യേശുവിന്‍റെ മൊബൈൽ ഫോൺ എപ്പോഴും പരിധിക്കുള്ളിലാണ്: പാപ്പാ

യേശുവിന്‍റെ മൊബൈൽ ഫോൺ എപ്പോഴും പരിധിക്കുള്ളിലാണ് എന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച്ച, റോമില്‍ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയില്‍ അജപാലന സന്ദർശനാവസരത്തില്‍ രോഗികളും വയോധികരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സംഭവം പങ്കുവച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ‘പത്രോസിന്‍റെ പിൻഗാമിയാണ് മാർപാപ്പാ’ എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ടെന്നും ‘പത്രോസിന്‍റെ ഫോൺനമ്പർ പാപ്പായുടെ കയ്യിലാണോ’ എന്നും ഒരിക്കൽ ഒരു ആൺകുട്ടി തന്നോടു ചോദിച്ചു. തന്‍റെ കൈയിൽ പത്രോസിന്‍റെ ഫോൺനമ്പർ ഇല്ലെന്നും എന്നാൽ പത്രോസിനോട് യേശു ആവശ്യപ്പെട്ടതുപോലെ സഹോദരങ്ങളെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ഉറപ്പിക്കാൻ താൻ പരിശ്രമിക്കാറുണ്ടെന്നും ആ കുഞ്ഞിനോട് പാപ്പാ വെളിപ്പെടുത്തി.

ജീവിതത്തിൽ വാര്‍ദ്ധക്യവും രോഗവും പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ യേശുവും നമ്മോടൊപ്പം ഉണ്ടെന്നു പറഞ്ഞ പാപ്പാ അവിടുന്ന് ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ലെന്നും ഓർമ്മിപ്പിച്ചു. നമ്മുടെ എല്ലാ പരാതികളെയും ക്രിസ്തുവിന്‍റെ മുന്നില്‍ സമർപ്പിക്കുമ്പോൾ അവിടുന്ന് അവയെ പ്രാർത്ഥനയായി രൂപാന്തരപ്പെടുത്തി പിതാവായ ദൈവത്തോടു സമർപ്പിക്കുന്നു.

നമുക്കെല്ലാവർക്കും യേശുവിന്‍റെ മൊബൈൽ ഫോൺ ഉണ്ട്. യേശുവിന്‍റെ മൊബൈൽ ഫോൺ എപ്പോഴും പരിധിക്കുള്ളിലാണ്, എപ്പോൾ വേണമെങ്കിലും അതിനോട് നമുക്ക് ബന്ധപ്പെടാൻ കഴിയും. പാപ്പാ ഓർമ്മപ്പെടുത്തി.