മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 12

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു.

പത്രോസിന്റെ പിൻഗാമിയിൽ നിന്ന് പട്ടമേറ്റ പൊൻമേലിലച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

ലോകമാസകലമുള്ള കത്തോലിക്കാ വിശ്വാസികളുടെയും ഇടയനായ മാർപാപ്പ തിരുമേനിയെ ഒന്നു കാണാനാകുക… പത്രോസിന്റെ പിൻഗാമിയുടെ അനുഗ്രഹം വാങ്ങാനാകുക… ഇതെല്ലാം ആരും കൊതിക്കുന്ന ഒന്നാണ്. അങ്ങനെ ഒരവസരമുണ്ടായാൽ അതിനെ അവിസ്മരണീയ മുഹൂർത്തം എന്നാണ് ഏവരും വിശേഷിപ്പിക്കുക. എന്നാൽ അതിനുമപ്പുറം ‘ക്രിസ്തുവിന്റെ വികാരി’യിൽ നിന്ന് ‘ക്രിസ്തുവിന്റെ പ്രതിപുരുഷന്‍’ ആകാനുള്ള കൈവയ്പ്പ് ലഭിക്കാനുള്ള വലിയ ഭാഗ്യം അത് അപൂർവ്വങ്ങളിൽ അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. ക്രിസ്തുശിഷ്യനായ തോമാശ്ളീഹായാൽ സുവിശേഷം പ്രഘോഷിക്കപ്പെട്ട ഭാരതമണ്ണിൽ ആദ്യം കാലുകുത്തിയ മാർപാപ്പ എന്ന വിശേഷണത്തിന് അർഹനായ പോൾ ആറാമൻ മാർപാപ്പയിൽ നിന്ന് 1964 ഡിസംബർ 2-ന് ബോംബെയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ വച്ച് തോമസ് പൊൻമേലിലച്ചൻ വൈദികനായി അഭിഷിക്തനായി.

കാട്ടൂർ പ്രദേശത്തിന്റെ മുഴുവൻ അടങ്ങാത്ത ആവേശവും ദൈവീകചൈതന്യമുള്ളവനുമായ വാഴക്കുന്നത്ത് മണ്ണിൽ പൊൻമേലിൽ പോത്താ എബ്രഹാം കത്തനാരുടെ മകന്റെ കൊച്ചുമകന് വൈദീകനാകണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹം വല്യപ്പച്ചന്റെ (Great Grandfather) ജീവിതത്തിൽ നിന്ന് പകർന്നുകിട്ടിയതാണ്. പത്തനംതിട്ട ജില്ലയിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ വയലത്തല ദേശത്തു പൊൻമേലിൽ വീട്ടിൽ കർഷകനായ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും ആറു മക്കളിൽ മൂന്നാമനായി 1938 ജൂൺ 11-ന് ജനിച്ചു. 1938 ജൂലൈ 10-ന് കാട്ടൂർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ മാമ്മോദീസ നൽകി തോമസ് എന്ന പേര് കൊടുത്തു. മാതാപിതാക്കൾ ഇരുവരും, തങ്ങൾക്ക് ദൈവം ദാനമായി നൽകിയ മക്കളെ ദൈവീകശിക്ഷണത്തിൽ വളർത്തണമെന് നിഷ്ഠയുള്ളവരായിരുന്നു. അതിനാൽ തന്നെയാണല്ലോ ആറ് മക്കളിലൊരാൾ വൈദീകനും മറ്റൊരാൾ സന്യാസിനിയുമായത്. അച്ചന്റെ ജേഷ്ഠസഹോദരി പരേതയായ സി. യൂഫ്രസീന ബഥനി സന്യാസിനി സമൂഹാംഗമായിരുന്നു.

സ്കൂൾ വിദ്യാഭ്യാസം കാട്ടൂർ N.S.S ഹൈസ്കൂളിൽ പൂർത്തിയാക്കി. ബാല്യം മുതലുളള താൽപര്യത്താലും വല്യപ്പച്ചന്റെ ജീവിതവിശുദ്ധിയുടെ പ്രേരണയാലും മാതാപിതാക്കളുടെ പ്രോത്സാഹനത്താലും വൈദീക വിദ്യാർത്ഥിയായി 1956 ജൂൺ 1-ന് തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്നു. തുടർന്ന് ഫിലോസഫി – തിയോളജി പഠനം ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കി.

മാർപാപ്പയിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ച് നാട്ടിൽ മടങ്ങിയെത്തി മാതൃ ഇടവകയായ കാട്ടൂർ പള്ളിയിൽ വിശുദ്ധ ബലിയർപ്പിച്ചു. 1965 മുതൽ 1967 വരെ ഊന്നുകൽ, പമ്പുമല, രാമൻചിറ, ഉളനാട് ഇടവകകളിൽ വികാരിയായും തുടർന്ന് 1967 മുതൽ 1972 വരെ ഉള്ളന്നൂർ ഇടവകയിൽ വികാരിയായും സേവനമനുഷ്ഠിക്കുകയും ചെയ്തു. ഉള്ളന്നൂർ ഇടവകയിൽ വികാരിയായിരിക്കുമ്പോൾ മലഞ്ചരിവിൽ കുടുംബവുമായും ആ കുടുംബത്തിൽ നിന്ന് ദൈവവിളി സ്വീകരിച്ച വൈദീകരുമായും സന്യസ്തരുമായും ഊഷ്മളമായ ബന്ധം അച്ചനുണ്ടായിരുന്നു. അന്നത്തെ ഫാ. സിറിൾ OIC യുമായി (സിറിൾ ബസേലിയോസ് കാതോലിക്കാ ബാവ) ഉണ്ടായിരുന്ന അടുപ്പം ജീവിതത്തിലുടനീളം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു.

1973ൽ ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോവുകയും Pastoral Theologyയിൽ Licentiate കരസ്ഥമാക്കുകയും ചെയ്തു.

1976 മുതൽ കഴക്കൂട്ടം കേന്ദ്രമാക്കി വിവിധ ഇടങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തുകയും തിരുവനന്തപുരം അതിരൂപത സണ്ടേ സ്കൂൾ ഡയറക്ടറായും അതിരൂപത മുഖപത്രമായ ക്രൈസ്തവ കാഹളത്തിന്റെ ചുമതലക്കാരനായും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ മൈനർ സെമിനാരി അധ്യാപകനായും അച്ചൻ ശുശ്രൂഷ ചെയ്തു. 1979-1986 വരെയുളള കാലഘട്ടത്തിൽ അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളുടെ (MSC Schools) കറസ്പോണ്ടന്റായും പ്രവർത്തിച്ചു. ഇക്കാലയളവിൽ സ്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഏറെ അദ്ധ്വാനിച്ചു.

1986 മുതൽ 1992 വരെ മൈലപ്ര ഇടവകയിലും 1992 മുതൽ 1997 വരെ അഞ്ചൽ ഇടവകയിലും സേവനം ചെയ്തതിനുശേഷം 1997-ൽ സഭാധികാരികളുടെ നിർദ്ദേശത്തെ തുടർന്ന് അമേരിക്കയിലേയ്ക്ക് സേവനമനുഷ്ഠിക്കുവാൻ പോയി. 2002-ൽ നാട്ടിൽ തിരിച്ചെത്തുകയും തുടർന്ന് 2010 വരെ കാരയ്ക്കാട് ഇടവകയുടെ വികാരിയായി തുടരുകയും ചെയ്തു.

മൈലപ്ര ഇടവകാംഗമായ വന്ദ്യ ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, തോമസ് അച്ചനിലെ ഇടയന്റെ 3 ഗുണങ്ങൾ അനുസ്മരിക്കുന്നു.

1. മിതഭാഷി – മിതമായ ഭാഷയിൽ കൃത്യതയോടെ സംസാരിക്കുന്നു.
2. കൃത്യനിഷ്ഠ – ആർക്കും സംലഭ്യനായിരുന്ന അച്ചൻ ആരെയും മുഷിപ്പിക്കാതെ കൃത്യസമയത്ത് എല്ലാം ക്രമമായി ചെയ്തിരുന്നു.
3. വ്യക്തിശുചിത്വം – പള്ളിയും പരിസരവുമെല്ലാം ഭംഗിയായി സൂക്ഷിച്ചിരുന്നു.

ഇംഗ്ളീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ വശമായിരുന്ന അച്ചൻ ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു. ഇടവക ജനങ്ങളെ പേരെടുത്തു വിളിച്ചിരുന്ന ആ ഇടയൻ, ഒരു ഞായറാഴ്ച്ച പള്ളിയിൽ ഒരാൾ വരാതിരുന്നാൽ കൃത്യമായി അത് മനസ്സിലാക്കുകയും സുഖവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അലട്ടിയിരുന്നുവെങ്കിലും ദേവാലയത്തിലെ ഒരു കാര്യങ്ങൾക്കും ഒരു കുറവും അദ്ദേഹം വരുത്തിയിരുന്നില്ല. ക്ഷിപ്രകോപിയെന്നു കരുതുന്ന അച്ചൻ അതിലേറെ ക്ഷിപ്രസാധ്യനുമായിരുന്നു. താൻ ദേഷ്യപ്പെടുന്നവരെയും തന്നോട് ദേഷ്യപ്പെടുന്നവരെയും ചേർത്തുനിർത്താനും ഒരു രാവിനപ്പുറം അതിന് ദൈർഘ്യമുണ്ടാകാതിരിക്കാനും അച്ചൻ ശ്രദ്ധിച്ചിരുന്നു. ഇടവക ജനങ്ങളുടെ ആവശ്യമറിഞ്ഞ് മനസ്സിലാക്കി അവരെ കരുതുന്നതിന് അനിതരസാധാരണമായ സിദ്ധിവിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. ഫലിതപ്രിയനായിരുന്ന അച്ചൻ മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശ്രമിച്ചിരുന്നു. അതിഥികളെ സ്വീകരിക്കാനും അവരെ കരുതാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ബാസ്ക്കറ്റ് ബോളും ഷട്ടിലുമൊക്കെ കളിച്ചിരുന്ന അച്ചൻ, അതിനായി ദേവാലയത്തോട് ചേർന്ന് കളിക്കളങ്ങളുണ്ടാക്കി യുവാക്കളെ പള്ളിയിലേയ്ക്ക് ചേർത്തുനിർത്തിയിരുന്നു.

തന്റെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അച്ചൻ, അവരുടെ ജീവിതത്തിന്റെ സുഖദുഃഖവേളയിൽ ഒപ്പമുണ്ടായിരുന്നു. അച്ചന്റെ കുടുംബം പിന്നീട് വീടിന് സമീപമുള്ള വയലത്തല ഇടവകയിൽ അംഗമായി. വയലത്തലയുടെ വികസനത്തിന് യാത്രാസൗകര്യത്തിന്റെ കുറവ് തടസ്സമായിരുന്ന കാലത്ത് പുതമൺ – കടമ്മനിട്ട റോഡ് നിർമ്മാണത്തിനായി പരിശ്രമിച്ചിട്ടുണ്ട്.

പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് പിതാവ് തന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ പൊൻമേലിലച്ചനൊപ്പം താമസിച്ചിരുന്നു. അന്ന് തുടങ്ങിയ ആ സ്നേഹബന്ധത്താൽ പിതാവിന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും അഭിമാനിക്കുവാനും മറ്റുള്ളവരോട് അത് സന്തോഷത്തോടെ പ്രസ്താവിക്കാനും അച്ചനു സാധിച്ചിരുന്നു.

പത്തനംതിട്ട ദദ്രാസനത്തിന്റെ രൂപീകരണത്തിന്റെ ആദ്യനാളുകളിൽ രൂപതാദ്ധ്യക്ഷനായ ക്രിസോസ്റ്റം പിതാവ് അച്ചന്റെ ശാരീരികമായ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് ഇലന്തൂർ ദേവാലയത്തിൽ താമസിച്ചുകൊണ്ട് ബെന്നി നാരകത്തിനാൽ അച്ചനോടൊപ്പം ശുശ്രൂഷ ചെയ്യാനായി നിർദ്ദേശിച്ചു. രോഗാവസ്ഥയിൽ ആശുപത്രിയിലായിരുന്ന അച്ചൻ 2013 നവംബർ 1-ന് ഹൃദയാഘാതത്തെ തുടർന്ന് നിത്യാരാധനയുടെ വാസസ്ഥലമായ പൂന്തോപ്പിലേയ്ക്ക്, താൻ ഏറെ സ്നേഹിച്ചിരുന്ന നാഥന്റെ അടുക്കലേയ്ക്ക് ചേർക്കപ്പെടുകയും ചെയ്തു. വയലത്തല ദേവാലയത്തോട് ചേർന്ന് ക്രമീകരിച്ച കബറിടത്തിൽ അച്ചൻ അന്ത്യവിശ്രമം കൊള്ളുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ.ജോർജ് വർഗ്ഗീസ് പുതുപ്പറമ്പിൽ, പ്രൊഫ. ഡോ. ഏബ്രഹാം മാത്യു പൊൻമേലിൽ (കുടുംബാംഗം), ബ്ര. ഐവാൻ പുതുപ്പറമ്പിൽ, സുബിൻ മാത്യു തേക്കിൻകാട്ടിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.