സംഗീതത്തെ  പ്രാർത്ഥനയാക്കി മാറ്റിയ മ്യൂസിക് ബാൻഡ് – ലക്സിസ്  

സംഗീതം എല്ലാവരിലേക്കും സൗജന്യമായി എത്തിക്കുക എന്ന ദൗത്യവുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ് ‘ലക്സിസ്’ എന്ന കത്തോലിക്കാ സംഗീത ബാൻഡ്. കഴിഞ്ഞ 25  വർഷമായി പ്രചോദനാത്മകമായ ക്രിസ്തീയ പ്രാർത്ഥനാ സംഗീതങ്ങൾ തയ്യാറാക്കുന്ന സംഘമാണ് ലക്സിസ്.  ഇവർ തയ്യാറാക്കിയ പ്രാർത്ഥനാ ഗീതങ്ങളാണ് ആളുകളിലേക്ക്‌ സൗജന്യമായി എത്തിക്കുന്നത്.

ലക്സിസ് ബാൻഡ് എന്നത് ഒരു അസാധാരണ സംഘം ആണ്. സ്പെയിനിന്റെ  വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന സംഘാംഗങ്ങൾ മറ്റു പല മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ജോലിക്കുശേഷം ഒരു  സുവിശേഷവൽക്കരണം പോലെയാണ് സംഗീത ബാൻഡിന്റെ പ്രവർത്തനങ്ങൾ കൊണ്ട് പോകുന്നത്.  ഇവരെ സംബന്ധിച്ചിടത്തോളം സംഗീതം എന്നത് ജനങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുവാനും ദൈവത്തിന്റെ സന്ദേശം പകർന്നു നൽകുവാനും ഉള്ള മാർഗ്ഗമാണ്. തങ്ങൾ സൗജന്യമായി സ്വീകരിച്ച വിശ്വാസത്തിന്റെ സമ്മാനം സൗജന്യമായിട്ടു തന്നെ മറ്റുളവരിലേയ്ക്കു എത്തിക്കുന്നു എന്ന് ഇവർ  പറയുന്നു.

“പലർക്കും ഇത് നവോന്മേഷദായകമാണ്. ചിലരെ സംബന്ധിച്ചിടത്തോളം ഈ പാട്ടുകൾ അവരുടെ മുറിവുണക്കുന്നു . മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ നിഷേധാത്മകമായ സാഹചര്യങ്ങളെ നിരസിക്കുന്നതിനുള്ള മാർഗ്ഗമാണ് ഈ പാട്ടുകൾ. മറ്റു ചിലർക്ക് ഇത് ദൈവരാജ്യത്തോടുള്ള കടമ പുതുക്കലും ക്രിസ്തീയ ജീവിതത്തിൽ അവരെ പോഷിപ്പിക്കുന്ന ഭക്ഷണവും ആണ്”.  ലക്ക്സിസ് ബാൻഡിലെ അംഗവും വൈദികനുമായ ഫെർമിൻ നിഗ്രി പറയുന്നു.

എട്ടു ആൽബങ്ങളാണ് ലക്ക്സിസ് പെതുവരെ പുറത്തിറക്കിയിരിക്കുന്നത്. കരുണയുടെ വര്‍ഷത്തോട് അനുബന്ധിച്ചു  ‘ദി റെയിൻ ഓഫ് യു മെഴ്സി’ എന്ന ആൽബം പുറത്തിറക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെ  തങ്ങളുടെ പാട്ടുകൾ ഷെയർ ചെയുകയും അങ്ങനെ അനേകരിലേക്കു സംഗീതത്തിലൂടെ ദൈവത്തെ പകർന്നു കൊടുക്കുകയും ചെയ്യുന്നു. അവരുടെ പാട്ട് ദൈവവചനസന്ദേശമായി ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. അതിനാലാണ് അവരുടെ പരിപാടികളിൽ പങ്കെടുക്കുവാൻ അവർ ആളുകളെ ക്ഷണിക്കുന്നത്. ആ സംഗീത പരിപാടികൾ വെറും കച്ചേരികൾ മാത്രമല്ല മറിച്ചു പ്രാർത്ഥനയുടെ നിമിഷങ്ങൾ കൂടിയാണ്.

ക്രിസ്തീയ സംഗീതം ആഴത്തിൽ ആളുകളുടെ ഉള്ളിൽ പതിയുന്നതിനു കാരണമാകുന്നു. വിശ്വാസം, ശ്രോതാക്കളുടെ വൈകാരികത എന്നിവയെ സംഗീതം സ്പർശിക്കുന്നതിനാൽ ആളുകളിൽ ദൈവാനുഭവം ഉയർന്നു വരുവാൻ ഇവ കാരണമാകുന്നു എന്ന് ഈ കൂട്ടർ വിശ്വസിക്കുന്നു.

ഇന്ന് ഈ  ബാൻഡ് തുടങ്ങിയിട്ടു ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുകയാണ്. പിന്നിട്ട വർഷങ്ങളിലൂടെ അവർ നടത്തിയ സുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ തണലിൽ ആയിരങ്ങളാണ് ദൈവത്തെ അനുഭവിച്ചത്. ഇനിയും ദൈവത്തിന്റെ സ്വർഗീയ സംഗീതത്തിലൂടെ അനേകരിലേയ്ക്ക് എത്തുന്നതിനുള്ള യാത്രയിലാണ് ലക്സിസ് ബാൻഡും അതിന്റെ പ്രവർത്തകരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.