ദുരിതമൊഴിയാതെ കൈനകരി 

ശില്പ രാജൻ 

ശില്പ രാജൻ 

പ്രളയം കേരളത്തിനു സമ്മാനിച്ചത് വേദനയും ഒപ്പം ഒരുപിടി തിരിച്ചരിവുകളുമാണ്.  മൂന്നു കാര്യങ്ങളില്‍ ഉള്ള വളഞ്ഞ ചിന്താഗതികളാണ് പ്രളയം നേരെയാക്കിയത് അല്ലെങ്കില്‍ ശുദ്ധീകരിച്ചത്. അതില്‍ ഒന്നമാത്തെതാണ് ജാതിയും മതവും പറഞ്ഞിരുന്ന മലയാളികള്‍. ദുരിതമുഖത്തിൽ അവര്‍ ഒറ്റക്കെട്ടായി. ഇനി രണ്ടാമത്തേത് കടാപ്പുറംകാരെന്നു കളിയാക്കി മാറ്റി നിര്‍ത്തിയ കടലിന്റെ മക്കള്‍. അവരില്ലായിരുന്നു എങ്കില്‍ ചിലപ്പോള്‍ പ്രളയത്തില്‍ അവശേഷിക്കുന്നവര്‍ വിരലിലെണ്ണാന്‍ മാത്രമായി ചുരുങ്ങിയേനെ. ഇനി മൂന്നാമത്തേത് എന്താന്നല്ലേ ? കുട്ടനാട്ടുകാര്‍ക്ക് മാത്രം സ്വന്തമായിരുന്ന വെള്ളപ്പൊക്കത്തിന്റെ രുചിയെന്താന്നു കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ളവര്‍ ശരിക്കും മനസിലാക്കി.

വെള്ളം ഏറ്റവും ഒടുവില്‍ എത്തിയതും ഏറ്റവും അവസാനം ഇറങ്ങി തുടങ്ങിയതും കുട്ടനാട്ടില്‍ നിന്നാണ്. കുട്ടനാടിന്റെ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അനുഭവവും  ലൈഫ് ഡേയുമായി പങ്ക് വയ്ക്കുകയാണ്  കൈനകരി സെന്റ്‌. മേരീസ് പള്ളി  വികാരി ഫാ. ചെറിയാന്‍ കാരികൊമ്പില്‍.

കുട്ടനാടിന്റെ വേദന

എല്ലാ വര്‍ഷവും കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളാണ് മലയാളി അല്‍പ്പം കൂടി തീവ്രതയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് അനുഭവിച്ചത്. മഴയും, വേനലും ഒക്കെ അമിതമായാല്‍ വലിയ വില നല്‍കേണ്ടി വരുന്നതും ഇവര്‍ക്ക് തന്നെ. എന്നും തഴയപ്പെട്ടു കിടക്കുന്ന ഈ ജനവിഭാഗം ഈ പ്രളയത്തിലും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

വീടുകളില്‍ എല്ലാം വെള്ളം. പാടശേഖരങ്ങളില്‍ വെള്ളം കയറിയതോടെ കൃഷിയും നശിച്ചു. സാധാരണഗതിയില്‍ വെള്ളം കയറുന്നതില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഇത്തവണ സംജാതമായത്. പലയിടങ്ങളില്‍ നിന്നും ക്യാമ്പുകള്‍ പിരിച്ചു വിട്ടുവെങ്കിലും ഇവരുടെ അവസ്ഥ കൂടുതല്‍ മോശമായിരുന്നു. വീട് മുഴുവനായും വെള്ളം കവര്‍ന്ന അനേകര്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്. ഇവര്‍ക്ക് എവിടെ പോകണം എന്ന് അറിയില്ല. ശൂന്യമായ ഒരു നാളെയാണ് ഇവരുടെ മുന്നില്‍ ഉള്ളത്.

വെള്ളവും മറ്റു അവശ്യ സാധനങ്ങളും ഒക്കെ പലയിടങ്ങളില്‍ നല്‍കി വരുന്നുണ്ടെങ്കിലും, ഇവരുടെ അവസ്ഥ ഇവയില്‍ നിന്നതെല്ലാം വിഭിന്നമാണ്. ഇപ്പൊഴും കൈനകരി പ്രദേശങ്ങളില്‍  കുടിക്കാനുള്ള ശുദ്ധ ജലം ലഭ്യമല്ല. ചില സന്നദ്ധ സംഘടനകളുടെയും ആളുകളുടെയും ദേവാലയങ്ങളുടെയും സഹായത്താലാണ് അത്യാവശ്യ കാര്യങ്ങള്‍ നടന്നു പോകുന്നത്. പ്രളയ ജലം ഇനിയും ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ തന്നെ പാമ്പിന്റെ ശല്യവും രൂക്ഷമാണ്. വൈദ്യുതി ഭാഗികമായി മാത്രമാണ് ലഭിക്കുക. തലയ്ക്കു നേരെ ഒരു നൂറു പ്രശ്നങ്ങള്‍. എങ്കിലും ഒരു അതിജീവനത്തിനു ഒരുങ്ങുകയാണ് കുട്ടനാട്ടുകാര്‍.

 രക്ഷാപ്രവര്‍ത്തനവുമായി ദിവസങ്ങള്‍   

“അച്ചന്‍ വന്നല്ലോ,” കരച്ചിലിന്റെ വക്കോളം എത്തി നില്‍ക്കുന്ന അയാളുടെ കണ്ണുകള്‍ ഇനിയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല, ഫാ. ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ പോലും പോകാന്‍ മടിച്ച പുളിങ്കുന്ന് പഞ്ചായത്തിലെ കായല്‍പ്പുറം എന്ന സ്ഥലത്ത് ചെന്നപ്പോഴാണ് ഇത്തരം ഒരു അനുഭവത്തിനു അദ്ദേഹം സാക്ഷിയാകുന്നത്.

കുട്ടനാടിന്റെ ഏറ്റവും നിര്‍ണായകമായ ചില പ്രദേശങ്ങളാണ് ചമ്പക്കുളവും, കൈനകരിയുമൊക്കെ. പ്രളയത്തിന്റെ ആദ്യ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ പൊലും പോകാന്‍ മടിച്ച ഈ പ്രദേശങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും വന്ന ചില മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ ഫാ. ചെറിയാന്‍ കാരികൊമ്പിലും  കൂട്ടരും എത്തി. പലയിടത്തായി കുരുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനും, ഭക്ഷണം എത്തിക്കേണ്ടിടത്ത് കൃത്യമായി അത് എത്തിക്കാനും ഒക്കെ. നാട്ടിലുള്ള ചെറുപ്പക്കാരുടെ സഹായത്തോടെ വിവരങ്ങള്‍ ഏകോപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി പോകേണ്ട സ്ഥലങ്ങളും ഭക്ഷണം, വെള്ളം തുടങ്ങിയ കാര്യങ്ങള്‍ വേണ്ട ആളുകളെയും കണ്ടെത്തി കൃത്യമായി മുന്നോട്ട് നീങ്ങി.

കേട്ടറിഞ്ഞ വിവരങ്ങളുടെ സഹായത്തോടെ വള്ളങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തി. ചിലതിനൊപ്പം സ്വയം പോവുകയും, മറ്റു ചിലതില്‍ നാട്ടിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ചു വിടുകയും ചെയ്തു. ഫാദര്‍ മാര്‍ട്ടിന്‍ കുരിശുങ്കലും ഇതില്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചു. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണം എത്തിക്കാനും പലയിടങ്ങളില്‍ നിന്നും എത്തുന്ന സഹായങ്ങള്‍ ജാതി മത ഭേദമന്യേ ആവശ്യക്കാരിലേക്ക് എത്തിക്കുവാനും ഉള്ള തിരക്കിലാണ് ഫാ. ചെറിയാന്‍ ഇപ്പോള്‍.

പ്രതീക്ഷയുടെ ഒരു കണിക പോലും അവശേഷിക്കാത്ത ഇടങ്ങളില്‍ പ്രതീക്ഷയുടെ മുകുളങ്ങള്‍ വിരിയിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. നവകേരളം കെട്ടിപടുക്കുന്ന വൈദികന്‍!

ശില്പ രാജൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.