സഹരക്ഷകയായി അല്ല അമ്മയായി ആണ് ക്രിസ്തു പരിശുദ്ധ മറിയത്തെ നമുക്ക് നൽകിയത്: പാപ്പാ

യേശു കന്യകാമറിയത്തെ ഒരു അമ്മയെന്ന നിലയിലാണ് നമ്മെ ഏൽപ്പിച്ചതെന്ന് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതുപ്രഭാഷണത്തിലാണ് പാപ്പാ ഈ കാര്യം വ്യക്തമാക്കിയത്.

“ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും മറിയത്തിന് മനോഹരമായ സ്ഥാനപ്പേരുകൾ നൽകിയിട്ടുണ്ട്. സഹരക്ഷകയെന്നും പരിശുദ്ധ അമ്മയെ വിശേഷിപ്പിക്കുന്നു. എങ്കിലും ക്രിസ്തു മാത്രമാണ് രക്ഷകൻ എന്ന കാര്യം ഓർമ്മിക്കേണ്ടതുണ്ട്. ക്രൂശിൽ മരിക്കുന്നതിനു തൊട്ടുമുമ്പ് യേശു തന്റെ അമ്മയെ പ്രിയപ്പെട്ട ശിഷ്യനെ ഏൽപ്പിച്ചപ്പോൾ ലോകത്തിനു മുഴുവൻ അമ്മയായി ആണ് നൽകിയത്. ആ നിമിഷം മുതൽ, നാമെല്ലാവരും അവളുടെ ആവരണത്തിൻ കീഴിൽ ഒത്തുകൂടിയിരിക്കുകയായിരുന്നു. ആ നിമിഷം മുതൽ അവൾ നമ്മുടെ അമ്മയായി മാറുകയായിരുന്നു” – പാപ്പാ ഓർമ്മിപ്പിച്ചു.

“സഭയും വിശുദ്ധന്മാരും പരിശുദ്ധ മറിയത്തെക്കുറിച്ച് ഒരു അമ്മ എന്ന നിലയിൽ മനോഹരമായ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ക്രിസ്തു മാത്രമാണ് രക്ഷകൻ. ക്രിസ്തു മദ്ധ്യസ്ഥനാണ്, പിതാവിലേക്ക് തിരിയാൻ നാം കടക്കുന്ന പാലമാണ് ക്രിസ്തു. അവൻ മാത്രമാണ് വീണ്ടെടുപ്പുകാരൻ. ക്രൈസ്തവരുടെ പ്രാർത്ഥനകളിൽ പരിശുദ്ധ മറിയം ക്രിസ്തുവിന്റെ അമ്മയാണ്. അവളുടെ കൈകൾ, കണ്ണുകൾ, അവളുടെ പെരുമാറ്റം ഇവയെല്ലാം ക്രിസ്തുവിലേയ്ക്ക് നമ്മെ നയിക്കുന്ന മതബോധനമാണ്. ആ അമ്മ നമ്മെ ക്രിസ്തുവിലേയ്ക്ക് നയിക്കുന്നു” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.