നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾക്ക് മോചനം

നൈജീരിയയിലെ സാംഫറ സംസ്ഥാനത്തെ ജംഗെബെ ഗവൺമെന്റ് ഗേൾസ് സെക്കൻഡറി സ്കൂളിൽ (ജിജിഎസ്എസ്) നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ നൈജീരിയൻ സ്‌കൂൾ വിദ്യാർത്ഥിനികളെ മോചിപ്പിച്ചു. ഫെബ്രുവരി 26 -ന് രാത്രിയായിരുന്നു ആയുധധാരികളായ അക്രമികൾ ബോർഡിംഗ് സ്കൂളിൽ അതിക്രമിച്ച് കയറി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയത്.

സൈന്യവുമായി ചേർന്ന് അവരുടെ സ്ഥലവും രക്ഷാപ്രവർത്തനവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ച പോലീസിന് ആദ്യം 54 പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. സാംഫാര സംസ്ഥാന ഗവർണർ ബെല്ലോ മാതവാലെ ട്വിറ്ററിലൂടെ, മാർച്ച് ഒന്നിനാണ് വിദ്യാർത്ഥികളുടെ മോചനം അറിയിച്ചത്. “എല്ലാ പൗരന്മാരും സന്തോഷിക്കുക. കാരണം, നമ്മുടെ പെൺമക്കൾ ഇപ്പോൾ സുരക്ഷിതരാണ്.” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സർക്കാരും തട്ടിക്കൊണ്ടുപോയ അക്രമികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം മൊത്തം 279 ജംഗെബെ വിദ്യാർത്ഥികളെ വിട്ടയച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ, തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ എണ്ണം 317 ആയിട്ടാണ് രേഖപ്പെടുത്തിയതെങ്കിലും കൃത്യം എത്രപേരെന്ന് ഇതുവരെ അറിവായിട്ടില്ലെന്നും സാംഫറ അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 -ന് ഫ്രാൻസിസ് മാർപാപ്പ ഈ തട്ടിക്കൊണ്ടുപോകലിനെ അപലപിക്കുകയും വിദ്യാർത്ഥികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പശ്ചിമാഫ്രിക്കൻ രാജ്യത്തെ സ്കൂളുകൾ സായുധ ആക്രമണത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.