ജോസഫ് ചിന്തകൾ 04: ജോസഫ് – തിരുക്കുടുംബ വീട്ടിലെ തണൽവൃക്ഷം

നാം കൊള്ളുന്ന തണൽ ആരൊക്കയോ വെയിൽ കൊണ്ടതിന്റെ, കൊള്ളുന്നതിന്റെ ഫലമാണ്. തണലുള്ള ഇടങ്ങളിലേയ്ക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ നമുക്കു സാധിച്ചേക്കാം. പക്ഷേ, സ്വയം വെയിലേറ്റ് തണലാകൻ നിയോഗം കിട്ടിയ ചിലർക്കേ സാധിക്കൂ. അതിന് ദൈവനിയോഗം കിട്ടിയ വ്യക്തിയായിരുന്നു യൗസേപ്പ്. തിരുക്കുടുംബ വീട്ടിലെ തണൽവൃക്ഷമായിരുന്നു ജോസഫ്.

ഉണ്ണിയേശുവും മാതാവും ആ തണൽവൃക്ഷത്തിന്റെ കീഴിൽ സുഖസ്വച്ഛത അനുഭവിച്ചു. സഹായഹസ്തത്തിന്റെ തണൽമരമാകാൻ സ്വർഗ്ഗം ഇന്നും പ്രത്യേമായി യൗസേപ്പിനെ അനുവദിക്കുന്നു. ഭൂമിയിൽ ദൈവപുത്രനു തണൽമരമായവൻ സ്വർഗ്ഗത്തിൽ നിന്നും തണൽ വർഷിക്കും എന്ന കാര്യത്തിൽ അല്പം പോലും സങ്കോചം വേണ്ട. നമ്മുടെ ജീവിതത്തിൽ പച്ച അവശേഷിക്കുന്നത്, നമ്മൾ കരിഞ്ഞുപോകാതെ അവശേഷിക്കുന്നത് ആരെങ്കിലുമൊക്കെ നമുക്കുവേണ്ടി തണൽമരം ആകുന്നതുകൊണ്ടാണ്. അല്ലെങ്കിൽ സ്വയം വെയിലു കൊള്ളാൻ സന്നദ്ധനാകുന്നതിനാലാണ്. അവർ നമ്മുടെ അപ്പനോ, അമ്മയോ, സഹോദരങ്ങളോ കൂട്ടുകാരോ ഒക്കെയാവാം. അവരിലെല്ലാം ജോസഫ് ഭാവമുണ്ട്.

യൗസേപ്പിതാവെന്ന തണൽവൃക്ഷത്തിൽ ചേക്കേറിയാൽ അവിടെ ഈശോയും മാതാവും ഉണ്ട്. അവിടെ എത്തുന്നവർക്കു ലഭിക്കുന്ന സൗജന്യ സമ്മാനമാണ്. തിരുക്കുടുംബത്തിന്റെ സംരക്ഷണവും മദ്ധ്യസ്ഥതയും. അതിനാൽ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ യൗസേപ്പിതാവെന്ന തിരുക്കുടുംബ വീട്ടിലെ തണൽമരത്തെ നമുക്കു സമീപിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.