മാധ്യമങ്ങള്‍ ദൈവത്തിലേക്കുള്ള കൈചൂണ്ടി: ജയ്‌മോന്‍ കുമരകം 

മാധ്യമങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. കാരണം മനുഷ്യന്‍ അത്രമാത്രമിന്ന് മാധ്യമങ്ങളുമായി ഇടപഴകിക്കഴിഞ്ഞു. ഭൗതികരംഗത്തെ കുതിച്ചുകയറ്റത്തിനിടയില്‍  മനുഷ്യന്‍ ദൈവത്തെപ്പോലും ഇന്ന് മറന്നിരിക്കുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ വിസ്മരിച്ച് ദൈവനിഷേധത്തിലേക്ക് പോലും തിരിഞ്ഞിരിക്കുന്നു. അപ്പോഴാണ് മാധ്യമങ്ങളുടെ അനന്ത സാധ്യതകള്‍ ആത്മീയരംഗത്ത് പ്രകാശിപ്പിക്കുക എന്ന ദൗത്യം മഹനീയമാകുന്നത്. ക്രിസ്തീയ മാധ്യമ രംഗത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുന്ന ജയ്‌മോന്‍ കുമരകത്തിന്റെ എഴുത്തും ജീവിതവും പ്രസക്തമാവുന്നതും ഇതിനാലാകണം.

മാധ്യമരംഗത്ത് ഇന്ന് ശാലോമിന്റെ പ്രസക്തി വളരെ വലുതാണെന്ന് നമുക്കറിയാം. ശാലോം പ്രസിദ്ധീകരണങ്ങളും ശാലോം ടെലിവിഷനുമെല്ലാം വഴി ലക്ഷങ്ങളാണ് വിശ്വാസത്തിലേക്കും ദൈവാനുഭവത്തിലേക്കും നയിക്കപ്പെടുന്നത്. സണ്‍ഡേശാലോം എല്ലാ സഭാവിഭാഗങ്ങളും ഒരുപോലെ കൈനീട്ടി സ്വീകരിച്ചൊരു പ്രസിദ്ധീകരണമാണ്. കഴിഞ്ഞ 19 വര്‍ഷമായി സണ്‍ഡേശാലോം അണിയിച്ചൊരുക്കുന്നതില്‍ ജയ്‌മോന്‍ കുമരകത്തിന്റെ പങ്കാളിത്തം നിര്‍ണായകമാണ്. അതൊടൊപ്പം ശാലോം ടെലിവിഷന്റെ തുടക്കകാലങ്ങളില്‍ നിരവധി പ്രോഗ്രാമുകള്‍ ചെയ്യാനും അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  സെക്കുലര്‍ പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ മുന്‍ നിരയിലേക്കുയര്‍ന്നിരിക്കുന്ന സോഫിയ ടൈംസിന്റെ എഡിറ്റര്‍, അറുപതോളം പുസ്തകങ്ങളുടെ രചയിതാവ് തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സഭാസേവനങ്ങള്‍ നിര്‍ണായകമാണ്.  ജയ്‌മോന്‍ കുമരകത്തിന്റെ മാധ്യമ ശുശ്രൂഷകളെ അംഗീകരിച്ച കത്തോലിക്കാ സഭ  കെ സി ബി സി മാധ്യമ അവാര്‍ഡ് നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. ‘എല്ലാം ദൈവമഹത്വത്തിന്’ എന്ന് പറഞ്ഞ് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന അദ്ദേഹം ലൈഫ്‌ഡേക്ക് മുന്നില്‍ ഹൃദയം തുറന്നു.

എങ്ങനെയാണ് എഴുതി തുടങ്ങുന്നത്?  

പുസ്തകത്തെയും വായനയെയും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട കാലത്താണ് ഞാനും വായിച്ചുതുടങ്ങുന്നത്. അന്ന് നാട്ടിന്‍ പുറങ്ങളിലെല്ലാം ധാരാളം വായനശാലകള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം നല്ല തിരക്കുമുണ്ടാകും. പുസ്തകം എടുക്കാനും അത് എത്രയും വേഗം വായിക്കാനും ഞങ്ങള്‍ കുട്ടികളെല്ലാം ഉത്സാഹിച്ചു. സ്‌കൂളില്‍ പോകുമ്പോള്‍ ഞങ്ങളുടെ  ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും തലേന്ന് വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരുന്നു. ടെലിവിഷന്‍ ചുരുക്കമായിരുന്ന അക്കാലത്ത് അധ്യാപകര്‍ വായനയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ഞങ്ങള്‍ ഏതാനും ചില കുട്ടികള്‍ ചേര്‍ന്ന് അക്കാലത്ത് ബുക്കിലെ പേജുകള്‍ കീറി തുന്നിക്കെട്ടി കയ്യെഴുത്തുമാസിക ഉണ്ടാക്കിയതോര്‍ക്കുന്നു. ആറാംക്ലാസിലാണെന്നാണ് ഓര്‍മ്മ.

ഏതാനും കഥകള്‍, ഒന്നോ രണ്ടോ തുടര്‍ക്കഥകള്‍, പഠനത്തെക്കുറിച്ചും സ്‌പോര്‍ട്‌സിനെക്കുറിച്ചുമൊരു ലേഖനം. കാര്‍ട്ടൂണുകള്‍ ഇവയൊക്കെയായിരുന്നു മാസികയുടെ ഉള്ളടക്കം. കുട്ടികളെല്ലാം ഇതിലെ കഥകള്‍ വായിച്ചു. തുടര്‍ക്കഥയുടെ ബാക്കി അറിയാന്‍ മിഠായി വാങ്ങിത്തരും. എന്നാല്‍ അടുത്തയാഴ്ച മാസിക ഇറങ്ങുന്നതുവരെ ഞങ്ങളത് സസ്‌പെന്‍സാക്കി നിലനിര്‍ത്തും. മലയാളം ടീച്ചര്‍ കയ്യെഴുത്ത് മാസിക സ്റ്റാഫ് റൂമില്‍കൊണ്ടുപോയി മറ്റ് ടീച്ചേഴ്‌സിനെയും കാണിച്ചു. അവരും നല്ല പ്രോത്സാഹനം നല്‍കിയത് ബുക്കിലെ പേജ് കൂടുതല്‍ കീറാനുള്ള പ്രചോദനമായി. കണക്ക് ചെയ്യാന്‍ ഒരാഴ്ച മുമ്പ് വാങ്ങിയ 100 പേജിന്റെ ബുക്ക് ഒരു വൈകുന്നരം കൃഷിപ്പണിയെല്ലാം കഴിഞ്ഞുവന്ന അപ്പന്‍ എടുത്തുനോക്കിയപ്പോള്‍ കണ്ടത് നാലോ അഞ്ചോ പേജുകള്‍ മാത്രം. അത്  കണ്ട് ഞെട്ടിയ അപ്പന്റെ പുളിവടിയുടെ പ്രഹരത്തോടെ കയ്യെഴുത്തുമാസിക നിലച്ചു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സാഹിത്യ മത്സരങ്ങള്‍ക്കൊക്കെ കഥ അയക്കുമായിരുന്നു. സമ്മാനം കിട്ടിയത് അപൂര്‍വ്വം. എങ്കിലും വായനയും എഴുത്തും അപ്പോഴും തുടര്‍ന്നു. കിട്ടുന്നതെന്തും വായിക്കുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ശീലം.

എഴുത്ത് രംഗത്തെ നല്ല ഓര്‍മ്മകള്‍? 

1986 ല്‍ ആണെന്ന് തോന്നുന്നു. അന്ന് ദീപിക ആഴ്ചപ്പതിപ്പ് ഏറെ ജനപ്രിയമാണ്. സി.എം.ഐ വൈദികനായ ഫാ.സെഡ്. എം. മൂഴൂരാണ് വാരികയുടെ എഡിറ്റര്‍. അദ്ദേഹവുമായുള്ള ബന്ധം ഒരു നല്ല സൗഹൃദമായിരുന്നുവെന്ന് പറയാം. എന്റെ ആദ്യകാലത്തെ പല രചനകളെയും പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു. യുവതീ യുവാക്കളെ ചേര്‍ത്ത് ഒരു ക്ലബ് രൂപീകരിക്കുന്നത് എഴുത്തിനും വായനക്കും അങ്ങേയറ്റം സഹായകരമായിരിക്കുമെന്നൊരു ആശയം അദ്ദേഹത്തൊടൊരിക്കല്‍ പങ്കുവച്ചത് ഓര്‍ക്കുന്നു. വെറും 15 വയസുകാരനായ എന്റെ ആശയം അദ്ദേഹം ഏറെ താല്പര്യത്തോടെ സ്വീകരിച്ചു. ദീപിക രഞ്ജിനി ക്ലബ് എന്ന് ഒരു കലാസാഹിത്യവേദിക്ക് തുടക്കമിടാന്‍ അദ്ദേഹം തയ്യാറായി. പാലായിലും തൊടുപുഴയിലും ചങ്ങനാശേരിയിലും മൂലമറ്റത്തുമൊക്കെ നടന്ന ക്യാമ്പുകളില്‍ ആവേശത്തോടെ പോയതും പങ്കെടുത്തതുമൊക്കെ അനുഗ്രഹകരമായി തോന്നുന്നു. ഒരുപാട് സാഹിത്യകാരന്മാരെയും  കാര്‍ട്ടൂണിസ്റ്റുകളെയുമൊക്കെ അടുത്ത് കാണുന്നതും പരിചയപ്പെടുന്നതും അത്തരം ക്യാമ്പുകളിലായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ടോംസ് എന്റെ ബുക്കിന്റെ അവസാന പേജില്‍ വരച്ച ബോബനും മോളിയും അമൂല്യമായൊരു സമ്മാനം പോലെയാണ് ദീര്‍ഘനാള്‍ സൂക്ഷിച്ചത്. രഞ്ജിനി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടന്ന കലാമേളയില്‍ വച്ച് അച്ചന്‍ ഇത്തരമൊരു ആശയത്തിന് പ്രചോദനമായതിന് പിന്നില്‍ ഞാനാണെന്ന് എടുത്ത് പറഞ്ഞതും ഒരു ചെറിയ ജനക്കൂട്ടത്തിന്റെ നോട്ടവും ഇന്നും ഓര്‍മ്മയിലുണ്ട്. മൂഴൂരച്ചനുമായുളള ബന്ധം അദേഹത്തിന്റെ മരണം വരെ തുടര്‍ന്നു.

അദ്ദേഹത്തിന്റെ പല രചനകളും നല്ല പ്രാധാന്യത്തോടെ തന്നെ സണ്‍ഡേശാലോമില്‍ അച്ചടിച്ചു. അത് കാണുമ്പോഴെല്ലാം അദേഹം വിളിക്കുമായിരുന്നു. നൂറ് കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അച്ചന്‍, അദ്ദേഹത്തിന്റെ ചെറിയൊരു മാറ്റര്‍ അച്ചടിച്ചതിന് നന്ദി പറഞ്ഞ് വിളിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയൊരു കാര്യമാണ്. മരണത്തിന് ഏതാനും നാളുകള്‍ക്ക് മുമ്പൊരിക്കല്‍ മൂഴൂരച്ചന്‍ വിളിച്ചു. തന്റെ പുസ്തകങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ഇനി മറ്റൊരു ആഗ്രഹങ്ങളൊന്നുമില്ലെന്നും പറഞ്ഞത് ഓര്‍ക്കുന്നു. തീര്‍ത്തും  സുഖമില്ലെന്നും കോട്ടയത്തുവരുമ്പോള്‍ കാണണമെന്നും പറഞ്ഞു. ജോലി സ്ഥലമായ കോഴിക്കോടുനിന്നും വളരെ അപൂര്‍വ്വമായ മാത്രമേ കോട്ടയത്തേക്ക് വരാറുള്ളൂ. അതുകൊണ്ട് നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് ഉറപ്പ് നല്‍കി. പിന്നീട് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് കേട്ടത്. എഴുത്തോര്‍മ്മയില്‍ നിന്നും അദ്ദേഹത്തെ എനിക്ക് മാറ്റിനിര്‍ത്താനാവില്ല.

ജീസസ് യൂത്തില്‍ സജീവമായകാലത്താണ് ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതാന്‍ തുടങ്ങുന്നത്. പ്രതിഫലമൊന്നും കിട്ടാറില്ല. എങ്കിലും പേര് അച്ചടിച്ച് വരുന്നതായിരുന്നു അന്ന് ഏറ്റവും പ്രധാന കാര്യം. അസീസി, മേരിവിജയം, കുടുംബദീപം, കര്‍മ്മലകുസുമം, മിഷന്‍, ചെറുസൂനം, ക്രിസ്റ്റീന്‍, കുട്ടികളുടെ ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം കുട്ടികള്‍ക്കായി നോവലുകള്‍ എഴുതിയതും അതിന് വായനക്കാരില്‍ നിന്നും ലഭിച്ച കത്തുകളും മറക്കാനാവില്ല.

കോട്ടയത്ത് ക്രിസ്റ്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 1989ല്‍ ആണ് ജയ്‌മോന്‍ കുമരകത്തിന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുട്ടികളുടെ പഠന വൈകല്യങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ഈ പുസ്തകം അദ്ദേഹത്തിന്റെ  ജീവിതത്തില്‍ വഴിത്തിരിവായി. ആദ്യ പുസ്തകത്തിനു ശേഷം രണ്ട് വര്‍ഷത്തിനിടയില്‍ ജനത, ദീപിക, സെന്റ് പോള്‍, ജീവന്‍ തുടങ്ങിയ  പ്രമുഖ പ്രസാധകരാണ് അദ്ദേഹത്തിന്റ പുസ്തങ്ങള്‍  പബ്ലീഷ് ചെയ്യുന്നത്. മേരി വിജയം മാസികയുടെ ഫാ. ജോസഫ് കിഴക്കൂടന്‍ യുവ പ്രതിഭ അവാര്‍ഡ് അക്കാലത്ത് അദ്ദേഹത്തെ തേടി എത്തി. ക്രിസ്റ്റീന്‍ മാസികയിലും ടോംസിന്റെ ഉണ്ണിക്കുട്ടനിലും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപികയുടെ സ്ട്രിംഗര്‍ റിപ്പോര്‍ട്ടറായിരിക്കുമ്പോള്‍ തന്നെ പുസ്തകമെഴുത്തും ഇതര പ്രസിദ്ധീകരണങ്ങളിലെ എഴുത്തും തുടര്‍ന്നുകൊണ്ടിരുന്നു. എ കെ സി സി യുവപ്രതിഭാ അവാര്‍ഡ്, ബഥനി പബ്ലിക്കെഷന്റെ പ്രഥമ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തുന്നത് ഇക്കാലങ്ങളിലാണ്.

ശാലോമിലേക്ക് എത്തുന്നത്  

ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന 1985-87 കാലങ്ങളില്‍ തന്നെ ബെന്നി സാറിനെയും (ബെന്നി പുന്നത്തറ) അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെല്ല ചേച്ചിയെയും പരിചയമുണ്ടായിരുന്നു. സണ്‍ഡേ ശാലോം ആരംഭിക്കുന്നതിന് മുമ്പ് 1999ല്‍ ബെന്നിസാര്‍ ഒരു കത്ത് എനിക്കെഴുതി. സഭൈക്യമാണ് സണ്‍ഡേശാലോമിന്റെ ലക്ഷ്യമെന്നും എല്ലാ ആഴ്ചയിലും പത്രവലുപ്പത്തില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും സഹകരിക്കണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. കത്തുകിട്ടയിപ്പോള്‍ ഹൃദയത്തിന് പറഞ്ഞറിയിക്കാനാവാത്തൊരു കുളിര്‍മ്മ. വല്ലാത്തൊരാകര്‍ഷണം പോലെ. എങ്കിലും ജന്മനാടായ കോട്ടയത്തുനിന്നും കോഴിക്കോട് പോയി ജോലി ചെയ്യാന്‍ വല്ലാത്തൊരു തടസവും തോന്നി. കോഴിക്കോട് പരിചയമില്ലാത്ത നാടാണ്. അതുകൊണ്ടാകാം കേട്ടവരെല്ലാം ഇക്കാര്യം കേട്ടപ്പോള്‍ നിരുത്സാഹപ്പെടുത്തി. ഞാന്‍ അവിടെ പോയി ജോലി ചെയ്താല്‍ കുമരകത്തുള്ള എന്റെ അപ്പനെയും അമ്മയെയും ആര് നോക്കുമെന്നായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യം ഉള്ളില്‍ മുള്ളായി തുളച്ചുകയറി. അതിനാല്‍ ശാലോമിലേക്കുള്ള തെരഞ്ഞെടുപ്പ് ഉപേക്ഷിക്കാം എന്നും കരുതി. പക്ഷേ ഒരു സായാഹ്നത്തില്‍ ക്രിസ്റ്റീന്‍ ലീഡര്‍ സന്തോഷ് ടി-യെ ബെന്നിസാര്‍ വിളിച്ചപ്പോള്‍ ഞാന്‍ സന്തോഷിനൊപ്പമുണ്ട്. ഫോണിലൂടെ ബെന്നിസര്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദര്‍ശനങ്ങളും പങ്കുവച്ചു. അതു കേട്ടപ്പോള്‍ ഉള്ളം ജ്വലിക്കുന്ന അനുഭവം. ഏതായാലും ശാലോം വരെ ഒന്നുപോകാമെന്നുറച്ചു. കോഴിക്കോടുനിന്നും 60 കിലോ മീറ്ററിനപ്പുറമുള്ള പെരുവണ്ണാമൂഴിയിലെ ശാലോം ഓഫീസിലെത്തിയത് മറക്കാനാവാത്തൊരു ഓര്‍മ്മയാണ്. ചെറിയ ഓഫീസ്. പത്തോ പന്ത്രണ്ടോ പേര്‍ ഒരു ചെറിയ മുറിയിലിരുന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനയുടെ സ്വരം ആകാശങ്ങളെ ഭേദിക്കുന്നതായിരുന്നു. ബെന്നിസാറുമായി സംസാരിച്ച് മടങ്ങുമ്പോള്‍ ഹൃദയത്തില്‍ അവാച്യമായൊരു ആനന്ദം. കാഴ്ചപ്പാടുകള്‍ ആകെ മാറിമറിയുന്നതുപോലെ. പിന്നീട് സണ്‍ഡേശാലോമിന്റെ പൈലറ്റ് ഇഷ്യൂവിനായി കോഴിക്കോടേക്ക് മടങ്ങുമ്പോള്‍ ദൈവഹിതം നിറവേറണമേയെന്നായിരുന്നു പ്രാര്‍ത്ഥന. 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ അന്നത്തെ ആ തീരുമാനത്തിന് ദൈവത്തിന് നന്ദി പറയുകയാണ്.

സണ്‍ഡേ ശാലോമില്‍ എത്തിയശേഷമാണ് ജയ്‌മോന്‍ കുമരകത്തിന്റെ എഴുത്തിന് കുറെക്കൂടി ആത്മീയ സ്പര്‍ശം നിറയുന്നത്. അതിനു മുമ്പ് പൊതു വിഷയങ്ങളും ബാലസാഹിത്യവുമൊക്കെയായിരുന്നു എഴുതിരുന്നത്. സണ്‍ഡേ ശാലോമിലൂടെ കേരളം സമൂഹത്തിന്റെ മനസാക്ഷിയുടെ സ്വരമായി മാറുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹമെഴുതുന്ന ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന കോളം താല്പര്യപൂര്‍വ്വം വായിക്കുന്ന ധാരാളം പേരെ അറിയാം. ഭൗതിക നേട്ടങ്ങളെക്കാള്‍ ദൈവത്തിനു പ്രാധാന്യം നല്‍കിയപ്പോള്‍ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ ദൈവം എല്ലാം ക്രമപ്പെടുത്തിയെന്ന് അദ്ദേഹം വിനീതനാകുന്നു.

സണ്‍ഡേ ശലോമിലെ പ്രവര്‍ത്തങ്ങളിലൂടെ ദൈവ വചനം അനേകരിലെയ്ക്ക് എത്തിക്കുവാന്‍ കഴിയുന്നതിനോടൊപ്പം എഴുത്തിന്റെ മേഖലയിലെയ്ക്ക് നിരവധിപേരെ കൂട്ടികൊണ്ട് വരുവാനും ജയ്‌മോന്‍ കുമരകത്തിന് കഴിഞ്ഞു. പലരുടെയും രചനകള്‍ പുസ്തകരൂപത്തിലാക്കിയതിന് പിന്നിലും അദ്ദേഹത്തിന്റെ പ്രചോദനവും പ്രോത്സാഹനവും നിര്‍ണായകമാണ്.

”പലര്‍ക്കും കഴിവുകള്‍ ഉണ്ട്. എന്നാല്‍ അത് പ്രകടമാക്കുവാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. അവരുടെ കഴിവുകള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ലോകം തുറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇതെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍.

മറക്കാനാവാത്ത ഓര്‍മ്മ 

പ്രതിസന്ധി ഘട്ടത്തിലെല്ലാം ദൈവം എന്റെ കരം പിടിച്ച് നയിക്കുന്നുണ്ടെന്ന ചിന്ത എന്നെ ഏറെ ബലപ്പെടുത്തുന്നുണ്ട്. തകര്‍ന്നുപോകുമെന്ന് കരുതുന്ന വേളയിലെല്ലാം അത്ഭുതകരമായൊരു ഇടപെടല്‍. അതാണ് ദൈവകൃപയോട് എന്നെ ചേര്‍ത്തുനിര്‍ത്തുന്നതും.

ഏറെ പ്രയത്‌നിച്ച് ചെയ്‌തൊരു നന്മ, തിന്മയായി ചിത്രീകരിക്കപ്പെട്ടൊരു കാലത്ത് നീണ്ടുവന്ന സാന്ത്വന കരങ്ങളെ മറക്കാനാവില്ല.  തോളില്‍ തട്ടി അവരെല്ലാം പറഞ്ഞത് ‘ഞങ്ങളുണ്ട് കൂടെ’ എന്നായിരുന്നു. കൂരമ്പുമായിവന്ന തിന്മയുടെ ഉറവിടങ്ങള്‍ പിന്നീട് വെളിപ്പെട്ടതോടെ ആദരവുകളുടെ മലവെള്ളപ്പാച്ചിലായി. അതിനിടയില്‍ അമൂല്യമായൊരു നിധിയായി സൂക്ഷിക്കുന്നു, കെ സി ബി സി യുടെ മാധ്യമ പുരസ്‌കാരവും സിറാക്ക് മാധ്യമപുരസ്‌കാരവും. ദൈവത്തിന് മാത്രം നന്ദി!  അവിടുന്ന് കരം പിടിച്ചില്ലായിരുന്നെങ്കില്‍ എന്നോ ഉടഞ്ഞുപോകുമായിരുന്ന മണ്‍പാത്രമാകുമായിരുന്നു ഞാന്‍. ഈ ചിന്തയാണ് എന്ന കൂടുതല്‍ ദൈവത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നത്.

സോഫിയ ടൈംസിന്റെയും സണ്‍ഡേ ശാലോം പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ജയ്‌മോന്‍ കുമരകം ശാലോം റേഡിയോയില്‍ ഏകാന്തപഥികന്‍ എന്ന പ്രഭാഷണവും നടത്തുന്നുണ്ട്. ദൈവത്തിന്റെ സ്വരം അനേകരിലെത്തിക്കുവാനായി പരിശ്രമിക്കുന്ന ജയ്‌മോന്‍ കുമരകം ഭാര്യ അജിമോളോടും മൂന്നു മക്കളോടും അമ്മയോടും ഒപ്പം കോഴിക്കോട് താമസിക്കുന്നു.

അനേകരെ ആത്മീയതയിലെയ്ക്ക് നയിക്കുവാന്‍, അനേകം ജീവിതങ്ങളിലെയ്ക്ക് വെളിച്ചം പകരുവാന്‍ ഉള്ള അദ്ദേഹത്തിന്റെ ഈ യാത്രയില്‍ അദ്ദേഹത്തെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.