ക്രൈസ്തവ സന്യാസം: സന്യാസജീവിതം ആദിമ കാലഘട്ടത്തില്‍

ന്യായീകരണവും വ്യാഖ്യാനങ്ങളും കൊണ്ട് സന്യാസ നിയമങ്ങളെ വികൃതമാക്കി അവതരിപ്പിക്കപ്പെടുന്ന കാലമാണിത്. പല നിയമങ്ങളും സന്യാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും ബുദ്ധിവികാസമുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അപരിഷ്‌കൃത നൂറ്റാണ്ടുകളുടെ ബാക്കിപത്രവുമാണ് എന്ന് സന്യാസ നിയമങ്ങളെക്കുറിച്ച് മാധ്യമലോകം വിധിപ്രസ്താവനകള്‍ നടത്തുന്നു. തങ്ങളുടെ ദൈവവിളികള്‍ അതിന്റെ സന്യാസ ചൈതന്യത്തില്‍ ജീവിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടി പുറത്തുചാടിയവരും സമൂഹങ്ങളില്‍ തന്നെ അസ്വസ്ഥതകളില്‍ കഴിയുന്നവരുമായ ചുരുക്കം ചിലരുടെ സാക്ഷിപത്രങ്ങള്‍ ഈ വാദഗതികള്‍ക്ക് ബലം പകരുന്നുമുണ്ട്. അതിനാല്‍ എന്താണ് സന്യാസ നിയമങ്ങളുടെ ആദിമചരിത്രമെന്നും അവ രൂപപ്പെട്ട പശ്ചാത്തലമെന്തെന്നും അറിയുന്നത് ഉചിതമാണ്. അതിന് സന്യാസജീവിതം നിയതമായ ക്രമത്തിലേയ്ക്ക് വന്ന എ.ഡി. 4-ാം നൂറ്റാണ്ട് മുതലുള്ള പഠനം അത്യാന്താപേക്ഷിതമാണ്.

ഏകാന്ത വാസികള്‍

ഈജിപ്തുകാരനായ തീബ്സിലെ വി. പൗലോസ് ആണ് ഏകാന്തവാസിയായ ആദ്യത്തെയാള്‍ എന്നാണ് ക്രൈസ്തവ സന്യാസചരിത്രത്തില്‍ കരുതപ്പെടുന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ദേച്ചിയൂസിന്റെ മതമര്‍ദ്ദന കാലത്ത് ഈജിപ്തിലെ മരുഭൂമിയിലേയ്ക്ക് പിന്‍വാങ്ങിയ തീബ്സിലെ പൗലോസ് തന്റെ 60-ാം വയസ്സ് മുതല്‍ 113-ാം വയസ്സ് വരെ ഏകാന്തജീവിതത്തിലൂടെ മിശിഹായെ പിന്‍ചെല്ലുകയും എ.ഡി. 341-നോടടുത്ത് മരണമടയുകയും ചെയ്തു.

അക്കാലത്ത് ഏകാന്തവാസികളായി മരുഭൂമിയില്‍ പലരും കടന്നുചെന്നിരുന്നെങ്കിലും പൗരസ്ത്യ സന്യാസത്തിന്റെ പിതാവെന്നും അനേകം സന്യാസികളുടെ പ്രചോദനമെന്നും അറിയപ്പെടുന്നത് ഈജിപ്തിലെ വി. അന്തോണിയൂസാണ്. സമ്പന്നനായിരുന്ന അന്തോണിയൂസ് എല്ലാം ഉപേക്ഷിച്ച് നാലാം നൂറ്റാണ്ടില്‍ മരുഭൂമിയിലേയ്ക്ക് ഓടിപ്പോയി. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാജീവിതത്തില്‍ പരിഭ്രമിച്ച പിശാച് ശാരീരികമായി അദ്ദേഹത്തെ ഉപദ്രവിച്ചെങ്കിലും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ശക്തിയാല്‍ അന്തോണിയൂസ് വിജയം വരിച്ചു.

അദ്ദേഹത്തിന്റെ കാലശേഷം അലക്സാന്ത്രിയായിലെ വി. അത്തനാസിയൂസാണ് അദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തിയത്. അവ വായിച്ച് അനേകര്‍ ഏകാന്തവാസികളായി പ്രാര്‍ത്ഥനയില്‍ കഴിയുവാന്‍ ഇറങ്ങിത്തിരിച്ചു. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും ഏകാന്തവാസം തെരെഞ്ഞെടുത്ത് മരുഭൂമിയിലേക്ക് പോയിട്ടുണ്ട്. ഈജിപ്തിലെ വി. മറിയം ഇതിന് ഉദാഹരണമാണ്. അസാന്മാര്‍ഗിക ജീവിതം നയിച്ചിരുന്ന മറിയം കുരിശിന്റെ പുകഴ്ചയുടെ തിരുനാളില്‍ യാദൃശ്ചികമായി ജറുസലേം ദൈവാലയത്തിലേയ്ക്ക് തീര്‍ത്ഥാടനം നടത്തി. തന്റെ മോഹപൂര്‍ത്തിക്കുള്ള ആളുകളെ കണ്ടെത്താനാണ് അവള്‍ തീര്‍ത്ഥാടന നാടകം നടത്തിയതെങ്കിലും ദൈവാലയത്തിനകത്ത് പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. തന്റെ ഉള്ളിലെ പാപാവസ്ഥയാണ് ദൈവാലയ പ്രവേശനത്തിന് തടസ്സമായത് എന്ന് മനസ്സിലാക്കിയ മറിയം അനുതപിച്ച് മരുഭൂമിയിലേക്ക് പോയി, ശിഷ്ടകാലം പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു. അനുതാപികളുടെ മാതൃകയായി പൗരസ്ത്യ സഭയില്‍ കണക്കാക്കപ്പെടുന്ന വ്യക്തിയും ഈ മറിയം തന്നെ.

ഇപ്രകാരം അനേകം സ്ത്രീ-പുരുഷന്മാര്‍ മരൂഭൂമിയിലെ താപസജീവതത്തിനായി ഇറങ്ങിത്തിരിച്ചു. മനുഷ്യദൃഷ്ടിയില്‍ പെടാതെ പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും കഴിഞ്ഞ ഏകാന്ത താപസ്സരില്‍ നിന്ന് സമൂഹജീവതം തുടങ്ങിയ സന്യാസികളിലേയ്ക്കുള്ള മാറ്റം കാലക്രമേണ സംഭവിച്ചതായിരുന്നു.

സെനോബൈറ്റ്സ് (സമൂഹജീവിത രീതി)

പല സ്ഥലങ്ങളിലായി ചിതറിക്കഴിഞ്ഞിരുന്ന ഏകാന്തവാസികളായ താപസരെ ഒന്നിച്ചുചേര്‍ത്ത് ഒരു സമൂഹക്രമം അവര്‍ക്കായി ആദ്യമായി രൂപപ്പെടുത്തിയത് ഈജിപ്തിലെ വി. പക്കോമിയൂസാണ് (296-346). നിയമങ്ങളും ക്രമങ്ങളുമുള്ള ഈ ജീവിത രീതിയനുസരിച്ച് താപസന്മാര്‍ തങ്ങളുടെ കുടിലുകളിലാണ് കഴിഞ്ഞിരുന്നതെങ്കിലും പൊതുവായ കാര്യങ്ങള്‍ക്കും ഭക്ഷണത്തിനും അവര്‍ ഒന്നിച്ചു വന്നു. തങ്ങളുടെ ഇടയിലെ സമൂഹശ്രേഷ്ഠനോടുള്ള വ്യവസ്ഥയില്ലാത്ത അനുസരണം, ദാരിദ്ര ജീവിതശൈലി, ശുദ്ധത എന്നിവയോടൊപ്പം നിശബ്ദത, ശാരീരിക അധ്വാനമുള്ള ജോലി എന്നിവ ഈ സമൂഹക്രമത്തിന്റെ പ്രത്യേകതകളായിരുന്നു. ഗ്രീക്ക് വാക്കുകളായ കൊയിനോസ് (പൊതുവായ), ബിയോസ് (ജീവിതം) എന്നിവയില്‍ നിന്നാണ് സെനോബൈറ്റ്സ് എന്ന പദത്തിന്റെ ഉത്ഭവം. പക്കോമിയൂസ്-2 സമൂഹങ്ങള്‍ കന്യകകള്‍ക്കു വേണ്ടിയും സ്ഥാപിച്ചു.

വി. ബേസിലും പൗരസ്ത്യ സന്യാസത്തിന്റെ നിയമാവലിയും

കപ്പദോച്ചിയന്‍ പിതാവും കേസറിയായിലെ മെത്രാനുമായിരുന്ന മഹാനായ വി. ബേസിലാണ് സന്യാസികള്‍ക്ക് ഒരു നിയമാവലി തയ്യാറാക്കി നല്‍കിയത്. നൊവിഷ്യേറ്റ്, വ്രതങ്ങള്‍, പൂര്‍ണ്ണമായ അനുസരണം, ആത്മാര്‍ത്ഥമായ പരിത്യാഗം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനം അദ്ദേഹത്തിന്റെ ‘അസ്‌കെത്തിക്കോണ്‍’ എന്ന ഗ്രന്ഥത്തില്‍ കാണാം. 451-ലെ കാല്‍സിദോണ്‍ കൗണ്‍സില്‍ ചിതറിക്കിടന്ന സന്യാസ സമൂഹങ്ങളെ മെത്രാന്മാരുടെ ആത്മീയ നേതൃത്വത്തിന്‍ കീഴിലേയ്ക്ക് പുനഃക്രമീകരിച്ചു.

സന്യാസം പാശ്ചാത്യസഭയില്‍

വി. ബനഡിക്ട്: പാശ്ചാത്യലോകത്ത് സന്യാസചിന്തയുടെ വിത്ത് പാകിയത് ജോണ്‍ കസ്സിയാനെന്ന (360-435) താപസ്സനാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ നോര്‍ച്ചയിലെ വി. ബനഡിക്ട് (480-543) ആണ് ലത്തീന്‍ ലോകത്ത് ഒരു സന്യാസക്രമത്തിന് അടിസ്ഥാനമിട്ടത്. സന്യാസ ജീവിതത്തിന് വേണ്ടി ‘ബനഡിക്ടിന്റെ ക്രമം’ എന്ന നിയമം ഉണ്ടാക്കിയത് അദേഹത്തിന്റെ നേട്ടമായിരുന്നു. പൊതുജീവിതം, താമസം, പ്രാര്‍ത്ഥന, അധ്വാനം, ഏകീകൃത സന്യാസ വസ്ത്രരീതി, എഴുതപ്പെട്ട നിയമാവലി, അനുസരണം എന്നിവയൊക്കെ ഇതിന്റെ ഭാഗങ്ങളായിരുന്നു. സന്യാസികള്‍ തങ്ങള്‍ക്കുള്ളവ പൊതുവായി കരുതുകയും അനുസരണം ജീവിത ക്രമമാക്കുകയും ചെയ്തുപോന്നു. വി. ബനഡിക്ട് 12 സന്യാസ ഭവനങ്ങള്‍ പാശ്ചാത്യസഭയില്‍ ആരംഭിക്കുകയും അനേകര്‍ക്ക് വിശുദ്ധിയിലേക്കുള്ള വഴികാട്ടിയാവുകയും ചെയ്തു.

വി. ആഗസ്തീനോസ്: സന്യാസ ജീവിതത്തിന് പാശ്ചാത്യലോകത്തില്‍ മറ്റൊരു ക്രമം നല്‍കിയത് ഹിപ്പോയിലെ മെത്രാനും സഭാപിതാവുമായിരുന്ന വി. ആഗസ്തീനോസായിരുന്നു. പൗരസ്ത്യ സന്യാസ മാതൃകയില്‍ അനേകര്‍ ആകൃഷ്ടരായപ്പോള്‍ ആഗസ്തീനോസ് അവര്‍ക്കായി ഒരു സമൂഹം സ്ഥാപിക്കുകയും നിയമാവലി നല്‍കുകയും ചെയ്തു. പൗരസ്ത്യലോകത്തെ സന്യാസികള്‍ ആത്മപരിത്യാഗത്തിനും ഏകാന്തതയ്ക്കുമായി മരുഭൂമിയിലേക്കും മലകളിലേയ്ക്കും പോയപ്പോള്‍, സമൂഹത്തില്‍ അവരെക്കൂടി ഉള്‍ച്ചേര്‍ക്കണമെന്ന ചിന്തയോടെയാണ് അദ്ദേഹം സന്യാസ സമൂഹങ്ങള്‍ സ്ഥാപിച്ചത്.

എ.ഡി. 400-നോടടുത്ത് എഴുതപ്പെട്ട വി. ആഗസ്തീനോസിന്റെ നിയമാവലിയില്‍ വ്രതത്രയങ്ങളെക്കുറിച്ചും ലോകത്തിനോടുള്ള വിരക്തിയെക്കുറിച്ചും ഉപവി പ്രവര്‍ത്തനങ്ങള്‍, ഉപവാസം, കൂട്ടപ്രാര്‍ത്ഥന, പരിത്യാഗ പ്രവര്‍ത്തനങ്ങള്‍, ശാരീരികാധ്വാനമുള്ള ജോലികള്‍, രോഗീപരിചരണം, നിശബ്ദത പാലിക്കല്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങളും കാണാം. ഉപവിയാണ് സന്യാസജീവിതത്തിന്റെ കേന്ദ്രമെന്ന് അദേഹം കണക്കാക്കി. ശാരീരിക സുഖങ്ങളോടോ, ആസക്തികളോടോ യാതൊരു മമതയും കൂടാതെ മിശിഹായെ ലക്ഷ്യമാക്കി ജീവിക്കാന്‍ പരിശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു അവരുടെ പരിത്യാഗവും കഠിന നിഷ്ഠകളും. അത് ആരും അടിച്ചേല്‍പ്പിച്ചതായിരുന്നില്ല, അവര്‍ സ്വയം വരിച്ചതായിരുന്നു.

സന്യാസികള്‍ക്ക് സ്വകാര്യസമ്പാദ്യം പാടില്ല മറിച്ച്, പൊതുസമ്പാദ്യവും പൊതുജീവിതവുമാണ് ആവശ്യമെന്ന് ആദിമ നൂറ്റാണ്ടുകളില്‍ തന്നെ സന്യാസിമാര്‍ നിശ്ചയിച്ചിരുന്നതായി അവരുടെ നിയമാവലിയില്‍ കാണാം. ലോകത്തില്‍ ഒരുവന്‍ സമ്പത്തിനോടോ സ്ഥാനമാനങ്ങളോടോ ഭക്ഷണ-പാനീയങ്ങളോടോ ഉള്ള ബന്ധനം പാടില്ലായെന്നും മിശിഹാ മാത്രമാണ് സമര്‍പ്പിതന്റെ സമ്പത്തെന്നും ഇത് അവനെ ഓര്‍മ്മിപ്പിക്കുന്നു.

ഈ സന്യാസക്രമത്തിന്റെ ശൈലി മനസ്സിലാക്കാതെ, അനുസരണം അടിമത്തമാണെന്നും താന്‍ സമ്പാദിക്കുന്നവ തനിക്ക് മാത്രം ഉള്ളതാണെന്നും കരുതുന്നിടത്താണ് വസ്തുക്കളുടെ ശേഖരണവും സ്വന്തമായ വാഹനം എന്നൊക്കെയുള്ള ആശയവുമൊക്കെ സന്യസ്തരില്‍ രൂപപ്പെടുന്നത്. സ്വകാര്യസമ്പാദ്യങ്ങള്‍ സന്യാസ ജീവിതത്തില്‍ പാപമായി കരുതിയിരുന്ന ചൈതന്യത്തില്‍ നിന്ന് ലഘൂകരണവും ന്യായീകരണവും നടത്തുന്നത് ഒരുവനെ സന്യാസചൈതന്യത്തില്‍ നിന്ന് ബഹിഷ്‌കൃതനാക്കുകയാണ്.

സമാപനം

ഈശോയെ അടുത്തനുകരിക്കാനും പാപ പരിഹാരത്തിനുമായി ഇറങ്ങിത്തിരിച്ച ഏകാന്തവാസികളും സമൂഹ ജീവിതക്കാരുമായ താപസര്‍ തങ്ങളുടെ ജീവതത്തിന് വേണ്ടുന്ന ക്രമം സ്വന്തമാക്കിയപ്പോള്‍ അത്, പുണ്യജീവിതത്തിനുള്ള ചൂണ്ടുപലകകളായി. (ഇതിനര്‍ത്ഥം സന്യാസികളുടെയിടയില്‍ കുറവുകളുണ്ടായിരുന്നുവെന്നല്ല; അവര്‍ പുണ്യത്തിനായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാക്കേണ്ടത്).

മേല്‍ പ്രസ്താവിച്ച പൗരസ്ത്യ-പാശ്ചാത്യ പിതാക്കന്മാരുടെ സന്യാസ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സുകൃതജീവിതം നയിച്ച ആദിമനൂറ്റാണ്ടുകളിലെ സന്യാസികള്‍ കഠിന നിഷ്ഠകളും ദരിദ്രജീവിതവുമൊക്കെ തെരെഞ്ഞെടുത്തത് ബുദ്ധിഭ്രമം വന്നതു കൊണ്ടായിരുന്നില്ല. ഇത് ലോകത്തിലെ ബുദ്ധിമാന്മാര്‍ക്ക് മനസ്സിലാകില്ലായിരുന്നെങ്കിലും ഹൃദയനൈര്‍മ്മല്യമുള്ളവര്‍ക്ക് ആകര്‍ഷകമായിരുന്നു. കാരണം, നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്വമാണ്. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ട്യാ ഭോഷന്മാരായവരെയാണ് ദൈവം തെരെഞ്ഞെടുത്തത് (1 കോറി. 1:18-28).

ഡോ. മാത്യു കൊച്ചാദംപള്ളി

നാളെ: സന്യാസജീവിതം മധ്യകാലഘട്ടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.