മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 28

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു

‘ത്രിമൂർത്തി’കളിൽ ഒന്നാമനായ കുമ്പഴയച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

“സൈനികസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളി, തന്നെ സൈന്യത്തില്‍ ചേര്‍ത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാല്‍ മറ്റു കാര്യങ്ങളില്‍ തലയിടാറില്ല” (2 തിമോ 2:4) പൗലോസ് ശ്ലീഹായുടെ വാക്കുകൾ പോലെ, വിളിച്ച നാഥനോടുള്ള ഇഷ്ടത്താൽ സഭയുടെ കെട്ടുപണിയിൽ അക്ഷീണം അദ്ധ്വാനിച്ച, കർമ്മനിരതനായ ഒരു പുരോഹിതന്റെ ജീവിതമാണിത്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പത്തനംതിട്ടയുടെ മണ്ണിൽ ഊടും പാവും നെയ്യാൻ അത്യദ്ധ്വാനം ചെയ്ത വൈദികരിൽ പ്രമുഖരാണ് മൈലപ്ര അച്ചൻ എന്നറിയപ്പെടുന്ന ഫാ. എ.ജി. ഏബ്രഹാമും, കടമ്മനിട്ട അച്ചൻ എന്നറിയപ്പെടുന്ന ഫാ. ഗീവർഗീസ് പുത്തൻപുരയ്ക്കലും, കുമ്പഴ അച്ചൻ എന്നറിയപ്പെടുന്ന ഫാ. പീലിപ്പോസ് മേടയിലും. അതിനാൽ തന്നെ ‘ത്രിമൂർത്തികൾ’ എന്ന് ആളുകൾ ഇവരെ വിശേഷിപ്പിച്ചിരുന്നു. ഈ വൈദികരാൽ ആരംഭിച്ച പള്ളികളിലെ അംഗങ്ങളോ ഇവരുടെ പ്രർത്തനങ്ങളിൽ ആകൃഷ്ടരായി സഭയിലേയ്ക്ക് കടന്നുവന്നവരുടെ പിൻതലമുറക്കാരോ ആണ് പത്തനംതിട്ട പ്രദേശത്തെ ഭൂരിഭാഗം മലങ്കര കത്തോലിക്കാ വിശ്വാസികളും.

അനൈക്യത്തിന്റെ മതിൽക്കെട്ടുകൾ തകർക്കാൻ പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് സമാരംഭിച്ച പുനരൈക്യപ്രസ്ഥാനത്തിലേയ്ക്ക് പത്തനംതിട്ട പ്രദേശത്ത് ആദ്യം ചേർന്ന വൈദികനാണ് കുമ്പഴ അച്ചൻ (അതിനുമുമ്പ് ചേർന്ന വൈദികരെല്ലാം ലത്തീൻ, സീറോ മലബാർ സഭകളിലേയ്ക്കാണ് ചേർന്നത്). പുത്തൻപീടിക, കൈപ്പട്ടൂർ, കുമ്പഴ, തട്ട, റാന്നി-പെരുനാട് (മാമ്പാറ), രാമൻചിറ, കുടശ്ശനാട്, പുതുശ്ശേരിമല, ചന്ദനപ്പളളി, കൊടുമൺ, പമ്പുമല, ചീക്കനാൽ, നാരങ്ങാനം, വലഞ്ചുഴി, പൂങ്കാവ്, കിഴവള്ളൂർ, മൈലപ്ര, പത്തനംതിട്ട, വടക്കുപുറം, പൊന്നമ്പ്, തോട്ടുപുറം, കോന്നി, മുളന്തറ, കാട്ടൂർ, കല്ലേലി, ഊട്ടുപാറ, വടശ്ശേരിക്കര, മണ്ണാറകുളഞ്ഞി, മാരാമൺ, ചെങ്ങറ, ചെന്നീർക്കര, അട്ടച്ചാക്കൽ, പുനലൂർ, അതിരുങ്കൽ, വള്ളിക്കോട് -കോട്ടയം, ളാക്കൂർ, ഇലന്തൂർ, വകയാർ, ഊട്ടുപാറ, കാർമല, ചീക്കനാൽ, ആഞ്ഞിലികുന്ന്, അതിരുങ്കൽ, മുറിഞ്ഞകല്ല്, അത്തിക്കയം, കൂടൽ, കോന്നിത്താഴം, അതുമ്പുംകുളം, പൊങ്ങലടി, നെടുമൺകാവ്, ഇടത്തറ, തോട്ടമൺ, തിരുവല്ലം തുടങ്ങി നാൽപതിലധികം പള്ളികളുടെ ചരിത്രഗതിയിൽ പങ്കാളിയായ ഒരു പുരോഹിതൻ. മിഷൻ പ്രവർത്തനത്തിനും കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും പള്ളികൾ പണിയുന്നതിനും പള്ളിക്ക് സ്ഥലങ്ങൾ വാങ്ങുന്നതിനും കുരിശടികൾ സ്ഥാപിക്കുന്നതിനും ശവക്കോട്ടകൾക്കെതിരായ കേസുകൾ തീർക്കുന്നതിനുമൊക്കെയായി ഈ ഇടവകകളുമായി അടുത്ത ബന്ധം പുലർത്തിയ അച്ചന്റെ പ്രതിബദ്ധത വൈദികർക്ക് എന്നും മാതൃകയാണ്.

വൈദ്യന്മാരുടെ പരമ്പരയിൽപ്പെട്ട കുമ്പഴ മേലേതിൽ തോമസ് വൈദ്യൻ – കൈപ്പട്ടൂർ ചക്കാലയിൽ മറിയാമ്മ ദമ്പതികളുടെ ഏഴ് മക്കളിലൊരാളായി 1907 ഏപ്രിൽ 23-നു ജനിച്ച പീലിപ്പോസിന് വൈദികനാകാനായിരുന്നു ആഗ്രഹം. സ്കൂൾ പഠനത്തിനുശേഷം വൈദികപരിശീലനം ആരംഭിച്ചു. 1929 ആഗസ്റ്റ് 31-ന് കുണ്ടറ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയിൽ നിന്നും മാരാമൺ ഓർത്തഡോക്സ് പള്ളിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. കുമ്പഴ ശെമഓൻ ദെസ്തൂനി പള്ളിയിലും അട്ടച്ചാക്കൽ, കൊന്നപ്പാറ പള്ളിയിലും വിശുദ്ധ കുർബാന അർപ്പിക്കുകയും കൂദാശകൾ പരികർമ്മം ചെയ്യുകയും ചെയ്തുപോന്നു. മാർ ഈവാനിയോസ് പിതാവുമായും റാന്നി-പെരുനാട് ബഥനി ആശ്രമവുമായും നേരത്തെ ബന്ധമുണ്ടായിരുന്ന അച്ചൻ ഇരുപത്തിമൂന്നാം വയസ്സിൽ 1930 ഒക്ടോബർ 29-ന് മാവേലിക്കരയിൽ വച്ച് മാർ ഈവാനിയോസ് പിതാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുനരൈക്യപ്പെട്ടു.

പിതാവിന്റെ കത്തോലിക്കാ സംസർഗ്ഗത്തെ എതിർത്തിരുന്ന അച്ചൻ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല അത്. പിന്നെയോ, തോമസ് കലേക്കാട്ടിലച്ചനുമായും കല്ലൂപ്പാറ മാരേട്ടു പീലിപ്പോസ് ജഡ്ജി തുടങ്ങിയവരുമായും നിരന്തരം സഭാകാര്യങ്ങളിൽ സംവാദത്തിലും പഠനത്തിലും ഏർപ്പെട്ടിരുന്നതിലൂടെ ലഭിച്ച ബോധ്യത്തിന് ദൈവം നൽകിയ ഉൾവിളിയുടെ പ്രത്യുത്തരം. കത്തോലിക്കാസഭയെ ആഴത്തിൽ പഠിക്കുന്നതിനായി ചെത്തിപ്പുഴ ആശ്രമത്തിൽ പണ്ഡിതനായ പ്ളാസിഡ് പൊടിപ്പാറ CMI അച്ചനോടൊപ്പം താമസിക്കുന്നതിനായി പീലിപ്പോസച്ചനെ പിതാവയച്ചു. അവിടെ നിന്ന് മടങ്ങിയത് തീക്ഷ്ണവാനായ ഒരു കത്തോലിക്കാ വൈദികനായിട്ടായിരുന്നു. തുടർന്നുള്ള ജീവിതം അശ്രാന്തപരിശ്രമത്തിന്റേതായിരുന്നു. ശനിയാഴ്ച്ച രാവിലെ നടന്ന് ദൂരെയുള്ള പളളികളിലേയ്ക്കുള്ള യാത്ര. സൈക്കിളിലോ ഏകനായി ഒറ്റയടി പാതയിലൂടെയോ നടന്നുപോയുള്ള ബലിയർപ്പണം. 1930 ഡിസംബർ 25-ന് കുമ്പഴയിൽ ഒരു ചാപ്പൽ നിർമ്മിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം.

കടമ്മനിട്ടയച്ചൻ, മൈലപ്രയച്ചൻ, ആശാരിയത്തച്ചൻ, കിഴക്കേവീട്ടിലച്ചൻ, കുഴിയമണ്ണിലച്ചൻ, പന്തളത്തച്ചൻ, ആമ്പശേരി അച്ചൻ, സാമുവേൽ ശങ്കരത്തിലച്ചൻ എന്നീ വൈദികരുടെയുടെയെല്ലാം കത്തോലിക്കാ സഭാ സംസർഗ്ഗത്തിന് കാരണക്കാരിലൊരാൾ കുമ്പഴയച്ചനാണ്. ഇന്നത്തെ കോന്നി, റാന്നി-പെരുനാട്, സീതത്തോട് വൈദികജില്ലകൾ ഉൾപ്പെടുന്ന വിശാലമായ പത്തനംതിട്ട വൈദികജില്ലയുടെ ജില്ലാവികാരിയായി ദീർഘനാൾ സേവനം ചെയ്തു.

1933-ൽ തിരുവനന്തപുരത്തിനടുത്ത് തിരുവല്ലത്ത് മിഷൻ പ്രവർത്തനമാരംഭിച്ചു. ഏതാനം ആളുകൾക്ക് മാമ്മോദീസ നൽകി തിരുസഭയുടെ അംഗങ്ങളാക്കി. തിരുവല്ലം തിരുഹൃദയ പള്ളിയുടെ ആദ്യത്തെ വികാരിയാണ് അച്ചൻ. വെള്ളായണി മിഷൻ എന്നാണ് ചരിത്രരേഖകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

പള്ളിക്കാര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒരാളായിരുന്നില്ല കുമ്പഴ അച്ചൻ. കുമ്പഴ കോ-ഓപ്പറേറ്റീവ് യൂണിയൻ പ്രസിഡന്റായി ദീർഘനാൾ നേതൃത്വം നൽകി. വെട്ടൂർ – വടക്കുപുറം റോഡ്, വെട്ടൂർ-ആഞ്ഞിലിക്കുന്ന് റോഡ് തുടങ്ങി നിരവധി റോഡുകൾ വെട്ടുന്നതിനും ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് ബസ് സർവ്വീസ് തുടങ്ങുന്നതിനും ഈ പ്രദേശങ്ങൾ വൈദ്യുതീകരിക്കുന്നതിനും പ്രയത്‌നിച്ചു. തർക്കങ്ങൾ പരിഹരിക്കുന്നതിനും വസ്തുവ്യവഹാരങ്ങൾ തീർപ്പുകൽപ്പിക്കുന്നതിനും ആളുകൾ അച്ചനെ സമീപിച്ചിരുന്നു. ഓരോ ദിവസത്തെയും പ്രത്യേകതകളും അന്നത്തെ ശുശ്രൂഷകളുടെ വിവരങ്ങളും വരവ്-ചെലവ് കണക്കുകളുമെല്ലാം കൃത്യമായി ഡയറിയിൽ എഴുതി വയ്ക്കുന്ന, അടുക്കും ചിട്ടയുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അച്ചൻ.

ആരോഗ്യപരിപാലനരംഗത്ത് ഏറെ പിന്നോക്കമായിരുന്ന പത്തനംതിട്ട പോലൊരു ഉൾനാടൻ ഗ്രാമാന്തരീക്ഷത്തിൽ വെട്ടൂർ എൽ.പി. സ്കൂളിനു സമീപമായി Mother of Health Hospital എന്ന പേരിൽ സ്വന്തമായി ആശുപത്രി തുടങ്ങാൻ കാണിച്ച ധീരത ശ്ളാഘനീയമാണ്.

1927-ൽ മഞ്ഞനിക്കര യാക്കോബായ പള്ളിയിൽ വച്ച് അയിരൂർ വലിയ ചെമ്പോത്രയിൽ അന്നമ്മയെ വിവാഹം കഴിച്ചു. മറിയാമ്മ, ഫിലോമിന (സി. ഫിലോമിന SIC), ലില്ലിക്കുട്ടി, ദീനാ ഫിലിപ്പ് (സി. ദീനാ ഫിലിപ്പ് MMS), ക്ളാരമ്മ, ആലീസുകുട്ടി, ജെയിംസ് എന്നീ 7 മക്കളെ ദൈവം നൽകി. രണ്ടാമത്തെ മകൾ സി. ഫിലോമിന ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറലായും പത്തനംതിട്ട പ്രൊവിൻഷ്യൽ സുപ്പീരിയറായും സേവനം ചെയ്തിരുന്നു. മെഡിക്കൽ മിഷൻ സമൂഹാംഗമായ നാലാമത്തെ മകൾ സി. ദീനാ ഫിലിപ്പ് സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്നു. വിവാഹിതരായ മറ്റു മക്കളും അവരുടെ പിൻതലമുറയുമെല്ലാം ഏറ്റം സ്തുത്യർഹമായി സഭാസേവനത്തിലും സാമൂഹ്യമേഖലയിലും ഏർപ്പെടുന്നു.

ആത്മാക്കളുടെ രക്ഷയ്ക്കായി ഏറെ അദ്ധ്വാനിച്ച ഈ ഇടയൻ, അറുപത്തിയേഴാം വയസ്സിൽ 1974 ജൂൺ 2-ന് സ്വർഗ്ഗീയ സമ്മാനത്തിനായി കടന്നുപോയി. അച്ചൻ തന്നെ ആരംഭിച്ച കുമ്പഴ പള്ളിയ്ക്കുള്ളിലായി അഭിവന്ദ്യ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെയും അഭിവന്ദ്യ സഖറിയാസ് മാർ അത്തനാസിയോസ് പിതാവിന്റെയും മുഖ്യകാർമ്മികത്വത്തിൽ ധീരനായ ആ പുനരൈക്യ പ്രേഷിതനെ സംസ്കരിച്ചു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ‘ഡയറിക്കുറിപ്പുകൾ’ – റവ. ഫാ. പീലിപ്പോസ് മേടയിൽ, ‘കർമ്മോജ്വല വ്യക്തിത്വം – ഫാ. പീലിപ്പോസ് മേടയിൽ’ – സി. ഫിലോമിന എസ്.ഐ.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.