ഓശാന ഞായര്‍: യേശുവിന്റെ ജറുസലേമിലേക്കുളള രാജകീയ പ്രവേശനം 

കുരുത്തോല പ്രദക്ഷിണം ഒലിവുമലയിൽ

[avatar user=”Paul” size=”120″ align=”left” /]

ഓശാന ഞായറാഴ്ച നാം നടത്തുന്ന കുരുത്തോല പ്രദക്ഷിണവും മറ്റ് പ്രാര്‍ത്ഥനകളും യേശു ജറുസലേമിലേക്ക് തന്റെ പീഡാനുഭവത്തിന് മുമ്പ് നടത്തിയ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ളതാണ്. നാല് സുവിശേഷങ്ങളും ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട് (മത്തായി 21:1-11; മർക്കോസ് 11:1-11; ലുക്കാ 19:28-40; യോഹന്നാൻ 12:12-19). യേശു  ജറീക്കോയില്‍ വച്ച് അന്ധനെ സുഖപ്പെടുത്തിയതിനു ശേഷം ജറുസലേമിലേക്ക് വരുമ്പോള്‍ ബഥ്ഫഗെ എന്ന സ്ഥലത്തു നിന്നാണ് ഓശാന പ്രദക്ഷിണം ആരംഭിക്കുന്നത്. യോഹന്നാന്റെ സുവിശേഷമനുസരിച്ച് ബഥ്ഫഗെയിൽ നിന്നുള്ള പ്രദക്ഷിണം തുടങ്ങുന്നതിന് മുമ്പ് യേശു ബഥാനിയായില്‍ ലാസറിന്റെ ആതിഥ്യം സ്വീകരിക്കുകയും മറിയം യേശുവിന്റെ പാദങ്ങളിൽ തൈലം പൂശുകയും തലമുടികൊണ്ടു  തുടയ്ക്കുകയും ചെയ്യുന്നുണ്ട് (യോഹന്നാൻ 12:3).

മര്‍ക്കോസിന്റെ സുവിശേഷം യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഈശോ ബഥ്ഫഗെ, ബഥാനിയ എന്നീ സ്ഥലങ്ങളുടെ അടുത്തെത്തിയപ്പോള്‍ രണ്ട് ശിഷ്യന്‍മാരെ അയച്ചു കൊണ്ട് പറഞ്ഞു. എതിരെ കാണുന്ന ഗ്രാമത്തിലേക്ക് ചെല്ലുവിന്‍. അവിട പ്രവേശിക്കുമ്പോള്‍ തന്നെ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണാം അതിനെ അഴിച്ചു കൊണ്ട് വരുവിന്‍” (മർക്കോസ് 11:1-2).

ബഥ്ഫഗെയിയിലെ ദേവാലയം

ബഥ്ഫഗെ ഒലിവുമലയുടെ കിഴക്കൻ ചെരുവിലുള്ള ഒരു സ്ഥലമാണ്. കുറെ വര്‍ഷങ്ങള്ക്കു മുൻപ് ഒലിവുമലയില്‍ നിന്ന് ബഥ്ഫഗെ വഴി ബഥാനിയായിലേക്ക് നടന്നു പോകമായിരുന്നു. ഒലിവുമലയുടെ കിഴക്കന്‍ താഴ് വാരത്തിലുള്ള ഒരു ഗ്രാമമാണ് ബഥാനിയ. ഈശോ ബഥ്ഫഗെയിൽ നിന്ന് ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി ഒലിവുമലയിറങ്ങി കെദ്രോണ്‍ താഴ്‌വര കടന്നു ജെറുസലേമിന്റെ ചുറ്റുമതിലിലുള്ള സുവര്‍ണ്ണ കവാടത്തിലൂടെ ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ദേവാലയത്തില്‍ കച്ചവടം നടത്തിയിരുന്നവരെ അടിച്ചോടിച്ച് ദേവാലയം ശുദ്ധീകരിക്കുന്നു.

വഴിയില്‍ ജനക്കൂട്ടത്തില്‍ ധാരാളം പേര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു. മറ്റ് ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്ന് ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിന്റെ മുന്നിലും പിന്നിലും നടന്നിരുന്നവര്‍ ‘ദാവീദിന്റെ പുത്രന് ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍ ഉന്നതങ്ങളില്‍ ഹോസാന’ എന്നാര്‍ത്തു വിളിച്ചു കൊണ്ടിരുന്നു. യേശുവിന്റെ ഈ പ്രവർത്തികളും ജനങ്ങള്‍ പറയുന്ന ഈ വാക്കുകളും വളരെയധികം അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

നാല് സുവിശേഷകന്‍മാരും യേശുവിനെ ദാവീദിന്റെ പുത്രനായാണ് അവതരിപ്പിക്കുന്നത്. ജനങ്ങള്‍ വിളിച്ചു പറയുന്നതും യേശു ദാവീദിന്റെ പുത്രന്‍ എന്നാണ്. ഇത് യേശുവിന്റെ കാലത്തുള്ള ഇസ്രായേല്‍ ജനതയുടെ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുടെ പ്രതിഫലനമാണ്. മിശിഹാ ദാവീദിന്റെ വംത്തില്‍ പിറക്കുന്ന രാജാവായിരിക്കുമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. അവൻ കര്‍ത്താവിന്റെ നാമത്തിലായിരിക്കും വരുന്നത്. ഇവിടെ സുവിശേഷകന്‍മാര്‍ യേശു ദാവീദിന്റെ വംശത്തില്‍ വരാനിരിക്കുന്ന, ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മിശിഹാ ആണെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുന്നു.

പ്രവചനം പൂര്‍ത്തിയാകുന്നതിന് വേണ്ടിയാണ് യേശു കഴുതപ്പുറത്ത് കയറിപ്പോയതെന്നാണ് മത്തായി സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ഇത് സഖറിയാ പ്രവാചകന്റെ പുസ്തകം പറയുന്ന പ്രവചനമാണ്: “സെഹിയോന്‍ പുത്രീ അതിയായി ആനന്ദിക്കുക, ജറുസലേം പുത്രീ ആര്‍പ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു, അവര്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തുവരുന്നു” (സഖറിയാ 9:9). സഖറിയാ പ്രവാചകന്റെ ഈ പ്രവചനത്തിന് പിന്നില്‍ മറ്റൊരു പഴയ നിയമ പശ്ചാത്തലം കൂടിയുണ്ട്.  ഇസ്രായേൽ ചരിത്രത്തില്‍ ദാവീദിന്റെ പുത്രനായി രാജാവാക്കപ്പെടുന്നത് സോളമനാണ്. സോളമന്റെ രാജകീയ അഭിഷേകത്തെക്കുറിച്ച് രാജാക്കന്‍മാരുടെ പുസ്തകത്തില്‍ പറയുന്നു: “അവര്‍ അവനെ രാജാവിന്റെ കോവര്‍കഴുതയുടെ പുറത്താണ് ആനയിച്ചത്. സാദോക്കും പ്രവാചകനായ നാഥാനും അവനെ ഗീഹോനില്‍ വച്ച് രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകിമറിയത്തക്ക വിധത്തില്‍ ആഹ്ലാദാരവം മുഴക്കിക്കൊണ്ട് അവിടെ നിന്ന് മടങ്ങിപ്പോയി” (1 രാജാ 1:44).  യേശുവിന്റെ കഴുതപ്പുറത്തേറിയുള്ള ഒലിവുമലയിറങ്ങിയുള്ള ജറുസലേം ദേവാലയത്തിലേക്കുള്ള ഓശാന പ്രദക്ഷിണം ദാവീദിന്റെ പുത്രനായ സോളമന്റെ രാജകീയ അഭിഷേകത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. യേശു കഴുതപ്പുറത്തേറി ജറുസലേം  ദേവാലയത്തിലേക്ക് പോകുമ്പോള്‍ സഖറിയാ പ്രവാചകന്റെ പ്രവചനം അക്ഷരാർത്ഥത്തിൽ പൂര്‍ത്തിയാകുന്നു.

ജറുസലേമിലേ കുരുത്തോല പ്രദക്ഷിണം

യേശു ഹോസാന വിളികളോട് കൂടി കഴുതപ്പുറത്ത് ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിച്ചത് അനുസ്മരിച്ചു കൊണ്ട് സഭയില്‍ കുരുത്തോല പ്രദക്ഷിണവും പ്രാര്‍ത്ഥനകളുമുണ്ട്. ഇതിന്റയൊക്കെ തുടക്കം ജറുസലേമിലെ സഭയിലാണ്. നാലാം നൂറ്റാണ്ടില്‍ വിശുദ്ധ നാട് സന്ദര്‍ശിച്ച എജേരിയ എന്ന തീര്‍ത്ഥാടക ഒലിവ് മലയിലെ ബഥ്ഫഗെ എന്ന സ്ഥലത്ത് ഈശോയുടെ കഴുതപ്പുറത്ത് കയറി യാത്ര അനുസ്മരിച്ചു കൊണ്ടുള്ള ദേവാലയ സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്. അതേ സ്ഥലത്ത് തന്നെയാണ് യേശു ലാസറിനെ ഉയര്‍പ്പിക്കാന്‍  വേണ്ടി യേശു ബഥാനിയായിലേക്ക് വരുമ്പോള്‍ മാര്‍ത്തയും പിന്നീട് മറിയവും വന്ന് ഈശോയെ സന്ധിക്കുന്നത് (യോഹന്നാൻ 11:28-29). എജേരിയയുടെ വിവരണമനുസരിച്ച് നാലാം നൂറ്റാണ്ടില്‍ അവിടെ ചെറുതെങ്കിലും മനോഹരമായ ഒരു ദേവാലയമുണ്ടായിരുന്നു. ആ ദേവാലയം പിന്നീട് തകര്‍ക്കപ്പെടുകയും കുരിശുയുദ്ധക്കാരുടെ സമയത്ത് വീണ്ടും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തു. കുരിശുയുദ്ധക്കാരുടെ സമയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബഥ്ഫഗെയില്‍ നിന്ന് ജറുസലേമിലേക്ക് ഓശാന ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ആ ദേവാലയം തകര്‍ക്കപ്പെടുകയും ആ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ എവിടെയാണെന്നുള്ളത് വിസ്മൃതിയിലാകുകയും ചെയ്തു.

കുരിശുയുദ്ധക്കാരുടെ തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ കല്‍ത്തൂണീന്റെ ഭാഗം

1880-ല്‍ ഒരു ഗ്രാമവാസി ആകസ്മികമായി കുരിശുയുദ്ധക്കാരുടെ തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ ഒരു അവശിഷ്ടം കാണാന്‍ ഇടയായി. വലിയൊരു കല്‍ത്തൂണില്‍ ഈശോയുടെ കുരുത്തോല പ്രദക്ഷിണവും ലാസറിന്റെ ഉയര്‍പ്പും ബഥ്ഫഗെ എന്ന പേരിൽ ലത്തീനിലെ ഒരു ലിഖിതവും മര്‍ത്തയും മറിയവും യേശുവിനെ കാണുവാന്‍ വരുന്നതും ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തി. പിന്നീട് ഫ്രാന്‍സിസ്‌കന്‍ സഭ ആ സ്ഥലം ഏറ്റെടുക്കുകയും 1883-ല്‍ അവിടെയൊരു ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു. ആ ദേവാലയത്തിന്റെ അള്‍ത്താരയുടെ ഇടതുഭാഗത്ത് അന്ന് കണ്ടെത്തിയ കല്‍ത്തൂണീന്റെ ഭാഗം മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. ഇന്നും ആ കല്‍ത്തൂണില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ചിത്രീകരണങ്ങള്‍ മനോഹരമായി കാണാന്‍ സാധിക്കും.

ബഥ്ഫഗെയിയിലെ ദേവാലയാങ്കണത്തിൽ കുരുത്തോല പ്രദക്ഷിണം ആരംഭിക്കുന്നു

കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടതിന് ശേഷം അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ ബഥ്ഫഗെയില്‍ നിന്ന് ജറുസലേമിലേക്കുള്ള കുരുത്തോല പ്രദക്ഷിണം പുനരാരംഭിച്ചു. 1345 മുതല്‍ ഫ്രാന്‍സിസ്‌കന്‍ സഭക്കാരും അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭക്കാരുടെ കൂടെ ഈ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നു. ബഥ്ഫഗെയില്‍ നിന്ന് ആരംഭിച്ച് കെദ്രോണ്‍ വാലിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു അന്ന് കുരുത്തോല പ്രദക്ഷിണം ക്രമീകരിച്ചിരുന്നത്. പിന്നീട് 1552- ഓട് കൂടി ഫ്രാന്‍സിസ്‌കന്‍ സഭ ഈ കുരുത്തോല പ്രദക്ഷിണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ബഥ്ഫഗെയില്‍ നിന്ന് ആരംഭിച്ച് സീയോന്‍ മലയില്‍ അവസാനിക്കുന്ന രീതിയിലായിൽ പുനർക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ 1648-ല്‍ തുര്‍ക്കികള്‍ കുരുത്തോല പ്രദക്ഷിണം നിരോധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ അതായത് കൃത്യമായി പറഞ്ഞാല്‍ 1933- ലാണ് ജറുസലേം പാത്രിയാര്‍ക്കീസ് പ്രത്യേക അനുവാദം വാങ്ങി ഇന്നത്തെ രീതിയില്‍ കുരുത്തോല പ്രദക്ഷിണം പുനരാരംഭിക്കുന്നത്.

കുരുത്തോല പ്രദക്ഷിണം ഒലിവുമലയിൽ

ഇപ്പോള്‍ ജറുസലേമിലെ കുരുത്തോല പ്രദക്ഷിണം ഓശാന ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ബഥ്ഫഗെയിലെ ദേവാലയത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് ഒലിവുമലയിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച ദേവാലത്തിന് മുന്നിലൂടെ കടന്നുപോയി ഒലിവുമലയിറങ്ങി കെദ്രോണ്‍ താഴ്‌വര കടന്ന് ജറുസലം പഴയ പട്ടണത്തിലെ സെന്റ് സ്റ്റീഫന്‍സ് ഗേറ്റ് കടന്ന് പരിശുദ്ധ അമ്മയുടെ ജനനസ്ഥലമായ സെന്റ് ആന്‍സ് പള്ളിയില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തപ്പെടുന്നത്. ഈ കുരുത്തോല പ്രദക്ഷിണം വളരെ മനോഹരമാണ്, ഇതില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ഇവിടെ വരാറുണ്ട്. അന്ന് പാട്ടുകളും ഡാന്‍സുകളും ചെണ്ടമേളങ്ങളുമായി ആളുകള്‍ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നു.

ബഥ്ഫഗെയിയിലെ ദേവാലയ കവാടം

കുരുത്തോല പ്രദക്ഷിണത്തില്‍ നാം അനുസ്മരിക്കുന്നത് പീഡാസഹനത്തിന് സ്വയം സമര്‍പ്പിക്കാനായി ജറുസലേമിലേക്ക് ധൈര്യപൂര്‍വ്വം പോകുന്ന യേശുവിനെയാണ്. സാമുവലിന്റെ രണ്ടാം പുസ്തകം 15:30-ല്‍ ദാവീദ് രാജാവിനെ ചിത്രീകരിക്കുന്നുണ്ട്: അബ്സലോം ദാവീദില്‍ നിന്ന് രാജാധികാരം പിടിച്ചെടുക്കുന്നതിന് വേണ്ടി ഹെബ്രോണില്‍ ചെന്ന് സ്വയം രാജാവായി അവരോധിച്ചതിന് ശേഷം ദാവീദിന്റെ സഹായികളെ വധിക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ദാവീദ് നഗ്നപാദനായി തല മൂടി കരഞ്ഞ് ഒലിവ് മല കയറി രക്ഷപ്പെടുകയാണ്. ഒപ്പം ദാവീദിന്റെ കൂടെയുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നാല്‍ ദാവീദിന്റെ പുത്രനായ യേശു മറ്റുള്ളവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ കുരിശിലർപ്പിക്കാൻ ഒലിവ് മല നടന്നിറങ്ങി കെദ്രോണ്‍ അരുവി കടന്ന് ജറുസലേമിലേക്ക് പുനപ്രവേശിക്കുകയാണ്, അങ്ങനെ ദാവീദിന്റെ പുത്രനിലൂടെ സകലര്‍ക്കും രക്ഷ ലഭിക്കുകയാണ്. ഹോസാന (“കർത്താവെ രക്ഷിക്കണമേ”) എന്നുള്ള ജനങ്ങളുടെ ആർപ്പുവിളി അങ്ങനെ നിറവേറുന്നു.

ജറുസലം പഴയ പട്ടണത്തിലെ സെന്റ് സ്റ്റീഫന്‍സ് ഗേറ്റ്

ഓരോ കുരുത്തോല പ്രദക്ഷിണവും യേശുവിന്റെ കൂടെ സഹനത്തിന്റെ രാജപാതയിലൂടെ നടക്കുവാനുള്ള ക്ഷണമാണ്. മാമ്മോദീസ എന്ന കൂദാശയിലൂടെ നാമെല്ലാവരും യേശുവന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്ക് പറ്റുന്നവരാണ്. യേശുവിന്റെ രാജകീയത അടിച്ചമര്‍ത്തലിന്റെ രാജകീയതയല്ല, മറിച്ച് കുരിശില്‍ ജീവന്‍ അര്‍പ്പിക്കുന്നതിന്റെ രാജകീയതയാണ്. നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കണമെന്ന് കുരുത്തോല പ്രദക്ഷിണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പ്രാര്‍ത്ഥന
ഓശാന ഞായറാഴ്ച ഒലിവ് മലയിറങ്ങി ജറുസലേമിലേക്ക് പ്രവേശിച്ച് കുരിശുമരണത്തിന് വേണ്ടിയുള്ള സന്നദ്ധത പ്രകടിപ്പിച്ച യേശുവെ, ഞങ്ങളുടെ ജീവിതങ്ങളെ അങ്ങയെ പിന്‍ചെല്ലുന്നതിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. സഹനത്തിന്റെ രക്ഷാകര ശക്തി മനസിലാക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ. സഹനത്തിനെതിരെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും എതിരിടുവാനും ജയിക്കാനും കൃപ തരണമെ. സഹനത്തിന്റെ മാധുര്യം ഞങ്ങളെ പഠിപ്പിക്കണമെ. ആമ്മേൻ.

ഫാ. പോൾ കുഞ്ഞാനയിൽ
ജറുസലേമിൽ ഗെവേഷണ പഠനം നടത്തുന്നു.
joypaul.paul@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.