മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 32

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

സ്വർഗ്ഗീയ ശബ്ദമാധുര്യത്താൽ അനുഗ്രഹീതനായ ഞാപ്പള്ളിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

1913 നവംബർ 24-ന് ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ ഞാപ്പള്ളിൽ വീട്ടിൽ മാത്യുവിന്റെയും ഏലിയാമ്മയുടെയും ആറ് മക്കളിലൊരുവനായി യൗനാൻ ജനിച്ചു. മാവേലിക്കര ബോയ്സ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അന്നത്തെ രീതിയനുസരിച്ച് മൽപാന്മാരുടെ ശിക്ഷണത്തിൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ സുറിയാനിയും പൗരോഹിത്യ ശുശ്രൂഷാക്രമങ്ങളും അഭ്യസിച്ച് 1944 മെയ്‌ 15-ന് വൈദികനായി അഭിഷിക്തനായി. ആദ്യബലി അർപ്പിച്ചത് മാതൃ ഇടവകയായ ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ്.

മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യശ്രമങ്ങൾക്ക് കരുത്ത് പകർന്ന് എന്നും കൂട്ടായി ഉണ്ടായിരുന്ന, അതിനായി മെത്രാനാകാനുള്ള സൗഭാഗ്യം പോലും വേണ്ടെന്നുവച്ച ഫിലിപ്പോസ് റമ്പാൻ ചേപ്പാട് പ്രദേശവാസിയായിരുന്നു. ചേപ്പാട് ഫിലിപ്പോസ് റമ്പാച്ചനുമായുളള അടുപ്പത്തിലൂടെ കാതോലികവും ശ്ളൈഹീകവും ഏകവും വിശുദ്ധവും പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയാണ് സത്യസഭയെന്നും കേസുകളും വ്യവഹാരങ്ങളുമില്ലാതെ ഉത്ഥിതനായ കർത്താവിനെ പ്രഘോഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അച്ചൻ തിരിച്ചറിഞ്ഞു.

അക്കാലത്ത് പറന്തലിലുള്ള മെത്രാൻകക്ഷി വിഭാഗത്തിന്റെ പള്ളിയിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തുവരികയായിരുന്നു, ഇടവക ട്രസ്റ്റിയായ പാണുവേലിത്തറയിൽ ഇടപ്പുരയിൽ വർഗ്ഗീസ് മത്തായിയും അച്ചനും 1947 മെയ്‌ 24-ന് തിരുവനന്തപുരത്ത് പോയി പുനരൈക്യ ശിൽപിയായ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ മുമ്പിൽ സത്യവിശ്വാസം ഏറ്റുപറഞ്ഞ് മലങ്കര സുറിയാനി കത്തോലിക്ക സഭയിലേയ്ക്ക്‌ പുനരൈക്യപ്പെട്ടു. തുടർന്നു വന്ന ഞായറാഴ്ച്ച താൽക്കാലികമായി ഒരു ഓലഷെഡ് ഉണ്ടാക്കി അതിൽ വിശുദ്ധ കുർബാന അർപ്പിച്ചു. അങ്ങനെ പറന്തലിൽ കത്തോലിക്കാ കൂട്ടായ്മക്ക് അച്ചൻ രൂപം നൽകി.

പെരിങ്ങനാട്, തുവയൂർ, പറന്തൽ, കടമ്പനാട്, ഏഴംകുളം, കൊടുമൺ, തുമ്പമൺ, കുടശ്ശനാട്, കുരമ്പാല, നൂറനാട്, തട്ട, പട്ടാഴി, പഴകുളം, അടൂർ, വയലാ, പൊങ്ങലടി, പുതുശ്ശേരിഭാഗം തുടങ്ങി നിരവധി പള്ളികളിൽ അച്ചൻ വിവിധങ്ങളായ ശുശ്രൂഷകളിലേർപ്പെട്ടു. പറന്തൽ, പൊങ്ങലടി എന്നീ പള്ളികൾ സ്ഥാപിക്കാനും വളർത്തുവാനും അനേകം ആളുകളെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലേയ്ക്ക് കൊണ്ടുവരാനും അച്ചൻ സ്തുത്യർഹമായ നേതൃത്വം നൽകി. പറന്തൽ എം.എസ്.സി.എൽ. പി സ്കൂൾ തുടങ്ങാനും അച്ചനായി. പറന്തൽ അമലഗിരി എസ്റ്റേറ്റ് അന്ത്രപ്പേർ ജോസഫ് മുതലാളിയിൽ നിന്നും തിരുവനന്തപുരം അതിരൂപതയ്ക്കായി വാങ്ങിക്കുവാനുള്ള കാരണക്കാരിൽ ഒരാളും അച്ചനായിരുന്നു.

അനുഗ്രഹീത ശബ്ദമാധുര്യത്തിന് ഉടമയായിരുന്ന അച്ചൻ, ഹാർമോണിയം വായിച്ച് ഗാനങ്ങൾ ആലപിച്ചിരുന്നു. ശബ്ദസൗകുമാര്യത്തിന്റെ സവിശേഷതയാൽ തന്നെ അച്ചന്റെ വിശുദ്ധ കുർബാനയർപ്പണം അലൗകീകമായ അനുഭവങ്ങളിലേയ്ക്ക് വിശ്വാസ സമൂഹത്തെ ആനയിച്ചിരുന്നു.

തീക്ഷ്ണമതിയായ ഈ മിഷണറി ഭവനസന്ദർശനത്തിലൂടെയും പ്രാർത്ഥനയിലൂടെയും അനേകരെ സഭാമക്കളാക്കി. തന്റെ ഇല്ലായ്മയിലും ബുദ്ധിമുട്ടിലും പോലും അനേകരെ അദ്ദേഹം കരുതിയിരുന്നു. താന്‍ ഇടവക വികാരിയായിരുന്ന പള്ളികളിൽ നിന്ന് യുവാക്കളെ ദൈവവിളിയിലേയ്ക്ക് ആകർഷിക്കുകയും പൗരോഹിത്യ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.

1966 ഓഗസ്റ്റ് 17-ന് തന്റെ അമ്പത്തിരണ്ടാം വയസ്സിൽ യൗനാൻ ഞാപ്പള്ളിൽ അച്ചൻ നിര്യാതനായി. അച്ചൻ തന്നെ ആരംഭിച്ച പറന്തൽ സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഭൗതീകശരീരം കബറടക്കിയിരിക്കുന്നു. അച്ചന്റെ സഹധർമ്മിണിയായ ബുധനൂർ മാടപ്പള്ളിൽ കുടുംബാംഗമായ തങ്കമ്മ എല്ലാ കാര്യങ്ങൾക്കും താങ്ങായി കൂടെയുണ്ടായിരുന്നു. ഗീവർഗീസ് യൗനാൻ (രാജു), എലിസബത്ത് തോമസ് (അമ്മുക്കുട്ടി), തോമസ് യൗനാൻ (വലിയ കുഞ്ഞ്), മാത്യു യൗനാൻ (കൊച്ചു കുഞ്ഞ്) എന്നിങ്ങനെ നാല് മക്കളെ ദൈവം അച്ചന് നൽകി. യൗനാൻ അച്ചന്റെ അനുഗ്രഹീതപാത പിൻപറ്റി തങ്ങളുടെ പിതാവിലൂടെ സ്വർഗ്ഗം അനേകരുടെ ജീവിതത്തിൽ ചൊരിഞ്ഞ നിരവധിയായ നന്മകൾക്ക് സാക്ഷിയായി അച്ചന്റെ തലമുറകൾ ജീവിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: എലിസബത്ത് തോമസ് (മകൾ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.