ജിംഗിൾ ബെൽസ് 10 വെള്ളരിക്കാപ്പട്ടണം

ഫാ. അജോ രാമച്ചനാട്ട്

കഥ ആരംഭിക്കുകയാണ് ! ഈ കഥ നടക്കുന്നത് അങ്ങ് ദൂരെ ദൂരെ ഒരു വെള്ളരിക്കാപ്പട്ടണത്തിൽ.. പറഞ്ഞില്ലല്ലോ, വെള്ളരിക്കാപ്പട്ടണത്തെക്കുറിച്ച്. “എന്തുവാടെയ്‌, ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?” എന്ന ചോദ്യം മലയാളികൾക്കിടയിൽ സാധാരണമാണ്! എന്താണെന്നല്ലേ?

അവിടെ കാര്യങ്ങൾ എല്ലാം ഒരു വകയാണ് ! നമ്മളെപ്പോലെ നേരേചൊവ്വേ ജീവിക്കുന്നവർക്ക് പലതും മനസ്സിലാവില്ല. നേരാംവണ്ണം ചിന്തിക്കുന്നവർക്കും ഒരെത്തും പിടിയും കിട്ടുകയുമില്ല.

കഥയാരംഭിക്കട്ടെ..

ആദ്യ സീനിൽ സർവ്വപ്രപഞ്ചത്തിൻ്റെയും സൃഷ്ടാവായ ദൈവം ഒരു കൊച്ചുകുഞ്ഞായി ഭൂമിയിൽ അവതരിക്കാൻ തീരുമാനിക്കുകയാണ്.. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

അടുത്ത സീനിൽ, പുരുഷസ്പർശം ഇല്ലാതെ ഒരു പെണ്ണ് ഗർഭിണിയാവുകയാണ്… എന്തു പറയാൻ ! വിവാഹത്തിനു മുന്നേ ഗർഭം പേറിയവളെ ജോസഫ് എന്ന ഒരു മരപ്പണിക്കാരൻ ഭാര്യയായി സ്വീകരിക്കുകയാണ്. വെള്ളരിക്കാപ്പട്ടണം, അല്ലാതെന്താണ് ! ജോസഫ് അവളെ സ്വീകരിക്കാനുള്ള കാരണമാകട്ടെ, അയാൾക്ക് ഉറക്കത്തിൽ കിട്ടിയ ഒരു സ്വപ്നവും… ഇവനൊക്കെ എവിടുന്ന് വരുന്നെടെയ് !??

ദൈവപൈതലാണ് ഉള്ളിലെങ്കിലും അവൾക്ക് പ്രസവിക്കാൻ, കൊള്ളാവുന്ന ഒരു പുരയുടെ തിണ്ണപോലും കിട്ടിയില്ല. കാലിത്തൊഴുത്തിൽ, ചാണകം മണക്കുന്ന പുൽത്തൊട്ടിയിൽ ആയിരുന്നു ദൈവപുത്രന്റെ ജനനം. ആകെ സീൻ കോണ്ട്രയാണ് സഹോ.

നോക്കണേ, കുഞ്ഞ് ജനിച്ചു കിടന്ന കാലിത്തൊഴുത്തിനു മുകളിൽ സ്വർഗ്ഗത്തിൽനിന്ന് മാലാഖമാർ ഇറങ്ങിവന്ന് സംഗീതം ആലപിച്ചെന്ന്. എന്താല്ലേ? ആകാശത്ത് പുതിയ നക്ഷത്രം കണ്ടത്രെ ! അത് രക്ഷകൻ്റെ ജനനത്തിൻ്റെ സൂചനയാണെന്ന് തിരിച്ചറിഞ്ഞ് പൗരസ്ത്യ ദേശത്തുനിന്ന് മൂന്നു ജ്ഞാനികൾ യാത്രപുറപ്പെടുകയാണ്… അവർക്ക് നക്ഷത്രം വഴികാട്ടിയായി പോലും! അല്ല, ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

കഥയുടെ ക്ലൈമാക്സിലേക്ക് എത്തുകയാണ്. ആ കുഞ്ഞ് അവന്റെ മുപ്പത്തിമൂന്ന് വർഷത്തെ സംഭവബഹുലമായ ജൈത്രയാത്ര തുടങ്ങുകയാണ്.. അവസാനിക്കുന്നതോ, കുരിശിൽ തൂങ്ങിയുള്ള മരണത്തിലും, ശേഷമുള്ള അവൻ്റെ ഉയിർപ്പിലും !

ഇത് വെള്ളരിക്കാപ്പട്ടണം തന്നെ. മനുഷ്യൻ്റെ ബുദ്ധിക്കും കണക്കുകൂട്ടലിനും അപ്പുറം ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്ന കാണാക്കാഴ്ചകളാണ് എവിടെയും..

ശൂന്യതയിൽനിന്ന് ഇക്കാണുന്ന പ്രപഞ്ചത്തെയും പ്രപഞ്ച ഗോളങ്ങളെയും ജീവനെയും സൃഷ്ടിച്ച ദൈവത്തിന്, പച്ചമണ്ണിൽ നിന്ന് ആദം എന്ന ആദ്യമനുഷ്യനെ രൂപപ്പെടുത്തിയവന്, അവൻ്റെ വാരിയെല്ലിൽ നിന്ന് പുതിയൊരു സ്ത്രീക്ക് രൂപം കൊടുത്തവന്, ഇസ്രായേൽ ജനത്തിന് കടന്നുപോകാൻ ചെങ്കടലിനെ പകുത്ത് വഴിയൊരുക്കിയവന്, നീണ്ട നാല്പത് വർഷം ഇസ്രയേൽ ജനത്തെ പഞ്ഞമെന്തെന്നറിയാതെ മരുഭൂമിയിൽ പോറ്റിയവന്, കാലിത്തൊഴുത്ത് മുതൽ കല്ലറവരെ അത്ഭുതങ്ങളുടെ വെടിക്കെട്ട് നടത്താനാവും ! വിശ്വസിക്കണം, വിശ്വസിച്ചേ മതിയാകൂ.

ദൈവമേ, മനുഷ്യബുദ്ധിക്കും മനുഷ്യൻ്റെ പ്രാപ്തികൾക്കും അതീതമായ ദൈവീക ഇടപെടലുകളെ എളിമയോടെ സ്വീകരിക്കാൻ എൻ്റെ ഹൃദയഭിത്തികൾക്ക് ബലം നൽകേണമേ.

ദൈവശക്തിയിലും ദൈവീകപദ്ധതിയിലും ലാബോറട്ടറിയേക്കാളധികം വിശ്വസിക്കുന്നവർക്ക് ഇനി ലൈഫിൻ്റെ സ്റ്റാറ്റസ് മാറ്റിയിടാം, ഇങ്ങനെ ..

Feeling excited @ വെള്ളരിക്കാപ്പട്ടണം – The place where God reigns !!

ശുഭദിനം.

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.