പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര – രണ്ടാം ദിവസം 

ഓരോ ക്രിസ്മസ് കാലവും ആഗാതമാകുന്നത് പങ്കു വയ്ക്കലിന്റെ സന്ദേശവുമായി ആണ്. പുല്‍ക്കൂട്ടില്‍ ദരിദ്രരില്‍ ദരിദ്രനായി പിറന്ന ദൈവ പുത്രന്റെ ജനനത്തിനായി നാം ഒരുങ്ങുമ്പോള്‍ നമുക്കുള്ള നന്മകളും സമ്പത്തും സമയവും മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുവാന്‍ ശ്രമിക്കാം. പങ്കു വയ്ക്കല്‍ എന്ന് ഉദ്ദേശിക്കുന്നത് മറ്റുളവര്‍ക്ക് ആവശ്യമുള്ളത് നല്‍കുക മാത്രം അല്ല. മറിച്ച് നമ്മിലെ സന്തോഷം അവരിലേക്ക്‌ പകരുന്നതിനു വഴി ഒരുക്കുക കൂടിയാണ്. നമ്മുടെ ചെറിയ പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരിലേയ്ക്ക് സന്തോഷം പകരുവാന്‍ നമുക്ക് ശ്രമിക്കാം.

ബാലനായ ഈശോ തന്റെ സന്തോഷം മാതാപിതാക്കളിലേയ്ക്ക് പകര്‍ന്നത് അവര്‍ക്ക് പൂര്‍ണ്ണമായും വിധേയനായികൊണ്ടാണ്. അവര്‍ പറയുന്ന കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റാന്‍ അവിടുന്ന് ശ്രമിച്ചിരുന്നു. അവര്‍ക്ക് കീഴ്പ്പെട്ടുകൊണ്ട്  ഈശോ മാതാപിതാക്കളുടെ മഹത്വം ലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു.

ഈ ക്രിസ്മസ് കാലം നമ്മുടെ മാതാപിതാക്കളെ അനുസരിച്ച് കൊണ്ട് നമുക്ക് ജീവിക്കാന്‍ ശ്രമിക്കാം. ദൂരത്തായിരിക്കുന്ന മാതാപിതാക്കള്‍ക്ക് ഇന്നെ ദിവസം വിളിക്കുകയോ അവര്‍ക്കായി ഒരു കത്തെഴുതുകയോ ചെയ്യാം. അതിലൂടെ അവരിലേയ്ക്ക് നിങ്ങളുടെ സന്തോഷം പകരാന്‍ ശ്രമിക്കാം. അങ്ങനെ ഈശോയെ പോലെ മാതാപിതാക്കളെ സ്നേഹിച്ചു കൊണ്ട് പുല്‍ക്കൂട്ടിലേയ്ക്ക് യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.