യുവത്വ നിറവില്‍ വിശുദ്ധി – വി. അല്‍ഫോന്‍സാ

ഈശോയെ അനുഗമിക്കുവാന്‍ ആഗ്രഹിച്ചുവന്ന ധനികനായ യുവാവിന്റെ രണ്ടാമത്തെ ചോദ്യവും അതിന് ഈശോ കൊടുക്കുന്ന മറുപടിയും വി. മത്തായി അറിയിച്ച സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: ”ആ യുവാവ് വീണ്ടും ഈശോയോടു ചോദിച്ചു: ഇവയെല്ലാം ഞാന്‍ ചെറുപ്പം മുതല്‍ക്കേ അനുസരിച്ചിട്ടുണ്ട്. ഇനിയും എനിക്ക് എന്താണ് കുറവ് ? ഈശോ മറുപടിയായി പറഞ്ഞു: നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.”

”നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു നന്മയാണ് പ്രവര്‍ത്തിക്കേണ്ടത് ?” എന്നതായിരുന്നു മേല്‍പ്പറഞ്ഞ യുവാവിന്റെ ആദ്യചോദ്യം. പ്രമാണങ്ങള്‍ പാലിച്ച് ജീവിക്കുക എന്നതാണ് നിത്യജീവനിലേയ്ക്കുള്ള ആദ്യപടി എന്ന് പഠിപ്പിക്കുന്ന ഈശോ അവിടംകൊണ്ട് നില്‍ക്കുന്നില്ല. സര്‍വ്വതും പരിത്യജിച്ച് സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് നിക്ഷേപങ്ങള്‍ ശേഖരിക്കുന്നവനാകുന്ന രീതിയില്‍ ഈശോയെ അനുഗമിച്ചു ജീവിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് ആ യുവാവിനെ ഈശോ അനുസ്മരിപ്പിക്കുന്നു.

സര്‍വ്വതും പരിത്യജിക്കുക എന്നുവച്ചാല്‍ എല്ലാം വെറുത്തുപേക്ഷിച്ച് ലോകത്തില്‍ നിന്ന് ഓടിയൊളിക്കുക എന്നല്ല അര്‍ത്ഥം. സൃഷ്ടവസ്തുക്കളെല്ലാം ദൈവദാനമാണെന്ന് തിരിച്ചറിഞ്ഞ് അവയെല്ലാം നന്ദിയോടെ സ്വീകരിച്ച് ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ലാത്തതു പോലെ ജീവിച്ച് സ്വര്‍ഗ്ഗീയജീവിതത്തെ മുന്നില്‍ക്കണ്ട് ഒരുക്കത്തോടും ജാഗ്രതയോടും കൂടി ഈ ഭൂമിയിലെ ജീവിതം ഫലപ്രദമായി ജീവിച്ചുതീര്‍ക്കുക എന്നാണ് അര്‍ത്ഥം. ഇത്തരത്തിലാണ് നമ്മുടെ സഹോദരി, വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ഞാന്‍ വിലയിരുത്തുന്നത്. കേവലം 36 വയസ്സ് മാത്രം ഭൂമിയില്‍ ജീവിച്ച് കടന്നുപോയ ആ ജീവിതം യുവത്വത്തിന്റെ നിറവില്‍ ജീവിച്ചുകൊണ്ടാണ് വിശുദ്ധജീവിതത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്.

യുവത്വത്തിന്റെ വസന്തത്തില്‍ കടന്നുവന്ന രോഗങ്ങളും വേദനകളും ആ ചെറുകുസുമത്തിന്റെ ഹൃദ്യതയും വശ്യതയും മനോഹാരിതയും നഷ്ടപ്പെടുത്തിയില്ല. മഹാനായ ടാഗോറിന്റെ ചിന്തകള്‍ ഇവിടെ ഓര്‍ത്തുപോകുന്നു. ”അങ്ങ് ഈ ജീവിതകുസുമം പറിച്ചെടുത്തു കൊണ്ടുപോയാലും. അതിനിനി വൈകരുതേ… അല്ലെങ്കില്‍ അത് വാടി മണ്ണില്‍ വീഴുമെന്നാണ് ഭയം. ഈ പുഷ്പത്തിന് അങ്ങയുടെ മാലയില്‍ സ്ഥാനം ലഭിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും അങ്ങയുടെ കരസ്പര്‍ശം ലഭിക്കുന്നതിനുള്ള ഭാഗ്യം അതിനുണ്ടാകട്ടെ. പകല്‍ അവസാനിച്ചേക്കാം. ഇരുട്ട് എങ്ങും വ്യാപിച്ചേക്കാം. അങ്ങയുടെ പൂജാസമയവും അറിയാതെ കടന്നുപോയെന്നു വരാം. ഈ പുഷ്പത്തിന്റെ നിറം മങ്ങും മുമ്പ്, അതില്‍ മണവും മധുവും നിറഞ്ഞിരിക്കുന്ന ഈ ശുഭവേളയില്‍ തന്നെ അങ്ങയുടെ പൂജയ്ക്കു വേണ്ടി അത് പറിച്ചെടുത്താലും. ഇനി വൈകരുത്” (ഗീതാഞ്ജലി. ഖണ്ഡിക 6).

യുവത്വത്തിന്റെ നിറവില്‍ത്തന്നെ ആത്മനാഥന്റെ അള്‍ത്താരയില്‍ അല്‍ഫോന്‍സാമ്മയുടെ പുണ്യജീവിതമാകുന്ന സുന്ദരസൂനം സമര്‍പ്പിക്കപ്പെട്ടു. ഈശോയ്ക്ക് അത് സ്വീകാര്യമായ ബലിയാവുകയും ചെയ്തു. അതുകൊണ്ടു തന്നെയാണ് ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധജീവിതമായിരുന്ന അവളുടെ പുണ്യകുടീരത്തിലേയ്ക്ക്, സംസ്‌കരിക്കപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ ആബാലവൃദ്ധം ജനങ്ങള്‍ ഒഴുകിയെത്തുന്നത്. നന്മ നിറഞ്ഞവരുടെ കബറിടം ദൈവാലയം പോലെ പവിത്രമാണ്; മണലാരണ്യത്തിലെ മരുപ്പച്ചയാണ്; പ്രക്ഷുബ്ദമായ കടലിന്റെ ശാന്തിതീരമാണ്. അവളുടെ വിശുദ്ധജീവിതം അനേകജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന, വിശിഷ്യാ യുവജനങ്ങളെ പ്രകാശിപ്പിക്കുന്ന പ്രകാശഗോപുരമാണ്. ആ ധന്യജീവിതം യുവതീ-യുവാക്കന്മാര്‍ക്ക് നല്‍കുന്ന അഞ്ച് പ്രധാന ജീവിതപാഠങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. ജീവിത വഴിത്താരയിലെ സഹനങ്ങള്‍ നിറമനസ്സോടെ സ്വീകരിക്കുക

സഹനങ്ങളുടെ പരീക്ഷണശാലയില്‍ ശുദ്ധി ചെയ്യപ്പെട്ട തനിത്തങ്കമായിരുന്നു വി. അല്‍ ഫോന്‍സാമ്മയുടെ പുണ്യജീവിതം. രോഗങ്ങളെ സുവിശേഷമാക്കുകയും രോഗശയ്യയെ ബലിപീഠമാക്കുകയും ചെയ്ത ജീവിതമാണ് അവളുടേത്. ”അയയ്ക്കപ്പെട്ടവന്‍, അയച്ചവന്റെ ജീവിതത്തിലേയ്ക്കും ദൗത്യത്തിലേക്കും പ്രവേശിക്കേണ്ടിയിരിക്കുന്നു” (പ്രേഷിതപ്രവര്‍ത്തനം 24) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ നിറവേറുന്നതായി നാം കാണുന്നു. അല്‍ഫോന്‍സാമ്മയുടെ വാക്കുകള്‍ ശ്രദ്ധിക്കാം. ”തീജ്വാലയ്ക്ക് നടുവില്‍ കിടന്നു പുളയുന്ന ഒരു കീടത്തിന് തുല്യമാണ് ഞാന്‍. എങ്കിലും ഇപ്പോള്‍ മരിക്കേണ്ട. മരിച്ചാല്‍ പിന്നെ ഈശോയ്ക്കുവേണ്ടി ഒന്നും സഹിക്കുവാന്‍ കഴിയില്ലല്ലോ.”

അല്‍ഫോന്‍സാമ്മ ജീവിതസഹനങ്ങളൊക്കെ പരാതിയില്ലാതെ, പരിഭവമില്ലാതെ, ദൈവസ്‌നേഹത്തെപ്രതി നിശബ്ദമായി നിറമനസ്സോടെ സ്വീകരിച്ചപ്പോള്‍, അവള്‍ക്കത് ജീവിതവിശുദ്ധീകരണത്തിന് നിദാനമായതു പോലെ ജീവിതയാത്രയിലെ സഹനത്തിന്റെ കനല്‍വഴികളെ ഹൃദയപൂര്‍വ്വം സ്വീകരിക്കുവാന്‍ കഴിയുമ്പോള്‍ അവ നമുക്കും രക്ഷാകര വഴികളാകും.

2. അനുസരണം – ബലിയേക്കാള്‍ ശ്രേഷ്ഠമാണ്

അനുസരണത്തിലൂടെയാണ് വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഭാഗ്യപ്പെട്ടതായത്. ഈശോയുടെ പരസ്യജീവിത വേളയില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ പറയുന്നുണ്ടല്ലോ. ”നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” എന്ന്. അപ്പോള്‍ ഈശോ കൊടുക്കുന്ന മറുപടി പ്രത്യേകം സ്മര്‍ത്തവ്യമാണ്. ”ദൈവവചനം കേട്ട് അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍” (ലൂക്കാ 11:27-28).

ദൈവവചനവും ദൈവപ്രമാണങ്ങളും അല്‍ഫോന്‍സാമ്മയ്ക്ക്, ”പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവും” (സങ്കീ. 119:105) ആയിരുന്നു. തിരുസഭയുടെ കല്പനകളും പ്രബോധനങ്ങളും ക്ലാര സന്യാസ-സമൂഹത്തിന്റെ ജീവിതനിയമങ്ങളും ചിട്ടകളും അവള്‍ക്ക് ജീവിതപ്രമാണങ്ങളായിരുന്നു. തിരുസഭയുടെയും തിരുസഭാധികാരികളുടെയും കല്‍പ്പനകള്‍ക്ക് അവള്‍ പൂര്‍ണ്ണമായും വിധേയപ്പെട്ടു ജീവിച്ചു. ആത്മീയപിതാക്കന്മാരുടെ സ്വരം അവള്‍ക്ക് ദൈവഹിതത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നു. വിധേയത്വവും അനുസരണവുമൊക്കെ ബലഹീനതയും പഴഞ്ചന്‍ ആശയങ്ങളുമായി പുറന്തള്ളപ്പെടുന്ന ഈ സമകാലീന സംസ്‌കാരത്തിലും ”അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം” ആണെന്ന വിശുദ്ധ ഗ്രന്ഥ പ്രബോധനം (1 സാമു. 15:22) വി. അല്‍ഫോന്‍സാമ്മ നമ്മെയും ഓര്‍മ്മപ്പെടുത്തുന്നു.

3. തിരുസഭയ്ക്കായി സമര്‍പ്പിക്കപ്പെടുന്ന ജീവിതം ധന്യമാണ്

വി. അല്‍ഫോന്‍സാമ്മ, ക്ലാര സന്യാസ-സമൂഹത്തിലൂടെ തിരുസഭയുടെ വിശുദ്ധീകരണത്തിനായി യത്‌നിച്ചു. വ്രതശുദ്ധമായ ജീവിതത്തിലൂടെയും പുണ്യജീവിതത്തിലൂടെയും തിരുസഭയാകുന്ന അമ്മയുടെ മുഖം കൂടുതല്‍ മിഴിവുള്ളതാക്കി. തന്റെ സഹനങ്ങളും രോഗങ്ങളും വേദനകളുമെല്ലാം തിരുസഭയുടെ ഉപരി വിശുദ്ധീകരണത്തിനായി അവള്‍ സമര്‍പ്പിച്ചു. മരത്തിന്റെ ചുവട്ടില്‍ വെട്ടിക്കൂട്ടിയിടുന്ന ഇലകള്‍ മരത്തിന് വളമായിത്തീരുന്നതു പോലെ, തന്റെ സഹനങ്ങളിലൂടെ തിരുസഭയെയും തിരുസഭാധികാരികളെയും അവള്‍ തന്റെ പുണ്യജീവിതം കൊണ്ട് വളര്‍ത്തി പരിപോഷിപ്പിച്ചു. അല്‍ഫോന്‍സാമ്മയ്‌ക്കെന്ന പോലെ തിരുസഭ നമുക്ക് എന്നും അമ്മയും ഗുരുനാഥയുമായിരിക്കട്ടെ. ‘തിരുസഭയെ അമ്മയായി കാണാന്‍ കഴിയാത്തവര്‍ക്ക് ദൈവത്തെ പിതാവായും കാണുവാന്‍ കഴിയുകയില്ല’ എന്നും ‘തിരുസഭയെ സ്‌നേഹിക്കുന്ന തോതനുസരിച്ചാണ് പരിശുദ്ധാത്മാവിന്റെ നിറവും അഭിഷേകവും നമുക്കു ലഭിക്കുന്നതെന്നും’ സഭയുടെ പുണ്യപ്പെട്ട പിതാക്കന്മാരും നമ്മെ പഠിപ്പിക്കുന്നുണ്ട്.

4. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുക

പരലോകചിന്ത വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലുടനീളം നിഴലിച്ചിരുന്നു. കിഴക്ക് പ്രത്യക്ഷപ്പെട്ട നക്ഷത്രം ജ്ഞാനികള്‍ക്ക് വഴികാട്ടിയായിരുന്നതു പോലെ സ്വര്‍ഗ്ഗചിന്ത അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ മുഴുവന്‍ ഏകാഗ്രമാക്കിയിരുന്നു. സ്വര്‍ഗ്ഗീയകൂടാരം പ്രാപിക്കുവാനും സ്വര്‍ഗ്ഗീയ മണവറയില്‍, സ്വര്‍ഗ്ഗീയ മണവാളനായ ഈശോയോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാലാഖമാരോടും കൂടെ ജീവിക്കുവാനും ആ ജീവിതം തീവ്രമായി ആഗ്രഹിച്ചിരുന്നു. പരലോക ചിന്തയില്‍ ജീവിക്കുവാന്‍ വി. അല്‍ഫോന്‍സാമ്മ നമ്മെയും ക്ഷണിക്കുന്നു.

5. ഈശോയുടെ പൊന്മുഖം നോക്കി യാത്ര ചെയ്യുക

”ഈശോയോട് ചേര്‍ന്നിരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം” എന്ന് അല്‍ഫോന്‍സാമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു. തിരുസന്നിധിയില്‍ തിരുമുഖം നോക്കി മണിക്കൂറുകള്‍ ധ്യാനിച്ച് വിശുദ്ധ കുര്‍ബാനയിലൂടെ ദിവ്യമണവാളനെ അനുദിനവും സ്വീകരിച്ച് യാമപ്രാര്‍ത്ഥനകളിലൂടെയും ഇതര ഭക്താനുഷ്ഠാനങ്ങളിലൂടെയും ജീവിതത്തെ ശക്തിപ്പെടുത്തി. ആകുന്ന കാലത്ത് അധ്യാപന ശുശ്രൂഷയിലൂടെ തന്റെ കര്‍മ്മപഥത്തെ അവള്‍ പ്രഫുല്ലമാക്കി. ”കര്‍ത്താവേ അങ്ങയുടെ മുഖം ഞാന്‍ തേടുന്നു” (സങ്കീ. 27:8) എന്നതായിരിക്കട്ടെ നമ്മുടെയും ജീവിതലക്ഷ്യം. ”ഈശോയോട് ചേര്‍ന്നുനിന്നാല്‍ ഈശോ നമ്മോടും ചേര്‍ന്നുനില്‍ക്കും” (യാക്കോബ് 4:8).

വചനം ഉദ്ധരിച്ചുകൊണ്ടു തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ”നമുക്കു ചുറ്റും സാക്ഷികളുടെ ഒരു വലിയ സമൂഹമുള്ളതിനാല്‍ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്ക് നീക്കിക്കളയാം. നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ ഈശോയെ മുന്നില്‍ കണ്ടുകൊണ്ടു വേണം ഓടുവാന്‍” (ഹെബ്രാ. 12: 1-2).

വി. അല്‍ഫോന്‍സാമ്മയിലൂടെ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

റവ. ഡോ. ഡൊമിനിക് വെച്ചൂർ

കടപ്പാട്: ഗോതമ്പുമണി