്ലെറിയുന്നവര്‍ കല്ലെറിയട്ടെ. ഞങ്ങള്‍ ആ കല്ലുകള്‍ കൂട്ടിവച്ചു ഇനിയും കര്‍ത്താവിനു ആലയം പണിയും!

ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.