യേശു എന്റെ രക്ഷകന്‍: ഒരു മുസ്ലിം യുവതിയുടെ സാക്ഷ്യം

റിഥ ചൈമ എന്ന മുസ്ലിം യുവതിയുടെ ജീവിതത്തിലേയ്ക്ക് ദൈവ വചനം കടന്നു വരുന്നതും അവളുടെ ഉള്ളില്‍ പരിവര്‍ത്തനം ആരംഭിക്കുന്നതും  അപ്രതീക്ഷിതമായി ആണ്. കാരണം റിഥ ചൈമ മുസ്ലിങ്ങളെ ഒഴികെ മറ്റു എല്ലാ മതസ്ഥരെയും വെറുപ്പോടെയും ദേഷ്യത്തോടെയും കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു. പ്രായത്തിന്റെ ചാപല്യതകളില്‍ മുങ്ങിയ അവള്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയായിരുന്നു. താന്‍ വിശ്വസിക്കുന്ന മതത്തില്‍ ഒഴികെയുള്ളവരെ കൊന്നുകളയണം എന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു അവള്‍.

ക്രൂരമായ അത്തരം വിചാരങ്ങള്‍ക്കിടയിലാണ് അവള്‍ ഐഎസ് എന്ന ഭീകരവാദ സംഘടനയെ കുറിച്ച് അറിയുന്നതും അവരുടെ ഭീകരതകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാണുന്നതും. മറ്റു മതസ്ഥരെ കൊല്ലണം എന്ന ചിന്തയുമായി നിന്നിരുന്ന അവളെ ഭീകരപ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചു. അവര്‍ നടത്തിയ കൊലകള്‍ അവളില്‍ ആവേശം ഉളവാക്കി.  അവള്‍ ഐഎസില്‍ ചേരുവാന്‍ തീരുമാനിച്ചു. റിഥയുടെ സ്വഭാവങ്ങള്‍ അമ്മ മാറി നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.  മകളുടെ സ്വഭാവവൈകല്യത്തില്‍ വേദന തോന്നിയ അവളുടെ അമ്മ അവള്‍ക്ക് കുറെയധികം പുസ്തകങ്ങള്‍ നല്‍കി. അക്കൂട്ടത്തില്‍ വിശുദ്ധ ബൈബിളും ഉണ്ടായിരുന്നു.

ബൈബിള്‍ കണ്ടപ്പോള്‍ അവള്‍ക്കു ആദ്യം ദേഷ്യം ആണ് വന്നതെങ്കിലും ക്രിസ്ത്യനികള്‍ക്കെതിരായുള്ള ഒരു ആയുധമാക്കാം എന്നവള്‍ തീരുമാനിച്ചു. തെറ്റും കുറ്റവും കണ്ടുപിടിക്കാനുള്ള ശ്രമവുമായി ആണ് അവള്‍ ബൈബിള്‍ വായിക്കാന്‍ ആരംഭിച്ചത്.  ബൈബിള്‍ വായിച്ചു തുടങ്ങിയപ്പോള്‍ അതുവരെ അവള്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തി അവളില്‍ നിറയുവാന്‍ തുടങ്ങി. ബൈബിള്‍ വായനയ്ക്കിടെ “നിന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക, അവരെ സ്നേഹിക്കുക” തുടങ്ങിയ ബൈബിള്‍ വാക്യങ്ങളില്‍ അവള്‍ ആകൃഷ്ടയായി. ആ വചനത്തിലൂടെ ദൈവം തന്നില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നവള്‍ സാക്ഷ്യപ്പെടുത്തുന്നു. അവളിലെ കൊലപാതക ചിന്തകളും ആക്രമണ സ്വഭാവവും പതിയെ മാറി തുടങ്ങി.

താന്‍ അനുഭവിച്ച യേശുവിനായി ജീവിക്കാന്‍ ഉള്ള പ്രചോദനം അവളില്‍ കൂടി വന്നു. ഒടുവില്‍ ക്രിസ്ത്യാനിയാകണം എന്ന ആഗ്രഹം അവള്‍ തന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ കടുത്ത എതിര്‍പ്പായിരുന്നു അവളെ കാത്തിരുന്നത്. ഇതേത്തുടര്‍ന്നു വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ തന്റെ മുറിയില്‍ ഒറ്റക്ക്‌ കഴിയേണ്ടി വന്നു അവള്‍ക്ക്. അപ്പോഴും ബൈബിള്‍ മാത്രമായിരുന്നു ആശ്രയം. ഒടുവില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ താന്‍ വിറയ്ക്കുകയും അലമുറയിടുകയും ചെയ്തു എന്ന് അവള്‍ പറയുന്നു. തന്നിലെ പൈശാചികത ഒഴിഞ്ഞു പോവുകയും ക്രിസ്തുവിന്റെ മകളായി ജനിക്കുകയുമായിരുന്നു അപ്പോള്‍ താന്‍ എന്ന് റിഥ കൂട്ടിച്ചേര്‍ത്തു.

‘ലാസ്റ്റ്‌ റിഫര്‍മേഷന്‍’ എന്ന പ്രേഷിതസംഘടന പുറത്തിറക്കിയ “ഇന്‍ ഹിസ്‌ ഫൂട്ട്സ്റ്റെപ്സ്” എന്ന ഡോക്യുമെന്ററി വഴിയാണ് റിഥ ചൈമ  താന്‍ യേശുവിനെ കണ്ടെത്തിയ വാര്‍ത്ത ലോകത്തോട് തുറന്നു പറഞ്ഞത്. മുസ്ലിങ്ങളല്ലാത്തവരെ കൊന്നൊടുക്കാനായി ഒരിക്കല്‍ തീരുമാനിച്ച അവള്‍ ഇപ്പോള്‍ താന്‍ അനുഭവിച്ച യേശുവിനായി അടങ്ങാത്ത ആവേശത്തോടെ സാക്ഷ്യം പറയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.