‘മേരീമക്കള്‍’ മിഷനറി സന്യാസിനീ സമൂഹത്തിന്റെ ആരംഭചരിത്രം

1930 സെപ്റ്റംബര്‍ 20-ന് പുനരൈക്യശില്പിയും ദൈവദാസനുമായ മാര്‍ ഈവാനിയോസ് തിരുമേനി സാര്‍വത്രിക കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടശേഷം സഭയുടെ ആദ്ധ്യാത്മീക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും ചിതറിക്കിടന്ന ദൈവജനത്തെ ഒന്നിച്ചുചേര്‍ക്കാനും വേണ്ടത്ര വൈദികര്‍ മലങ്കര സഭയില്‍ ഉണ്ടായിരുന്നില്ല. സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ വടക്കുള്ള പല രൂപതകളും മാര്‍ ഈവാനിയോസ് തിരുമേനി സന്ദര്‍ശിക്കുകയും പുതുതായി രൂപംകൊണ്ട സഭയിലെ സാഹചര്യങ്ങള്‍ അവരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തിരുമേനി പലപ്പോഴും ആലുവായിലെ പൊന്തിഫിക്കല്‍ സെമിനാരി സന്ദര്‍ശിക്കുകയും മലങ്കര സഭയുടെ ആവശ്യങ്ങളെപ്പറ്റി ശെമ്മാശന്മാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അവിടെയുണ്ടായിരുന്ന പ്രവിത്താനം സ്വദേശി കുഴിഞ്ഞാലില്‍ ജോസഫ് ശെമ്മാശന്‍, തിരുമേനിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രീഭൂതനായി.

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്‍ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജെയിംസ് കാളാശ്ശേരി തിരുമനസ്സിന്റെ അനുഗ്രഹാശിസ്സുകളോടെ 1934-ല്‍ ബഹുമാനപ്പെട്ട കുഴിഞ്ഞാലില്‍ അച്ചന്‍, ഈവാനിയോസ് തിരുമേനിയുടെ ക്ഷണമനുസരിച്ച് ഒരു വര്‍ഷത്തെ സേവനത്തിനായി തിരുവനന്തപുരം മലങ്കര അതിരൂപതയിലേയ്ക്കു വന്നു. കുഴിഞ്ഞാലിലച്ചന്റെ മിഷന്‍ തീക്ഷ്ണതയും ആഗ്രഹവും മനസ്സിലാക്കിയ വന്ദ്യപിതാവ് അദ്ദേഹത്തോട്, തെക്കന്‍ തിരുവിതാംകൂറിലെ മാര്‍ത്താണ്ഢം എന്ന സ്ഥലത്തേയ്ക്ക് പോകുവാന്‍ ആവശ്യപ്പെട്ടു.

ക്രിസ്തീയ വിശ്വസവെളിച്ചം ലഭിക്കാത്ത ഒരു ജനസമൂഹത്തിന്റെ മദ്ധ്യത്തിലേയ്ക്ക് കടന്നുചെല്ലുവാനുള്ള ആഹ്വാനം ഒരു വെല്ലുവിളിയായി അദ്ദേഹം സ്വീകരിച്ചു. ആഴമായ വിശ്വാസവും ദൈവാശ്രയവും കൈമുതലായിരുന്ന ഈ യുവവൈദികന്‍, തനിക്ക് അജ്ഞാതമായിരുന്ന ഹിന്ദു – നാടാര്‍ സമുദായത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന മാര്‍ത്താണ്ഡത്തേയ്ക്ക് ധൈര്യപൂര്‍വ്വം കടന്നുചെന്നു. പനയോല കൊണ്ടു മേഞ്ഞ ഒരു ചെറുകുടിലില്‍ താമസമാക്കിക്കൊണ്ട് അദ്ദേഹം സുവിശേഷപ്രഘോഷണം ആരംഭിച്ചു. പ്രഭാതത്തില്‍ ദിവ്യബലി അര്‍പ്പണവും ലഘുഭക്ഷണവും കഴിഞ്ഞ് പ്രതിമാസം 3 രൂപ വാടകയ്ക്കെടുത്ത സൈക്കിളില്‍ തന്റെ പ്രവര്‍ത്തനരംഗത്തേയ്ക്ക് ഇറങ്ങിത്തിരിക്കും. സന്ധ്യയോടെ തിരിച്ചെത്തും. തുടര്‍ന്ന് രാത്രിയില്‍ ദീര്‍ഘനേരം ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ.

എളിയവരുടേയും പാവപ്പെട്ടവരുടേയും അടുത്തേയ്ക്കാണ് ആദ്യമായി അദ്ദേഹം കടന്നുചെന്നത്. ദൈവത്തില്‍ വിശ്വസിക്കുവാന്‍, അവിടുത്തെ സ്‌നേഹിക്കുവാന്‍, അവിടുത്തേയ്ക്ക് മനുഷ്യനോടുള്ള സ്‌നേഹവും കരുണയും മനസ്സിലാക്കുവാന്‍ അദ്ദേഹം അവരെ ഒരുക്കി. അന്ധവിശ്വാസത്തിന്റെയും മന്ത്രവാദങ്ങളുടെയും കൊടുമ്പിരിയിലായിരുന്ന ആ പ്രദേശത്ത് കോളറ പടര്‍ന്ന് ജനങ്ങള്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവപരിപാലനയില്‍ ശക്തമായി ആശ്രയിച്ചിരുന്ന, പ്രാര്‍ത്ഥനയുടെ വ്യക്തിയായിരുന്ന കുഴിഞ്ഞാലിലച്ചന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നല്‍കിയ പച്ചമരുന്ന് കഴിച്ചവരെല്ലാം രോഗവിമുക്തരായതോടെ ധാരാളം ജനങ്ങള്‍ അച്ചനെ തേടിവരികയും യേശുവില്‍ വിശ്വസിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു.

മൂവായിരത്തിലധികം ആളുകള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതോടെ അവരുടെ ആദ്ധ്യാത്മീക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരസഹായമില്ലാതെ സാധിക്കയില്ല എന്നു മനസ്സിലാക്കിയ കുഴിഞ്ഞാലിലച്ചന്‍, അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനിയുടെ അനുവാദത്തോടെ പല സമൂഹങ്ങളെയും സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഈ സന്ദര്‍ഭത്തില്‍ തന്റെ ബന്ധുവായ പ്രവിത്താനം കല്ലറയ്ക്കല്‍ ഏലിയാമ്മയെ തന്റെ ആഗ്രഹം അറിയിച്ചു. സന്യാസ സമര്‍പ്പണജീവിതത്തിനായി ആഗ്രഹിച്ചിരുന്ന ഏലിയാമ്മ (മദര്‍ മേരി കല്ലറയ്ക്കല്‍) തന്റെ ജേഷ്ഠത്തിയുടെ മകള്‍ വടക്കന്‍ മേരിയുമൊത്ത് 1938 ഏപ്രില്‍ 30-ന് തെക്കന്‍ നാട്ടിലേയ്ക്ക് പുറപ്പെട്ടു. ബഥനീ സന്യാസിനീ സമൂഹത്തില്‍ പരിശീലനത്തിലായിരുന്ന കാട്ടൂര്‍ സ്വദേശിനി ശോശാമ്മ കൊച്ചുകാലായെയും അവരോടൊപ്പം മാര്‍ ഈവാനിയോസ് പിതാവ് അയയ്ക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുവാനായി ബഥനിയില്‍ നിന്നും ബഹു. മദര്‍ ബാസീമിനെ നിയോഗിക്കുകയും ചെയ്തു. അങ്ങനെ മലങ്കര സഭയില്‍ 1938 മെയ് 8-ന് പുനരൈക്യശില്പിയും മലങ്കര കത്തോലിക്കാ സഭാസ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ വന്ദ്യ മോണ്‍. ജോസഫ് കുഴിഞ്ഞാലിലച്ചനാല്‍ സ്ഥാപിതമായ മേരീമക്കള്‍ മിഷനറി സന്യാസിനീ സമൂഹം മാര്‍ത്താണ്ഡം കേന്ദ്രമാക്കി വളര്‍ന്നുകൊണ്ടിരുന്നു.

സഹസ്ഥാപകയായ മദര്‍ മേരീ കല്ലറയ്ക്കല്‍, ആദ്യ അംഗങ്ങളായ സി. ആഗ്‌നസ് വടക്കന്‍, സി. തെരേസാ കൊച്ചുകാലായില്‍ എന്നിവരോടുകൂടെ ആരംഭിച്ച ഈ സമൂഹം ബഹു. ജോസഫ് അച്ചന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വും ശക്തിയും നല്‍കി. ഏതാനും ഭേദഗതികളോടെ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറി സമൂഹത്തിന്റെ നിയമസംഹിത 1939-ല്‍ ആദ്യ അംഗങ്ങള്‍ക്ക് നല്‍കപ്പെട്ടു. സമൂഹസ്ഥാപനത്തിനുള്ള അംഗീകാരം പരിശുദ്ധ 11-ാം പീയൂസ് മാര്‍പാപ്പയാണ് നല്‍കി അനുഗ്രഹിച്ചത്.

മേരീമക്കളുടെ കാരിസം, ദൗത്യം, ദര്‍ശനം, ആദര്‍ശവാക്യം

കാരിസം: ദൈവരാജ്യത്തിനുവേണ്ടി നിര്‍മ്മലരും ദരിദ്രരുമായി, മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ ഉപാസകരും സാക്ഷികളും പ്രഘോഷകരും ആകുവാന്‍ ഓരോ മേരീമകളും വിളിക്കപ്പെട്ടിരിക്കുന്നു.

ദൗത്യം: യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ മനുഷ്യഹൃദയങ്ങളെ ഒരുക്കുക, അകത്തോലിക്കാ സഹോദരങ്ങളെ സാര്‍വത്രിക സഭയുടെ പൂര്‍ണ്ണകൂട്ടായ്മയിലേയ്ക്ക് ആനയിക്കുക എന്നിവയാണ് നമ്മുടെ ദൗത്യം. ഭവനസന്ദര്‍ശനം വഴിയുള്ള സുവിശേഷ പ്രഘോഷണമാണ് മേരീമക്കളുടെ സുപ്രധാനദൗത്യം. ആരംഭം മുതല്‍ ഇന്നുവരെ ഈ ദൗത്യം മറ്റേതു പ്രവര്‍ത്തനമണ്ഡലത്തിലായാലും മേരീമക്കള്‍ അഭംഗുരം തുടരുന്നു.

ദര്‍ശനം: ദൈവമക്കളുടെ സവിശേഷതകളായ പരിപൂര്‍ണ്ണമായ ഐക്യത്തിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും ദൈവരാജ്യത്തിലേയ്ക്ക് ദൈവജനത്തെ ആനയിക്കുക എന്നതാണ് സമൂഹത്തിന്റെ ദര്‍ശനം.

ആദര്‍ശവാക്യം: ‘എല്ലാവരും ഒന്നാകേണ്ടതിന്’ (യോഹ: 17:21)

ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവും മേരീമക്കളും

വന്ദ്യ തിരുമേനി തന്റെ മരണം വരെ മേരീമക്കള്‍ സമൂഹത്തിനു നല്‍കിയ പിതൃവാത്സല്യവും സംരക്ഷണവും ആദ്ധ്യാത്മിക ജീവിതത്തിനും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ നേതൃത്വവും പ്രോത്സാഹനവും അവിസ്മരണീയവും വിലതീരാത്തവയുമാണ്. സമൂഹത്തിന് ‘മേരീമക്കള്‍’ എന്ന പേര് നല്‍കിയതും സമൂഹത്തിന്റെ മിഷനറി ദൗത്യത്തെ ആസ്പദമാക്കി ‘കൊയ്ത്തിന്റെ നാഥയായ പരിശുദ്ധ രാജ്ഞിയെ’ സമൂഹത്തിന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥയായി നിയോഗിച്ചതും മരിയഭക്തനും ആഴമായ ആത്മീയതയുടെ ഉടമയുമായ സ്‌നേഹതാതനാണ്. 1947 മുതല്‍ വര്‍ഷംതോറും മഠങ്ങളുടെ എണ്ണവും സിസ്റ്റേഴ്‌സിന്റെ എണ്ണവും വര്‍ദ്ധിച്ചുവന്നു.

സ്ഥാപക പിതാവും, സഹസ്ഥാപകയും

പാലാ രൂപതയിലെ പ്രവിത്താനത്തു നിന്നായതിനാല്‍ പാലാ, ചങ്ങനാശ്ശേരി, കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി തുടങ്ങി സീറോ മലാര്‍ സഭയില്‍ നിന്നും മലങ്കര സഭയിലെ വിവിധ രൂപതകളില്‍ നിന്നും അതുപോലെ മാതൃഭവനം സ്ഥിതിചെയ്യുന്ന മാര്‍ത്താണ്ഡത്തു നിന്നും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്നും ഇളയാംകണ്ണി, താനിപ്പാടി, വെല്ലൂര്‍ പ്രദേശങ്ങളില്‍ നിന്നുമെല്ലാം ധാരാളം മിഷന്‍ തീക്ഷ്ണതയുള്ള യുവതികള്‍ വ്രതം ചെയ്ത് മേരീമക്കളായി.

വൈദികര്‍ക്ക് കടന്നുചെല്ലാനാകാത്ത കുടുംങ്ങളുടെ അകത്തളങ്ങളിലേയ്ക്ക് കടന്നുചെന്ന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും നേടാന്‍ ഭവനസന്ദര്‍ശനത്തിലൂടെ, കുടുംബപ്രേഷിതത്വത്തിലൂടെ മേരീമക്കള്‍ക്ക് സാധിച്ചു. അങ്ങനെ ആദ്യത്തെ 25 വര്‍ഷങ്ങള്‍ക്കകം 15 ശാഖാമഠങ്ങളിലായി 130 സിസ്റ്റേഴ്‌സ് മിഷന്‍ പ്രവര്‍ത്തനത്തില്‍ മുഴുകി.

1963 മെയ് 24-ന് സമൂഹം രജതജൂിലി ആഘോഷിച്ചു. 1968 ജൂലൈ 15-ന് സമൂഹം ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ സഭയോട് യോജിപ്പിച്ചുകൊണ്ടുള്ള (affiliated) ഡിക്രി റോമില്‍ നിന്ന് ലഭിച്ചത് മേരീമക്കള്‍ വലിയ അനുഗ്രഹമായി കരുതി. 1984 മെയ് 24-ന് ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മറിയത്തിന്റെ തിരുനാള്‍ ദിവസം സമൂഹത്തിന്റെ ജനറലേറ്റ് ഭവനം കുടപ്പനക്കുന്നില്‍ ആശീര്‍വദിക്കപ്പെട്ടു. സമൂഹത്തിന്റെ അപ്പസേതോലികമാനം വളരുന്നതോടൊപ്പം ആഴമായ ആത്മീയതയിലും അംഗങ്ങള്‍ വളരുവാന്‍ സമൂഹം ബദ്ധശ്രദ്ധയായിരുന്നു.

1987 ഏപ്രില്‍ മാസം 8-ാം തീയതി ജനറലേറ്റ് ഭവനത്തോടനുന്ധിച്ച് ‘താബോര്‍’ എന്ന പേരില്‍ താപസികയായ സഹസ്ഥാപിക ബഹു. മദര്‍ മേരിയുടെ മെമ്മോറിയല്‍ ആയി മേരീമക്കളുടെ പ്രാര്‍ത്ഥനാഭവനം സ്ഥാപിതമായി. അഭിവന്ദ്യ ലോറന്‍സ് മാര്‍ അപ്രേം തിരുമേനിയാണ് ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചത്. ബഹു. റെക്‌സ് അച്ചന്‍ കാരിസത്തെക്കുറിച്ച് ആഴമായ അവബോധം സമൂഹാംഗങ്ങള്‍ക്ക് നല്‍കി. ഡി.എം കാരിസവും മേരീമക്കള്‍ സമൂഹചരിത്രവും പ്രസിദ്ധീകരിച്ചു.

സമൂഹാംഗങ്ങളുടെ നവീകരണത്തിന് അംഗങ്ങളെ ഒരുക്കുവാന്‍ ഒരു നവീകരണ ടീം രൂപീകരിക്കപ്പെട്ടു. ഇന്നും സമൂഹാംഗങ്ങള്‍ക്ക് കാരിസ ധ്യാനം, നിയമാവലി ധ്യാനം, പരിശീലനത്തില്‍ ഇരിക്കുന്നവര്‍ക്ക് 40, 33, 20 ദിവസധ്യാനങ്ങളും നല്‍കി ആത്മീയമായി വളര്‍ത്തിക്കൊണ്ടിരിക്കുന്നു. പ്രൊവിന്‍സുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തിലുള്ള നവീകരണം നടത്തുന്നു.

പ്രൊവിന്‍സുകളായി വിഭജിക്കപ്പെടുന്നു

1987 മെയ് 1-ാം തീയതി മാര്‍ത്താണ്ഡം കേന്ദ്രമാക്കി സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് എന്നപേരിലും തിരുവനന്തപുരം കേന്ദ്രമാക്കി സെന്റ് മേരീസ് പ്രോവിന്‍സ് എന്ന പേരിലും സമൂഹം രണ്ട് പ്രോവിന്‍സുകളായി രൂപീകരിക്കപ്പെട്ടു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1988 ഒക്‌ടോബര്‍ 15-ന് സമൂഹത്തെ പൊന്തിഫിക്കല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി അനുഗ്രഹിച്ചു. 1975-ല്‍ സമൂഹം പഞ്ചാബിലും 1979 മുതല്‍ കര്‍ണ്ണാടകയിലും 1981-ല്‍ മഹാരാഷ്ട്രായിലെ ഛാന്ദായിലും മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് ആസ്സാം, ഒറീസ, ജാര്‍ഖണ്ഡ്, ത്രിപുര, ആന്ധ്രാപ്രദേശ് എന്നീ പ്രദേശങ്ങളിലും മേരീമക്കള്‍ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടിരുന്ന സമൂഹം കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെ വരെ വ്യാപിച്ചതിനാല്‍ സമൂഹം ഇന്ന് ആറു പ്രോവിന്‍സുകളിലായി പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ മേരീമക്കള്‍ തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനവുമായി അമേരിക്ക, ജര്‍മ്മനി, ആഫ്രിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിലേയ്ക്കും കടന്നുചെന്നു.

അപ്പസ്‌തോലീക ജീവിതം, ഇടവക ശുശ്രൂഷ

മേരീമക്കള്‍ അജപാലന ശുശ്രൂഷ, വിശ്വാസ പരിശീലനം, കൂദാശകളുടെ ഒരുക്കം, ഭവനപ്രാര്‍ത്ഥനകള്‍, ഭക്തസംഘടനകള്‍, ഗാന ശുശ്രൂഷ, വാര്‍ഷികധ്യാനങ്ങള്‍, കണ്‍വണ്‍ഷനുകള്‍, അവധിക്കാല ക്യാമ്പുകള്‍, യുവജന ശുശ്രൂഷ തുടങ്ങിയവയില്‍ സജീവനേതൃത്വം നല്‍കുന്നു.

ഭവനസന്ദര്‍ശനം

ഭവനസന്ദര്‍ശനം വഴിയുള്ള സുവിശേഷപ്രഘോഷണം മിഷനറിമാരായ മേരീമക്കള്‍ക്ക് എക്കാലത്തും പ്രധാനദൗത്യമാണ്. മൊബൈല്‍ ടീം, സുവിശേഷസംഘം, ഹോം മിഷന്‍ (നമ്മുടെ ഭവനത്തിനു ചുറ്റുമുള്ള എല്ലാ ഭവനങ്ങളും ജാതിമത ഭേദമെന്യേ സന്ദര്‍ശിക്കുന്നു) തുടങ്ങിയവയിലൂടെ യേശുവിനെ മനുഷ്യഹൃദയങ്ങളിലേയ്ക്ക് നല്‍കുന്നു.

വിദ്യാഭ്യാസം: വചനപ്രഘോഷണത്തിന് അജ്ഞത തടസ്സമാകയാലും ഫലപ്രദമായ സുവിശേഷപ്രഘോഷണ സാധ്യതയുള്ള മേഖലയായതിനാലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സ്‌പെഷ്യല്‍ സ്‌കൂളുകളിലും പ്രവര്‍ത്തിക്കുന്നു. കാലഘട്ടത്തിന്റെയും പ്രദേശങ്ങളുടെയും ആവശ്യങ്ങളനുസരിച്ച് അതാതു സ്ഥലത്തെ ഭാഷകളിലുള്ള സ്‌കൂളുകളിലും ശുശ്രൂഷ ചെയ്യുന്നു. ഒപ്പം വയോജന വിദ്യാഭ്യാസവും (Adult education) ഈ ശുശ്രൂഷയുടെ ഭാഗമാണ്.

ആതുരസേവനം: ആരംഭം മുതല്‍ രോഗീശുശ്രൂഷാ വേദികളില്‍ മേരീമക്കള്‍ ദൈവകരുണ ചൊരിയുന്നു. വൈദ്യസഹായം എത്തിപ്പെടാത്ത കുഗ്രാമങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ നടത്തുന്നു. ഡിസ്‌പെന്‍സറികള്‍, ഡേ കെയര്‍ സെന്റേഴ്‌സ്, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഇവയിലെല്ലാം സ്‌നേഹശുശ്രൂഷ ചെയ്യുന്നതോടൊപ്പം എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റലുകളും നടത്തിവരുന്നു.

സാമൂഹീക ക്ഷേമപ്രവര്‍ത്തനങ്ങള്‍: സാധുജന സംരക്ഷണം, മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെ സംരക്ഷണം, സ്ത്രീശാക്തീകരണ പദ്ധതികള്‍, ബാലഭവനങ്ങള്‍, വ്യദ്ധമന്ദിരങ്ങള്‍, മാനസീകരോഗികള്‍ക്കുള്ള ശുശ്രൂഷാകേന്ദ്രങ്ങള്‍, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണ കേന്ദ്രങ്ങള്‍, ചേരി (Slum)യിലുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള സ്‌കൂളുകള്‍, സംരക്ഷണ കേന്ദ്രങ്ങള്‍, കുഷ്ഠരോഗ പുന:രധിവാസ കേന്ദ്രങ്ങള്‍, ഡയറി ഫാം, പ്രിന്റിംഗ് പ്രസ്, തൊഴില്‍രഹിതരെ സ്വയംപര്യാപ്തമാക്കുന്ന വിവിധ പദ്ധതികള്‍ ഇവയെല്ലാം ഏറ്റെടുത്ത് ദൈവജനത്തെ ശുശ്രൂഷിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.