ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ കലാസന്ധ്യയുമായി തൊടുപുഴയിലെ കുഞ്ഞു മിഷനറിമാർ 

ലോക്ക് ഡൌണ്‍ കാലത്ത് ഓൺലൈൻ കലാസന്ധ്യ നടത്തി ചരിത്രം രചിച്ചിരിക്കുകയാണ് തൊടുപുഴ ശാഖയിലെ ചെറുപുഷ്പം മിഷൻ ലീഗ് അംഗങ്ങൾ. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോറോണ വൈറസ് സൃഷ്ടിക്കുന്ന ആശങ്കകളും സന്ദേഹങ്ങളും ചെറുതല്ല. ഈ പ്രതികൂലസാഹചര്യത്തിലാണ് സന്തോഷത്തിൻ്റെയും സ്വാന്തനത്തിൻ്റെയും സന്ദേശവുമായി കോതമംഗലം രൂപതയിലെ തൊടുപുഴ ശാഖയിലെ കുഞ്ഞു മിഷനറിമാർ ജൂൺ ഏഴിനു ഞായറാഴ്ച  ‘കലാസന്ധ്യ 2020’ എന്ന ഓൺലൈൻ കലാവിരുന്ന് അണിയിച്ചൊരുക്കിയത്.

ദൈവപരിപാലനയുടെ നാളുകൾ… സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, സേവനത്തിന്റെ, സഹനത്തിന്റെ നിമിഷങ്ങൾ… ഓർത്തെടുക്കുവാനാകാത്ത  ഒരായിരം നേട്ടങ്ങൾ… നികത്താനാവാത്ത ഒരുപിടി നഷ്ടങ്ങൾ… ഇതെല്ലാം കുഞ്ഞു മിഷനറിമാരുടെ കലാപരിപാടികളിൽ നിറഞ്ഞുനിന്നിരുന്നു.

കോതമംഗലം രൂപതയിലെ മിഷൻ ലീഗിൻ്റെ സംഘടനാപ്രവർത്തനത്തിൽ എന്നും സജീവമായി പ്രവർത്തിക്കുന്ന തൊടുപുഴ ശാഖയുടെ ഏറ്റവും നൂതന സംരംഭമായിരുന്നു കലാസന്ധ്യാ 2020. ഒരുപാട് ഓർമ്മകളുടെ തുന്നിച്ചേർക്കലും  വൈവിധ്യമാർന്ന സർഗ്ഗവാസനകളുടെ സമന്വയവും സമ്മാനിച്ച കലാസന്ധ്യാ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരക്കണക്കിന് കലാസ്വാദകരാണ് ആസ്വദിച്ചത്.

മിഷൻ ലീഗ് ചരിത്രത്തിൽ തന്നെ ആദ്യമായി അണിയിച്ചൊരുക്കിയ ഈ online കലാസന്ധ്യയക്ക് ഒട്ടനവധി മഹത്വ്യക്തികളുടെ ആശംസകളും ലഭിച്ചു. ബിഷപ്പ് റൈറ്റ് റവ. ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ (പുനലൂർ), റവ. ഫാ. ജിജോ ജോർജ് (ഡയറക്ടർ ചിൽഡ്രൻസ് കമ്മിഷൻ പത്തനംതിട്ട), റവ. ഫാ. ജോസഫ് മുട്ടത്തുവാളയിൽ (പബ്ലിക് റിലേഷൻ ഒഫീസർ കാനഡ), റവ. ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ് (പൂയംക്കുട്ടി ), റവ. ഫാ. ഷെയിൻ (പുനലൂർ), റവ. ഫാ. സിറിയക് കോടമുള്ളിൽ (CMLരൂപത ഡയറക്ടർ കോതമംഗലം), റവ. ഫാ. ജയ്സൺ കുന്നേൽ MCBS (ജർമ്മനി), കെവിൻ ജോസഫ് മാണിശ്ശേരിൽ (CML രൂപത പ്രസിഡന്റ് കോതമംഗലം), സജി പോളക്കുഴി, ജിഷാ ജോബി ചരളിൽ തുടങ്ങി നിരവധി ആളുകളുടെ ആശംസകൾ കുഞ്ഞു മിഷനറിമാർക്കു പ്രോത്സാഹനമായി.

സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞു മിഷനറിമാരുടെ ഉള്ളിലെ സർഗ്ഗവാസനകളെ വളർത്തിയെടുക്കുവാൻ ഒരവസരമായിരുന്നു കലാസന്ധ്യ 2020. ക്രൈസ്തവ സമൂഹത്തിന്റെ അടിത്തറയും മൂലക്കല്ലുമായ പരിശുദ്ധ കുർബാനയിൽ പോലും പങ്കെടുക്കുവാൻ സാധിക്കാത്ത ഈ കാലഘട്ടത്തിലും സമൂഹമാധ്യമങ്ങളിലൂടെയും ഈശോയെ ലോകത്തിനു മുമ്പിൽ പ്രഘോഷിക്കുവാൻ തൊടുപുഴ ശാഖയിലെ കുഞ്ഞു മിഷനറിമാർ പ്രകടമാക്കുന്ന തീഷ്ണതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ശാഖ അണിച്ചൊരുക്കിയ Ingnite 2K20 (ശാഖാ ക്യാമ്പ്) FETE 2020 (online കലോത്സവം) എഫാത്ത, മെഗാ പ്രസംഗമത്സരം അങ്ങനെ ഒട്ടനവധി പ്രോഗ്രാമുകൾ ദൈവാനുഗ്രഹത്താൽ വിജയം കണ്ടെത്തിയത്.

ഈ പ്രതിസന്ധി കാലഘട്ടത്തിലും സ്നേഹം, ത്യാഗം, സേവനം സഹനം എന്നീ മുദ്രവാക്യം നെഞ്ചിലേറ്റിക്കൊണ്ട് തീക്ഷ്ണമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ തൊടുപുഴ ശാഖയുടെ ഊർജ്ജമായ ശാഖ ഡയറക്ടർ റവ. ഡോ. ജിയോ തടിക്കാട്ട്, അസി. ഡയറക്ടർ റവ. ഫാ. മാത്യു തറപ്പിൽ, ആനിമേറ്റർ സി. റ്റെസ്മി എസ്.എച്ച്, പ്രസിഡൻ്റ് അലക്സാണ്ടർ പോളക്കുഴി, വൈസ് പ്രസിഡൻ്റ് തുഷാര ജീൻസ്, സെക്രട്ടറി ദീപക് വർഗ്ഗീസ്, മേഖല പ്രസിഡൻ്റ് പോൾ ഷാജൻ എന്നിവരാണ് നേതൃത്വം വഹിച്ചത്.

1947-ൽ ആരംഭിച്ച മിഷൻ ലീഗ് എന്ന ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേഷിത സംഘടന 73 വർഷങ്ങൾ പിന്നിടുമ്പോൾ ആ ചരിത്രത്തിലെ ഒരു സുവർണ്ണ ഇതൾ, തൊടുപുഴയിലെ കുഞ്ഞു മിഷനറിമാരുടെയും അവരുടെ ഓൺലൈൻ കലാസന്ധ്യയും ആയിരിക്കും എന്നതിൽ തർക്കമില്ല.

പ്രേഷിതചൈത്യത്തിന്റെ ജീവരസം പാനം ചെയ്ത് പ്രാർത്ഥന, സംഭാവന, ദൈവവിളി പ്രോത്സാഹനം എന്നിവയിലൂടെ ഭാരതമണ്ണിലും ലോകമെമ്പാടും മിഷൻ ചൈതന്യം പ്രചരിപ്പിക്കുന്ന ധാരാളം മിഷനറിമാരെ സംഭാവന ചെയ്ത തൊടുപുഴ മിഷൻ ലീഗ് ശാഖ ചെറുപുഷ്പം മിഷൻ ലീഗ് എന്ന വലിയ ആരാമത്തിൽ എന്നും സൗരഭ്യം പടർത്തുന്ന ഒരു സുന്ദരപുഷ്പമാണ്.

റവ. സി. ടെസ്മി വള്ളിക്കുന്നേൽ SH
ശാഖ ആനിമേറ്റർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.